Skip to main content

പട്ടാമ്മാള്‍ പാടിത്തുറന്ന ലോകം

സംഗീതം വന്നു വിളച്ചപ്പോള്‍ കൂടെ ഇറങ്ങിപ്പോയതുപോലെയായിരുന്നു ദമാള്‍ കൃഷ്ണസ്വാമി പട്ടാമ്മാളുടെ ജീവിതം.  ദീക്ഷിതര്‍ കുടുംബത്തില്‍ സ്ത്രീകള്‍ക്ക് പുറത്തുപോയി പാടാന്‍ വിലക്കുണ്ടായിരുന്നു.  അതുകൊണ്ട് കുട്ടിയായിരുന്നപ്പോള്‍ പട്ടാമ്മാള്‍ക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍പോലും പഠിക്കാനായില്ല.  നൈനാപിള്ള എന്ന സംഗീതജ്ഞന്‍ കാഞ്ചിപുരത്ത് സംഘടിപ്പിച്ചിരുന്ന കച്ചേരികള്‍ കേട്ടാണ് പട്ടാമ്മാള്‍ സംഗീതത്തിലേയ്ക്ക് അടിവെച്ച് നടന്നത്.  കേട്ട കൃതികള്‍ സഹോദരന്മാരുടെ സഹായത്തോടെ സ്വരപ്പെടുത്തി പഠിച്ചുകൊണ്ട്.  തെലുങ്കും സംസ്‌കൃതവും പഠിപ്പിക്കാന്‍ തയ്യാറായ ഒരു അജ്ഞാത വാധ്യാരുടെ സംഗീതജ്ഞാനത്തേയും സ്വാംശീകരിച്ചുകൊണ്ട്.    



എത്ര വിലക്കുണ്ടെങ്കിലും, നക്ഷത്രത്തെ മടിയില്‍വെച്ചു പൂട്ടാനാര്‍ക്കാവും! പട്ടാമ്മാളിലെ പ്രതിഭയുടെ തിളക്കം താമസിയാതെ ചുറ്റുമുള്ളവര്‍ തരിച്ചറിഞ്ഞു.  മകളെ പാട്ടുകാരിയാക്കണമെന്ന് അച്ഛന്‍ കൃഷ്ണസ്വാമിയെ നിര്‍ബന്ധിക്കാന്‍ പട്ടാമ്മാളുടെ സ്‌ക്കൂള്‍ ടീച്ചര്‍ അമ്മുക്കുട്ടിയമ്മ നിരന്തരം വാഗ്വാദ സമരം നടത്തി.  വിലക്കയഞ്ഞുതുടങ്ങി.  പട്ടാമ്മാള്‍ പത്താം വയസ്സില്‍ റേഡിയോയില്‍ പാടി.  പതിമൂന്നാം വയസ്സില്‍ പൊതുവേദിയില്‍ ആദ്യത്തെ കച്ചേരിയും നടത്തി.  ഒരു ബ്രാഹ്മണ ബാലിക കച്ചേരി പാടുന്ന അത്ഭുതം കാണാന്‍ കുറേ ആളുകള്‍ വന്നു.  വന്നവര്‍ ആരാധനയോടെ മടങ്ങി.  പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.  പട്ടാമ്മാള്‍ പാടി.  ജീവിതം മുഴുവന്‍ പാടി.



രണ്ടു രീതിയിലാണ് പട്ടാമ്മാള്‍ സ്വയമറിയാതെ, ഉള്ളില്‍ നിറഞ്ഞ സംഗീതത്തിന്റെ സമ്മര്‍ദ്ദത്താലെന്നപോലെ, യാഥാസ്ഥിതികതയെ ധിക്കരിച്ചത്.  ബ്രാഹ്മണസ്ത്രീകള്‍ക്ക് പൊതുവേദിയില്‍ പാടാന്‍ പാടില്ല എന്ന നിരോധനമാണ് ആദ്യം ഭേദിച്ചത്.  രണ്ടാമതായി സംഗീത ലോകത്ത് സ്ത്രീകളെ തരം താഴ്ത്തുന്ന ഒരു ധാരണയുടെ അടിസ്ഥാനത്തിലുള്ള അപ്രഖ്യാപിത വിലക്കിനെ.  താളത്തിന്റെ സങ്കീര്‍ണ്ണതകളും ഗണിത മാതൃകകളും ഉള്ള ലയപ്രധാനമായ 'രാഗം താനം പല്ലവി'  പെണ്‍പാട്ടുകാര്‍ക്ക് അസാധ്യമാണെന്ന ധാരണയെ പട്ടാമ്മാള്‍ തിരുത്തി.  അനുലോമം, പ്രതിലോമം, ത്രികാലം തുടങ്ങിയ ലയസങ്കേതങ്ങളെ ആരേയും വിസ്മയിപ്പിക്കും വിധം യഥേഷ്ടം പാടി.  അങ്ങനെ പല്ലവി പട്ടാമ്മാള്‍ എന്ന് പേരും വീണു. ലയവും ഭാവവും പട്ടാമ്മാളുടെ ഉള്ളില്‍നിന്നെവിടെനിന്നോ പുറപ്പെടുന്നതുപോലെയാണ്.  65 വര്‍ഷം നീണ്ടുനിന്ന കച്ചേരിക്കാലം സംഗീതവുമായി താദാത്മ്യം പ്രാപിച്ച അഗാധമായ പ്രണയകാലമായിരുന്നു.



ഒരേ സമയം സംഗീതദാഹംകൊണ്ട് ബ്രാഹ്മണ യാഥാസ്ഥിതികത്വത്തെ ധിക്കരിക്കുകയും അതേ സമയം സംഗീതത്തിലെ യാഥാസ്ഥിതികത്വം കൈവിടാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് പട്ടാമ്മാളില്‍ ഒരു വൈരുദ്ധ്യമുള്ളതായി ചിലര്‍ക്കെങ്കിലും തോന്നാം.  പക്ഷെ സംഗീതത്തിലെ യാഥാസ്ഥിതികത്വം സ്വഭാവത്തില്‍ ജാതിയിലുള്ളതുപോലെയല്ല.  പ്രഗത്ഭരായ സംഗീതജ്ഞര്‍ പാടിയുണ്ടാക്കിയ സംഗീതജ്ഞാനത്തിന്റെ ഒരു വലിയ ശേഖരമാണ് 'യാഥാസ്ഥിതികത'യില്‍ സംരക്ഷിച്ചുവെച്ചിരിക്കുന്നത്.  അതിനോടായിരുന്നു പട്ടാമ്മാള്‍ക്ക് ഭ്രമം.



കല്‍ക്കി കൃഷ്ണമൂര്‍ത്തി രചിച്ച് പാപനാശം ശിവന്‍ ഈണം നല്‍കിയ, ത്യാഗഭൂമിയിലെ (1939), 'ദേശ സേവൈ ശെയ്യ...' എന്ന ഗാനമാണ് പട്ടാമ്മാള്‍ പാടിയ ആദ്യ സിനിമാഗാനം.  സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന് പശ്ചാത്തലമായി പാടിയ ആ പാട്ടും സിനിമയും ജനങ്ങളില്‍ വിപ്ലവതരംഗമുണര്‍ത്തി.  ഉടനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആ സിനിമ നിരോധിച്ചു. സ്വന്തം പാട്ടുള്ള സിനിമകള്‍പോലും പട്ടാമ്മാള്‍ കണ്ടിരുന്നില്ല.  സിനിമ കാണാന്‍ അനുവാദമില്ലാത്തതുകൊണ്ട്.  വിലക്കുകള്‍ സാവധാനമാണ് അയഞ്ഞത്.  എം. എസ്. സുബ്ബലക്ഷ്മിയുടെ 'മീര' കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ആ ആഗ്രഹം സാധിച്ചത്.  


മുകുന്ദനുണ്ണി

(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2019 ഏപ്രില്‍ 7-13, പുസ്തകം 97, ലക്കം 3, പേജുകള്‍: 96-97)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ