Skip to main content

മരണത്തിലെ രമണം

മരണം എന്താണെന്ന് പണ്ടുമുതലേ ആര്‍ക്കും പിടികിട്ടിയിരുന്നില്ല. മരിച്ചവരെ അടക്കം ചെയ്യുമ്പോള്‍ അത്യാവശ്യം വേണ്ട സാധനങ്ങള്‍ ഒപ്പം വെയ്ക്കും. ശരീരം കേടുകൂടാതിരിക്കാനുള്ള സൂത്രങ്ങള്‍ ചെയ്യും. ഉയര്‍ത്തെഴുന്നേല്‍ക്കുമോ? ആത്മാവായലയുമോ? നിശ്ചയമില്ല. കാത്തിരിക്കാം. കാത്തിരിപ്പിന്റെ ചരിത്രം പുരാതന കാലംതൊട്ടുണ്ട്. മരണമെന്ന വിഷയം സ്വയം വാതിലടച്ചു കുറ്റിയിട്ടതുകൊണ്ട് അറിവും അറിയാനുള്ള രീതികളും അകത്തുകയറാനാവാതെ പുറത്തുനില്‍പ്പാണ്. ജനിമൃതികളെക്കുറിച്ചുള്ള അത്ഭുതം തീരാന്‍ ഇപ്പോഴുള്ള വിശദീകരണങ്ങളൊന്നും ആര്‍ക്കും പോര! മരിച്ചവരൊക്കെ എവിടെയോ ഉണ്ട്. യുക്തിയുടെ ചുറ്റുമതിലുകള്‍ പൊളിച്ചുകൊണ്ട് നാം ബലിയര്‍പ്പിക്കുന്നു. മരണത്തെ രമണം അരണ്ട വെളിച്ചത്തില്‍ ഒരു പ്രഹേളികയായി നിര്‍ത്തുന്നതുപോലെ.

ചരാചരങ്ങള്‍ വരും, പോകും. പരിണാമം തുടരും. കൂറ മരിച്ചാലും മുയല്‍ മരിച്ചാലും മനുഷ്യന്‍ മരിച്ചാലും പ്രകൃതിയ്ക്ക് അത് സ്വാഭാവികമായ സംഭവം മാത്രം. വ്യാകുലപ്പെടാനും സങ്കടപ്പെടാനുമുള്ള അവസരം ചരാചരദൃഷ്ടിയിലില്ല. കാര്യങ്ങള്‍ അത്രയേയുള്ളൂ. മനുഷ്യന്റെ അകക്കണ്ണാടിയില്‍ നോക്കുന്നതുവരെ. മരണം യഥാര്‍ത്ഥത്തില്‍ ആന്തരികമാണ്. അവസാനത്തിന് തൊട്ടു മുന്‍പ് ആന്തരികത അസാധ്യമാകുകയും ചെയ്യും. വിരോധാഭാസമായി തോന്നാം. ഇപ്പോള്‍ മരിക്കും എന്ന് തോന്നുമ്പോഴും ജീവിച്ചിരിക്കുകയാണ്. ആസന്നമൃത്യു ആന്തരികതയില്‍ വിറകൊള്ളുകയാണ്. അടുത്ത നിമിഷം ആന്തരികത അസാധ്യമാവുന്നു.

മുറിയില്‍ ഒരു കപ്പ് ചുടുചായ വെയ്ക്കുന്നു. അതിന്റെ ഊഷ്മാവ് 90 ഡിഗ്രിയ്ക്ക് മുകളില്‍. മുറിയിലെ ചൂട് 30 ഡിഗ്രി. കുറച്ചു നേരം കഴിയുന്നു. ചായയുടെ ഊഷ്മാവ് 30 ലേയ്ക്ക് കുറയുന്നു. ചൂടാറി. ചായ മരിച്ചു. ചായയ്ക്ക് അതിനുണ്ടായിരുന്ന ചൂട് നിലനിര്‍ത്താനായില്ല. ഇനി ഒരു കപ്പ്, ഏതാണ്ട് പത്ത് ഡിഗ്രി ഊഷ്മാവുള്ള, ശീതീകരിച്ച കാപ്പി അതേ മുറിയില്‍ വെയ്ക്കുന്നു. കുറച്ചു സമയം കഴിയുന്നു. ശീതീകരിച്ച കാപ്പിയുടെ ഊഷ്മാവ് മുപ്പതായി ഉയര്‍ന്നു. ശൈത്യം ആറി. കാപ്പി മരിച്ചു. തെര്‍മോഡൈനാമിക്‌സിന്റെ രണ്ടാം നിയമം. ഹോമിയോസ്‌റ്റെയ്‌സിസ് എന്ന പ്രതിഭാസം എന്‍ട്രൊപ്പിക്ക് കീഴ്‌പെട്ടു. ഊര്‍ജ്ജം സ്വീകരിച്ചും ഉപയോഗിച്ചും സ്വന്തമായി പിടിച്ചുനില്‍ക്കാനുള്ള കഴിവ് തീര്‍ന്നു. പ്രകൃതിയില്‍ എല്ലാം ഇങ്ങിനെയാണ്. പ്രകൃതിയുടെ ഭാഗമായ, പ്രത്യേകിച്ച് വ്യത്യാസമൊന്നും അവകാശപ്പെടാനില്ലാത്ത മനുഷ്യനും ഇങ്ങനെ ചൂടാറും, മരിക്കും. ചൂട് നിലനിര്‍ത്താനാവുന്നിടത്തോളം ജീവിക്കും. ചൂടാറുമ്പോള്‍ പ്രകൃതിയുടെ വഴിക്ക് പോകും. ഈ പറഞ്ഞതെല്ലാം ശരിയാണ്. പക്ഷെ, മുഴുവനായില്ല.

മനുഷ്യന്‍ ജന്തുവായി മാത്രമല്ല മരിക്കുന്നത്. മനുഷ്യന് കുറച്ചുകൂടി മരിച്ചു തീര്‍ക്കാനുണ്ട്: സാമൂഹികവും സാംസ്‌കാരികവുമായ മരണം, അതിഭൗതികമായ മരണം, ആത്മകഥയുടെ മരണം... മറ്റൊരു ആധുനിക മരണംകൂടിയുണ്ട്. മസ്തിഷ്‌ക മരണം. ബോധമില്ലാതെ വെറും ജീവിയായി ജീവിക്കല്‍. സാമൂഹിക ബന്ധം, യുക്തിചിന്ത, വൈകാരികത - ഇവയൊന്നും മസ്തിഷ്‌കമില്ലെങ്കില്‍ നടക്കില്ല. ഒരാള്‍ മരിക്കുമ്പോള്‍ എന്താണ് നഷ്ടമാവുന്നത്? ഭാഗികമായ മസ്തിഷ്‌ക മരണത്തില്‍ (മസ്തിഷ്‌കത്തണ്ട് നശിച്ചില്ലെങ്കില്‍) ഹൃദയം മിടിക്കുന്ന, ഭക്ഷണം ദഹിക്കുന്ന, രോഗം ബാധിക്കുന്ന, രോഗത്തെ ചെറുക്കുന്ന, ജന്തുവായി ജീവിച്ചിരിക്കാം. ഓര്‍മ്മയിലൂടെ തന്മയീഭവിക്കുന്ന വ്യക്തി മസ്തിഷ്‌കത്തിന്റെ അഭാവത്തില്‍ ഇല്ല. മരിച്ചിരിക്കുകയാണോ ജീവിച്ചിരിക്കുകയാണോ എന്നത് മനുഷ്യന്റെ സത്ത എന്താണെന്നതിനനുസരിച്ചിരിക്കും.

എപ്പോഴാണ് മരിച്ചു എന്ന് പറയാനാവുക? ലളിതമായി തോന്നാം. ഒന്നുകില്‍ മരിച്ചു, അല്ലെങ്കില്‍ ജീവിക്കുന്നു. താര്‍ക്കികാഭാസമാണ്. ഒന്നുകില്‍ മഞ്ഞ അല്ലെങ്കില്‍ ചുവപ്പ് എന്ന് പറയുമ്പോള്‍ വിഡ്ഢിത്തമാവും. നീലയുണ്ട്, വയലറ്റുണ്ട്.... ക്രിപ്‌റ്റോബയോസിസ് (Cryptobiosis) എന്ന അവസ്ഥയുണ്ട്. ജീവനുണ്ടോ എന്ന് പരിശോധിച്ചാല്‍ ഒരു ലക്ഷണവും കാണില്ല. ജലക്കരടി (Tardigrade) എന്ന പ്രാണി മരിക്കാതെ മരിച്ചതിന് തുല്യമായ അവസ്ഥയില്‍ കിടക്കും. ജലാംശം കളഞ്ഞ് വരണ്ട് കിടക്കും. ഊര്‍ജ്ജം സ്വീകരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാതെ. മുപ്പതുവര്‍ഷത്തിനിടയില്‍ ഒരു തുള്ളി വെള്ളം തളിച്ചാല്‍ ലക്ഷണമൊത്ത ജീവിതത്തിലേയ്ക്ക് മടങ്ങിവരും. മനുഷ്യന്റെ അണ്ഡകോശത്തെ ലാബില്‍ ഇങ്ങനെ സൂക്ഷിച്ച് പിന്നീട് നടാം. ക്രിപ്‌റ്റോബയോസിസ് എന്നത് ജീവിക്കുന്ന അവസ്ഥയോ മരിച്ച അവസ്ഥയോ അല്ല. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള വെറും ജീവിച്ചിരിപ്പാണ്. അതായത്, ജീവാവസ്ഥയ്ക്കും മൃതാവസ്ഥയ്ക്കുമിടയില്‍ ജീവനില്ലാത്ത ജീവിച്ചിരിപ്പുണ്ട്. ജലക്കരടി തെളിയിക്കുന്നു.

മനുഷ്യശരീരത്തില്‍ രക്തചംക്രമണം, നെഞ്ചിടിപ്പ്, മസ്തിഷ്‌ക പ്രവര്‍ത്തനം എന്നിവ നിര്‍ണ്ണായകമായി കരുതാറുണ്ട്. ആകെയുള്ള ഏകോപനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് എക്‌സ്ട്രാസെല്ലുലര്‍ ഫ്‌ളൂയിഡിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള കഴിവാണ് എന്ന വാദമുണ്ട്. ആ ദ്രാവകത്തിന്റെ രാസഘടകങ്ങളും ജീവനുണ്ടാവാന്‍ സാഹചര്യമൊരുക്കിയ ആവാസവ്യവസ്ഥയിലെ രാസഘടകങ്ങളും സമാനമത്രെ. സമുദ്രത്തില്‍നിന്ന് കരയിലേയ്ക്ക് ജീവന്‍ കയറിവന്നപ്പോള്‍ ആവാസവ്യവസ്ഥയേയും കൂടെകൂട്ടി. അതത്രെ എക്‌സ്ട്രാസെല്ലുലര്‍ ഫ്‌ളൂയിഡ്. ജീവന്‍ എന്നത് മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനമായി കാണുമ്പോഴാണ് മസ്തിഷ്‌ക മരണം സംഭവിച്ച ആള്‍ മരിച്ചതായി പ്രഖ്യാപിക്കാനാവുക. വെന്റിലേറ്റര്‍ ചെയ്യുന്നത് കാറ്റൂതുക മാത്രമാണ്. ശരീരം പ്രവര്‍ത്തിപ്പിക്കുന്നത് ജീവനുള്ള കോശങ്ങളാണ്. പൂര്‍ണ്ണമായും കൃത്രിമ ജീവനല്ല. യന്ത്രസഹായത്തോടെ ശരീരം ജീവിക്കുകയാണ്. മസ്തിഷ്‌കത്തണ്ടിന് കേട് ബാധിച്ചിട്ടില്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. ഹൈബ്രെയ്ന്‍ കേടുവന്നാല്‍ ബുദ്ധി, ഇന്ദ്രിയദ്വാരാ ഉള്ള സംവേദനം, ഓര്‍മ്മ, അങ്ങനെ പലതും നഷ്ടപ്പെടും. ഈ വശമാണ് മനുഷ്യനെങ്കില്‍ മനുഷ്യന്‍ മരിച്ചു. മറവിരോഗത്തിന്റെ ഘട്ടത്തിലും മസ്തിഷ്‌ക മരണം സംഭവിച്ചതുപോലെ പെരുമാറാം. മരിക്കാതെ. ക്രിപ്‌റ്റോബയോസിസില്‍ ജീവിച്ചിരിപ്പില്ലെങ്കിലും ജീവിക്കാനുള്ള കഴിവുണ്ട്. മസ്തിഷ്‌കമരണത്തില്‍ തിരിച്ചുവരവില്ല. ജീവിതം നിലച്ചു എന്ന് മരണത്തെക്കുറിച്ച് പറയാറുണ്ട്. ക്രിപ്‌റ്റോബയോസിസില്‍ ജീവിതം നിലയ്ക്കുന്നുണ്ട്, മരിക്കുന്നില്ല. മസ്തിഷ്‌ക മരണം സംഭവിച്ചിട്ടും കുറേ വര്‍ഷങ്ങള്‍ ജീവിച്ചവരുണ്ട്. മറ്റുളളവരെ സംബന്ധിച്ചിടത്തോളം മരിച്ചിട്ടില്ല. മിടിപ്പുണ്ട്. രക്തചംക്രമണം ഉണ്ട്. ബോധമില്ല. ശരീരത്തില്‍ ആരുമില്ല. ആരുമില്ലെങ്കില്‍ ആരാണ് മരിക്കാതിരിക്കുന്നത്? മരിക്കാത്ത മസ്തിഷ്‌കമുള്ള തല മാറ്റിവെച്ചാല്‍ ഏതോ ഒരു വ്യക്തി ജീവിക്കും. ഞാന്‍തന്നെയാവണം നീയും എന്ന് ശഠിക്കരുതെന്ന് മാത്രം.

ജീവശാസ്ത്രം പറയുന്ന മരണം നമ്മുടേതാണോ? ധാര്‍മ്മികതയും സാമൂഹികതയും പുരണ്ട നമ്മുടെ മരണം മറ്റൊന്നല്ലേ? നമുക്ക് ഭരണഘടനയുണ്ട്, അവകാശങ്ങള്‍ ഉണ്ട്. ജീവശാസ്ത്രത്തിന്റെ ജന്തുശരീരത്തിന് അതൊന്നും ഇല്ല. തലയില്ലാതെ ജീവിക്കുന്നതിനേയും യന്ത്രക്കാറ്റൂതി നിലനിര്‍ത്തുന്ന ജീവനേയും ജീവശാസ്ത്രം ചോദ്യം ചെയ്യില്ല. ഇന്നത്തെ മനുഷ്യര്‍ അതിനോട് പൊരുത്തപ്പെടാനിടയില്ല. തലയില്ലാത്ത ജീവിതത്തെ അംഗീകരിക്കില്ല. ഭാവിയിലെ ആയിരം കൊല്ലം ജീവിക്കുന്ന മനുഷ്യോത്തര മനുഷ്യര്‍ക്ക് ഇതെല്ലാം സ്വാഭാവികമാകാം.

സാധാരണ ഗതിയില്‍ മരിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. മനുഷ്യന്‍ ഈശ്വരനെ സങ്കല്‍പ്പിച്ചുണ്ടാക്കിയപ്പോള്‍ തനിക്കില്ലാത്ത, ഉണ്ടാകാന്‍ ഏറ്റവും കൊതിക്കുന്ന, ഗുണം ആരോപിച്ചു: അമര്‍ത്ത്യത. സാമൂഹിക മനുഷ്യരുടെ സാധാരണ പെരുമാറ്റങ്ങളില്‍പോലും കാണാം അമര്‍ത്ത്യതയ്ക്ക് വേണ്ടിയുള്ള ആഗ്രഹം. പണസഞ്ചിയ്ക്കു വേണ്ടി മനുഷ്യന്‍ ജീവിതം ബലികഴിക്കും. പക്ഷെ പൊങ്ങച്ചത്തിന് വേണ്ടി പണസഞ്ചിയെ ബലികഴിക്കും. പൊങ്ങച്ചം അമര്‍ത്ത്യതയ്ക്കുവേണ്ടിയുളള ഒരു കുഞ്ഞുകുതിപ്പാണ്.

സര്‍ഗ്ഗാത്മകത അമര്‍ത്ത്യതയിലേയ്ക്കുള്ള വാതിലാണെന്ന് പറയാറുണ്ട്. കാലാതീതമായി നിലനില്‍ക്കുന്ന സര്‍ഗ്ഗസൃഷ്ടികളുള്ളതുകൊണ്ടാവാം. കുമാരനാശാന്‍ മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ കവി കുഞ്ഞിരാമന്‍ എഴുതി: 'വെറും നുണ.' 'കവിയ്ക്ക് മരണമോ?' 'ആശാന്‍ മിരിച്ചു. കവി ജീവിച്ചു. ചിപ്പി തകര്‍ന്നു. മുത്തു നിലനിന്നു. ചില്ല അടര്‍ന്നു. പക്ഷി, പറന്നു. കവി മുങ്ങി. കവിത പൊങ്ങി.' ''വീണപൂവ്' മലയാള മലര്‍വാടിയില്‍ ഇന്നും വിടര്‍ന്നാടുന്നു. തല്‍പരദേഹം മുങ്ങി, അനശ്വരനായ കവി, അക്ഷരാത്മാവ് ധ്രുവദീപ്തിയില്‍ പൊങ്ങി' (പി. കുഞ്ഞിരാമന്‍, കവിയുടെ കാല്‍പാടുകള്‍, ഡി.സി.ബുക്‌സ്, 1997, പേജ്-158). ആളില്ലാതെ പേര് മാത്രം നിലനിന്നതുകൊണ്ട് എന്ത് കാര്യം?! ഉത്തരം വുഡി അലന്റെ തമാശയിലുണ്ട്: 'എനിക്ക് എന്റെ നാട്ടുകാരുടെ ഹൃദയത്തില്‍ ജീവിച്ചിരിക്കേണ്ട; എനിക്ക് എന്റെ വീട്ടില്‍ ജീവിച്ചിരിക്കണം.'

മരണത്തില്‍നിന്നും വാര്‍ദ്ധക്യത്തില്‍നിന്നും രക്ഷപ്പെടാന്‍ പണ്ട് മാന്ത്രിക മരുന്നുണ്ടായിരുന്നു. ആര്‍ക്കും കിട്ടിയിട്ടില്ല. ഇക്കാലത്ത് ജീന്‍ തെറാപ്പിയുണ്ട്, നാനോ ടെക്‌നോളജിയുണ്ട്. ആധുനിക ശാസ്ത്രവും വൈദ്യവും നമ്മുടെ ആയുസ്സ് കുറേ കൂട്ടിയിട്ടുണ്ട്. എന്നോ മരിച്ചുപോകേണ്ടവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. ആയിരത്തി തൊള്ളായിരിത്തിലുണ്ടായിരുന്ന ശരാശരി ആയുസ്സ് ഇന്ന് ഇരട്ടിയിലധികമായി. പരിസ്ഥിതിയ്ക്ക് ഒന്നും സംഭവിച്ചില്ലെങ്കില്‍ ആയുസ്സ് കൂടാനെ വഴിയുള്ളു. വാര്‍ദ്ധക്യത്തെ തള്ളിക്കൊണ്ടുവരുന്ന തന്മാത്രകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ വഴി മുടക്കിയാല്‍ മതി. അമര്‍ത്ത്യത ശാസ്ത്രസാങ്കേതികമായി വീട്ടിലെത്തും. വെറുതെ ഒന്ന് മരിക്കണമെങ്കില്‍ സ്വച്ഛന്ദമൃത്യു വരിക്കേണ്ടിവരും.

എപ്പിക്യൂറസ് (Epicurus) മെനീസിയസിന് (Menoeceus) എഴുതി: മരണം നമുക്ക് ഒന്നുമല്ലെന്ന വിശ്വാസത്തോടു പൊരുത്തപ്പെടു. ഇന്ദ്രിയാനുഭൂതിയിലാണ് എല്ലാ നല്ലതും ചീത്തയും ഉള്ളത്. മരണം ഇന്ദ്രിയാനുഭവത്തിന്റെ ഇല്ലായ്മയാണ്. മോശപ്പെട്ട കാര്യങ്ങളില്‍ ഏറ്റവും ഭയാനകമായ മരണം യഥാര്‍ത്ഥത്തില്‍ നമുക്ക് ഒന്നുമല്ല. കാരണം നാം ഉള്ളിടത്തോളംകാലം മരണം നമ്മോടൊപ്പമില്ല. മരണം വരുമ്പോള്‍ നാം നിലനില്‍ക്കുന്നുമില്ല. നമുക്ക് മോശപ്പെട്ട കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ ഏതെങ്കിലും സമയത്ത് അത് നമുക്ക് മോശമാണ്. മരണം മോശമായി അനുഭവപ്പെടുന്ന ഒരു സമയവുമില്ല. മരണമെത്തുമ്പോള്‍ നാമില്ല. കഷ്ടപ്പാട് നമ്മുടെ സുസ്ഥിതിയെ ബാധിക്കും. മരണം മരിക്കുന്ന ആളെ ബാധിക്കുന്നില്ല. ബാധിക്കപ്പെടാന്‍ അയാള്‍ ഇല്ല. പക്ഷെ മരണം വരുമെന്ന, നാം ഇല്ലാതാകുമെന്ന തിരിച്ചറിവ് മരണത്തിന് മുന്‍പുള്ള സുസ്ഥിതിയെ ബാധിക്കില്ലേ? മരണമെത്തിയാലും ഇല്ലെങ്കിലും അതു നമ്മോടൊപ്പമുണ്ടാകും. ചിന്തയേയും പ്രവര്‍ത്തിയേയും രൂപപ്പെടുത്തിക്കൊണ്ട്. ഒരാള്‍ മരിച്ചാല്‍ അയാള്‍ക്ക് നഷ്ടമാണ്. മരിച്ചില്ലായിരുന്നെങ്കില്‍ ജീവിക്കുമായിരുന്ന ജീവിതത്തിന്റെ നഷ്ടം. നഷ്ടമനുഭവിക്കാന്‍ അയാള്‍ ഉണ്ടാവില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ കണക്ക് കൂട്ടും.

കുറേ സംഭവങ്ങളിലൂടെ ചുരുളുകയും ചുരുളഴിയുകയും ചെയ്യുന്ന നോവല്‍പോലെയാണ് നമ്മുടെ ജീവിതം. നോവല്‍ അവസാനിക്കുമ്പോള്‍ പറഞ്ഞുതീരും. മനുഷ്യനോവല്‍ പറഞ്ഞുതീരാതെ പെട്ടെന്ന് തുടരറ്റു നിലയ്ക്കും. അവസാന പേജിലെ ഏകാന്തതപോലും മുറിഞ്ഞുപോയ വാക്കുകളുടെ നിഴലായി തൂങ്ങിനില്‍ക്കും. മരിക്കാന്‍ മറ്റൊരാളെ ഏല്‍പിക്കാന്‍പോലുമാവാതെ. ലോകത്തില്‍ കറേ പേര്‍ മരിച്ചുകൊണ്ടിരിക്കുന്നുണ്ട്. മറ്റുള്ളവരുടെ മരണങ്ങള്‍. പുറത്തു കാണുന്ന മരണങ്ങള്‍. സ്വന്തം മരണത്തിന്റെ ആസന്നാവസ്ഥ അകത്തുനിന്നാണ് അറിഞ്ഞു തുടങ്ങുക. കഠിനമായിരിക്കും. ബന്ധുമിത്രാദികളില്‍നിന്ന് വേര്‍പെടും, ആഗ്രഹങ്ങളും പദ്ധതികളും അപൂര്‍ണ്ണമായി നിലയ്ക്കും, സംഗീതജ്ഞനല്ലാതാവും, ഒടുവില്‍ ഞാനുമല്ലാതാവും. ഒരിക്കല്‍ ഞാനായിരുന്ന ശരീരം ആരുമായല്ലാതെ മരണത്തില്‍ അചേതനമാവും. നമ്മള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയ ചക്രം - ഭൂതവര്‍ത്തമാനഭാവികള്‍ - ആരുടേതുമല്ലാതാകും. മുന്നോട്ട്, ഭാവിപദ്ധതികളില്‍, ജീവിക്കുന്നവരാണ് നാം. ഭാവിയ്ക്ക് ഭീഷണിയാണ് മരണം. ഗാഢമായ ജീവിതം നിറയെ വൈകാരിക നിക്ഷേപങ്ങളാണ്. ജീവിക്കല്‍ മുഖ്യമായും നിറയെ പദ്ധതികളില്‍ മുഴുകലാണ്. ഭാവിയിലേയ്ക്ക് നീണ്ടുകിടക്കുന്ന പദ്ധതികളെയൊക്കെ തകിടം മറിച്ച് മരണം വരുമെങ്കില്‍ ജീവിതമെത്ര നിരര്‍ത്ഥകം. മരണമില്ലെങ്കിലോ? ദശലക്ഷം വര്‍ഷങ്ങള്‍ ജീവിക്കുമ്പോള്‍ അതിന്റെ ഘടന എന്തായിരിക്കും?! കൊച്ചു ജീവിതത്തിന്റെ കെട്ടുംമട്ടുമായിരിക്കില്ല. പിടി കിട്ടാത്ത, അയഞ്ഞ ഘടനയാവാം. ജീവിതമെന്ന് വിളിക്കാനാവുമോ?! ജലക്കരടിയുടെ നിര്‍ജലസുഷുപ്തിപോലെയാകാം.

മനുഷ്യന്‍ ഒരേസമയം തന്മാത്രകളാണ് അതേസമയം ഭരിക്കപ്പെടുന്ന ജനക്കൂട്ടമാണ്, പ്രകൃതിയില്‍ കാണപ്പെടുന്ന ജന്തുജാലങ്ങളിലൊന്നുമാണ്. എന്താണ് മനുഷ്യന്‍ എന്ന ചോദ്യത്തിനുത്തരം കാലത്തിനൊത്ത് മാറും. ഇപ്പോഴുള്ള മനുഷ്യനെ നിര്‍മ്മിക്കുന്ന സങ്കല്‍പ്പങ്ങള്‍ അതുപോലെ നിലനിര്‍ത്തപ്പെട്ടെങ്കിലേ തുടര്‍ന്നും ഇതേ മനുഷ്യന്‍ ഉണ്ടാകു. മറ്റൊരു രീതിയില്‍ ജീവിച്ചു തുടങ്ങിയാല്‍ മറ്റൊരു ബിംബമായിരിക്കും. തന്മാത്രകള്‍ വ്യത്യാസപ്പെട്ടില്ലെങ്കിലും. മരണത്തെക്കുറിച്ചുള്ള സങ്കല്‍പ്പം സാംസ്‌കാരികമാണ്. മരണം സംസ്‌കാരാതീതം.

തന്മാത്രകള്‍ നിതാന്തമായ പരിണാമയാത്രയിലാണ്. നാം അവരുടെ സത്രം. ജന്തുവിനുള്ളത് രണ്ടു തരം കോശങ്ങളാണ്. ശരീര കോശങ്ങളും (somatic cells) ബീജകോശങ്ങളും (germline cells). ശരീരകോശങ്ങള്‍ എങ്ങും പോകുന്നില്ല. ബീജകോശങ്ങള്‍ ശരീരം വിട്ട് ശരീരം മാറും. പരിണാമകോണില്‍നിന്ന് നോക്കുമ്പോള്‍ ശരീരത്തിന്റെ ഏക ധര്‍മ്മം ബീജവിതരണമാണ്. മനുഷ്യന്റെ ഇന്നത്തെ താന്‍ബോധം പരിണാമനിയമങ്ങളെ ധിക്കരിക്കുന്നതാണ്. ജനനം മുതല്‍ മരണം വരെയുള്ള ജന്തുജീവിതത്തില്‍നിന്ന് മുഴുവനായും വേര്‍പെട്ട് മാറിയ ജീവിതമാണ് ജൈവവാര്‍ദ്ധക്യവിജ്ഞാനത്തിന്റെ മേഖല. സാമൂഹിക ജീവിതത്തില്‍ നാം ജന്തുജീവിതത്തിന്റെ അടിയൊഴുക്ക് അറിയുന്നില്ല. തന്മാത്രയുടെ കാര്യങ്ങള്‍ നമ്മുടെ ജീവതത്തിന്റെ പ്രശ്‌നമല്ല. നാം ആയുസ്സ് നീട്ടാന്‍ ശ്രമിക്കുകയാണ്. ബീജധര്‍മ്മം വിട്ടുള്ള ജീവിതമാണ് നമ്മുടെ വിഷയം. പ്രകൃതിനിയമത്തിന് വിരുദ്ധമൊന്നുമല്ലല്ലോ അമര്‍ത്ത്യത. ശരീരകോശങ്ങളെ അവയുടെ പ്രകൃതിധര്‍മ്മത്തില്‍നിന്ന് അമര്‍ത്ത്യതാധര്‍മ്മത്തിലേയ്ക്ക് തട്ടിക്കൊണ്ടുപോകലാണ് ആയുര്‍ദൈര്‍ഘ്യശ്രമങ്ങളുടെ ദിശ. തന്മാത്രകളെ നിലയ്ക്ക് നിര്‍ത്തിക്കൊണ്ടായാല്‍പോലും.

യഥാര്‍ത്ഥത്തില്‍ മരണത്തെ ഇത്രയും ഗൗരവമായെടുക്കേണ്ടതുണ്ടോ? ഞാനില്ലാതെ ലോകജീവിതം തുടരുന്നതുകൊണ്ടാണോ? ജനിക്കുന്നതിന് മുന്‍പ് ലോകം ഉണ്ടായിരുന്നിരിക്കണം. ഞാനുണ്ടായിരുന്നില്ല. വലിയ വിഷമം തോന്നിയിട്ടില്ല. മനുഷ്യന്‍ കേന്ദ്രമാവുന്ന ജീവലോകത്തിന്റെ ആത്മരതിയാണോ മരണത്തെ ഇത്ര വലിയ സംഭവമായി കാണാന്‍ പ്രേരിപ്പിക്കുന്നത്? സ്വന്തം വംശത്തെ നിലനിര്‍ത്താന്‍ പരിണാമം സ്ഥാപിച്ചതാണോ ഈ മൃത്യുഞ്ജയാഭിലാഷം! മനുഷ്യര്‍ അപ്രത്യക്ഷമായ ലോകത്തില്‍ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുന്നത് സ്വാഭാവികമായി തോന്നേണ്ടതല്ലേ?

ബിയോണ്ട് പ്ലഷര്‍ പ്രിന്‍സിപ്പ്ള്‍ എന്ന പുസ്തകത്തില്‍ ഫ്രോയ്ഡ് പറയുന്നത് വിചിത്രമായി തോന്നും. പദാര്‍ത്ഥത്തിന് ജീവനുണ്ടായ നിമിഷം, അതിന്റെ അങ്കലാപ്പില്‍, ആദ്യം ഉണ്ടായിരുന്നിരിക്കുക പാദാര്‍ത്ഥാവസ്ഥയിലേയ്ക്ക് തിരിച്ചുപോകാനുള്ള വാസനയാണ്. ഈ വാഞ്ച, മരണവാഞ്ച, ജീവനോടൊപ്പം ഉള്ളതാണ്. ഒരു പക്ഷെ മരിക്കുകയായിരിക്കാം മര്‍ത്ത്യന്റെ ആത്യന്തികമായ ലക്ഷ്യം. വളരെ സങ്കീര്‍ണ്ണമായി ലക്ഷ്യത്തിലെത്തുന്നു എന്നു മാത്രം. പക്ഷെ, മനുഷ്യന്‍ ജനിക്കുകയും ജീവിക്കുകയും അതേകാര്യം പ്രപഞ്ചത്തിലെ തീയറ്ററില്‍ മനുഷ്യന്‍തന്നെ ഇരുന്ന് കാണുകയും ചെയ്യുന്ന സിനിമയില്‍ മരണം നിസ്സാരമല്ല. .

(മുകുന്ദനുണ്ണി, മരണത്തിലെ രമണം, ഒന്നരാടന്‍ മാസിക വിശേഷാല്‍പ്പതിപ്പ് 2022 നവംബര്‍-ഡിസംബര്‍, പേജുകള്‍: 25-29)


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ