Skip to main content

ശാസ്ത്രവും സംഗീതവും: ഒരു ജുഗല്‍ബന്ദി

ശാസ്ത്രജ്ഞന് സംഗീതം എന്തായിരിക്കും?!  നോബല്‍ സമ്മാനിതനായ സി.വി.രാമന്‍ എന്ന ഭൗതികശാസ്ത്രജ്ഞന് സംഗീതം പ്രചോദനമാണ്.  'ബാംഗ്ലൂരില്‍ ഞാന്‍ താമസിക്കുന്ന സ്ഥലം വൃക്ഷലതാദികളാല്‍ ചുറ്റപ്പെട്ടതാണ്.  അവയില്‍ വന്നിരിക്കുന്ന പക്ഷികളാലും' (സി.വി.രാമന്‍, മദ്രാസ് മ്യൂസിക് അക്കാദമി ജേണല്‍, 1934).  കളകൂജനങ്ങള്‍ കേട്ടാണ് അദ്ദേഹം ഉണര്‍ന്നുവരുക.  പ്രകൃതിയുടെ സംഗീതം കര്‍ണ്ണത്തില്‍ നിറയുമ്പോള്‍ കണ്ണുകള്‍ തുറക്കും.  പൂക്കളും പച്ചപ്പും നിറഞ്ഞ വര്‍ണ്ണലോകത്തെ കണ്ണുകളിലും നിറയ്ക്കും.  പ്രകാശത്തെക്കുറിച്ചായിരുന്നു അദ്ദേഹം ശാസ്ത്രത്തില്‍ അന്വേഷിച്ചത്. കൂടെ കമ്പനങ്ങളെക്കുറിച്ച് അന്വേഷിച്ച് സംഗീതത്തിലേയ്ക്കും കടന്നു.  

'വിരസവും വരണ്ടതുമായ ജീവിതം സരസമാകുന്നത് നാദവര്‍ണ്ണപൂരിതമാകുമ്പോഴാണ്.  പ്രകൃതിയില്‍ പക്ഷികളുടെ പാട്ടുണ്ട്.  അവര്‍ക്ക് അത് നിര്‍ത്താനും നമുക്ക് അത് കേള്‍ക്കാതിരിക്കാനും കഴിയില്ല.  ബുദ്ധിയല്ല ശാസ്ത്രാന്വേഷണത്തിനുള്ള പ്രചോദനം.  ശബ്ദവും വര്‍ണ്ണവുമാണ്.'  പ്രകൃതിയുടെ വാതിലുകള്‍ തുറന്നാണ് സി.വി.രാമന്‍ കലയിലേയ്ക്ക് പ്രവേശിക്കുന്നത്.  പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന അനുഭവങ്ങളും മനനഫലങ്ങളുമാണ് അദ്ദേഹത്തിന്റെ കലാസിദ്ധാന്തത്തില്‍ പ്രതിഫലിക്കുന്നത്.  ആ സിദ്ധാന്തനേത്രങ്ങളില്‍നിന്ന് നോക്കുമ്പോള്‍, ചിതറിക്കിടക്കുന്ന ശബ്ദങ്ങളും വര്‍ണ്ണങ്ങളും ഒരു പ്രകൃതിനിയമത്താലെന്നപോലെ രൂപസൗഷ്ഠവമാര്‍ജ്ജിക്കുന്നതാണ് ഉന്നതമായ കല.  ഉന്നതമായ കല എന്നു പറയുമ്പോള്‍ കലയ്ക്കകത്തുള്ള അധികാര ശ്രേണിയെയല്ല അദ്ദേഹം സൂചിപ്പിക്കുന്നത്.  ഏറ്റവും കൂടിയ ആനന്ദമുണ്ടാക്കുന്ന കല എന്ന അര്‍ത്ഥത്തിലാണ്.  ശാരീരികവും വൈകാരികവുമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ആനന്ദത്തിന്റെ അളവിനെ സങ്കല്‍പ്പിക്കുന്നത്.  ഭാവത്തെ വിശേഷമായി നയിക്കാനുള്ള പ്രാപ്തിയോടെ കലാപരമായി ആവിഷ്‌ക്കരിക്കുമ്പോഴാണ് കല ഉണ്ടാവുന്നത്.  'അര ഡസന്‍ വര്‍ണ്ണങ്ങളെടുത്ത് കാന്‍വാസില്‍ എറിയുന്നതല്ല കല.  അങ്ങനെ ചെയ്യുന്നവരുണ്ടെങ്കിലും, ഭാഗ്യവശാല്‍, അങ്ങനെ ചെയ്യാതിരിക്കാന്‍ മാത്രം യഥാസ്ഥിതികരാണ് ഭൂരിഭാഗം മനുഷ്യരും (ചിരിക്കുന്നു).'  മഹത്തായ കലാസൃഷ്ടികളുണ്ടാക്കാന്‍ വിനയിക്കപ്പെടുന്ന (വിശേഷേണ നയിക്കപ്പെടുന്ന) ഭാവനയുടെ പക്ഷത്തുനിന്നുള്ള പ്രയത്‌നമാണ് വേണ്ടത്.  ജീവിതാനന്ദത്തിന്റെ ഭാവപ്രകാശനങ്ങള്‍ ഉച്ചത്തില്‍ അനിയന്ത്രിതമായി വിളിച്ചു പറയുകയല്ല സംഗീതത്തില്‍ ചെയ്യുന്നത്.  സംഗീതത്തില്‍ ഭാവങ്ങളെ കലാത്മകമായ ശബ്ദമായി ആവിഷ്‌കരിക്കാനുള്ള ശ്രമമാണ്.  അതുകൊണ്ട് കല ഒരേ സമയം ആനന്ദമാണ്, ഭാവനയാണ്, വിനയമാണ്, അതിലേറെ ഉത്കൃഷ്ടമായ പ്രതിഭയുടെ പ്രകാശനമാണ്.  ഇത്രയുമാണ് അദ്ദേഹം കലയ്ക്ക് നല്‍കിയ ആമുഖം.   

സംഗീതം എങ്ങനെയാണ് മനുഷ്യരെ ആഴത്തില്‍, അത്ഭുതകരമായി, ബാധിക്കുന്നത് എന്നതിനെ കുറിച്ച്, അല്ലെങ്കില്‍ നമ്മുടെ ആന്തരസത്തയെ എങ്ങനെ സംഗീതം അവാച്യമാംവിധം പുളകം കൊള്ളിക്കുന്നു എന്നതിനെ കുറിച്ച് ശാസ്ത്രത്തിന് ഏറെ പറയാനില്ലെന്ന് (1934 ല്‍) സി. വി. രാമന്‍  സമ്മതിക്കുന്നു.  സംഗീതത്തിന്റെ നിഗൂഢമായ ആഴത്തെ ഉള്‍ക്കൊള്ളാനായിരിക്കാം നമുക്ക് നാദബ്രഹ്മം എന്ന സങ്കല്‍പ്പമുള്ളത്.  എങ്കിലും ശാസ്ത്രത്തിന് ഈ നിഗൂഢതയുടെ ചില വശങ്ങളെ കുറിച്ച് പറയാന്‍ കഴിയും.  ശബ്ദം ഉണ്ടാകുന്നതിന്റേയും അനുഭവിക്കുന്നതിന്റേയും പ്രകമ്പനവശമാണ് അദ്ദേഹം ഉദ്ദേശിച്ചത്: നമ്മുടെ നാഡികളില്‍ ശബ്ദം വന്നുതൊടുമ്പോള്‍ ആനന്ദമുണ്ടാകുന്നു.  പക്ഷെ നാഡികളില്‍ തൊടുന്നവയെല്ലാം ആനന്ദത്തെ ഉണ്ടാക്കുന്നില്ല.  ഇതിനു കാരണം ചെവിയുടെ പ്രത്യേകതയാണ്.  രണ്ടോ മൂന്നോ നിറങ്ങളെ ഇടകലര്‍ത്തിയാല്‍ ഏതൊക്കെയാണ് ചേര്‍ന്ന നിറങ്ങള്‍ എന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല.  എന്നാല്‍ ചെവിയും ബന്ധപ്പെട്ട നാഡികളും ഇരുപതോളം ശബ്ദങ്ങളെ വേര്‍പിരിച്ച് തിരിച്ചറിയും.  ഒരു ശബ്ദവിശ്ലേഷകന് ഒരു ശബ്ദത്തിന്റെ പന്ത്രണ്ടിലധികം സ്വരച്ചേര്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങളെ (Harmonic components) അപഗ്രഥിക്കാന്‍ കഴിയും.  ശബ്ദത്തെ ഒരു ചെറിയ പിയാനോയിലെന്നപോലെ അനുരണനം ചെയ്യിക്കാനുള്ള സംവിധാനം കേള്‍വിയിലുണ്ട് എന്ന് ചുരുക്കം.  അതിനുശേഷം എന്തു സംഭവിക്കുന്നു, ശബ്ദത്തിന്റെ നാഡീസ്പര്‍ശം എങ്ങനെ സ്വയം വിനിമയം ചെയ്യുന്നു, എങ്ങനെയാണ് ഇത് കേന്ദ്ര നാഡീവ്യൂഹത്തിലെത്തുന്നത്, എങ്ങനെ ആനന്ദം ഉണ്ടാകുന്നു, ശ്രോതാവ് എങ്ങനെയാണ് തലയാട്ടുന്നതിലെത്തുന്നത്, എന്നീ ചോദ്യങ്ങളുണ്ട്.  മറ്റു വസ്തുക്കള്‍ നാഡിയിലൂടെ ശരീരത്തെ ഉദ്ദീപിപ്പിക്കുന്നതുപോലെയല്ല സംഗീതം ശരീര-മനസ്സില്‍ അഗാധമായ വൈകാരികകോളിളക്കം സൃഷ്ടിക്കുന്നത്. 

സംഗീതത്തിലായായും ശാസ്ത്രത്തിലായാലും മുഴുകല്‍ ഒരുപോലെയാണ്.  സംഗീതജ്ഞ സംഗീതത്തിലെന്നപോലെ ശാസ്ത്രജ്ഞ ശാസ്ത്രത്തില്‍ സ്വയം നഷ്ടപ്പെടുന്നു.  ഇതിനെ സൂചിപ്പിക്കാന്‍ സി.വി. രാമന്‍ ഉപയോഗിക്കുന്നത് 'പരവശം' എന്ന വാക്കാണ്.  സംഗീതജ്ഞരും ശാസ്ത്രകാരന്മാരും 'ആത്മവശ'ത്തിലല്ല, 'പരവശ'ത്തിലാണ്.  പരാധീനതയിലാണ് (കലയുടെ) എന്നാണ് 'പരവശം' എന്ന പദം അര്‍ത്ഥമാക്കുന്നത്.  സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെ ഓരോ സൂക്ഷ്മാംശവും, മറ്റുള്ളവര്‍ക്ക് നിസ്സാരമായി തോന്നാമെങ്കിലും, കലാകാരിക്കും ശാസ്ത്രജ്ഞയ്ക്കും അത് പ്രധാനമാണ്.  അതിനുവേണ്ടി ചിലവിടുന്ന സമയവും അദ്ധ്വാനവും ഒരിക്കലും മതിയാവുകയുമില്ല.  അവയാണ് സൃഷ്ടിയുടെ മുഹൂര്‍ത്തങ്ങള്‍.  അതാണ് സര്‍ഗ്ഗാത്മകതൃഷണ. സി. വി. രാമന്‍ കലയേയും ശാസ്ത്രത്തേയും ഇപ്രകാരം ഒരു സമാന്തര യാത്രയായാണ് മനസ്സിലാക്കുന്നത്. 

എങ്ങനെയാണ് കമ്പനവും സ്വരവും തമ്മില്‍, ശാസ്ത്രവും സംഗീതവും തമ്മില്‍, ജുഗല്‍ബന്ദി നടക്കുന്നത് എന്ന് സി. വി. രാമന്‍ 1921 ല്‍ ആലോചിച്ചു തുടങ്ങിയിരുന്നു.  താളവാദ്യങ്ങളുടെ നിര്‍മ്മാണരീതിയ്ക്ക് പുറകില്‍ കമ്പനത്തെ സംഗീതാത്മകമായി രൂപകല്‍പന ചെയ്യുന്ന ഒരു ശാസ്ത്രചിന്തയുണ്ടെന്ന് അദ്ദേഹം കണ്ടെത്തി.  മൃദംഗം വായിക്കുമ്പോള്‍ കമ്പനങ്ങള്‍ ഒന്നിനുമേലെ ഒന്നായി ഉണ്ടാകുകയാണ്.  പക്ഷെ അതിന്റെ  നിര്‍മ്മാണരീതിയുടെ പ്രത്യേകതകൊണ്ട് അവ സംഗീതാത്മകമായാണ് കേള്‍ക്കപ്പെടുന്നത്.  മൃദംഗം, തബല മുതലായ വാദ്യോപകരണങ്ങളില്‍ അടരുകളായി പതിപ്പിക്കുന്ന 'മഷി' മധ്യത്തില്‍ കട്ടികൂടിയും അരുകിലേയ്ക്ക് കട്ടികുറഞ്ഞുവരുകയും ചെയ്യുന്ന രീതിയിലാണ്.  അരുകിലേയ്ക്ക് പോകുംതോറും ശ്രുതി കൂടിവരുകയും മധ്യത്തിലേയ്ക്കു കുറയുകയും ചെയ്യുന്നു.  മറുഭാഗത്ത് മാവ് പതിക്കുന്നത് ശ്രുതിയെ ആവശ്യത്തിനനുസരിച്ച് ക്രമീകരിക്കാനാണ്.  പ്രകമ്പനദൈര്‍ഘ്യം കൂട്ടി നാദം നീണ്ടു നില്‍ക്കത്തക്ക വിധത്തിലാണ് തബലയും മൃദംഗവും നിര്‍മ്മിച്ചിരിക്കുന്നത് എന്നതാണ് മറ്റൊരു വിശേഷം.  യൂറോപ്യന്‍ താളവാദ്യങ്ങള്‍ ഇവയില്‍നിന്ന് വളരെ വ്യത്യസ്തമാണ്.  അവയുടെ കമ്പനം നീണ്ടുനില്‍ക്കില്ല.  അവ വലിയ ഓര്‍ക്കസ്ട്രയോടൊപ്പമോ തുറന്ന വേദിയിലോ ഉപയോഗിക്കാന്‍ യോജിച്ച തരത്തിലുള്ളതാണ്.  അവയുടെ ശബ്ദം ഇതര വാദ്യങ്ങളുടെ ശബ്ദമതിലിനകത്ത് കേള്‍ക്കപ്പെടാന്‍ ഉദ്ദേശിച്ചുള്ളവയാണ് (സി.വി.രാമന്‍, 1935ല്‍ പ്രസിദ്ധീകരിച്ച് ഇന്ത്യന്‍ മ്യൂസിക്കല്‍ ഡ്രംസ് എന്ന പ്രബന്ധത്തില്‍നിന്ന്).

ധ്വനിവിജ്ഞാനത്തിന്റെ (Acoustics) കണ്ണുകളിലൂടെയാണ് അദ്ദേഹം സംഗീതത്തില്‍ ചികഞ്ഞത്.  ഖരപദാര്‍ത്ഥങ്ങളടെ ചേരുവകള്‍ ക്രമീകരിച്ചും വലിച്ചുകെട്ടി മുറുക്കമുണ്ടാക്കിയും താളവാദ്യങ്ങളില്‍ ശ്രുതിഭേദങ്ങളും നാദദൈര്‍ഘ്യവും സൃഷ്ടക്കുന്നതിന്റെ ധ്വനിവിജ്ഞാനീയ വിശദീകരണമാണ് സി.വി. രാമന്‍ 84 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഗീതത്തിന് നല്‍കിയ സംഭാവന.

മുകുന്ദനുണ്ണി

ദേശാഭിമാനി വാരാന്തം, 21 ഞായര്‍ ഏപ്രില്‍ 2019, പേജ് - 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ