Skip to main content

എന്റെ പേര് എന്റെ ഗ്രാമത്തിന്റെ പേര്

ഒരു ഗ്രാമത്തിന്റെ പേരാണ് അദ്ദേഹത്തിന്.  ശെമ്മങ്കുടി.  ആ വിളിപ്പേര് ഇഷ്ടമായിരുന്നു.  ആസ്വാദകരെ പാടി അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയുമായിരുന്നു ശെമ്മങ്കുടി ആര്‍. ശ്രീനിവാസയ്യര്‍ (1908-2003) തന്റെ ദീര്‍ഘായസ്സ് മുഴുവന്‍.  അതിനിടയില്‍ കാലത്തിന്റെ വിസ്മൃതിയിലേയ്ക്ക് പാടി മറഞ്ഞ നിരവധി കൃതികള്‍ക്ക് സ്വരശില്‍പ്പാകാരം നല്‍കി നവീന സംഗീതകൃതികളാക്കി.  സ്വാതിതിരുനാള്‍, ജയദേവ, നാരായണതീര്‍ത്ഥ, സദാശിവ ബ്രഹ്മേന്ദ്ര, സുബ്രഹ്മണ്യഭാരതി എന്നിവരുടെ കൃതികളില്‍ പലതും നാം ഇന്ന് കേള്‍ക്കുന്നത് അദ്ദേഹം ഇട്ട ഈണത്തിലാണ്.      

ഗ്രാമത്തില്‍ ഉത്സവകാലത്ത് പുലര്‍ച്ചവരെ നാഗസ്വര കച്ചേരികള്‍ ഉണ്ടാവും.  നാഗസ്വരം കേട്ട് മതിവരാതെ കേട്ടതെല്ലാം മൂളി നടന്ന കുട്ടിക്കാലം.  പില്‍ക്കാലത്ത് ഒരു പ്രഗത്ഭനായ ഗായകനായി മാറിയപ്പോഴും ശൈലിയില്‍ നാഗസ്വരഛായയുടെ വിദൂര മര്‍മ്മരങ്ങള്‍ കേള്‍ക്കാം.  ശെമ്മങ്കുടി സന്തോഷത്തോടെ ഓര്‍ത്തിരുന്ന പാട്ടുകാരിലൊരാളായിരുന്നു മധുരൈ പുഷ്പവനം. ഓര്‍മ്മകളില്‍: 'അദ്ദേഹം സുന്ദരനായിരുന്നു.  പാട്ടും സൗന്ദര്യം നിറഞ്ഞത്.  ശബ്ദമാധുര്യം അത്യധികം! ആസ്വാദകര്‍ ആകെ ബാധിക്കപ്പെട്ട് നിശബ്ദരായി കേട്ടിരിക്കും.  അന്ന് മൈക്കില്ല.  രണ്ടര കട്ടയ്ക്കാണ് പാടുക. സുഖമായി കേള്‍ക്കാം.  മോഹനാസ്ത്രംപോലെയാണ് പാട്ട്.  മോഹിച്ചിരുന്നുപോകും.' 

ആ കാലത്ത് ഗ്രാമവാസികള്‍ക്ക് പാട്ടുപഠിക്കുക എളുപ്പമായിരുന്നില്ല.  ഗ്രാമത്തില്‍നിന്ന് ദൂരെ, ഗോട്ടുവാദ്യക്കാരനായ സഖരാമറാവുവിന്റെ വീട്ടിലായിരുന്നു ശെമ്മങ്കുടി മൂന്നു വര്‍ഷം ഗുരുകുലവാസത്തിന് പോയത്.  കാവേരി ഒഴുകുന്നത് അവിടെനിന്ന് രണ്ടര കിലോമീറ്റര്‍ അപ്പുറത്താണ്.  പുഴയിലാണ് കുളി.  ജാലറ കൊട്ടി മറാഠി അഭംഗുകള്‍ പാടിക്കൊണ്ടാണ് മടക്കം.  സഖരാമറാവുവിന്റെ മുന്‍തലമുറ മറാഠക്കാരായിരുന്നു.  

ത്യാഗരാജ പരമ്പരയില്‍ പെടുന്ന ഉമയാള്‍പുരം വിശ്വനാഥയ്യരുടെ കീഴിലും പിന്നീട് മഹാരാജപുരം വിശ്വനാഥയ്യരുടെ കീഴിലും ശെമ്മങ്കുടി പഠനം തുടര്‍ന്നു.  1930 കളുടെ അവസാനത്തിലാണ് സുദീര്‍ഘമായി രാഗം വിസ്തരിക്കുന്ന കച്ചേരീശൈലിയുടെ തുടക്കക്കാരിലൊരാളായി അദ്ദേഹം രംഗത്ത് വരുന്നത്.  ശെമ്മങ്കുടിയ്ക്ക് തൊട്ടുമുന്‍പ് വന്ന ജി. എന്‍. ബാലസുബ്രഹ്മണ്യം രാഗവിസ്താരം, നിരവല്‍, സ്വരപ്രസ്താരം തുടങ്ങിയ മനോധര്‍മ്മപ്രകടനങ്ങളില്‍ നേരത്തേ കര്‍ണ്ണാടകസംഗീതത്തെ സ്ഥാപിച്ചുതുടങ്ങിയിരുന്നു. 

അക്കാലത്ത് കൃതിയുടെ സാഹിത്യഭാവത്തെ ഉള്‍ക്കൊണ്ട് പാടുന്ന രീതിയായിരുന്നു പ്രചാരം.  ഇതില്‍നിന്ന് വ്യത്യസ്തമായി, ഈണത്തിലൂടെ സംഗീതത്തിന് സാധ്യമായ ഭാവങ്ങള്‍ ആവിഷ്‌കരിക്കുന്നതിലായിരുന്നു ശെമ്മങ്കുടി ശ്രദ്ധ ഊന്നിയത്.  സംഗീതവും കാവ്യവും പങ്കിട്ടിരുന്ന സംവേദനതലം ഈണത്തിന്റേത് മാത്രമാക്കുക എന്ന പദ്ധതി.  ഇന്നില്‍ എത്തി നില്‍ക്കുന്ന ഒരു മാറ്റത്തിന്റെ തുടക്കമായിരുന്നു അത്.  സംഗീതം മുഖ്യമായും ഈണമാണെന്ന തിരിച്ചറിവ് ഇന്നത്തെ കര്‍ണ്ണാടക സംഗീതജ്ഞരില്‍ ഏറെക്കുറെ പൂര്‍ണ്ണമാണ്. (അടുത്ത കാലത്ത്, ഒരു അഭിമുഖത്തില്‍, സംഗീതത്തിലൂടെ സംവദിക്കപ്പെടുന്ന അര്‍ത്ഥത്തെ സംബന്ധിച്ച ഒരു ചോദ്യത്തിന് അഭിഷേക് രഘുറാം നല്‍കിയ മറുപടി 'സംഗീതം ശബ്ദമല്ലേ' എന്നായിരുന്നു.)  ഈ മാറ്റം രണ്ട് സാധ്യതകള്‍ തുറന്നു വെയ്ക്കുന്നുണ്ട്.  ലയഭാഷയുടെ ഗണിതം തുറക്കുന്ന ഒരു വലിയ സംഗീതലോകം.  മറ്റൊന്ന് മെലഡിയുടെ ആഴക്കയങ്ങളിലേയ്ക്കുള്ള നാദസാന്ദ്രമായ വഴി.  ശെമ്മങ്കുടിയും ജി. എന്‍. ബി യും തുറന്നത് മെലഡിയുടെ വാതിലാണ്.  പക്ഷെ ഇന്നത്തെ പാട്ടുകാരില്‍ പലരും ലയഗണിതത്തില്‍ ആമഗ്നരാണ്.     

ശെമ്മങ്കുടിയുടെ അഭിപ്രായത്തില്‍ കര്‍ണ്ണാടക സംഗീതത്തില്‍ 'ഘരാന' ഇല്ല.  രണ്ടു രീതികളാണ് വായ്പ്പാട്ട് സ്വീകരിക്കുന്നത്.  ഒന്നാമത്തേത് നാഗസ്വരത്തിന്റെ വഴി.  നാഗസ്വരത്തിന്റേത് നാദദൈര്‍ഘ്യമുള്ള ശൈലിയാണ്, 'കാരുവ'യുള്ളത്.  നാഗസ്വരക്കാര്‍ ദീര്‍ഘമായ ശ്വാസനിയന്ത്രണത്തില്‍ നൈപുണ്യം പ്രദര്‍ശിപ്പിക്കുന്നവരാണ്.  രണ്ടാമത്തേത് വീണയുടെ രീതിയാണ്.  തന്ത്രികളില്‍ മീട്ടിയുണ്ടാക്കുന്ന ശബ്ദത്തിന് നാദദൈര്‍ഘ്യം കുറയും.  ഈ ശൈലിയില്‍ മണിമണികളായുള്ള നാദങ്ങളുടെ സംഘാതമാണ് ഈണം.  വായ്പ്പാട്ടില്‍ ഈ രണ്ട് രീതികളും ഏറ്റക്കുറച്ചിലുകളോടെ പ്രയോഗിച്ചുവരുന്നുണ്ട്.   

വളരെ ജീവസ്സുറ്റ വ്യക്തിയായിരുന്നു ശെമ്മങ്കുടി.  കച്ചേരികളില്‍ മാതം ഒതുങ്ങിയിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതം.  ഒരു പക്ഷെ, കച്ചേരിയ്ക്ക് പുറത്തായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും സര്‍ഗ്ഗാത്മകമായ പാട്ടുകള്‍.  യുവാവായിരുന്നപ്പോള്‍ ഒരിക്കല്‍ മധുരൈ മണി അയ്യരുടെ കാംബോജി കേട്ട് പ്രചോദിതനായി രണ്ടു സുഹൃത്തുക്കളെ ശ്രോതാക്കാളായി കൂട്ടി രാവിലെ വരെ കാംബോജി വിസ്തരിച്ചതും നീണ്ട ട്രെയിന്‍ യാത്രകളില്‍ നടത്തിയ അനൗപചാരിക കച്ചേരികളും അദ്ദേഹം ആഗ്രഹിച്ചതുപോലെയുള്ള കലാപ്രകാശനങ്ങളായിരുന്നിരിക്കാം.  ടി. സദാശിവത്തിന്റെ വീട്ടില്‍ റമ്മി കളിക്കാന്‍ പോകുമ്പോള്‍ അവിടെ ഇരുന്ന് പാടുന്നതും കച്ചേരിയില്‍ പാടുന്ന വിധത്തിലുള്ളതല്ല.  അന്വേഷണാത്മകമായി പാടുന്ന അവസരങ്ങളായിരുന്നു അവ.  പൊതുകച്ചേരികളില്‍ കമ്പോളനിലവാരം സൂക്ഷിക്കേണ്ടതുണ്ട്.  അല്ലാത്ത പക്ഷം മത്സരത്തില്‍നിന്ന് പുറത്തായേയ്ക്കും.  ഒരിക്കല്‍ ടി. എം. കൃഷ്ണ ഇതേ കാര്യം സൂചിപ്പിച്ചിരുന്നു.  വീട്ടിലിരുന്ന് പാടുന്നതുപോലെ കച്ചേരികളില്‍ പാടാനാകണം.  കച്ചേരി സംപ്രദായം അത്രയും വിശാലമാകേണ്ടതുണ്ട് എന്നൊക്കെ.     

മറ്റേത് കലാമേഖലയുംപോലെ ശക്തി മത്സരങ്ങള്‍ കര്‍ണ്ണാടകസംഗീതത്തിലുമുണ്ട്.  കമ്പോളത്തില്‍ മത്സരിക്കാത്തവരായി ആരുമില്ല എന്ന തിരിച്ചറിവുകൊണ്ടോ എന്തോ ഇന്ന് ശുപാര്‍ശകളേയും കുത്സിത തന്ത്രങ്ങളേയും ആരും വിമര്‍ശിക്കാറില്ല.  പകരം അവരവരുടെ സാമര്‍ത്ഥ്യമനുസരിച്ച് കാര്യം നേടുകയോ ഉള്‍വലിയുകയോ ചെയ്യും.  മുഖ്യധാരയുടെ തലപ്പത്തിരിക്കാന്‍ പണ്ട്, ഇന്നത്തേക്കാള്‍, പരുക്കനായ തന്ത്രമുറകളാണ് പയറ്റിയിരുന്നത്.  ശെമ്മങ്കുടി: എ മൊസൈക് - പോര്‍ട്രെയ്റ്റ് എന്ന പുസ്തകത്തില്‍ ആ കാലത്തെ ശക്തിമത്സരങ്ങളിലെ ശെമ്മങ്കുടിയുടെ പങ്കിനെക്കുറിച്ച് എഴുതിയിട്ടുണ്ട്.  ഈ പുസ്തകം എഡിറ്റ് ചെയ്ത പട്ടാഭിരാമന്‍ ശെമ്മങ്കുടിയുടെ കടുത്ത ആരാധകനാണ്.  എന്നിട്ടും ശെമ്മങ്കുടിയുടെ മറുവശത്തെ ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ മടി കാണിച്ചിട്ടില്ല.  ത്യാഗരാജനെപ്പോലും വിമര്‍ശിക്കാന്‍ മടി കാണിക്കാതിരുന്ന ആ തമിഴ് ധൈര്യം ഈ പുസ്തകത്തില്‍ കാണാം.  ശെമ്മങ്കുടിയെക്കുറിച്ച് തുറന്നെഴുതുന്ന ഈ പുസ്തകം പ്രകാശനം ചെയ്യുമ്പോള്‍ ഏറ്റു വാങ്ങിയത് ശെമ്മങ്കുടിതന്നെയാണ് എന്നതാണ് അതിന്റെ ഏറ്റവും വലിയ തമാശ.       

ശെമ്മങ്കുടിയും സംഗീതനിരൂപകന്‍ സുബ്ബുഡുവുമായുള്ള പോര് പ്രസിദ്ധമാണ്.  ഒരിക്കല്‍, ഡല്‍ഹിയില്‍ ശെമ്മങ്കുടിയുടെ ഒരു കച്ചേരി തുടങ്ങാന്‍ പോകുന്നു.  ശബ്ദത്തിന് ആ ദിവസം ഇടര്‍ച്ച ഉള്ളതുകൊണ്ട് ശൈലി മാത്രം ശ്രദ്ധിച്ചാല്‍ മതി എന്ന് ശെമ്മങ്കുടി ആമുഖമായി പറയുന്നു.  പിറ്റേ ദിവസം സുബ്ബുഡുവിന്റെ നിരൂപണം പത്രത്തില്‍ വന്നു.  ശെമ്മങ്കുടിയുടെ ആമുഖം അതേപടി ഉദ്ധിരിച്ച ശേഷം ഗായകന്‍തന്നെ അങ്ങനെ പറഞ്ഞ സ്ഥിതിക്ക് നിരൂപണം ചെയ്യുന്നില്ല എന്ന് ഉപസംഹരിച്ചുകൊണ്ട്. 

അടുത്ത ദിവസം അന്ന് സാമ്പത്തികകാര്യ മന്ത്രിയായിരുന്ന ടി. ടി. കൃഷ്ണമാചാരി സുബ്ബുഡുവിനെ വിളിപ്പിച്ചു. (ശെമ്മങ്കുടി പറഞ്ഞിട്ടാണ് വിളിപ്പിച്ചതെന്ന് ഊഹിക്കാം.)  എന്തിനാണ് ശെമ്മങ്കുടിയെ ഇത്ര പരുക്കനായി വിമര്‍ശിച്ചതെന്ന് ചോദിച്ചു.  ശെമ്മങ്കുടിയെ പ്രശംസിച്ച തന്റെ മറ്റൊരു നിരൂപണം സുബ്ബുഡു കൈയ്യില്‍ വെച്ചിരുന്നു.  തത്കാലം അതു കാണിച്ച് രക്ഷപ്പെട്ടു. 

ഇതുപോലെ മദ്രാസില്‍വെച്ചും സംഭവിച്ചു.  ഒരു സീസണിലെ ആദ്യത്തെ കച്ചേരി.  ശെമ്മങ്കുടിയുടെ ശബ്ദം മോശമായിരുന്നു.  പലപ്പോഴുമെന്നപോലെ ആമുഖമായി അദ്ദേഹം ശബ്ദത്തിന്റെ പ്രശ്‌നം പറഞ്ഞു.  ഇടറിയ ശബ്ദത്തില്‍ രാഗാലാപനം ആകര്‍ഷകമായില്ല.  വയലിന്‍ അകമ്പടി ഗംഭീരമായി.  ടി. എന്‍. കൃഷ്ണന് നീണ്ട ഹസ്തഘോഷം.  അടുത്ത രാഗാലാപനത്തിലും ടി. എന്‍. കൃഷ്ണന് മാത്രം  കൈയ്യടി കിട്ടി.  ശെമ്മങ്കുടിയ്ക്ക് ദേഷ്യം വന്നു.  താനാണ് മുഖ്യ ഗായകന്‍,  വയിലിന്‍വാദകന്‍ വെറും അകമ്പടിക്കാരനാണ്.  ശെമ്മങ്കുടി ശ്രോതാക്കളോട് കയര്‍ത്തു. 

സുബ്ബുഡു നടന്നതെല്ലാം എഴുതി.  ടി. എന്‍. കൃഷ്ണന്‍ ശിഷ്യനും ശെമ്മങ്കുടി അദ്ദേഹത്തിന്റെ ഗുരുവുമാണ്.  ശിഷ്യന് കൈയ്യടി കിട്ടുമ്പോള്‍ ഗുരു സന്തോഷിക്കുകയാണ് വേണ്ടത്.  നിരൂപണം വായിച്ച് അരിശം മൂത്ത ശെമ്മങ്കുടി പാട്ട് നിര്‍ത്തിയതായി പ്രഖ്യാപിച്ചു.  വലിയ കോളിളക്കമായി.  ശെമ്മങ്കുടി പാടുന്നില്ലെങ്കില്‍ ബാലമുരളീകൃഷ്ണ മുതല്‍ പലരും പാട്ട് നിര്‍ത്തുമെന്ന് പറഞ്ഞപ്പോഴാണ് ശെമ്മങ്കുടി അയഞ്ഞത്.

ശെമ്മങ്കുടിയെക്കുറിച്ച് ഇറക്കിയ ഈ പുസ്തകത്തില്‍ അദ്ദേഹത്തെക്കുറിച്ച് എരിവും പുളിയുമുള്ള കഥകളുണ്ട്: വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുനെല്‍വേലി ജില്ലയിലെ കല്ലിഡൈക്കുറിച്ചിയില്‍ ചില പ്രഗത്ഭ സംഗീതജഞര്‍ ഒത്തുകൂടി.  ജി. എന്‍. ബി, ശെമ്മങ്കുടി മുതലായവര്‍.  അവിടെ വെച്ച് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് രണ്ട് വീക്ഷണഗതികളുണ്ട്.  ശെമ്മങ്കുടിയുടേയും ദൃക്‌സാക്ഷികളുടേതും.    

ശെമ്മങ്കുടി പറയുന്നത് ഇപ്രകാരമാണ്: ലഹരി പകരുന്ന ഒരു ലേഹ്യത്തെക്കുറിച്ച് ആരോ പറയുന്നതിനിടയില്‍ കയറി ജി. എന്‍. ബി പറഞ്ഞു, ശെമ്മങ്കുടിയ്‌ക്കൊന്നും അത് താങ്ങാനാവില്ലെന്ന്.  വാശിയായി.  ജി. എന്‍. ബി ഒരു ശിഷ്യനെ വിട്ട് സാധനം എത്തിച്ചു.  ഒരു ചെറിയ ഗുളിക രൂപത്തില്‍ ഉരുട്ടി വെറ്റിലയില്‍ മടക്കി കഴിക്കാന്‍ തന്നു.  കുറച്ചു നേരം കഴിഞ്ഞപ്പോള്‍ നല്ല സുഖം തോന്നി.  ഒരു തരം സുസ്ഥിതി അനുഭവപ്പെട്ടു.  ലേഹ്യം കഴിച്ചതിന് മനസ്സില്‍ സ്വയം നന്ദി പറഞ്ഞു.  പക്ഷെ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ കൈകാലുകള്‍ കുഴഞ്ഞു.  മിണ്ടുമ്പോള്‍ നാവിഴഞ്ഞു.  ഭക്ഷണത്തിന് മുന്‍പുള്ള മന്ത്രംചൊല്ലല്‍ പതറി.  ഭക്ഷണം കഴിക്കാതെ കിടന്നുറങ്ങി.  അടുത്ത ദിവസം വൈകുന്നേരം വരെ.  കച്ചേരിയ്ക്ക് പോകാന്‍വേണ്ടി ആതിഥേയന്‍ കുലുക്കി വിളിച്ചപ്പോഴാണ് ഉണര്‍ന്നത്.  നേരെ പോയി പാടി.  ചിരി വന്നുകൊണ്ടിരുന്നു.  മൂന്ന് ദിവസമെടുത്തു ലഹരി മുഴുവന്‍ മാറാന്‍.

ദൃക്‌സാക്ഷികള്‍ പറഞ്ഞത്: തലേ ദിവസം ജി. എന്‍. ബി യുടെ കച്ചേരി അതിഗംഭീരമായിരുന്നു.  അദ്ദേഹത്തിന് ഇത്രയേറെ സര്‍ഗ്ഗാത്മകമാവാന്‍ കഴിയുന്നത് ലേഹ്യം കഴിച്ചിട്ടാണോ എന്ന് ശെമ്മങ്കുടിയിക്ക്് സന്ദേഹം.  സാധനം കിട്ടുമോ എന്ന് ശെമ്മങ്കുടി തിരക്കി.  ജി. എന്‍. ബി യ്ക്ക് മടിയുണ്ടായിരുന്നു.  നിര്‍ബന്ധിച്ചപ്പോള്‍ കൊടുത്തു.  ഗുളിക രൂപത്തില്‍ ഉരുട്ടി വെറ്റിലയില്‍ മടക്കി കൊടുത്തു.  ഉച്ചയ്ക്ക് സദ്യയുണ്ണുമ്പോള്‍ ശെമ്മങ്കുടി പായസം കോരി ജുബ്ബയുടെ കീശയില്‍ ഒഴിക്കുന്നത് ചിലര്‍ കണ്ടു.  ആരാരും കാണാതെ ശെമ്മങ്കുടിയെ രംഗത്തുനിന്ന് നീക്കി.  അന്നത്തെ കച്ചേരി പാളി.   

ശെമ്മങ്കുടിയെ കേള്‍ക്കുമ്പോഴും കാണുമ്പോഴും ആര്‍ക്കും സന്തോഷം തോന്നും.  നര്‍മ്മഭാഷിയായിരുന്നു.  തമാശ കേട്ട് ചിരിക്കാന്‍ കാത്തിരിക്കും സദസ്സ്.  ഏത് ചോദ്യത്തിനും നര്‍മ്മത്തിന്റെ കോണില്‍നിന്നേ മറുപടി കിട്ടു.  ഒരിക്കല്‍, ശെമ്മങ്കുടിയ്ക്ക് ഏതാണ്ട് തൊണ്ണൂറ് വയസ്സുള്ളപ്പോള്‍, ഒരു മലയാളി പത്രപ്രവര്‍ത്തകന്‍ ചോദിച്ചു, 'താഴ്ന്ന ജാതിക്കാരെ പഠിപ്പിക്കുമോ?' ഉടന്‍ മറുപടി കിട്ടി, 'അംബേദ്ക്കറെ പഠിപ്പിക്കും.'  പത്രപ്രവര്‍ത്തകന് ഒന്നും മനസ്സിലായില്ല. 

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തപ്പതിപ്പ്, 19 ഏപ്രില്‍ 2020, പേജ് 4)


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ