Skip to main content

Posts

Showing posts from 2022

കളി അനേകം

 മഴയത്ത് സൂര്യോദയം. സുന്ദരമായ മങ്ങിയ വെളിച്ചം. നന്നായി കാണാൻ നല്ല വെളിച്ചം വരണം. മനോഹരമായ കളിയും ജയിക്കുന്ന കളിയും ഇതുപോലെ വ്യത്യസ്തമാകാം. എന്താണ് നല്ല കളി? അന്വേഷിക്കാൻ പല വഴികളുണ്ടാവും. ഒന്ന് ഇതാണ്. ഏറ്റവും നല്ല കളിക്കാരെ നോക്കുക. പെലെ, മറഡോണ, മെസി, നെയ്മർ, എംബാപ്പെ ... അവരുടെ കളികൾ ഒന്നല്ല. അനേകമാണ്. മികവ് തീർച്ച. മികവ് കുറേ ഘടകങ്ങളാണ്. ഇതു തന്നെ സാക്ഷാത്കരിച്ചതും സാക്ഷാത്കാരസാധ്യവും ഉണ്ട്. ഇതിന്റെ സൗന്ദര്യം സോളോ രൂപത്തിലാണ്. സർഗ്ഗാത്മകസംഗീതം പോലെ. മികച്ച് കളിയ്ക്കുകയും കളിയൊരുക്കുകയും ഇതിന്റെ ആദർശമാണ്. കലയുടെ മാർഗ്ഗത്തിലുള്ള കളി. കളി-സാധ്യത അനേകമാണ്. ജയം ലക്ഷ്യമാക്കുമ്പോൾ യുദ്ധത്തിന്റെ മാതൃക സ്വീകരിക്കാം. കളിയിലെ യുദ്ധം ഹിംസയല്ല. കളിയെ കൂട്ടമായി ഉത്പാദിപ്പിക്കാം. ഫിലാർമോണിക് സംഗീതംപോലെ രചിക്കാം. ഏകാംഗ രംഗങ്ങളേക്കാൾ കൂട്ടമായ പ്രകടനം പ്രധാനമാകും. കൂട്ടരചനയിലും സർഗാത്മകത ഉണ്ട്. നായക സങ്കൽപ്പമായിരിക്കില്ല. മുന്നേറ്റത്തിന്റേയും പ്രതിരോധത്തിന്റേയും അപ്രതീക്ഷിതമായ ഗ്രാഫുകളായിരിക്കാം ചാരുതയാർന്നതും മികച്ചതുമായിത്തീരുക. നായകന്മാരുണ്ടാക്കുന്ന കളിയേക്കാൾ ഒരു പക്ഷെ സുസംഘടിതമായ സുബദ്ധ രചനപോലെയു

പ്രപഞ്ചസംഗീതവും മനുഷ്യസംഗീതവും

  കുയിലിന്റെ നാദത്തില്‍ സംഗീതമില്ലേ? മനോഹരമായ ആ നാദം പ്രപഞ്ചത്തിന്റെ സംഗീതമാണ്. നെല്ലിയാംപതിയില്‍ പോയി നോക്കൂ. നിറയെ പക്ഷികളുണ്ടവിടെ. പക്ഷികളുടെ കച്ചേരിതന്നെ കേള്‍ക്കാം. മ്യൂസിക് ബേര്‍ഡ് എന്ന് വിളിക്കുന്ന പക്ഷിയുണ്ട്. ഒരു പാടുന്ന പക്ഷിയുടെ പേരാണ് ബുള്‍ബുള്‍. അതേ പേര് ഒരു പഞ്ചാബി സംഗീതോപകരണത്തിനും ഇട്ടു: ബുള്‍ബുള്‍ തരംഗ്. ഒരു ഗ്രാമത്തില്‍ ചെന്നു നോക്കൂ. നട്ടുച്ച വെയിലത്ത് കൃഷ്ണപ്പരുന്തിന്റെ പാട്ടു കേള്‍ക്കാം. ആടുകള്‍ കരയുന്നതുകേള്‍ക്കാം. ആടിന്റെ കരച്ചിലില്‍ ഭൃഗയുണ്ട്. കാട്ടില്‍ സിംഹത്തിന്റെ മന്ദ്രസ്ഥായി മുഴങ്ങും. ചീവീടിന്റെ സംഘസംഗീതം ഫിലാര്‍മോണിക് സംഗീതംപോലെ. പ്രകൃതിയില്‍ നിറയെ സംഗീതജ്ഞരാണ്. പക്ഷിയും മറ്റും നമ്മെപ്പോലെ പാടുകയല്ല. അവരുടെ ഇടം വിളിച്ചറിയിക്കുകയാണ്. സ്വന്തം ഇടത്തിന്റെ ഉടമസ്ഥത അറിയിക്കുകയാണ്. ഇണയെ ആകര്‍ഷിക്കുകയാണ്. പൂച്ചയുടെ മിയാവൂ പ്രധാനമായും ഭക്ഷണം ചോദിച്ചാണ്. റാക്കറ്റ് ടെയ്ല്‍ഡ് ഡ്രോങ്കോ (ചിലര്‍ കാക്കത്തമ്പുരാട്ടി എന്ന് വിളിക്കും) നിരവധി ശബ്ദങ്ങള്‍ അനുകരിക്കും. അമ്പലത്തില്‍ നാദസ്വരം വെയ്ക്കുന്ന കാലത്ത് അതിരാവിലെ ഡ്രോങ്കോ നാദസ്വരത്തിന്റേയും തവിലിന്റേയും ശബ്ദം അനുകരിക്കും

മരണത്തിലെ രമണം

മരണം എന്താണെന്ന് പണ്ടുമുതലേ ആര്‍ക്കും പിടികിട്ടിയിരുന്നില്ല. മരിച്ചവരെ അടക്കം ചെയ്യുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒപ്പം വെയ്ക്കും. ശരീരം കേടുകൂടാതിരിക്കാനുള്ള സൂത്രങ്ങള്‍ ചെയ്യും. ഉയര്‍ത്തെഴുന്നേല്‍ക്കുമോ? ആത്മാവായലയുമോ? നിശ്ചയമില്ല. കാത്തിരിക്കാം. കാത്തിരിപ്പിന്റെ ചരിത്രം പുരാതന കാലംതൊട്ടുണ്ട്. മരണമെന്ന വിഷയം സ്വയം വാതിലടച്ചു കുറ്റിയിട്ടതുകൊണ്ട് അറിവും അറിയാനുള്ള രീതികളും അകത്തുകയറാനാവാതെ പുറത്തുനില്‍പ്പാണ്. ജനിമൃതികളെക്കുറിച്ചുള്ള അത്ഭുതം തീരാന്‍ ഇപ്പോഴുള്ള വിശദീകരണങ്ങളൊന്നും ആര്‍ക്കും പോര! മരിച്ചവരൊക്കെ എവിടെയോ ഉണ്ട്. യുക്തിയുടെ ചുറ്റുമതിലുകള്‍ പൊളിച്ചുകൊണ്ട് നാം ബലിയര്‍പ്പിക്കുന്നു. മരണത്തെ രമണം അരണ്ട വെളിച്ചത്തില്‍ ഒരു പ്രഹേളികയായി നിര്‍ത്തുന്നതുപോലെ. ചരാചരങ്ങള്‍ വരും, പോകും. പരിണാമം തുടരും. കൂറ മരിച്ചാലും മുയല്‍ മരിച്ചാലും മനുഷ്യന്‍ മരിച്ചാലും പ്രകൃതിയ്ക്ക് അത് സ്വാഭാവികമായ സംഭവം മാത്രം. വ്യാകുലപ്പെടാനും സങ്കടപ്പെടാനുമുള്ള അവസരം ചരാചരദൃഷ്ടിയിലില്ല. കാര്യങ്ങള്‍ അത്രയേയുള്ളൂ. മനുഷ്യന്റെ അകക്കണ്ണാടിയില്‍ നോക്കുന്നതുവരെ. മരണം യഥാര്‍ത്ഥത്തില്‍ ആന്തരികമാണ്. അവസാനത്തിന് തൊട്ടു മുന

ഭാവനയില്‍ ആരും മരിക്കുന്നില്ല

  ഒക്കത്തെടുത്ത് വളര്‍ത്തിയത് അമ്മിണിയോപ്പോളായിരുന്നു. ചെറിയമ്മതന്നെ പറഞ്ഞതാണ്. പറഞ്ഞപ്പോള്‍ മങ്ങിയ ഓര്‍മ്മ ഒന്ന് മിന്നി. അമ്മിണിയോപ്പോള്‍ കൗമാരം ചിലവിട്ടത് ഞങ്ങളുടെ വീട്ടിലായിരുന്നു. 'കല്യാണം കഴിക്കാന്‍ പോകുകയാണ്, പോയിവരട്ടെ?' പോകുമ്പോള്‍ അനുവാദം ചോദിച്ചു. അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ പറഞ്ഞു, 'മിണ്ടില്ല.' ആ പരിഭവം ചെറിയമ്മയ്ക്ക് മറക്കാനായില്ല. കാണുമ്പോഴൊക്കെ മാപ്പു ചോദിക്കുന്നതുപോലെ നോക്കും. അവസാനമായി ഒന്ന് കാണണം, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ്, എന്ന് അമ്മിണിയോപ്പോള്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് 19 ആ കൂടിക്കാഴ്ച ഇല്ലാതാക്കി. മുരളീകൃഷ്ണനുമായുള്ള, ജ്യേഷ്ഠന്‍, ഊഷ്മളനിമിഷങ്ങള്‍ യാത്രകളിലാണ് പതിവ്. കുടുംബബന്ധം സൂക്ഷിക്കാത്ത ഞാന്‍ വിരളമായി ചില കുടുംബപരിപാടികളില്‍ പങ്കുചേരുന്നത് ഈ സഹോദരസൗഹൃദം നുകരാനാണ്. വിചാരങ്ങള്‍ തത്സമയം വായിക്കാറുള്ള ശര്‍മിള ചോദിച്ചതേയുള്ളൂ, 'ഇപ്പോള്‍ കുറേയായില്ലേ മുരളീകൃഷ്ണനോടൊപ്പം യാത്ര ചെയ്തിട്ട്'. നിത്യഭാവനകളില്‍ അമ്മ സ്ഥിരസാന്നിധ്യമാണ്. അമ്മയുടെ ഒരു വലിയ അംശമാണ് അമ്മിണിയോപ്പോള്‍. അമ്മ ശര്‍മിളയോടാണ് സംസാരിക്കുക. ഞാന്‍ ദിവാസ്വപ്‌നങ്ങളില്‍ നനയാതെ

നഷ്ടത്തിന്റെ സാമൂഹികത

എവിടെയൊക്കെയാണ്‌ ശംഭുവിനൊപ്പം ഉണ്ടായിരുന്നത്‌, ഇരുന്നത്‌, നടന്നത്‌: ഇടം, മണം, രുചി, ലഹരി, വാക്ക്‌, സിനിമ.... അന്ന്‌, അടിയന്തരാവസ്ഥയെക്കുറിച്ച്‌ പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. പിന്നെപ്പോഴോ ഞാന്‍ ഭാവിയെ നോക്കി ഭയപ്പെട്ടപ്പോള്‍ നീ എന്റെ കണ്ണിലൂടെ പുറത്തേയ്‌ക്ക്‌ നോക്കി. നീ എന്തു കണ്ടെന്ന്‌ ഞാന്‍ കണ്ടതേയില്ല... ***** ****** ***** **** ***** ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ എങ്ങനെയാണ്‌ ആ നഷ്ടത്തെ മനസ്സിലാക്കുക? ശംഭുവിനെ നഷ്ടപ്പെടുമ്പോള്‍ എന്താണ്‌ നഷ്ടമാവുന്നത്‌? നഷ്ടത്തിന്‌ ശേഷം എന്ത്‌? ശംഭുവിനെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടെങ്കല്‍ തീര്‍ച്ചയായും നാം ശംഭുവിനെ സ്‌നേഹിച്ചിരിക്കണം. സ്‌നേഹിക്കുന്നവരെ നഷ്ടപ്പെടുമ്പോള്‍ ഔപചാരികമായി ദുഃഖം ആചരിച്ച്‌ നഷ്ടത്തെ മറന്ന്‌ നേട്ടങ്ങള്‍ക്ക്‌ നേരെ തിരിഞ്ഞു നടക്കാനും കഴിയില്ല. ഈ നഷ്ടബോധം തീര്‍ച്ചയായും മറക്കാനാവാത്തതാണ്‌. നഷ്ടംതന്നെ നഷ്ടമാകുന്നതുവരെ. നഷ്ടപ്പെട്ട ഒരു സുഹൃത്തിനെക്കുറിച്ചുള്ള ദുഃഖസ്‌മരണ ഒറ്റ നോട്ടത്തില്‍ വൈയക്തികമാണ്‌. ചൂഴ്‌ന്ന്‌ നോക്കുമ്പോള്‍ ആ വൈയക്തികത സാമൂഹികവുമാണ്‌. ഒരു സുഹൃത്തിനെ നഷ്ടപ്പെടുമ്പോള്‍ നമ്മുടെ സ്വത്വത്

നിലനില്‍പ്പിന്റെ സന്ധ്യകള്‍

അവസാന കാലം വരെ അച്ഛന്‍ ആരോഗ്യവാനായിരുന്നു. ആസ്‌തമ വരും പോകും. ആരുടേയോ ദുരിതം പങ്കിടുന്നതുപോലെ അച്ഛന്‍ ആസ്‌തമയെ സഹിക്കും. ഒരു അസുഖമായിട്ടല്ല അച്ഛന്‍ അതിനെ അനുഭവിച്ചത്‌. അവഗണിച്ചിട്ടും കയറിവന്ന്‌ ബുദ്ധിമുട്ടിയ്‌ക്കുന്ന നിസ്സാരനായ ഒരു ശല്യക്കാരനായിരുന്നു ആസ്‌തമ. അച്ഛനെ അസുഖബാധിതനായി കാണുന്നത്‌ ഏതാണ്ട്‌ 1995 കാലത്താണെന്നാണ്‌ ഓര്‍മ്മ. എഴുപത്തൊന്നു വയസ്സില്‍. എ. കെ. കൃഷ്‌ണപ്പിഷാരോടി ഒരു സംസ്‌കൃത പണ്ഡിതനായിരുന്നു. കെ. പി. നാരായണ പിഷാരോടിയുടെ ഗുരുകുല ശിഷ്യന്‍. കുട്ടികൃഷ്‌ണ മാരാരുള്ള കാലത്ത്‌ മാതൃഭൂമിയില്‍ ചേര്‍ന്നതാണ്‌. ഉദ്യോഗത്തിനുള്ള അപേക്ഷ സംസ്‌കൃതത്തിലായിരുന്നു എഴുതിയത്‌. കുട്ടികൃഷ്‌ണമാരാര്‍ വരാന്‍ പറഞ്ഞു. പിന്നീട്‌ അസിസ്റ്റന്‍ഡ്‌ എഡിറ്ററായി വിരമിച്ചു. പുകവലിച്ചിരുന്നു. കുറേക്കാലം. പുറത്തിറങ്ങിയാല്‍ കത്തിക്കും. ഒന്നില്‍നിന്ന്‌്‌ മറ്റൊന്ന്‌ കത്തിച്ചുകൊണ്ടിരിക്കും. ബസ്സിലും ഓഫീസിലും. എനിക്കും ആശാലതയ്‌ക്കും, അനിയത്തി, ആ പുകയുടെ മണം ഇഷ്ടമായിരുന്നു. അന്ന്‌ സിഗരറ്റിന്‌ ഇന്നത്തെപ്പോലെ ചീത്ത പ്രതിഛായ ഇല്ലായിരുന്നു. അച്ഛന്‍ സിഗരറ്റ്‌ വലിക്കുന്നത്‌ കാണാന്‍ നല്ല ഭംഗിയായിരുന്നു. ഗൗരവം കൂടും. വീടിന്റെ

ആകാശം തൊട്ട ശബ്ദം

  ജീവിതം 'ഒരു മധുര സംഗീത'മാണെന്ന്‌ തോന്നിച്ച സിനിമപാട്ടുകളുണ്ടായിട്ടുണ്ട്‌. സ്വപ്‌നത്തിന്റെ വരികളില്‍ ഈണം നിറയുന്നതുപോലെ. കുറേ കാലമായി പാട്ടുകള്‍ നമ്മെ മയക്കിയുറക്കുകയും റൊമാന്റിക്‌ മൂഡുകളില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നു. ലോകം ഒരു പ്രത്യേക സംഗീതബോധത്തില്‍ ആകസ്‌മികമായി അകപ്പെട്ടുപോയതുപോലെ. ദുരിതങ്ങളിലേയ്‌ക്ക്‌ പാട്ടുകള്‍ ശമനമഴയായി പെയ്യുന്നതുകൊണ്ടാവാം. ജീവിക്കാന്‍ സ്വപ്‌നയാഥാര്‍ത്ഥ്യം അത്യാവശ്യമായതുകൊണ്ടാവാം. ആര്‍ക്കും കയറിയിരുന്ന്‌ കാണാവുന്ന, പാട്ടില്‍ കോര്‍ത്തുവെച്ച ചിത്രങ്ങളെപ്പോലെയുള്ള, സിനിമകളും കേട്ടുനടക്കാവുന്ന പാട്ടുകളും മഞ്ഞുപോലെ ജീവിതത്തിലേയ്‌ക്ക്‌ ഇറങ്ങിവന്നു. കുറേ നല്ല പാട്ടുകാരുണ്ടായി. ലതാ മങ്കേഷ്‌കര്‍ അവരിലൊരാളായിരുന്നു. ഒരു നല്ല പാട്ടുകാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ നിരത്തുക എളുപ്പമല്ല. കുറേ ഗുണങ്ങള്‍ എടുത്തു പറഞ്ഞാലും നിര്‍ണ്ണായകമായ പല ഘടകങ്ങളും തിരഞ്ഞുപിടിക്കാന്‍ ബാക്കിയുണ്ടാവും. ചില ഗുണങ്ങള്‍ സൂക്ഷ്‌മവും അദൃശ്യവുമാണ്‌. മറ്റു മികച്ച ഗായികമാര്‍ക്കുള്ളതുപോലെ ലതയ്‌ക്കും നല്ല താളബോധം, മധുരമായ ശബ്ദം, രാഗഭാവം, ഈണനിര്‍ഭരത എന്നീ ഗുണങ്ങളുണ്ടായിരുന്നു. മറ്റുള്ളവരില്‍നിന്ന്‌ വ