Skip to main content

ലോകാരോഗ്യത്തിനുള്ള ശുശ്രൂഷ

ശുശ്രൂഷിച്ച് ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കല്‍ എന്ന് പറയുമ്പോള്‍ ആ ചിന്തയില്‍ത്തന്നെ ചില നയങ്ങള്‍ വ്യക്തമാണ്.  ഒന്ന്, ലക്ഷ്യം ലോകത്തിന്റെ ആരോഗ്യമാണ്.  രണ്ട്, ആ ലക്ഷ്യത്തിലേയ്ക്കുള്ള വഴി ശുശ്രൂഷയുടേതാണ്.  ശുശ്രൂഷിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം ശ്രദ്ധയോടെ പരിചരിക്കല്‍ എന്നാണ്.  എന്താണ് ലോകത്തിന്റെ ആരോഗ്യം, എന്താണ് ശുശ്രൂഷിക്കല്‍ എന്നിവയാണ് അടുത്ത ചോദ്യങ്ങള്‍.   

മനുഷ്യാരോഗ്യവും ലോകാരോഗ്യവും പരസ്പരബന്ധിതവും പരസ്പരപൂരകവുമാണ്.  മനുഷ്യര്‍ക്ക് അനാരോഗ്യമില്ലാതിരിക്കാന്‍ ലോകത്തിന് ആരോഗ്യംവേണം.  ഏറ്റവും വലിയ ലോകം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്.  വായുവും കാറ്റും ചൂടും മരങ്ങളും പക്ഷികളും... എല്ലാം.  ഈ വലിയ ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കാനുള്ള യത്‌നമാണ് തുടങ്ങുന്നത്.  എന്നാല്‍ ഈ ബൃഹത് ലോകത്തിന്റെ ഭാഗമായ മനുഷ്യരെ ശുശ്രൂഷിക്കുമ്പോള്‍, ശുശ്രൂഷ ഫലവത്താവണമെങ്കില്‍, ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

മനുഷ്യരെക്കുറിച്ച് നിസ്സംശയകരമായി പറയാവുന്നത് അവര്‍ക്ക് സ്വന്തമായി ശരീരമുണ്ടെന്നുള്ളതാണ്.  ശരീരത്തിന് ഒരു പ്രത്യേകതയുണ്ട്.  അതിനെ ഒരു വസ്തുവായി കാണുന്നതില്‍ അതിന് സ്വയം ഒരു അങ്കലാപ്പുണ്ട്. കാരണം ശരീരം ഭൗതികമായ ഒരു വസ്തുവല്ല.  പകരം ഭൗതികമായ ഒരു വിഷയിയാണ്.  ഈ വ്യത്യാസം നിര്‍ണ്ണായകമാണ്.  

ഒരു വസ്തുവായിരിക്കുക എന്നുവെച്ചാല്‍ ഭൗതികമായ ഒന്ന് നമ്മുടെ മുന്നില്‍ പ്രായോഗിക താത്പര്യങ്ങള്‍ക്ക് പാത്രമായി വന്നുനില്‍ക്കുക എന്നതാണ്.  നാം അതിനെ എടുത്തുകൊണ്ടുപോകാം, ഉപയോഗിക്കാം, കളഞ്ഞേയ്ക്കാം.  അത് നമ്മെ സംബന്ധിച്ചിടത്തോളം സന്നിഹിതമാകുന്നത് അതിന് അസന്നിഹിതമാകാന്‍ കഴിയുന്നതുകൊണ്ടാണ്. 

നമ്മുടെ ശരീരം പക്ഷെ അങ്ങനെയല്ല.  അതിന് ഒരു വസ്തുവായി നമ്മുടെ മുന്നില്‍ വന്നുനില്‍ക്കാനാവില്ല.  അതിന് എന്റെ മുന്‍പില്‍ വസ്തുവായി വന്ന് നില്‍ക്കാന്‍ കഴിയാത്തത് അത് ഞാനായതുകൊണ്ടാണ്.  അതിനെക്കുറിച്ച് മാറിനിന്ന് അന്വേഷിക്കാനും പറ്റില്ല. കാരണം ഞാനാണല്ലോ അത്.  അതിനെ ഒരു വസ്തുവായി ഞാന്‍ കരുതുകയാണെങ്കില്‍ത്തന്നെ ആ വസ്തു എന്നെ വിട്ടുപോകാന്‍ കഴിയാത്ത ഒന്നാണ്.  അത് എപ്പോഴും എന്റെ കൂടെയുണ്ട്.  അതിനെ നേര്‍ക്കുനേര്‍ കാണുന്നില്ലെങ്കിലും അതിന്റെ അഭാവം എനിക്ക് ചിന്തിക്കാന്‍ കഴിയില്ല.  അതിന്റെ സാന്നിധ്യം ഒരിക്കലും അതിന്റെ അസാന്നിധ്യത്തിന്റെ സാധ്യത ഉദ്ദേശിക്കുന്നില്ല. 

നമ്മുടെ എല്ലാ അനുഭവങ്ങള്‍ക്കുമൊപ്പം ശരീരമുണ്ട്.  ചിന്തകളുടെ അതിര്‍ത്തിരേഖകളില്‍ ശീരരമുണ്ട്.  ഒരു വസ്തു അങ്ങിനെയല്ല.  വസ്തുവിന്റെ എല്ലാ വശവും കാണില്ല.  ആവശ്യത്തിനനുസരിച്ച് അതിനെ തിരിച്ചും മറിച്ചും നോക്കാം.  നമ്മുടെ ശരീരത്തെ നാം നേരിട്ട് കാണുന്നതുപോലുമില്ല. എന്റെ തലയില്‍ കണ്‍കുഴികളുടെ അതിര്‍ത്തിയും മൂക്കിന്റെ അറ്റവും എനിക്ക് കാണാം.  കണ്ണ് കാണണമെങ്കില്‍ കണ്ണാടി നോക്കണം.  അപ്പോള്‍ ഞാനെന്റെ കണ്ണിനെ അകമേ അറിയുന്നതുപോലെയല്ല.  കണ്ണാടിയില്‍ എന്റെ കണ്ണുകള്‍ ഞാന്‍ കാണുന്നത് ഒരു നിരീക്ഷകന്‍ കാണുന്നതുപോലെയാണ്.   

എല്ലാ അനുഭവത്തിനും നമുക്ക് ശരീരം ആവശ്യമാണ്.  കാരണം അനുഭവം ഉള്ളത് ശരീരത്തിനാണ്.  ഞാന്‍ ഒരു വസ്തുവിനെ നീക്കുമ്പോള്‍ എന്റെ ശരീരമാണ് അതിനെ നീക്കുന്നത്.  പക്ഷെ എന്റെ ശരീരം നീങ്ങുന്നത് നീങ്ങലിലൂടെയാണ്.   വസ്തുവിനെ കാണുമ്പോള്‍ നാം ശരീരവിഷയികളാവും.  ആ കാണല്‍ എവിടെനിന്നാണെന്ന് കാണാന്‍ കഴിയാതെ.  അതായത് ശരീരം വിഷയ-വിഷയിയാണ്.  .   

ശാസ്ത്രം വസ്തുനിഷ്ഠമായാണ് ചിന്തിക്കുക.  എന്തിനേയും വിഷയമായാണ് എടുക്കുക.  എന്തിനേയും അപരപദവി നല്‍കിയാണ് നോക്കുക.  വിഷയിത്തം, സ്വാതന്ത്ര്യം, ബോധം, സ്വബോധം, വ്യക്തിത്തം, ശാരീരികമായ വിഷയിത്തം എന്നീ മനുഷ്യവിശേഷങ്ങള്‍ ശാസ്ത്രത്തിന്റെ നിരീക്ഷണനോട്ടത്തില്‍ പതിയില്ല.  സയന്‍സിന്റെ അടിസ്ഥാനത്തില്‍ ചില പരിശോധിക്കാത്ത മുന്‍വിചാരങ്ങളുണ്ട്. ആ മുന്‍വിചാരങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കാനും കഴിയില്ല.  ശസ്ത്രജ്ഞന്റെ വേഷംകെട്ടുമ്പോള്‍ ശാസ്ത്രജ്ഞന്‍, ശാസ്ത്രത്തിന് ശാസ്ത്രജ്ഞനെ വിശദീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിയുന്നില്ല. 

മനുഷ്യരെക്കുറിച്ചുള്ള ഈ തിരിച്ചറിവ് ധാര്‍മ്മികമായി പരമപ്രധാനമാണ്.  ഒരു സര്‍ജന്‍ നമ്മെ ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അദ്ദേഹം നമ്മെ ഒരു വസ്തുവായി കരുതണമെന്ന് നമുക്ക് നിര്‍ബന്ധമായിരിക്കും.  കാരണം അപ്പോഴാണ് ശാസ്ത്രം വിജയിക്കുക.  അതിന്റെ കാരണം ശസ്ത്രക്രിയ വിജയിക്കേണ്ടത് വിഷയികളായ നമ്മുടെ ആവശ്യമാണെന്നതാണ്.  ആ അര്‍ത്ഥത്തില്‍ നഴ്‌സുമാരുടെ ശ്രദ്ധയും പരിചരണവും നമുക്ക് വേണ്ടത് ശാസ്ത്രീയമായാണ്.  കാരണം നമ്മെ ശാസ്ത്രത്തിന്റെ വിഷയമായി പരിചരിക്കുമ്പോഴാണ് ശാസ്ത്രം വിജയിക്കുക.  അങ്ങനെ വിജയിക്കുന്നത് വിഷയികളായ നമുക്ക് ആവശ്യമാണ്.  ശാസ്ത്രം ശാസ്ത്രീയമാകേണ്ടതുപോലും ശാസ്ത്രത്തിനുവേണ്ടിയല്ല.  നമ്മുടെ വിഷയീശരീരത്തിനുവേണ്ടിയാണ്.  വിഷയി, ബോധമുള്ളവര്‍, തിരഞ്ഞെടുക്കുന്നവര്‍, സംവേദനം നടത്തുന്നവര്‍ എന്നീ പദവികളിലുള്ള നമ്മുടെ അസ്തിത്വത്തെ ശാസ്ത്രത്തിന്റെ പുരോഗതിയ്ക്കുവേണ്ടി മറന്നാല്‍ ലോകത്തിന്റെ ആരോഗ്യം ക്ഷയിക്കും.  

അതുകൊണ്ട്, മേല്‍പ്പറഞ്ഞതുപോലെ, ശരീരത്തെ ഒരു വിഷയ-വിഷയിയായി തിരിച്ചറിഞ്ഞുകൊണ്ടുള്ള ശുശ്രൂഷയാണ് ലോകത്തെ ആരോഗ്യത്തിലേയ്ക്ക് നയിക്കുക.  ശരീരത്തെ ശ്രദ്ധാപൂര്‍വ്വം പരിചരിക്കുന്നതിലൂടെ.  ഇവിടെ ശ്രദ്ധ, നിസാര്‍ അഹമ്മദ് പറയുന്നതുപോല, നിതാന്ത ജാഗ്രതയാണ്. നിതാന്ത ജാഗ്രതയെ ഉദാഹരിക്കാന്‍ നിസാര്‍ പറഞ്ഞത് ഒരു സര്‍ജന്റെ അവസ്ഥയാണ്.  ശസ്ത്രക്രിയ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സര്‍ജന്‍ ആ പ്രവര്‍ത്തി മാത്രമാണ്. സര്‍ജന്‍ തന്റെ ഹൃദയത്തെ ആ പ്രവര്‍ത്തിയിലേയ്ക്ക് ഇറക്കിവെച്ചിരിക്കുന്നു.  ആ ജാഗ്രതയ്ക്ക് ഓര്‍ക്കാപ്പുറങ്ങളില്ല.        

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ