'This, too, will pass' (ഇതും കടന്നുപോകും). മുഖത്ത് സ്വതവേയുള്ള ചരിയില്‍ മറ്റൊരു അവ്യക്തമായ ചിരി. ഒരു അസ്തിത്വവാദിയുടെ ചരി. കോഴിക്കോട് യൂനിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സിന്റെ മുന്‍പില്‍ വെച്ച് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പിആര്‍കെ ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരിലേയ്ക്കും ആ അസംബന്ധ ചിരി പടര്‍ന്നു പിടിച്ചു. ജനുവരി ആറിന് അദ്ദേഹം നിയതിയോടൊപ്പം നടന്നുപോയി. ആ കാലവും കടന്നുപോയി.
അഞ്ച് ദിവസത്തെ സെമിനാറുകളുടെ ഉദ്ഘാടന പ്രസംഗം പിആര്‍കെ യുടേതായിരുന്നു. ആശയങ്ങളിലൂടെ വിശദമായ ഒരു പുറംവര. ജ്ഞാനത്തിലും ഭാവത്തിലും തീര്‍ത്ത വാസ്തുശില്‍പംപോലെ. ഏവരും വികാരഭരിതരായി. ശ്രോതാക്കളുടെ മനക്കണ്ണാടികളില്‍ നോക്കി അദ്ദേഹവും അല്‍പ്പമൊന്ന് ഇടറിയതുപോലെ. നീണ്ട ഹസ്തഘോഷം.
ബ്രഹ്‌മപുത്രന്‍ നയിക്കുന്ന സുഹൃത്സംഘത്താല്‍ ക്ഷണിക്കപ്പെട്ട് പിആര്‍കെ പല തവണയായി കോഴിക്കോട് സന്ദര്‍ശിക്കുന്നു. 'കോഴിക്കോടിനെ കോട്ടയത്തേയ്ക്ക് താത്കാലികമായി മാറ്റിയ കാലത്ത്' കോട്ടയത്തും. ഒന്ന് സങ്കല്‍പ്പിച്ചു നോക്കു. സയന്‍സിനെക്കുറിച്ച് കോട്ടയം ടൗണ്‍ഹാളില്‍ ഒരു പ്രസംഗം നടത്തുന്നത്. സയന്‍സ് ശീലിക്കാത്ത നാട്ടില്‍ ഒരു വൈകുന്നേരം -- ആളുകള്‍ക്ക് ടൗണ്‍ഹോളില്‍ വെറുതെ ഒന്ന് കയറിനോക്കാന്‍ തോന്നുന്ന നേരത്ത് -- പിആര്‍കെ ഇംഗ്ലീഷില്‍ സയന്‍സ് പ്രസംഗിക്കുന്നു. പിടി തോമസിന്റെ തത്സമയ വിവര്‍ത്തനം. പിആര്‍കെ യെ വിവര്‍ത്തനം ചെയ്തതിന്റെ ലഹരി ഇപ്പോഴും പിടി യില്‍ ഇറങ്ങിയിട്ടില്ല.
നീഛ, വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ തുടങ്ങിയ നിരവധി തത്വചിന്തകരേയും നോവലുകളേയും ഉദ്ധരിച്ചുകൊണ്ട് സയന്‍സിനെ ചിന്തയുടെ ലേബില്‍ വെച്ച് പരിശോധിക്കുന്നു. ഏഴു ദിവസം തുടര്‍ച്ചയായി രാവിലെ മുതല്‍ വൈകുന്നേരം വരെ ഏകാംഗ സെമിനാര്‍. 'തിരിഞ്ഞുനോക്കുമ്പോള്‍ സയന്‍സ് യുക്തിഭദ്രമാണ്; വര്‍ത്തമാനവും പ്രയാണവും, പക്ഷെ, ക്രിയാത്മകമാണ്, യുക്തിഭദ്രമല്ല' എന്നൊക്കെയുള്ള രസികന്‍ നിരീക്ഷണങ്ങളും... തളരാതെ ചിന്തിച്ച പിആര്‍കെ. ഇടവേളകളില്‍ സിഗരറ്റ് വലിക്കുന്നത് കാണാനും നല്ല ചന്തം. പുകച്ചുരുളില്‍ ചിന്ത കറങ്ങിപ്പറക്കുന്നതുപോലെ.
ഓരോ ദിവസവും സെമിനാറിനു ശേഷം അപ്രത്യക്ഷമാവില്ല. സൗഹൃദ സംഘത്തില്‍ കൂടും. ഒരിക്കല്‍ ഒരു സന്ധ്യയ്ക്ക് ഒരു ചിന്തകന്‍ അദ്ദേഹത്തെ വാഗ്വാദത്തിന് ക്ഷണിച്ചു. മുന്‍പരിചയമില്ല. ക്ഷണം സ്വീകരിച്ചു. എന്തായിരുന്നു പരിപാടി എന്ന് ചോദിച്ചപ്പോള്‍, 'ഒരു അഭിനേതാവും ഒരു പ്രേക്ഷകനും അടങ്ങിയ, മങ്ങിയ വെളിച്ചത്തില്‍, നാടകമായിരുന്നു' എന്നു പറഞ്ഞ് കുലുങ്ങിച്ചിരിച്ചു. ഓരോ വരവിനും കഴിഞ്ഞ കാഴ്ചയെ ചേര്‍ത്തുകൂട്ടി കൂടുതല്‍ സുഹൃത്താവുന്ന പ്രകൃതം.
കോവിഡ് കാലത്ത് വെബിനാറില്‍ ഒരിക്കല്‍ കുറച്ചുനേരത്തേയ്ക്ക് കേള്‍വിക്കാരനായി വന്നു. ഈമെയിലിലൂടെ ചിന്തകള്‍ പ്രസരിപ്പിച്ചു. വാട്‌സാപ്പിലൂടെ സൗഹൃദം വിളമ്പി. സാധാരണയായി എന്തിനും, അല്‍പ്പം വൈകിയാലും, മറുപടി തരുമായിരുന്നു. മെറി ക്രിസ്മസ് വിഡിയോ അയച്ചിരുന്നു. ബ്ലൂ ടിക്ക് കണ്ടു. മറുപടിയില്ല.
മുകുന്ദനുണ്ണി
Comments