ഒഴിഞ്ഞ തിരശ്ശീല
എന്തുകൊണ്ടാണ് ആശാവര്‍ക്കേഴ്‌സിന്റെ സമരം ആരെയും ബാധിക്കാതെ പോയത്? സമൂഹത്തില്‍ രാഷ്ട്രീയംതന്നെ ആകെ ചിതറിപ്പോയതുകൊണ്ടാകാം. ലോകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പല മാറ്റങ്ങളുടേയും ഫലമായുണ്ടായ അന്യഥാബോധം കാരണമാകാം. മറ്റു പല കാരണങ്ങള്‍ക്കൊണ്ടുമാവാം. ചിലപ്പോള്‍, അസ്തിത്വപരമായി എല്ലാം വ്യക്തമായതുകൊണ്ടും. വിഷയിയുടെ പ്രതിബിംബം പൊട്ടിത്തകര്‍ന്ന കണ്ണാടിയില്‍ വ്യക്തമായി കണ്ടതുകൊണ്ടാവാം. സ്വതന്ത്രമായി ആലോചിക്കാനാവാതെ, ഉപഭോഗവിഷയിയും അനുകരണവിഷയിയും മാത്രമായി പരിണമിച്ച് ആര്‍ത്തിയുടെ ആഴിയിലേയ്ക്ക് ഒഴുകിപ്പോകുന്നതുകൊണ്ടാവാം.
ദി ഹിന്ദുവില്‍ കഴിഞ്ഞ ഞായറാഴ്ചത്തെ (2026 ജനുവരി 11) സണ്‍ഡേ മേഗസിനില്‍ ഭംഗിയായി എഴുതപ്പെട്ട ഒരു ലേഖനമുണ്ട്. അമേരിക്കയില്‍ വന്ന മാറ്റത്തെ നോക്കിപ്പോകുന്നത്. ടെസ്‌ലയുടെ ഷോ റൂമിന് മുന്‍പില്‍ നടക്കുന്ന ഒരു സമരത്തെ കാണുന്നുണ്ട്. കുറച്ചു പേര്‍ മുദ്രാവാക്യം വിളിക്കുന്നു, പ്ലക്കാര്‍ഡ് കാണിക്കുന്നു... ക്രമേണ ഗിറ്റാര്‍ വായിച്ചുള്ള പാട്ടായി, ഉത്സവമായി. കടന്നുപോകുന്ന വാഹനങ്ങളില്‍ പലതും ഹോങ്ക് ചെയ്ത് സമരത്തിന് പിന്‍തുണ പ്രഖ്യാപിക്കും. ഓരോ ഹോങ്കിനും സമരക്കാര്‍ ആര്‍ത്തുല്ലസിക്കും. സമരം ഒരു ക്ലബ്ബില്‍വെച്ച് നടക്കുന്നതുപോലെ. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ആര് ആരോടാണ് സമരം ചെയ്യുന്നത്? ചെയ്യുന്നത് സമരം തന്നെയോ? ഉത്തരം കിട്ടില്ല. ലേഖകന്‍ സുഹൃത്തിനോട് ചോദിക്കുന്നു, ഈ സമരത്തെക്കുറിച്ച് എന്താണഭിപ്രായം? സുഹൃത്ത് പുറഞ്ഞു, ഞാനൊന്നും പറയില്ല. ഊഹിക്കാം, അയാള്‍ക്ക് ടെസ്‌ലയുണ്ടെന്ന്. വൈകുന്നേരം ലേഖകന്‍ ബാറില്‍ പോകുന്നു. അര്‍ദ്ധമയക്കത്തിലെന്നപോലെ ആളുകള്‍ നൃത്തം ചെയ്യുന്നു. എല്ലാവര്‍ക്കും മനഃസംഘര്‍ഷമുണ്ടെന്ന് തോന്നി. ലേഖകന്‍ ഒരു സ്റ്റൂളിലിരുന്ന് ഭാവിയിലേയ്ക്ക്, തന്റെ നിറച്ചുവെച്ച ഗ്ലാസിലൂടെ, നോക്കി.
അന്യഥാബോധം, ഷോപ്പില്‍നിന്ന് വാങ്ങിയ വിഷയിത്വം, പടിയിറങ്ങിപ്പോയ സത്യം, തകര്‍ന്ന് തരിപ്പണമായ രാഷ്ട്രീയം... ഇവയ്‌ക്കെല്ലാം നിവര്‍ന്ന് നില്‍ക്കണമെങ്കില്‍, പണിതീര്‍ത്തെടുക്കണമെങ്കില്‍, ഇവയെ വീണ്ടും കണ്ടെത്തണമെങ്കില്‍ -- ഇനി അഥവാ കണ്ടെത്തിയാല്‍ ചക്രവാളമില്ലാതെ എങ്ങനെ കാണും? ചക്രവാളം വരയ്ക്കാനാവുമോ? ചക്രവാളത്തിന്റെ പ്രകൃതം വെളിപ്പെട്ടതുകൊണ്ടാണോ അതിനു പകരം ബ്ലാങ്ക് സ്‌ക്രീന്‍ വെച്ചിരിക്കുന്നത്?
മുകുന്ദനുണ്ണി
Comments