Skip to main content

നോവല്‍ സിനിമയാകുമ്പോള്‍

നോവല്‍ സിനിമയാകുമ്പോള്‍

മുകുന്ദനുണ്ണി

'അഗ്നിസാക്ഷി' എന്ന സിനിമയില്‍ ഉണ്ണി ഒരു ശക്തമായ കഥാപാത്രമാണ്‌. എന്നാല്‍ അപ്രകാരം പറയുന്നതിലൂടെ എന്താണ്‌ ചെയ്യുന്നത്‌? ഉണ്ണി ഒരു ശക്തമായ കഥാപാത്രമായിത്തീരാന്‍, അങ്ങനെ തോന്നാന്‍ ഇടയാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാം? സിനിമയ്‌ക്കകത്തെ കഥാപാത്രങ്ങളും പുറത്തെ പ്രേക്ഷകരും ഒരുപോലെ ഉണ്ണി എന്ന കഥാപാത്രം സൃഷ്ടിക്കുന്ന മാസ്‌മരിക വലയത്തിനകത്താണ്‌. പ്രേക്ഷകരുടെ വിമര്‍ശനബൂദ്ധിയെ മാറ്റിവെയ്‌ക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേക വൈകാരികതലവും സിനിമയുടെ കഥാഖ്യാനത്തിനുണ്ട്‌.

ഉണ്ണിയോട്‌ നമുക്ക്‌ തോന്നുന്ന ആദരവിന്റെ അടിസ്ഥാനം ഒരു പക്ഷെ, അദ്ദേഹത്തിന്റെ മഹിമയായിരിക്കാം. മനുഷ്യനെ മനസ്സിലാക്കുക, സൂക്ഷ്‌മമായി മനസ്സിലാക്കുക, പരമാവധി ഒരു വ്യക്തിയെ അറിയുക, വ്യക്തിയെ അവ/ന്റ/ളുടെ പ്രത്യേക അവസ്ഥയില്‍ കാണാന്‍ കഴിയുക, ഇപ്രകാരം കുറേ സൂക്ഷ്‌മമായ അഗാധതകളുണ്ട്‌ ഉണ്ണിയുടെ സ്വഭാവത്തിലും ദര്‍ശനത്തിലും. ഒരു വലിയ മാറ്റം വ്യക്തിയെ തകര്‍ക്കും എന്നവനറിയാം.

എന്നാല്‍ ഈ കഥാപാത്രത്തെ ഇങ്ങനെ സിനിമയുടെ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ ചലചിത്രകാരന്‍ സ്വീകരിച്ച ഉപായങ്ങള്‍ ധാരാളം വിമര്‍ശനചിന്തകളെ ക്ഷണിക്കുന്നുണ്ട്‌. ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവലിനെ ആധാരമാക്കിയാണ്‌ ഈ ചലചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌. ഈ ചലചിത്രവും പ്രസ്‌തുത നോവലും തമ്മില്‍ വലിയ അന്തരമുണ്ട്‌. അതൊരു കുറ്റമാകുന്നില്ല. ചലചിത്രകാരന്‌ വേണ്ടുവോളം സ്വാതന്ത്ര്യമുണ്ട്‌. എന്നാല്‍ സ്വാതന്ത്ര്യം ഉപയോഗിച്ചുള്ള ഈ സ്വാവിഷ്‌കാരത്തില്‍ ഉടനീളം പറഞ്ഞതിന്റേയും പറയാതിരുന്നതിന്റേയും പറയുമ്പോള്‍ ഉറക്കെ പറഞ്ഞതിന്റേയും താഴ്‌ത്തി പറഞ്ഞതിന്റേയും പിന്നില്‍ ദര്‍ശിക്കാവുന്ന യുക്തികളും സൂചനകളും വാചാലമാണ്‌. സിനിമ നമ്മെ അതിന്റെ കേന്ദ്രത്തിലേയ്‌ക്ക്‌ ആവാഹിക്കുമ്പോള്‍ സിനിമയുടെ പുറംപോക്കുകളില്‍ നിരവധി വൈരുദ്ധ്യങ്ങള്‍ കാണുമാറാകുന്നു. പറയുവാന്‍ വന്നതും പറഞ്ഞുവന്നതും തമ്മില്‍ പ്രകടമായ വൈരുദ്ധ്യം ഈ സിനിമയില്‍ അടിച്ചമര്‍ത്തപ്പെട്ടതായി കാണാം. ചുരുക്കിപ്പറഞ്ഞാല്‍ ഈ സിനിമ പല സിനിമകളായി മുറിഞ്ഞുവീഴുന്ന ഒരു സിനിമയാണ്‌. സിനിമയുടെ കേന്ദ്രത്തില്‍ ഒരു ആധിപത്യസിനിമയും സിനിമയുടെ പുറംപോക്കില്‍ നിരവധി അടിക്കുറിപ്പുകളായി മങ്ങിക്കിടക്കുന്ന, ശ്വാസംമുട്ടി നില്‍ക്കുന്ന സിനിമകളും. ചലചിത്രത്തിന്റെ കേന്ദ്രവും പുറംപോക്കും തമ്മിലുള്ള ഈ വൈരുദ്ധ്യവും ശ്രേണീബന്ധവുമാണ്‌ ചലചിത്രത്തിന്റെ പ്രത്യയശാസ്‌ത്രത്തെക്കുറിച്ച്‌ നമുക്ക്‌ സൂചന നല്‍ക്കുന്നത്‌. തിരുത്തപ്പെട്ടതും മായ്‌ചുകളഞ്ഞതുമായ ദൃശ്യങ്ങള്‍ ഈ ചലചിത്രത്തിന്റെ ഒഴുക്കിലുടനീളം പിടയുന്നുണ്ട്‌.

മാറ്റം:


തങ്കത്തിന്‌ കേളേജില്‍ ചേര്‍ന്നുപഠിക്കാന്‍ അതിയായ ഉത്സാഹം. പക്ഷെ, അപ്പന്‍ വാശിക്കാരനാണ്‌. അദ്ദേഹം സമ്മതിക്കുന്നില്ല. ഉണ്ണിയേട്ടന്‍ തങ്കത്തിന്റെ ആഗ്രഹം നിറവേറ്റാമെന്ന്‌ വാക്കും നല്‍കുന്നു. അങ്ങനെ അപ്പന്‍ ആദ്യമായി ഉണ്ണിയുടെ മുന്‍പില്‍ തോറ്റുകൊടുക്കുന്നു. നിഷ്‌കളങ്കനായ അപ്പനെ മാറ്റുന്നതിലൂടെ, അദ്ദേഹത്തെ ഇല്ലായ്‌മ ചെയ്യുന്നതുപോലെ, ഒരു ഹിംസയായാണ്‌ ഉണ്ണി പിന്നീട്‌ ഈ സംഭവത്തെപ്പറ്റി സ്‌മരിക്കുന്നത്‌. കാരണം ഒരാള്‍ ഉറച്ചുവിശ്വസിക്കുന്നതായിരിക്കാം, അതിന്റെ ശരിതെറ്റുകള്‍ എന്തായാലും, അയാളെ ജീവിക്കാന്‍ സഹായിക്കുന്നത്‌. അതില്‍ പറ്റിപ്പിടിച്ചാണ്‌ അയാള്‍ നിലനില്‍ക്കുന്നത്‌. അവ എടുത്തുമാറ്റിയാല്‍ അയാള്‍ കുഴഞ്ഞുവീണേയ്‌ക്കും. മനഃശാസ്‌ത്രപരമായി ഒരു നല്ല ഉള്‍ക്കാഴ്‌ചയാണിത്‌. നാം ഈ വാദത്തിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുകയും ഉണ്ണിയോടൊപ്പം നില്‍ക്കുകയും ചെയ്യുന്നു. മാറ്റത്തിന്റെ വിലയും ഹിംസയും ഒന്നാണ്‌. തേതിയേടത്തിയെ വിളിച്ചുകൊണ്ടുവരാത്തതിന്‌ കാരണമായി ഉണ്ണി തങ്കത്തിനോട്‌ പറയുന്നതും ഇതുതന്നെയാണ്‌ - ഒരു മാറ്റംകൂടി താങ്ങാന്‍ അപ്പന്‌ ശേഷിയുണ്ടാവില്ലെന്ന്‌. സ്വയം ബോദ്ധ്യപ്പെടാതെയാണെങ്കിലും ഉണ്ണിയേട്ടനു മുന്‍പില്‍, അയാളുടെ ഗംഭീരമായ ഭാവത്തിനു മുന്‍പില്‍, തങ്കം മൗനിയാകുന്നു. ഈ മൗനത്തില്‍ മാറ്റമുളവാക്കുന്ന ചെറിയ ഹിംസയുടേയും മാറ്റമില്ലായ്‌മ സൃഷ്ടിക്കുന്ന വലിയ ഹിംസയുടേയും ബലബലങ്ങളാണ്‌. മാറ്റമില്ലായ്‌മയുടെ വിലയറിഞ്ഞവരാണ്‌ തേതിക്കുട്ടി. മാറ്റമില്ലായ്‌മയുടെ ഹിംസയ്‌ക്കെതിരെയുള്ള തേതിക്കുട്ടിയുടെ, ദേവീ ബഹന്റെ, അഹിംസാത്മകമായ ശബ്ദം എന്നാല്‍ ഈ ചലചിത്രം ഏതാനും ആല്‍ബം ഷോട്ടുകളിലൂടെ മാത്രമാണ്‌ നമുക്ക്‌ തുറന്നുതരുന്നത്‌. തീപ്പെട്ടിച്ചിത്രങ്ങള്‍പോലെയോ ഫിലാറ്റലിക്‌ സ്റ്റാമ്പുകള്‍പോലെയോ ഉള്ള ചില ഷോട്ടുകളിലൂടെ ഓടിച്ചുപോവുകയാണ്‌ അവരുടെ ധീരകഥ. ഏറെ പറയാന്‍ കഴിമ്പില്ലെന്ന മട്ടില്‍. അസ്വാതന്ത്ര്യത്തിന്റെ ഹിംസയ്‌ക്കെതിരായുള്ള അഹിംസയുടെ ശബ്ദത്തോട്‌ കാണിക്കുന്ന ഉപേക്ഷ ഒരോര്‍മ്മത്തെറ്റായി ചലചിത്രത്തിന്റെ പുറംപോക്കില്‍ തെളിയുന്നുണ്ട്‌. സ്വതന്ത്ര്യത്തിന്റെ പാത ശരിയായിരിക്കാം, പക്ഷെ, ഒരു മായപോലെ യഥാര്‍ഥമായി മാത്രം. എന്നാല്‍ പരമമായത്‌ സ്വധര്‍മ്മമാണ്‌ (?!) എന്നു പറയുന്നവന്റെ അര്‍ദ്ധാംഗീകാരം മാത്രമാണ്‌ ഈ രംഗങ്ങള്‍ക്ക്‌ നല്‍കപ്പെട്ടിട്ടുള്ളത്‌. മനുഷ്യരുടെ ഭ്രാന്തിനെക്കുറിച്ച്‌ പറയുമ്പോള്‍ ഉണ്ണിയുടെ മുഖത്ത്‌ ഈ ഉപേക്ഷ കൂടുതല്‍ പ്രകടമാണ്‌. "അനിയന്‌ പണത്തോടാണ്‌ ഭ്രാന്ത്‌, മറ്റു ചിലര്‍ക്ക്‌ സ്വാതന്ത്ര്യത്തോടാണ്‌ ;എന്റെ ഭ്രാന്ത്‌ ഭക്തിയിലും." ഇതില്‍ ആദ്യത്തേത്‌ പരിഹാസത്തോടെയും രണ്ടാമത്തേത്‌ നേരിയ കുറ്റാരോപണ ഭാവത്തോടെയുമാണ്‌ പ്രകടിപ്പിക്കുന്നത്‌. അവസാനത്തേത്‌ ഉള്ളില്‍ അനാഥത്വത്തിന്റെ അമര്‍ഷവും പുറത്ത്‌ നിര്‍വൃതിയും പൂണ്ടതാണ്‌.

കഥാപാത്രപ്രതിഷ്‌ഠ

എന്തൊരു ഭംഗിയോടെയാണ്‌ ഉണ്ണിയുടെ നിത്യകര്‍മ്മധര്‍മ്മാദികള്‍ ചിത്രീകരിക്കപ്പെടുന്നത്‌! കുളിക്കുമ്പോഴും ഈറനുടുത്ത്‌ പൂജിക്കുമ്പോഴും എഴുത്തോലകള്‍ ഗാഢമായി വായിക്കുമ്പോഴും - ഉണ്ണിയുടെ ഓരോ നിമിഷത്തിലും സത്യവും ധര്‍മ്മവും കൂടെ നടക്കുന്നതുപോലെ. ഇതിനെല്ലാം സാക്ഷിയായി തങ്കത്തിന്റെ ആരാധന നിറഞ്ഞുകവിയുന്ന കണ്ണുകളും.

എന്നാല്‍ നോവലില്‍ തേതിയേടത്തിയെ സംബന്ധിക്കുന്ന പല കാര്യത്തിലും തങ്കത്തിന്‌ ഉണ്ണിയേട്ടനോട്‌ വിമര്‍ശനമുണ്ട്‌. സിനിമയില്‍ അതിന്റെ അഭാവമാണുള്ളത്‌. നോവലിലുള്ള തങ്കത്തിന്റെ ആത്മഗതം സിനിമയില്‍ സെന്‍സര്‍ ചെയ്‌തിരിക്കുന്നു. ഉണ്ണിയോട്‌ വിമര്‍ശനമരുതല്ലോ! എന്നാല്‍ നോവലില്‍ തങ്കത്തിന്‌ കോപമാണുണ്ടാകുന്നത്‌. തങ്കത്തിന്റെ പ്രതിഷേധഭാവത്തെ ആരാധനയാക്കി മാറ്റുന്നതിലൂടെ ഉണ്ണിയേയും ആ കഥാപത്രം ഉദ്‌ഘോഷിക്കുന്ന പ്രത്യയശാസ്‌ത്രത്തേയും ചലചിത്രത്തിന്റെ കേന്ദ്രത്തില്‍ വിമര്‍ശനത്തിന്‌ ഇടംകൊടുക്കാത്തവിധം പ്രതിഷ്‌ഠിക്കുക എന്ന ഉദ്ദേശമാണ്‌ നിറവേറ്റപ്പെടുന്നത്‌.

നിഷ്‌കളങ്കത

നമ്പൂതിരമാരുടെ നിഷ്‌കളങ്കതയെക്കുറിച്ച്‌ ഈ സിനിമയിലുടനീളം ഉണ്ണിയിലൂടെയും മറ്റുള്ളവരിലൂടേയുമായി പറയപ്പെടുന്നുണ്ട്‌. അവര്‍ എന്തെങ്കിലും വിമര്‍ശനാര്‍ഹമായി ചെയ്‌തിട്ടുണ്ടെങ്കില്‍ത്തന്നെ അത്‌ സമുദായനന്മയ്‌ക്കായ.ി മാത്രമാണെന്ന മട്ടില്‍. സമുദായം തകര്‍ന്നപ്പോള്‍ എല്ലാ ദാനവും ധര്‍മ്മവും നിലച്ചു എന്നും. ലളിതാംബിക അന്തര്‍ജനത്തിന്റെ നോവലും അനുബന്ധക്കുറിപ്പും അന്തര്‍ജനങ്ങളുടെ ദാരുണാവസ്ഥയെക്കുറിച്ച തുറന്ന ആഭിമുഖ്യം പുലര്‍ത്തുന്നുണ്ട്‌. എന്നാല്‍ സമുദായത്തിന്‌ നിഷ്‌കളങ്കമായ പരിവേഷം നല്‍കുന്ന തിരക്കില്‍ ഈ മുനകള്‍ സിനിമയുടെ ഓരത്തേയ്‌ക്ക്‌ തള്ളപ്പെടുകയാണ്‌.

ഉണ്ണി എന്ന കഥാപാത്രത്തെ ആര്‍ക്കും സ്വീകാര്യനാക്കുക, വാനോളം ഉയര്‍ത്തുക ഇതിന്‌ വേണ്ടി നോവലിലുള്ളത്‌ പലതും മാറ്റേണ്ടത്‌ അനിവാര്യമായിത്തീരുന്നു. അപ്പന്‍ മരിച്ച്‌ അന്ത്യകര്‍മ്മങ്ങള്‍ തുടങ്ങാന്‍ തങ്കവും നേത്യാരമ്മയും (തങ്കത്തിന്റെ അമ്മ) പടികടക്കണം. വീണ്ടും അച്ഛനെ കാണാന്‍ വാശിപിടിക്കുന്ന തങ്കത്തിനോട്‌ ഉണ്ണിയേട്ടന്‍ പറയുന്നുണ്ട്‌ - അടുത്ത ജന്മവും ഇതേ അപ്പന്റെ മകളായി പിറക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍. ആ കാലം അച്ഛനും മകള്‍ക്കും പരസ്‌പരം തൊടാന്‍പറ്റുന്ന കാലമാകട്ടെ എന്നും മറ്റും. എന്നാല്‍ നോവലില്‍ അത്‌ ഇപ്രകാരമാണ്‌: "അച്ഛാ! അടുത്ത ജന്മവും അവിടുത്തെ മകളായി ജനിക്കാന്‍ അനുഗ്രഹിക്കേണമേ, അന്നു ഭൂമിയില്‍ ഒരു ജാതിയേ ഉണ്ടാവൂ. അച്ഛനും മകള്‍ക്കും പരസ്‌പരം തൊടാന്‍ കഴിയണം. നശിച്ച ആചാരങ്ങളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ ദുഃഖിപ്പിക്കാനിടവരരുത്‌." ഇത്‌ തങ്കത്തിന്റെ ആത്മഗതമാണ്‌. പക്ഷെ, സിനിമയില്‍ ഇത്‌ ഉണ്ണിയേട്ടന്റെ ഗംഭീരമായ വാക്കുകളായി മാറുന്നു. എല്ലാ ശക്തിയും ഉണ്ണിയിലേയക്ക്‌ പകരുക, ബഹുസ്വരങ്ങളെ അടക്കി ഏകസ്വരത്തെ വാഴിക്കുക - ഇതാണ്‌ ഈ ചലചിത്രത്തില്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്‌.

സ്വാതന്ത്ര്യവാഞ്ചകള്‍ക്കപ്പുറം ഏകവും സമ്പൂര്‍ണ്ണവുമായ ഒരു സത്യമുണ്ടെന്നും മാറ്റം, മാറ്റമില്ലായ്‌മ, സ്വാതന്ത്ര്യം, അസ്വാതന്ത്ര്യം, ഇവ നിഴലുകള്‍മാത്രമാണെന്നും പരമമായ സത്യം ഇഹലോകത്തോട്‌ പരാങ്‌മുഖത്വം ശീലിക്കുന്നതിലൂടെയാണ്‌ സ്വായത്തമാകുക എന്നും അന്വേഷണത്തിന്റെ ആരംഭവും അന്ത്യവും വേദങ്ങളിലും അവയില്‍നിന്ന്‌ ഉത്ഭവിച്ച സംസ്‌കൃത കൃതികളിലുമായി സ്വയം സമ്പൂര്‍ണ്ണമായിക്കഴിഞ്ഞുവെന്നും നമ്മുടെ ധര്‍മ്മം ഇനി അവയിലേയ്‌ക്ക്‌ തിരിഞ്ഞുപോകുക മാത്രമാണെന്നും ഉദ്‌ഘോഷിക്കുമ്പോള്‍, അപ്രകാരം ഒരു അടിസ്ഥാന ദര്‍ശനം മനുഷ്യന്റെ അസ്‌തിത്വപരമായ സമസ്യകള്‍ക്ക്‌ തീരുമാനമായി ഉണ്ടെന്ന്‌ തോന്നുന്ന, ചുറ്റും അടഞ്ഞ ഒരു മനോരാജ്യത്തിലേക്കായിരിക്കും ഫലത്തില്‍ എത്തിച്ചേരേണ്ടിവരുക. പ്രസ്‌തുത വാദഗതി കൂടുതല്‍ പിന്‍തുടരുകയാണെങ്കില്‍ ഇഹലോകത്തില്‍ തന്നെ ഗുരുതരമായ പരിണതികളായിരിക്കും സംഭവിക്കുക. ബഹുസ്വരങ്ങള്‍ക്ക്‌ ജീവന്‍വെച്ചുവരുന്ന ഈ കാലത്ത്‌ ഏകസ്വരവാദത്തിന്റെ ആഘോഷം എന്തിനായിരിക്കും!?

(മാതൃഭൂമി വാരാന്തപ്പതിപ്പ്‌. 1999 ഒക്ടോബര്‍ 3 ഞായറാഴ്‌ച.
)

Comments

സാര്‍,

കുറച്ച് വാരിയേഷന്‍ സത്യമായും വേണം.
പക്ഷേ സോഴ്സുനോട് (മൂലകൃതിയോട്) നീതി പുലര്‍ത്തുകയും വേണം.

നല്ല ലേഖനം
:-)
ഉപാസന

ഓഫ് : കൂടുതല്‍ പരിചയപ്പെടാന്‍ ആഗ്രമുണ്ട്. sunilmv@gmail.com
Mukundanunni said…
അഗ്നിസാക്ഷിയെ കുറച്ചെഴുതിയ ലേഖനത്തിന്‌ താങ്കളുടെ കമന്റ്‌ കണ്ടു.

വേരിയേഷന്‍ പാടില്ല എന്ന്‌ പറഞ്ഞിട്ടില്ല. വേരിയേറ്റ്‌ ചെയ്‌തപ്പോള്‍ സിനിമയില്‍ കടന്നുകൂടിയ താല്‍പര്യങ്ങളുടെ വിശകലനമാണ്‌ ലേഖനം. അഭിപ്രായത്തിന്‌ നന്ദി.

പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്‌.

മുകുന്ദനുണ്ണി

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ