Skip to main content

ചിഹ്നനം

 വാചകങ്ങളുടേയും ഉപവാക്യങ്ങളുടേയും അംഗവിഭാഗത്തെ വിശദമാക്കുവാന്‍ ചിഹ്നങ്ങളെ ഉപയോഗിക്കുന്നതിനേയാണ് ചിഹ്നനം എന്ന് വിളിക്കുന്നത്. ഈ സമ്പ്രദായം ഇംഗ്ലീഷ് ഭാഷയില്‍നിന്ന് വന്നതാണ്. ചിഹ്നനം മലയാളത്തില്‍ എങ്ങിനെയായിരിക്കണം? ഒരുപക്ഷെ, ഇപ്പോഴും വ്യക്തത വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ; വളരുകയാണ്. മഹാവാക്യങ്ങള്‍, വാക്യങ്ങള്‍, ഉപവാക്യങ്ങള്‍, എന്നിവയുടെ സംബന്ധം വ്യക്തമാക്കാനാണ് ഇംഗ്ലീഷില്‍ ചിഹ്നനം. വായനയുടെ വിശ്രമസ്ഥലങ്ങളെ ചിഹ്നങ്ങള്‍ ചൂണ്ടിക്കാണിക്കും. അര്‍ത്ഥം ശരിയായി മനസ്സിലാക്കാനുള്ള ഉപായവുമാണ് ചിഹ്നനം.


വാക്കുകളെ വേണ്ട സ്ഥാനത്ത് വേണ്ടതുപോലെ പ്രയോഗിക്കുകയാണെങ്കില്‍, ചിഹ്നങ്ങളെ ഉപയോഗിക്കേണ്ട ആവശ്യമില്ല. കവി കുഞ്ഞുണ്ണി കോമയില്ലാത്ത വാചകങ്ങളെയാണ് ഇഷ്ടപ്പെട്ടിരുന്നത്. പക്ഷെ വാചകഘടന സങ്കീര്‍ണ്ണമാകുമ്പോള്‍, ചിഹ്നങ്ങളുടെ ഉപയോഗം അര്‍ത്ഥഗ്രഹണത്തെ സുഗമമാക്കും.

മുഖ്യചിഹ്നങ്ങള്‍ താഴെ കാണിക്കുന്നവയാണ്:

1. അങ്കുശം (അല്പവിരാമം) (,)
വായന ചെറുതായി ഒന്ന് നിര്‍ത്തേണ്ടുന്ന സ്ഥാനത്താണ് അങ്കുശം വരുക. വിശദമായി നോക്കുമ്പോള്‍, അങ്കുശത്തിന് പത്തോളം ധര്‍മ്മങ്ങള്‍ കാണാം.

2. രോധിനി (അര്‍ദ്ധവിരാമം) (;)
അങ്കുശത്തെ കുറച്ചുകൂടി ദീര്‍ഘിപ്പിച്ചാലുണ്ടാകുന്നതാണ് രോധിനി. വാചകത്തില്‍ ആശയം പൂര്‍ത്തീകരിക്കാതിരിക്കുമ്പോഴാണ് രോധിനി ചേര്‍ക്കുക. വൈപരീത്യത്തേയും അനുമാനത്തേയും കുറിക്കുന്ന വാക്യങ്ങളുടെ മദ്ധ്യത്തില്‍ രോധിനി ചേര്‍ക്കണം.

3. ഭിത്തിക (അപൂര്‍ണ്ണവിരാമം) (:)
രോധിനിയേക്കാള്‍ അധികം വിരാമം വേണ്ടിവരുമ്പോള്‍ ഭിത്തിക ചേര്‍ക്കും. രണ്ട് വിപരീതങ്ങളായ ആശയങ്ങളെ വേര്‍തിരിക്കാന്‍ ഭിത്തിക ഉപയോഗിക്കാം. ഉദാഹരണം: 'എനിക്ക് തെറ്റു പറ്റാം: നിനക്ക് ക്ഷമിക്കാം.'

4. ബിന്ദു (പൂര്‍ണ്ണവിരാമം) (.)
വാചകത്തിലെ അര്‍ത്ഥം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ബിന്ദു. ദശാംശബിന്ദു വേറെയുണ്ട്. ഇനീഷ്യലുകള്‍ക്കു ശേഷം ബിന്ദു ഉപയോഗിക്കുന്ന പതിവുണ്ട്.

5. കാകു (ചോദ്യചിഹ്നം) (?)
ചോദ്യത്തെ സൂചിപ്പിക്കുന്ന ചിഹ്നം. ഏതെങ്കിലും വാക്ക് സംശയത്തോടെയാണ് ഉപയോഗിക്കുന്നതെങ്കില്‍, കാകു വലയത്തിലിട്ട് പ്രയോഗിക്കാം.

6. വിക്ഷേപിണി (ആശ്ചര്യചിഹ്നം) (!)
വിക്ഷേപിണി ഉപയോഗിച്ചാല്‍ ആശ്ചര്യം തോന്നിപ്പിച്ചുകൊണ്ട് വാക്യത്തില്‍നിന്ന് വിരമിക്കാം. വിരാമമായല്ലാതെയും ഉപയോഗിക്കാം. ഉദാഹരണം: 'ഭാഗ്യവാന്‍! അയാള്‍, ഗോപാലന്‍, ലോട്ടറി അടിച്ചു.' അതായത്, ഒരു വാക്കിലേയ്ക്ക് ആകര്‍ഷിക്കാന്‍ വിക്ഷേപിണി ഉപയോഗിക്കാം എന്ന്. വിക്ഷേപിണി ഉപയോഗിച്ചാല്‍ വായിക്കുമ്പോള്‍ സ്വരത്തില്‍ ആശ്ചര്യം പ്രകടമാകണം. അത്ഭുതം, സങ്കടം, ആഹ്ലാദം മുതലായ വികാരങ്ങളെ കുറിക്കാനാണ് വിക്ഷേപിണി.

മറ്റു ചില ചിഹ്നങ്ങള്‍

7. ശൃംഖല (-)
ഇത് സമസ്തപദമായി കരുതേണ്ടുന്ന പദങ്ങളെ വേര്‍തിരിച്ചെഴുതുമ്പോള്‍ ഉപയോഗിക്കുന്നതാണ്. പദ്യങ്ങളിലെ ഒരു പാദത്തില്‍ സമസ്തപദം അവസാനിക്കുന്നില്ലെങ്കില്‍, ശൃംഖല ചേര്‍ത്ത് അടുത്ത പാദത്തില്‍ തുടരാം.

8. രേഖ (--)
ഇത് ശൃംഖലയേക്കാള്‍ നീളം കൂടിയതാണ്. വാക്യത്തിന്റെ നടുവില്‍ പെട്ടെന്ന് നിര്‍ത്തി, അല്പം വിശദീകരിക്കാന്‍ ഈ ചിഹ്നം ഉപയോഗിക്കാം. ഉദാഹരണം: രണ്ടു മക്കളേയും ഞാന്‍ ബഹുമാനിക്കുന്നു -- ഒരു ശാസ്ത്രജ്ഞയെയും ഒരു നല്ല കവിയേയും. ഒരു വാക്യത്തിനിടയില്‍ അന്വയിക്കാന്‍ പാടാത്ത ഭാഗം വരുകയാണെങ്കില്‍, രണ്ടറ്റത്തും രേഖ ചേര്‍ത്ത് ആ ഭാഗത്തെ വേര്‍പെടുത്തണം. ഉദാഹരണം: സത്യത്തില്‍നിന്ന് വ്യതിചലിക്കാതെ ജീവിക്കുകയാണ് -- പല മഹാന്മാരും പറഞ്ഞിട്ടുള്ളതാണ് -- യാഥാര്‍ത്ഥ്യബോധത്തോടെ ജീവിക്കുക എന്നാല്‍.

9. ഉദ്ധരിണി (" ")
മറ്റുള്ളവരുടെ വാക്കുള്‍ അതേപടി എടുത്തെഴുതുമ്പോള്‍ ഉദ്ധരിണി ചിഹ്നം ഉപയോഗിക്കണം. ഒന്നിലധികം ഖണ്ഡികകളുണ്ടെങ്കില്‍, ഓരോ ഖണ്ഡികയിലും ആരംഭത്തില്‍ ഉദ്ധരിണി ചിഹ്നം ചേര്‍ക്കണം. അവസാനത്തില്‍ മാത്രമേ തീര്‍ന്നതായി കുറിക്കുന്ന ഉദ്ധരിണി ചിഹ്നം ഉപയോഗിക്കാവു. ചില സന്ദര്‍ഭങ്ങളില്‍, പേരും മറ്റും ഉദ്ധരിണി ചിഹ്നങ്ങള്‍ക്ക് അകത്ത് എഴുതണം. ഉദാഹരണം: 'കേരളപാണിനി'

10. (' ') ഒറ്റ ഉദ്ധരിണി.

11. ... ഇങ്ങനെ കുത്തിടുന്നതിന് പൂരണ ചിഹ്നം അല്ലെങ്കില്‍ ബിന്ദുമാല എന്നു പേര്‍.

12. അപ്പോസ്‌ട്രോഫിയ്ക്ക് അക്ഷരലോപ ചിഹ്നം.

13.. ഡിറ്റോ മാര്‍ക്കിന് (,,) ഇരട്ട കോമ.

14. ( ) വലയം

സമ്പാദകന്‍: മുകുന്ദനുണ്ണി



Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...