Skip to main content

നിറത്തിന്റെ വാക്ക്

ചിത്രകാരന്റെ കാഴ്ച തെളിഞ്ഞതാണ്. കാണപ്പെടുന്നതിന്റെ സാരമായ ഭാഗം കാഴ്ചയിലേയ്ക്ക് കയറും. കവിയ്ക്ക് ഭാഷയും ലോകവും രണ്ടറ്റങ്ങളില്‍ വന്ന് നില്‍ക്കുന്നത് കാണാം. അവിടെ ഒരു വിടവുണ്ട്. കവി ആ വിടവ് ചാടിക്കടക്കും. കാഴ്ചയ്ക്ക്, ചാടാതെ, നിന്ന നില്‍പില്‍ കാണാം. ജോണ്‍സിന് നേരിട്ട് കാണാം. ആ കാഴ്ച എഴുത്തായി പരിണമിക്കാന്‍ എളുപ്പം. ചിത്രകാരന്‍ കവി കൂടിയാകുമ്പോള്‍. പണ്ട് ബറോഡയില്‍നിന്ന് കത്തുകളയയ്ക്കും. സ്വകാര്യമായ എഴുത്ത്. ഇന്‍ലന്റ് തുറന്നാല്‍ മനോഹരമായ കൈപ്പടയില്‍ ഭ്രാന്തമായ കോണുകളില്‍നിന്ന് വരുന്ന, നര്‍മ്മരസമാര്‍ന്ന, വാക്കുകള്‍. വാക്കുകള്‍ക്ക് ചുറ്റും ചിത്രം. ചിത്രങ്ങള്‍ക്ക് ചുറ്റും വാക്കുകള്‍. കവിയോ ചിത്രകാരനോ എന്ന് തോന്നിപ്പോയിരുന്നു. ഇപ്പോള്‍ ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നുന്നു, ഒരേ അളവില്‍ കവിയും ചിത്രകാരനുമാണെന്ന്.

'എഫ്ഹരിസ്‌തോ ഗ്രീസി'ന്റെ തിരക്കഥ ആണും പെണ്ണും കടലുമാണ്. വരികളിലൂടെ ഗ്രീസിന്റെ ഭൂഘടന തൊട്ടറിയാം. പടികള്‍ കയറിയിറങ്ങി വീടുകളിലേക്ക് പോകാം. വീട്ടിലെ വായു സൗഹൃദത്തിന്റെ. ലളിത ഭക്ഷണവും മദ്യവും കയര്‍ക്കാത്ത മൃദുഭാഷണങ്ങളും. ആത്മകഥയുള്ളവര്‍. തുല്യര്‍. വേറിട്ട വ്യക്തികള്‍. അടുക്കളയില്‍, തീന്‍മേശയില്‍, ചരിത്രം ഉറങ്ങുന്ന പുരാവസ്തുക്കള്‍. പല കാലങ്ങള്‍ അത്താഴ വിരുന്നിന് വരുന്നു. കാലത്തെ എപ്പോഴും ഭൂതകാലത്തേയ്ക്ക് പിന്‍വലിക്കുന്ന പൂച്ചകള്‍. മെഴുകുതിരി വെട്ടം ചില ഇരുട്ടുകള്‍ക്ക് പ്രവേശനം നല്കി. സൂസന്നയുടെ പ്രണയസ്മൃതി വര്‍ത്തമാനത്തില്‍ മുട്ടി ചിതറി ഒരു നല്ല അദ്ധ്യായംപോലെ അധികം നീളാതെ അവസാനിച്ചു.

ചെറിയ പ്രശ്‌നങ്ങള്‍ ലോകത്തെവിടെയുമുണ്ട്. 'യാനിസ് രണ്ടു ഗ്ലാസുകളില്‍ രാക്കി പകര്‍ന്ന് ഒന്ന് എനിക്ക് നല്‍കി.' രാക്കി പരിഹരിക്കില്ല, മയപ്പെടുത്തും. സൗഹൃദത്തിന് നില പാകും.

സംഭവകഥകള്‍, പറഞ്ഞവ തന്നെ, അനവധി. ഒന്നും മറ്റൊന്നിനെപ്പോലെയല്ല. ഗോവയില്‍ ബാഗ് വിറ്റു നടന്ന ബാലന് പഠിക്കണം. നാല്‍പ്പത്തിനാലാം പേജില്‍ ബാലനെ ജോണ്‍സ് വരച്ചു. ദത്തെടുക്കപ്പെട്ട ബാലന് ഗ്രീസില്‍ ജീവിച്ച് പഠിക്കാനായി. ഗ്രീസില്‍ മിടുക്കനായി പഠിച്ചു വളരുന്നു. കഥയും ചിത്രവും ഹൃദയത്തെ ഉരുക്കും.

ഗ്രീസില്‍ ആരും വെറും കൈയ്യോടെ വിരുന്നിന് പോവില്ല. ജോണ്‍സ് മാര്‍ബിളില്‍ ഒരു കൊച്ചു ശില്പം തീര്‍ത്തു. മെഴുകുതിരി വെയ്ക്കാം.

അമ്പത്തി എട്ടാമത്തെ പേജില്‍ ജോണ്‍സ് ഒരു ചുംബനം വരച്ചിട്ടുണ്ട്. സ്വകാര്യമായത്. ഇത് നിങ്ങളുടെ കാര്യമല്ല എന്ന മട്ടില്‍.

ബാറില്‍ ഒരാള്‍ നൃത്തം ചെയ്യുന്നു. സോര്‍ബയെപ്പോലെ. ആ നൃത്തം ജോണ്‍സ് വരച്ചു. പേജ് 74 ല്‍. ബാറില്‍ നിന്നിറങ്ങിയത് പുലര്‍ച്ച നാലു മണിക്ക്.

സന്തോറിനി ദ്വീപ്. കേള്‍ക്കാന്‍തന്നെ എന്തൊരു സുഖം! നല്ല ചൂട്. ആംസ്റ്റല്‍, ഒരു ഗ്രീക്ക് ബിയര്‍, വാങ്ങി. നുണഞ്ഞു തണുത്തു. സുഹൃത്ത് ഡച്ച് പുസ്തകം വായിക്കുന്നു. കാക്കശാസ്ത്രത്തെക്കുറിച്ച്. പലതരം വിശ്വാസങ്ങള്‍. ജോണ്‍സ് മനസില്‍ വരച്ചു. സാന്തോറിനിയിലെ കാക്ക. പേജ് 83.

ഊസോ, ഗ്രീക്ക് നാടന്‍ മദ്യം, രുചിച്ച് കടല്‍ കണ്ടിരിക്കാം. സെബാര്‍ക്കോയില്‍. വേനല്‍കാലത്താണ് ഇരിപ്പിന് സൗന്ദര്യം. യവനസുന്ദരന്‍ ജോണ്‍സ് അവിടെ സ്ഥിരം ചെന്നിരുന്നു. ഇരിപ്പും യാത്രയും ഒരുപാട് സംഭവങ്ങളെ സമ്മാനിച്ചു. ചിലത് ജോണ്‍സ് കുറിച്ചുവെച്ചു. ഇനിയും എത്രയോ എഴുതാം. തത്കാലം ഇത്രയും. 'എഫ്ഹരിസ്‌തോ ഗ്രീസ് - ആണും പെണ്ണും കടലും' എന്ന പുസ്തകം വായിക്കുംതോറും വലുതാകും.

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ