Skip to main content

Posts

Showing posts from November, 2022

മരണത്തിലെ രമണം

മരണം എന്താണെന്ന് പണ്ടുമുതലേ ആര്‍ക്കും പിടികിട്ടിയിരുന്നില്ല. മരിച്ചവരെ അടക്കം ചെയ്യുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒപ്പം വെയ്ക്കും. ശരീരം കേടുകൂടാതിരിക്കാനുള്ള സൂത്രങ്ങള്‍ ചെയ്യും. ഉയര്‍ത്തെഴുന്നേല്‍ക്കുമോ? ആത്മാവായലയുമോ? നിശ്ചയമില്ല. കാത്തിരിക്കാം. കാത്തിരിപ്പിന്റെ ചരിത്രം പുരാതന കാലംതൊട്ടുണ്ട്. മരണമെന്ന വിഷയം സ്വയം വാതിലടച്ചു കുറ്റിയിട്ടതുകൊണ്ട് അറിവും അറിയാനുള്ള രീതികളും അകത്തുകയറാനാവാതെ പുറത്തുനില്‍പ്പാണ്. ജനിമൃതികളെക്കുറിച്ചുള്ള അത്ഭുതം തീരാന്‍ ഇപ്പോഴുള്ള വിശദീകരണങ്ങളൊന്നും ആര്‍ക്കും പോര! മരിച്ചവരൊക്കെ എവിടെയോ ഉണ്ട്. യുക്തിയുടെ ചുറ്റുമതിലുകള്‍ പൊളിച്ചുകൊണ്ട് നാം ബലിയര്‍പ്പിക്കുന്നു. മരണത്തെ രമണം അരണ്ട വെളിച്ചത്തില്‍ ഒരു പ്രഹേളികയായി നിര്‍ത്തുന്നതുപോലെ. ചരാചരങ്ങള്‍ വരും, പോകും. പരിണാമം തുടരും. കൂറ മരിച്ചാലും മുയല്‍ മരിച്ചാലും മനുഷ്യന്‍ മരിച്ചാലും പ്രകൃതിയ്ക്ക് അത് സ്വാഭാവികമായ സംഭവം മാത്രം. വ്യാകുലപ്പെടാനും സങ്കടപ്പെടാനുമുള്ള അവസരം ചരാചരദൃഷ്ടിയിലില്ല. കാര്യങ്ങള്‍ അത്രയേയുള്ളൂ. മനുഷ്യന്റെ അകക്കണ്ണാടിയില്‍ നോക്കുന്നതുവരെ. മരണം യഥാര്‍ത്ഥത്തില്‍ ആന്തരികമാണ്. അവസാനത്തിന് തൊട്ടു മുന