Skip to main content

ജാതിയും വധശിക്ഷയും: ഒരു കര്‍ണ്ണാടക സംഗീതപാഠം

വിനയം ധാര്‍ഷ്ട്യത്തേക്കാള്‍ വിറ്റുപോകുന്ന ഒരു കാലമാണിത്.  ലളിതമായി ഞാനൊരു പാട്ടുകാരനാണ് എന്ന് സ്വയം പരിചയപ്പെടുത്തുമ്പോള്‍ ടി എം കൃഷ്ണ ഈ ഒരു വില്‍പ്പനതന്ത്രം പ്രയോഗിക്കുകയല്ല.  പ്രഗത്ഭരില്‍ പ്രഗത്ഭനായ സംഗീതജ്ഞനായിട്ടും ഒരു പാട്ടുകാരന്‍ എന്ന് മാത്രം അവകാശപ്പെടുന്നത് സംഗീതത്തെ അത്രമേല്‍ അറിഞ്ഞതുകൊണ്ടാണ്.  സംഗീതത്തിന്റെ ബൃഹത് സാന്നിധ്യം തിരിച്ചറിഞ്ഞതുകൊണ്ടുള്ള എളിമയാണത്.  ഈ തിരിച്ചറിവോടെ ടി എം കൃഷ്ണ ധ്യാനപൂര്‍ണ്ണമായ ഒരു രീതി അവലംബിച്ചുകൊണ്ടുതന്നെ പൂര്‍വ്വകല്‍പ്പന ചെയ്യാത്ത മനോധര്‍മ്മത്തെ തന്റെ സംഗീത കച്ചേരികളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്.  രീതിശാസ്ത്രവും മനോധര്‍മ്മവും മെരുക്കാന്‍ ആയാസമുള്ള വിപരീതങ്ങളാണെങ്കിലും സാഹസികനായ ഒരു സംഗീതജ്ഞന് അത് ആനന്ദകരമായ ഒരു വെല്ലുവിളിയാണ്.  സംഗീതവുമായി ലോകം ചുറ്റുമ്പോഴും അദ്ദേഹം തന്നിലെ ഉത്തരവാദിത്ത ബോധമുള്ള ചിന്തകനേയും സംവേദന ശേഷിയുള്ള എഴുത്തുകാരനേയും പ്രകാശനം ചെയ്തുകൊണ്ടേയിരിക്കുന്നു. 



മുകുന്ദനുണ്ണി:  കസബിന് വധശിക്ഷ വിധിക്കണമെന്ന് ജനങ്ങള്‍ മുറവിളി കൂട്ടുന്ന സമയത്ത് വധശിക്ഷാവിരുദ്ധ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ലേഖനം താങ്കള്‍ ദ ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ എഴുതിയിരുന്നല്ലോ. അതേ സമയത്ത് കേരളത്തില്‍ കുറച്ച് ആളുകള്‍ വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നുണ്ടായിരുന്നു.  ഈ സന്ദര്‍ഭത്തില്‍ വധശിക്ഷയെക്കുറിച്ചുള്ള താങ്കളുടെ ചിന്തകള്‍ കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വ്യക്തത നല്‍കിയേക്കാം.

ടി. എം. കൃഷ്ണ: കൊല്ലാന്‍ മനുഷ്യര്‍ക്ക് അവകാശമില്ല എന്ന് കരുതുന്ന ഒരാളാണ് ഞാന്‍.  വധശിക്ഷയെക്കുറിച്ചുള്ള തര്‍ക്കങ്ങളെല്ലാം ശരിയായ കാര്യം ചെയ്യുന്നതിനെ  കേന്ദ്രീകരിച്ചുള്ളതാണ്.  ഒരാള്‍ എന്തോ കുറ്റം ചെയ്തിരിക്കുന്നു, അയാളെ ശിക്ഷിക്കുന്നതാണ് ശരി, എന്ന മട്ടിലാണ് അതിന്റെ യുക്തിധാര. ഈ യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കിക്കാണേണ്ടത്? എനിക്ക് സംശയങ്ങളുണ്ട്. എന്തുതന്നെയായാലും ഹിംസ ഹിംസ തന്നെയാണ്.  അത് നന്മയ്ക്കുവേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല.  ഒരു ഹിംസ നടക്കുമ്പോള്‍ ആ ഹിംസ നല്ലതിനുവേണ്ടിയാണ് അല്ലെങ്കില്‍ ചീത്തതിനുവേണ്ടിയാണ് എന്ന് പറയുന്നതില്‍ അര്‍ഥമില്ല.  ഒരാളെ വേദനിപ്പിക്കാനോ, ലൈംഗികമായി പീഡിപ്പിക്കാനോ, കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുള്ള  ഹിംസയും തമ്മില്‍ അന്തരമുള്ളതായി ഞാന്‍ കരുതുന്നില്ല.  ഹിംസ ചെയ്യുന്ന ആളെ എങ്ങനെ ശിക്ഷിക്കണമെന്നാണ് മറ്റൊരു ചോദ്യം.  ആള്‍ ആപത്കാരിയാണെന്ന് സംശയമില്ല.  ആ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.  ഈ വ്യക്തിയാല്‍ മറ്റുള്ളവര്‍ക്ക് ആപത്തുണ്ടാകാം എന്നത് സത്യമായിരിക്കാം.  മറ്റുള്ളവര്‍ക്ക് ആപത്തുണ്ടാവാതിരിക്കാന്‍ അത്തരം ആളുകളെ സമൂഹത്തില്‍നിന്ന് മാറ്റി നിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.  പക്ഷെ ആ വ്യക്തിയുടെ ജീവന്‍ അപഹരിക്കാന്‍ നമുക്ക് അവകാശമില്ല.  അവരുടെ സ്വഭാവം അല്ലെങ്കില്‍ മനോഭാവം പരിഷ്‌കരിക്കാനാകുമോ ഇല്ലയോ എന്നുള്ളത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ചോദ്യമാണ്.  അവരെ സമൂഹത്തില്‍നിന്ന് മാറ്റി പാര്‍പ്പിച്ച് സ്വയം മാറാന്‍വേണ്ടി പ്രാപ്തരാക്കുകയാണ് വേണ്ടത്.  എത്ര ബീഭത്സമായ കുറ്റമാണ് ചെയ്തതെങ്കിലും ആ വ്യക്തിയുടെ തുടര്‍ന്നുള്ള ജീവിതം നന്മ നിറഞ്ഞതാകുന്നതിനുവേണ്ടി വഴിയൊരുക്കാനുള്ള ഒരു മനോഭാവം നമുക്കില്ലെങ്കില്‍, എനിക്ക് തോന്നുന്നത്, നമ്മുടെ 'ശരി'വാദ'ത്തിന്റെ ചില ഭാഗങ്ങള്‍ നഷ്ടമാകുന്നുവെന്നാണ്. 


ഏത് കുറ്റമാണ് വലുത് ഏത് കുറ്റമാണ് ചെറുത് എന്ന് എങ്ങനെയാണ് തീരുമാനിക്കുക?  അമേരിക്ക ഇറാക്കിലേയ്ക്കും അഫ്ഘാനിസ്ഥാനിലേയ്ക്കും അതിക്രമിച്ചു കയറുകയും അവിടത്തെ കുറേ കുട്ടികളെ കൊന്നൊടുക്കുകയും ചെയ്തത് ഇന്ന് എല്ലാവര്‍ക്കും അറിയാം.  അതിനോട് താരതമ്യം ചെയ്യുമ്പോള്‍ ബലാല്‍സംഗം കൂടിയ കുറ്റമാണോ? എങ്ങിനെയാണ് വലിപ്പം കൂടിയ കുറ്റം ഏതെന്ന് തിരിച്ചറിയുക? എനിക്കറിയില്ല.  അവ തമ്മില്‍ ഒരു വ്യത്യാസവും ഞാന്‍ കാണുന്നില്ല.  ഇത് ഒരു കുറ്റമാണ്, അതും ഒരു കുറ്റമാണ്.  എങ്ങിനെയാണ് രണ്ടാമത്തേത് കുറ്റമാകുകയും ഒന്നാമത്തേത് കുറ്റമാവാതിരിക്കുകയും ചെയ്യുക?  രണ്ടാമത്തേതിന് വധശിക്ഷ വിധിക്കുകയും ഒന്നാമത്തേതിന് ശിക്ഷപോലും ഇല്ലാതിരിക്കുകയും ചെയ്യുന്നത്?  എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ വേണമെന്ന കാര്യത്തില്‍ ഞാന്‍ യോജിക്കുന്നു.  പക്ഷെ ഏത് കുറ്റത്തിനാണ് വധശിക്ഷ വേണ്ടത് എന്ന് എങ്ങിനെയാണ് തീരുമാനിക്കുക?  അക്കാര്യത്തില്‍ നിയമജ്ഞര്‍ക്കും വ്യക്തതയില്ല.  ഏറ്റവും ഹീനമായ കുറ്റങ്ങള്‍ക്ക് വധശിക്ഷ എന്നാണ് നിയമം പറയുന്നത്.  ഏറ്റവും ഹീനമായത് ഏതാണെന്ന് ജഡ്ജിമാരാണ് തീരുമാനിക്കുക.  എന്തുതന്നെയായാലും ഹിംസയ്ക്ക് മരണം ഒരു പരിഹാരമായി എനിക്ക് തോന്നുന്നില്ല.  മരണം ഹിംസയ്ക്ക് പരിഹാരമാണോ?  മനുഷ്യര്‍ മാറുമ്പോഴാണ് ഹിംസയ്ക്ക് പരിഹാരമുണ്ടാകുക.  സമൂഹത്തിന്റെ ലക്ഷ്യം അതായിരിക്കണം.  അങ്ങിനെയാണ് നമുക്ക് നമ്മെത്തന്നെയും സമൂഹത്തേയും മാറ്റാന്‍ കഴിയുക.       

നമ്മുടെ സമൂഹത്തില്‍ ആരെങ്കിലും ഹിംസ ചെയ്യുന്നുണ്ടെങ്കില്‍ അതു സൂചിപ്പിക്കുന്നത് ഹിംസയിലേയ്ക്ക് നയിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അതൃപ്തികള്‍ സമൂഹത്തിനകത്ത് ഉണ്ട് എന്നാണ്.  അതായത് സമൂഹം ആരെയെങ്കിലും ഹിംസാത്മകമായ പ്രതികരണം ഉളവാക്കുന്ന വിധത്തില്‍ ബുദ്ധിമുട്ടിക്കുന്നുണ്ടാവാം.  അതുകൊണ്ട് നമുക്ക് ആത്മപരിശോധന ചെയ്യാനുള്ള മനോഭാവം ഉണ്ടാകണം.

ശിക്ഷയുടെ ന്യായീകരണമായി ഉന്നയിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട വാദം ഡിറ്ററന്‍സ് ആണ്.  ശിക്ഷയെക്കുറിച്ചുള്ള ഭയം കുറ്റം ചെയ്യുന്നതില്‍നിന്ന് പിന്‍തിരിപ്പിക്കും എന്ന വിശ്വാസമാണ് ഈ വാദത്തിന്റെ പിന്‍ബലം.  എന്നാല്‍ ആ വാദം തെറ്റാണെന്നും വിഡ്ഢിത്തമാണെന്നും തെളിയിക്കാന്‍ ആവശ്യത്തിലധികം സ്ഥിതിവിവരക്കണക്കുകള്‍ ഇന്ന് ലഭ്യമാണ്.  ആ വാദത്തില്‍ എന്തെങ്കിലും അര്‍ഥമുള്ളതായി എനിക്ക് തോന്നുന്നില്ല.  വധശിക്ഷ നിലവിലുണ്ട് എന്ന ഒറ്റ കാരണത്താല്‍ ജനങ്ങള്‍ കൊലപാതകത്തിന്റെ എണ്ണം കുറയ്ക്കുമെന്നാണോ?  അങ്ങനയൊന്നുമില്ല.  ആളുകള്‍ കൊല്ലുകയാണെങ്കില്‍ കൊല്ലും.  കൊല്ലുന്നതും കൊല്ലാത്തതും എന്തു ശിക്ഷ ലഭിക്കും എന്ന് നോക്കിയല്ല. 

ബാധിക്കപ്പെടുന്ന കുടുംബത്തിലുള്ളവരുടെ സ്ഥിതിയാണ് കഷ്ടം.  അതൊരു വലിയ പ്രശ്‌നമാണ്.  ടി. എം. കൃഷ്ണ വീട്ടില്‍ അല്ലലില്ലാതെ ശാന്തമായി ഇരിക്കുകയാണ്, അയാളുടെ സഹോദരനോ സഹോദരിയോ കുട്ടിയോ കൊല്ലപ്പെടുകയോ ബലാല്‍സംഗം ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല.  കൊല്ലപ്പെട്ട ആളുടെ സഹോദരനോ സഹോദരിയോ അമ്മയോ അച്ഛനോ കുട്ടിയോ ആവുന്നതിന്റെ വേദന എങ്ങിനെയാണ് അയാള്‍ക്ക് അനുഭവിക്കാനാവുക?  ശരിയാണ്, അവരുടെ വേദന എങ്ങിനെയായിരിക്കും എന്നു എനിക്ക് അനുഭവിക്കാന്‍ കഴിയില്ല.  പക്ഷെ ആ വേദന എങ്ങിനെയുള്ളതായിരിക്കും എന്ന് മനസ്സിലാക്കാന്‍ മാത്രം മനുഷ്യത്വമുള്ളവനാണ് ഞാന്‍ എന്ന് തോന്നുന്നു.   ഒരുപക്ഷെ അത് മനുഷ്യന്റെ ഗുണമാണ്.  ഹിംസയുടെ ഇരകളായവര്‍ക്ക് സഹായവും ശക്തിയും പകര്‍ന്ന് തുണയേകുക എന്നത് സമൂഹത്തിന്റെ ധര്‍മ്മമാണെന്ന് ഞാന്‍ കരുതുന്നു.  മാത്രമല്ല കൊല്ലുന്നവനേയോ ബലാല്‍സംഗം ചെയ്യുന്നവനേയോ കൊന്ന് പ്രതികാരം ചെയ്യുന്നതുകൊണ്ട് ബാധിതര്‍ അനുഭവിക്കുന്ന വേദന അല്‍പ്പംപോലും കുറയുകയില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്.  കുറ്റവാളികളെ കൊന്നാല്‍ നിങ്ങളുടെ വേദന കുറയുമോ?  എന്ത് വ്യത്യാസമാണുണ്ടാക്കുക?  കുറ്റവാളിയെ തൂക്കിലേറ്റിയാല്‍ ഹിംസയ്ക്ക് ഇരയായവരുടെ അമ്മയോ അച്ഛനോ സഹോദരനോ അനുഭവിക്കുന്ന വേദന ശമിക്കുമോ?  ഇല്ല.  അതിന് പ്രതികാരം ചെയ്യുക എന്നല്ലാതെ മറ്റൊരു അര്‍ഥവുമില്ല.  ഹിംസയെ ഹിംസകൊണ്ട് എതിര്‍ക്കുന്നത്, നിയമപരമായി എത്രത്തോളം ന്യായീകരിക്കപ്പെട്ടാലും, എന്റെ കാഴ്ചപ്പാടില്‍ അര്‍ഥശൂന്യമാണ്.  

നീതി, അനീതി തുടങ്ങിയ ആശയങ്ങളെ അടിസ്ഥാനമാക്കുന്നതിനു പകരം അനുഭവത്തെ നേരിട്ട് സമീപിക്കുന്ന ഒരു രീതിയാണ് താങ്കള്‍ സ്വീകരിക്കുന്നത് എന്ന് തോന്നുന്നു.  നിയമത്തിന്റേയോ സമൂഹത്തിന്റേയോ ഹിംസയുടെ ഇരയായിത്തീരുന്നവരുടെ ഉറ്റവര്‍ക്കുണ്ടാകുന്ന അനുഭവത്തെ ആധാരമാക്കിയുള്ള ചിന്തകള്‍  - വ്യത്യസ്ഥമായ ഒരു താത്വിക സംസ്‌കാരത്തില്‍നിന്ന് അന്വേഷിക്കുന്നതുപോലെയുണ്ട്.

ശരിയാണ്.  എന്റെ കാഴ്ചപ്പാട് നിയമത്തിന്റെ ഭാഗത്തുനിന്നുള്ളതല്ല.  പകരം ഒരു മനുഷ്യനായിരിക്കുക എന്നാല്‍ എന്താണ് എന്ന അന്വേഷണത്തിന്റെ ഭാഗത്തുനിന്നുള്ളതാണ്.  നിയമങ്ങളും നിയമപുസ്തകങ്ങളും പറയുന്നതിനപ്പുറത്ത് നമുക്ക് എങ്ങിനെ ഹിംസയെ സമൂഹത്തില്‍ ഇല്ലാതാക്കാം? ആ ലക്ഷ്യത്തിനുവേണ്ടി സമഗ്രമായ അര്‍ഥത്തില്‍ എന്തു ചെയ്യാന്‍ കഴിയും? ഈ ദിശയിലാണ് എന്റെ ചിന്തകള്‍ പോകുന്നത്.  ഒരാള്‍ക്ക് വധശിക്ഷ നല്‍കുമ്പോള്‍ ഒരു പ്രത്യേക പ്രശ്‌നത്തിന് പെട്ടെന്നു നല്‍കുന്ന ഒരു പരിഹാരമായാണ് അത് ഭവിക്കുന്നത്.  അതായത് ഞാന്‍ കൊലയാളിയാണെങ്കില്‍ എന്നേയും കൊന്ന് പ്രശ്‌നം പരിഹരിക്കുക.  ശരി, ടി. എം. കൃഷ്ണ കൊലയാളിയാണ്.  അവനെ തുറുങ്കിലടച്ച് തൂക്കിക്കൊല്ലൂ.  കഴിഞ്ഞു.  ഇവിടെ കൊല എന്ന ക്രയയ്ക്ക് എന്ത് സംഭവിക്കുന്നു?   കൊലയുടെ ഭാഗമായിത്തീര്‍ന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു?  അവര്‍ക്കുവേണ്ടി നാം എന്തു ചെയ്യുന്നു?  മെച്ചപ്പെട്ട മനുഷ്യരുള്ള മെച്ചപ്പെട്ട ഒരു സമൂഹമുണ്ടാക്കാന്‍ ഈ പ്രശ്‌നപരിഹാരത്തിലൂടെ നിങ്ങള്‍ എന്തു ചെയ്യുന്നു?  ഈ പ്രശ്‌നത്തിലുള്‍പ്പെട്ട അച്ഛനും അമ്മയും സഹോദരങ്ങളും സഹോദരിമാരും കുട്ടികളുമടങ്ങുന്നവര്‍ക്ക് ജീവിതത്തോട് വ്യത്യസ്ഥമായ ഒരു മനോഭാവം ഉണ്ടാക്കാന്‍ ഈ മട്ടിലുള്ള പ്രശ്‌നപരിഹാരത്തിലൂടെ എന്താണ് ചെയ്യപ്പെടുന്നത്?  സമൂഹവും സര്‍ക്കാറും ചേര്‍ന്ന് തൂക്കിലേറ്റിയവരുടെ ഇനിയും ജീവിക്കുന്ന ഉറ്റവരുടെ ജീവതത്തിലേയ്ക്ക് ആരെങ്കിലും സഹായവും സാന്ത്വനവുമായി ചെന്നിട്ടുണ്ടോ? 

തൂക്കിലേറ്റപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ഭാര്യമാരെ പറ്റി നാം ചിന്തിച്ചിട്ടുണ്ടോ?  അവരെ സഹായിക്കണമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  തീര്‍ച്ചയായിട്ടും ഉണ്ടാവില്ല.  അയാളെ കൊന്നതോടെ നമുക്ക് ആശ്വാസമായി.  അത്രമാത്രം.  അയാളുടെ കുടുംബത്തെക്കുറിച്ച് ആരു ചിന്തിക്കാന്‍?  കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ക്ക് ഒരു മാസത്തിനു ശേഷം എന്തു സംഭവിച്ചു എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  ഇല്ല.  അതേ സമയം നാം തെരുവിലിറങ്ങി തൂക്കിലേറ്റുക എന്ന് മുറവിളി കൂട്ടുകയാണ്.  എനിക്ക് തോന്നുന്നത് മനുഷ്യന്റെ ഉള്ളില്‍ പക വീട്ടാനുള്ള വാസനയുണ്ടെന്നാണ്. 

പരിണാമത്തിന്റെ ഭാഗമായി മനുഷ്യനില്‍ ആന്തരികമായി, പൂര്‍വ്വനിര്‍മ്മിതമായ,  പ്രതികാരവാഞ്ചയുണ്ടെന്നാണോ പറയുന്നത്? 

എനിക്കറിയില്ല.  ഞാന്‍ ഒരു ജനിതക ശാസ്ത്രജ്ഞനൊന്നുമല്ല.  പക്ഷെ എന്തുകൊണ്ടെന്നറിയില്ല, കൊല്ലുന്നവനെ കൊല്ലുന്നതിലൂടെ പ്രശ്‌നം പരിഹരിച്ചതായി നാം കരുതുന്നുണ്ട്.  ഒരു പ്രശ്‌നവും പരിഹരിച്ചതായി എനിക്ക് തോന്നുന്നില്ല. 

താങ്കളുടെ ഈ വീക്ഷണം അമേരിക്കന്‍ യുദ്ധങ്ങളിലേക്കും വ്യാപിപ്പിക്കാമല്ലോ? 

തീര്‍ച്ചയായും.  നിങ്ങള്‍ക്ക് എന്നെ ഉട്ടോപ്പിയന്‍ എന്ന് വിളിക്കാം.  സൈന്യം അനാവശ്യമാണ്, സൈന്യത്തിന് യാതൊരുവിധ ധര്‍മ്മവും നിര്‍വ്വഹിക്കാനില്ല എന്നാണ് ഞാന്‍ കരുതുന്നത്. മനുഷ്യര്‍ക്ക് ഒരല്‍പ്പം ബുദ്ധിയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കാറുണ്ട്.  ചരിത്രം പറയുന്നത് സൈന്യം ആവശ്യമാണ് എന്നാണ്.  ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നമ്മള്‍ യുദ്ധം ചെയ്തിട്ടുണ്ട്.  മനുഷ്യന്റെ ഈഗോയാണ് മിക്ക യുദ്ധങ്ങള്‍ക്കും കാരണം.  ആരാണ് വലുത്, ആര്‍ക്കാണ് കൂടുതല്‍ മഹിമ, ആരാണ് കൂടുതല്‍ ശക്തര്‍, ആര്‍ക്കാണ് കൂടുതല്‍ സമ്പത്ത്, തുടങ്ങിയ അഹങ്കാര പ്രകാശനങ്ങള്‍ക്ക് വേണ്ടിയാണ് ആത്യന്തികമായി യുദ്ധങ്ങളുണ്ടാവുന്നത്.  നിങ്ങളുടെ കൈയ്യില്‍ കൂടുതല്‍ സമ്പത്തുണ്ടെങ്കില്‍ നിങ്ങള്‍ എനിക്കെതിരെ സാമ്പത്തിക യുദ്ധം നടത്തും.  നിങ്ങളുടെ പക്കല്‍ സൈന്യമുണ്ടെങ്കില്‍ നിങ്ങള്‍  എന്നെ ആക്രമിക്കും. ഹിംസ എപ്പോഴും ശാരീരികമായ പ്രവര്‍ത്തിയാകണമെന്നില്ല.  ഒരാളെ മാനസികമായി പീഡിപ്പിക്കുന്നതും ഹിംസയാണ്.  സാമ്പത്തികമായ ഹിംസയും ഹിംസയാണ്.  മറ്റു രാജ്യങ്ങളെ കീഴ്‌വഴങ്ങാന്‍ നിര്‍ബന്ധിക്കലും ഹിംസയാണ്.  ദക്ഷിണാഫ്രിക്കയെ നോക്കു.  പാശ്ചാത്യര്‍ക്ക് കീഴടങ്ങി നൂറു കണിക്കിന് വര്‍ഷങ്ങള്‍.  വെറും സാമ്പത്തികമായ ഹിംസയായിരുന്നു അത്.  അതിനെ ഒരു ഹീനകൃത്യമായി നാം കണക്കാക്കുമോ?  എനിക്കറിയില്ല.  അത്തരം കാര്യങ്ങളൊക്കെ അവ്യക്തമാണ്.  തീര്‍ച്ചയായും ഞാന്‍ യുദ്ധത്തിനെതിരാണ്.  തീര്‍ത്തും എതിരാണ്.  ഒരു യുദ്ധവും മറ്റൊരു യുദ്ധത്തിന് പരിഹാരമാകില്ല.  അത്തരം പ്രശ്‌നങ്ങളെ ശരിതെറ്റുകളുടെ പശ്ചാത്തലത്തിലല്ല കൈകാര്യം ചെയ്യേണ്ടത്.  ശരിതെറ്റുകളെ ആധാരമാക്കിയുള്ള നിലപാടുകളിലേയ്ക്ക് പോകേണ്ട താമസം എല്ലാം ആകെ അവ്യക്തമാകും.  ഹിംസയുടെ ധര്‍മ്മമെന്ത് എന്ന ചോദ്യമാണ് പ്രസക്തം.   

ധര്‍മ്മം, നീതി തുടങ്ങിയ ആശയങ്ങളുടെ വെളിച്ചത്തിലാണോ താങ്കള്‍ വ്യക്തത തേടുന്നത്?  

നീതിയെക്കുറിച്ച് ഞാന്‍ പറയുന്നില്ല.  മനുഷ്യത്വം എന്ന ആശയത്തോടാണ് എനിക്ക് അടുപ്പം.  അടിസ്ഥാനപരമായ വസ്തുതകളില്‍നിന്ന് വരുന്നതാണ് അത്.  ധാര്‍മ്മികത ഒരു അപകടം പിടിച്ച വാക്കാണെന്ന് തോന്നുന്നു.  കാരണം, എനിക്കറിയില്ല, ഇത്തരം വാക്കുകള്‍ പലരും പല വിധത്തിലാണ് വ്യാഖ്യാനിക്കുന്നത്.    മനുഷ്യത്വത്തെ കേന്ദ്രീകരിച്ചാണ് ഞാന്‍ ആലോചിക്കുന്നത്.  മനുഷ്യത്വത്തിന്റെ സന്ദര്‍ഭത്തില്‍വെച്ചാണ് ഹിംസയ്ക്ക് എന്ത് ധര്‍മ്മമാണ് ജീവിതത്തില്‍ എന്ന ചോദ്യം ചോദിക്കുന്നത്.  ഇങ്ങനെ സങ്കല്‍പ്പിച്ചു നോക്കാം: ഹോംവര്‍ക്ക് ചെയ്യാത്തതുകൊണ്ട് ഞാന്‍ കുട്ടിയെ തല്ലുന്നു.  (നാം അവിടെ നിന്ന് തുടങ്ങണം.)  എന്റെ മകള്‍ ഹോം വര്‍ക്ക് ചെയ്തില്ല.  എനിക്ക് വല്ലാതെ ദേഷ്യം വന്നു.  ഞാന്‍ അവളെ അടിച്ചു.  ഈ പ്രശ്‌നം അടികൊണ്ട് പരഹിരിക്കാന്‍ കഴിയുമോ?  എന്തുകൊണ്ടാണ് ഞാന്‍ എന്റെ കൈ ഉയര്‍ത്തിയത്?  ഞാന്‍ എന്റെ കൈ ഉയര്‍ത്തിയത് ധാര്‍മ്മികമായി ശരിയാണോ?   മകള്‍ പരീക്ഷയില്‍ ജയിക്കാനാണ്, അതായത് എനിക്ക് മകളുടെ കാര്യത്തില്‍ ശുഷ്‌കാന്തിയുണ്ട്,  മറ്റു കാരണങ്ങള്‍കൊണ്ടൊന്നുമല്ല അങ്ങിനെ ചെയ്തത് - എനിക്ക് വിവിധ ന്യായങ്ങള്‍ നിരത്താം.  എങ്കിലും ഞാന്‍ അവളെ അടിച്ചല്ലോ.  ഞാന്‍ ചെയ്തത് ശരിയോ തെറ്റോ?  എങ്ങനെയാണ് നിങ്ങള്‍ അതിന് ഉത്തരം പറയുക?  കഴിയില്ല.  പക്ഷെ മകളെ അടിച്ചത് ഹിംസാത്മകമായ ഒരു പ്രവൃത്തിയാണ്.  ആ ഹിംസ അവളെ മെച്ചപ്പെട്ട ഒരു വിദ്യാര്‍ഥിയാക്കുന്നുണ്ടോ?  ഇവിടേയും ഉത്തരം അവ്യക്തമാണ്.  ബലാത്സംഗം, കൊല എന്നിവയിലൊക്കെ മാത്രമേ ഹിംസ വളരെ വ്യക്തമായിരിക്കൂ. 

അമേരിക്കയുടെ നടപടികള്‍ക്ക് ജോര്‍ജ് ബുഷ് കുറ്റക്കാരനായിരുന്നോ?  എനിക്ക് അറിയില്ല.  എന്തിനാണ് പാശ്ചാത്യരെ പറയുന്നത്.  ഇന്ത്യയുടെ കാര്യം ഒട്ടും വ്യത്യസ്ഥമല്ല. ഇന്ത്യന്‍ സൈന്യം ചെയ്യുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍, ഇന്ത്യന്‍ പോലീസ് നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ - ആരാണ് ഇത് സംബന്ധിച്ച  ചോദ്യങ്ങള്‍ ഉയര്‍ത്തുക?  അപ്പോള്‍ അവരെയൊക്കെ തൂക്കിലേറ്റേണ്ടേ?  എങ്കില്‍ തൂക്കിലേറ്റല്‍ ഒരു നിലയ്ക്കാത്ത പ്രക്രിയയാകും.

നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ ഹിംസയുടെ ധര്‍മ്മമെന്താണ്?  സമൂഹത്തില്‍ അതിന്റെ ധര്‍മ്മമെന്താണ്?  രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഹിംസയുടെ ധര്‍മ്മമെന്താണ്?  ഈ ചര്‍ച്ച രാഷ്ട്രീയ വ്യവസ്ഥിതിയില്‍നിന്നല്ല തുടങ്ങേണ്ടത്.  നമ്മുടെ സമൂഹത്തില്‍നിന്നും നമ്മളില്‍നിന്നുതന്നെയുമാണ് ചര്‍ച്ച ആരംഭിക്കേണ്ടത്.  നിയമത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ നീതിയുടേയോ ഭാഗത്തു നിന്ന് നോക്കുമ്പോള്‍ നിങ്ങള്‍ പുസ്തകത്തിലുള്ള നിയമങ്ങളില്‍ തട്ടിമുട്ടി നില്‍ക്കും.  ആരാണ് ഈ പുസ്തകങ്ങള്‍ എഴുതിയത്?  നാം തന്നെ.  അതുകൊണ്ട് നമുക്ക് നമ്മളില്‍നിന്നുതന്നെ, നമ്മുടെ കുടുംബത്തില്‍നിന്നുതന്നെ, തുടങ്ങാം.  അങ്ങനെ പതുക്കെ ചോദ്യങ്ങള്‍ ചോദിച്ച് ചോദിച്ച് അതിനെ ബ്രഹത് ചോദ്യമാക്കാം.  ഈ പ്രശ്‌നത്തെ ഭേദപ്പെട്ട രീതിയില്‍ അഭിസംബോധന ചെയ്യാന്‍ സാധിക്കുക അങ്ങിനെയായിരിക്കാം. 

സാധാരണയായി കര്‍ണ്ണാടക സംഗീതജഞര്‍ക്കിടയില്‍, പ്രത്യേകിച്ചും പ്രഗത്ഭ സംഗീതജ്ഞര്‍ക്കിടയില്‍, താങ്കളെപ്പോലെ ചിന്തിക്കുന്നവരെ കാണാറില്ല.  വിശാലമായ മനോഭാവം, ആഴവും പരപ്പുമുളള ചിന്തകള്‍, ക്രിയാത്മകവും വിപ്ലവാത്മകവുമായ ആശയങ്ങള്‍ - ഇവയെല്ലാം പൊതുവില്‍  കര്‍ണ്ണാടക സംഗീതജ്ഞരില്‍ കാണാറില്ല.   അസാധാരണമാംവിധം, താങ്കളെ സ്വതന്ത്രമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എന്താണ്? 

രണ്ട് കാര്യങ്ങളാണ്: എന്റെ കുടുംബവും സ്‌കൂളും.  എന്റെ അമ്മയും അച്ഛനും എല്ലായ്‌പ്പോഴും ചോദ്യങ്ങള്‍ ചോദിക്കുന്ന പ്രകൃതക്കാരാണ്.  അത്താഴ ചര്‍ച്ചകള്‍ വീട്ടിലെ പതിവായിരുന്നു.  രാഷ്ട്രീയം, തത്വശാസ്ത്രം, ശരിതെറ്റുകള്‍, ധാര്‍മ്മികത, പൗരബോധം, പരിസ്ഥിതി, തുടങ്ങി എന്തിനെക്കുറിച്ചും.  ഈ വക കാര്യങ്ങള്‍ അത്താഴമേശയ്ക്ക് ചുറ്റുമിരുന്നു സംസാരിക്കുകയും വാഗ്വാദങ്ങള്‍ നടത്തുകയും ചെയ്യുന്നത് വളരെ സ്വാഭാവികമായിരുന്നു ഞങ്ങളുടെ വീട്ടില്‍.  നീണ്ട ആ വിളക്കിന്റെ (5 അടിയോളം ഉയരമുള്ള കല്‍വിളക്ക് ചൂണ്ടിക്കാണിക്കുന്നു) കീഴില്‍ ഒരു കസേരയിലിരുന്നു അച്ഛന്‍ വായിക്കുകയും ചിന്തിക്കുകയും ചെയ്യുമായിരുന്നു.  അമ്മ വലിയ പ്രചോദനമാണ്.  അമ്മയുടെ ചിന്തകള്‍ താത്വികമായ ചായ്‌വുള്ളവയാണ്.  അമ്മയുടെ അമ്മയ്ക്കും വലിയ ആശയങ്ങളുണ്ടായിരുന്നു.  ചോദ്യവും തര്‍ക്കവും ചര്‍ച്ചയും പതിവുള്ള ഈ വീടാണ് ഒരു വലിയ അളവില്‍ എന്നെ രൂപപ്പെടുത്തിയത്.  എന്റെ അച്ഛന്‍ ഒരു വ്യാപാരിയായിരുന്നു.  ഇപ്പോഴില്ല.  അമ്മ ഒരു രസികന്‍ വ്യക്തിത്വമാണ്.  സംഗീതത്തിലും ഇംഗ്ലീഷിലും ബിരുദമുണ്ട്.  പ്രൊഫസറായിരുന്നു, ഒന്നര ദശാബ്ദത്തോളം ഒരു സംഗീതവിദ്യാലയം നടത്തി, ഇംഗ്ലീഷ് സംസാരിക്കാത്തവരെ ഇംഗ്ലീഷ് പഠിപ്പിക്കാനുള്ള ഒരു കോഴ്‌സ് ഇംഗ്ലണ്ടില്‍പോയി പഠിച്ചു, ഇപ്പോള്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി ഗോത്രവര്‍ഗ്ഗക്കാരായ കുട്ടികള്‍ക്കുവേണ്ടി വിദ്യാവനം എന്ന് പേരായ ഒരു സ്്കൂള്‍ നടത്തുന്നു. കേരളത്തിന്റെ അതിര്‍ത്തിയില്‍. ആനക്കട്ടിയ്ക്കടുത്ത്.  കേരളത്തില്‍നിന്നുള്ള കുറെ വിദ്യാര്‍ഥികള്‍ അവിടെ പഠിക്കുന്നുണ്ട്.  അമ്മ അവിടെതന്നെയാണ് താമസിക്കുന്നതും.  സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും മുഴുകിയ ജീവിതമാണ് അമ്മയുടേത്.  ഇത്തരം കാര്യങ്ങളെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ടാവും എന്ന് ഉൗഹിക്കാമല്ലോ? 

രണ്ടാമത്തെ മുഖ്യ സ്വാധീനം സ്‌കൂളാണ്.  ഞാന്‍ പഠിച്ചത് ചെന്നൈയിലുള്ള ജിദ്ദു കൃഷ്ണമൂര്‍ത്തി സ്‌കൂളിലാണ്. അവിടെ ഏത് വിഷയവും ചര്‍ച്ചചെയ്യപ്പെടും.  പ്രകൃതിയില്‍നിന്ന് പഠിക്കുക, വെറുതെ ചുറ്റും നടക്കുക, മുന്‍ധാരണകളെ മറന്ന് വെറുതെ നിരീക്ഷിക്കുക, പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുക, ലോകത്ത് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കുകയും അതിന്റെ വെളിച്ചത്തില്‍ സ്വയം കാണുവാന്‍ പരിശീലിക്കുകയും ചെയ്യുക, മനുഷ്യരെന്ന രീതിയില്‍ സ്വയം കാണാന്‍ ശീലിക്കുക, ഇങ്ങനെ നിരവധി രീതിയിലായിരുന്നു അവിടെ പഠനം.  അതുകൊണ്ട് സ്‌കൂളധ്യാപകരോട് ഞാന്‍ വളരെയധികം കടപ്പെട്ടിരിക്കുന്നു.  ജിദ്ദു കൃഷ്ണമൂര്‍ത്തിയോടും.  നാലു വയസ്സുള്ള കുട്ടിയായിരുന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അക്കാലത്ത് അദ്ദേഹം ബസന്ത് വിഹാറില്‍ താമസിക്കാറുണ്ടായിരുന്നു.  ഞാന്‍ അദ്ദേഹത്തോടൊപ്പം കളിച്ചു നടക്കുമായിരുന്നു.  പക്ഷെ അദ്ദേഹത്തോട് സംവദിക്കാന്‍ വേണ്ടത്ര ബോധം പാകപ്പെട്ട കാലത്ത് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. തീര്‍ച്ചായായും അദ്ദേഹം എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.  അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കുറച്ചൊക്കെ വായിച്ചിട്ടുമുണ്ട്. 

സ്്കൂളില്‍ ചര്‍ച്ച പതിവായിരുന്നു.  ആര്‍ക്കും ഏത് വിഷയവും എടുത്തിടാം.  പിന്നെ ആ വിഷയത്തെ കേന്ദ്രീകരിച്ച് ചര്‍ച്ച വികസിക്കും.  സ്‌കൂളില്‍ ആകെ ഇരുനൂറോളം കുട്ടികളെ ഉണ്ടായിരുന്നുളളൂ.  എല്ലാ വെള്ളിയാഴ്ചയും ഓപ്പണ്‍ ഹൗസ് ഉണ്ടാകും.  സ്‌കൂള്‍ മുഴുവന്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.  അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇതുപോലെയുള്ള ചര്‍ച്ചകള്‍ പാഠ്യപദ്ധതിയുടെ ഭാഗമാണ്.  ഹിംസ, ഭയം, തുടങ്ങി നിരവധി പ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും.  ഇവയെല്ലാം എന്റെ രൂപപ്പെടലിന്റെ ഭാഗമായി.  അതുകൊണ്ടായിരിക്കാം എനിക്ക് സമൂഹിക കാര്യങ്ങളില്‍ താല്‍പര്യം ജനിച്ചത്.  സമൂഹത്തില്‍ എങ്ങിനെ പെരുമാറണമെന്നും സമൂഹത്തിന്റെ നന്മക്കായി എന്ത് ചെയ്യണമെന്നും ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ഈ പശ്ചാത്തലമായിരിക്കണം. 

സംഗീതജ്ഞര്‍ വളരെ സ്വാര്‍ഥരാണ്.   എന്റെ സംഗീതം, എന്റെ ആരാധകര്‍, എന്നിങ്ങനെ എല്ലാം സ്വന്തം കാര്യമായിരിക്കും.  അത് ശരിയാണെന്നോ തെറ്റാണെന്നോ പറയുകയല്ല.  അത് അങ്ങിനെയാണ്.  മുഴുവനായി തങ്ങളുടെ സംഗീതത്തില്‍ മുഴുകിയിരിക്കുക. അതൊരു പ്രത്യേക ലോകംതന്നെയാണ.്  നിങ്ങള്‍ പോയി പാടും, സാധകം ചെയ്യും, സംഗീതം പഠിപ്പിക്കും, സദാ സംഗീതത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും.  അങ്ങനെ നിങ്ങള്‍ മുഴുവനായും സംഗീതത്തിന്റെ അല്ലെങ്കില്‍ ഒരു പ്രത്യേക കലയുടെ കുമിളയാല്‍ വിഴുങ്ങപ്പെടും.  മാത്രമല്ല  നിങ്ങളാണ് ലോകത്തിലെ ഏറ്റവും മഹാനായ സംഗീതജ്ഞന്‍ അല്ലെങ്കില്‍ കലാകാരന്‍ എന്ന് പറയാനായി എപ്പോഴും നിങ്ങള്‍ക്കു ചുറ്റും ആളുകളുണ്ടാവും. ലോകത്തിലേയ്ക്ക് തുറന്നു പിടിച്ചുള്ള ഒരു ജീവിതം എനിക്കുണ്ടായത് ഒരു ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്.  ഈ കുമിളയ്ക്ക് പുറത്തുള്ള ലോകത്തോട് ഞാന്‍ തല്‍പ്പരനായതുകൊണ്ടായിരിക്കാം ഇത്തരം കാര്യങ്ങളിലൊക്കെ ശ്രദ്ധാലുവാകുന്നത്. 

കഴിഞ്ഞ തവണ പയ്യന്നൂരിലെ തുരിയം കച്ചേരിയില്‍ താങ്കള്‍ പാടുമ്പോള്‍ ചിന്തിക്കുകകൂടി ചെയ്യുന്നതായും കണ്ണുകളില്‍ സര്‍ഗ്ഗാത്മകതയുടെ ഭ്രാന്ത്  മിന്നുന്നതായും തോന്നി.  രാഗവിസ്താരം കഴിഞ്ഞ് ശ്രോതാക്കള്‍ കൈയ്യടിച്ചപ്പോള്‍ താങ്കളുടെ മുഖം ആത്മപരിശോധനയില്‍ മുഴുകി.  കൈയ്യടിക്കുവേണ്ടിയല്ല പാടിയത് എന്ന് പറയുകയും ചെയ്തു.  പാടുമ്പോഴും ആത്മപരിശോധന ചെയ്തുകൊണ്ടിരിക്കുന്നതുകൊണ്ടാണോ അങ്ങിനെ പറഞ്ഞത്? 

കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങളായി ഞാന്‍ സംഗീതപരമായി വളരെയധികം മാറിയിട്ടുണ്ട്.  എന്റെ സംഗീതത്തെക്കുറിച്ച് പ്രതിഫലനാത്മകമായി ധാരാളം ചിന്തിച്ചിട്ടുണ്ട്.  വ്യക്തിയില്‍നിന്ന് സംഗീതത്തെ വേര്‍തിരിക്കാന്‍ കഴിയില്ല.  എന്നില്‍നിന്ന് വ്യത്യസ്ഥമായ ഒന്നല്ല സംഗീതം.  ഞാന്‍ വധശിക്ഷയെ കുറിച്ച് സംസാരിക്കുമ്പോള്‍ അത് ഞാന്‍ കാംബോജി രാഗം പാടുമ്പോഴെന്നപോലെത്തന്നെ ഞാനുമായി ബന്ധപ്പെട്ടതാണ്.  ഞാന്‍ പാടുന്നതില്‍നിന്ന് അത് അകലെയല്ല.  അവയ്ക്ക് രണ്ടിനും രണ്ട് വ്യത്യസ്ഥലോകമാകാന്‍ കഴിയില്ല.  ഒരു വ്യക്തിയെന്ന നിലയ്ക്ക് ഞാന്‍ ആത്മപ്രതിഫലനം ചെയ്യാറുണ്ട്.  സംഗീതം എനിക്ക് എന്താണെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്.  സ്റ്റേജില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് ആത്മവിശകലനം ചെയ്യാറുണ്ട്.  ശ്രോതാക്കളെക്കുറിച്ച് വിശകലനാത്മകമായി ചിന്തിക്കാറുണ്ട്. 

ഞാന്‍ ഇവിടെ താങ്കളെ കാണാന്‍ വരുന്നതിന് തൊട്ടു മുന്‍പ് സിനിമയെക്കുറിച്ച് താങ്കള്‍ ഫ്രണ്ട്‌ലൈനില്‍ എഴുതിയ ഒരു ലേഖനം വായിച്ചു.  ആ ലേഖനത്തില്‍ രണ്ട് താല്‍പര്യജനകമായ ആശയങ്ങള്‍ ശ്രദ്ധിച്ചു.  ഒന്ന്, സംഗീതം ഉത്ഭവിക്കുന്നത് അതിന്റെ പ്രത്യേകമായ സാന്ദര്‍ഭികതയില്‍നിന്നാണ്,   അതായത്, ഉത്ഭവിക്കാനുള്ള പ്രചോദനങ്ങള്‍ നിറഞ്ഞ സാന്ദര്‍ഭികമായ ജീവല്‍ മുഹൂര്‍ത്തങ്ങളില്‍ നിന്നാണ്, സിനിമയില്‍നിന്നല്ല, എന്ന ആശയം.  ഈ ആശയത്തെ താങ്കള്‍ വിശദീകരിക്കേണ്ടതുണ്ട്.  രണ്ടാമത്തേത്, താങ്കള്‍ ഒരു വര്‍ഗ്ഗ/ജാതി രഹിത ക്ലാസിക്കല്‍ സംഗീതത്തെ സങ്കല്‍പ്പിക്കുന്നു  എന്നതാണ്.  മാത്രമല്ല, താങ്കള്‍ സംഗീതത്തിന്റെ ഉത്ഭവവുമായി ഇഴുകി ചേര്‍ന്ന വശത്തേയും  സംഗീതത്തിന്റെ പക്ഷരഹിതമായ ഉള്ളടക്കത്തേയും വേര്‍പെടുത്തി കാണുന്നതും ചിന്തോദ്ദീപകമാണ്.  സംഗീതത്തെ പരികല്‍പനാപരമായി മനസ്സിലാക്കുക, സാമൂഹികമായി മനസ്സിലാക്കുക തുടങ്ങിയ പല വിശദാംങ്ങളിലേയ്ക്കും നയിക്കുന്ന ഒരു ആശയവിവേചനമാണ് താങ്കള്‍ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു.

എല്ലാ സംഗീതങ്ങളും ഉത്ഭവിക്കുന്നത് അതാതിന്റെ സന്ദര്‍ഭങ്ങളില്‍നിന്നാണ്.  മറ്റെവിടെനിന്നോ വരികയല്ല.  ഏത് സംഗീതവും വരുന്നത് ഏതെങ്കിലും സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക സന്ദര്‍ഭങ്ങളില്‍നിന്നാണ്.  അത് ഒരു ചെറിയ പ്രദേശമായിരിക്കണമെന്നില്ല, വലിയ ഒരു ഭൂവിഭാഗമാകാം, ജനങ്ങളുടെ സ്വാധീനമുണ്ടാകാം, ജനങ്ങളുടെ കൊടുക്കല്‍-വാങ്ങലുകള്‍ അതിലുണ്ടാകാം.  ഞാന്‍ സംഗീതത്തിന്റെ ഉത്ഭവബിന്ദു എന്നൊക്കെ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അത് ഉണ്ടായിവന്ന, അതിന്റെ രൂപപ്പെടലിലേയ്ക്ക് സംഭാവനചെയ്യപ്പെട്ട കാര്യങ്ങള്‍ പുറപ്പെട്ട, ആ സ്ഥലകാല ബിന്ദുവിനെയാണ്.  ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, വേരുകളെക്കുറിച്ചു പറയുമ്പോള്‍, വേരുകളുടെ കാര്യത്തില്‍ അകം/പുറം എന്ന വേര്‍തിരിവ് ഇല്ല എന്നതാണ്.  ഇതാണ് ഒറിജിനല്‍, മറ്റെല്ലാം പുറത്തുനിന്ന് വന്നതാണ് എന്നൊക്കെ ആളുകള്‍ പറയും.  ഇങ്ങനെ ഒരു അകം/പുറം അതിര്‍ത്തി രേഖ എങ്ങിനെയാണ് വരയ്ക്കുക എന്ന് എനിക്ക് തിട്ടമില്ല.  ഒരു രൂപത്തെ സംഗീതമായി തിരിച്ചറിയുന്ന സമയത്ത് അത് എവിടെനിന്ന് രൂപപ്പെട്ടു എന്ന് നോക്കി, അതിന്റെ അകത്തുള്ള പലതും പുറത്തുനിന്ന് വന്നതാണ് എന്ന് മനസ്സിലാകുമ്പോള്‍ യഥാര്‍ഥത്തില്‍ അവയെല്ലാം അകത്തുള്ളത് തന്നെയാണ് എന്നാണ് തെളിയുന്നത്.   ഒരു കലാരൂപത്തെ 'കൂടിയാട്ടം' അല്ലെങ്കില്‍ 'കര്‍ണ്ണാടക സംഗീതം' എന്ന് തിരിച്ചറിയുമ്പോള്‍, അത് തളിരിട്ട് തഴച്ചുവളര്‍ന്ന വലിയ ഒരു മേഖലയെയാണ് അതിന്റെ അകമായി മനസ്സിലാക്കേണ്ടത്.  അപ്പോള്‍ ഒരു കലയുടെ ദേശം അതിനെ കലാരൂപമായി തിരിച്ചറിയപ്പെട്ട, അത് തഴച്ച് വളരാനിടയായ, മുഴുവന്‍ മേഖലയുമാണ്.  അതാണ് ഞാന്‍ ആ ലേഖനത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളിലൊന്ന്. 

സിനിമയ്ക്ക് സാമൂഹ്യശാസ്ത്രപരമായ ഒരു വലിയ ഗുണമുണ്ട്.  ആ ലേഖനത്തില്‍ ഞാന്‍ അതായിരുന്നു സിനിമയുടെ മേന്മയായി പറഞ്ഞത്.  ഏത് സംഗീതമായാലും അതിന് സാമുഹികമായ ഒരു സന്ദര്‍ഭമുണ്ട്.  ചില സംഗീതത്തെ ചില സമുദായമാണ് കൊണ്ടാടുന്നത്.  ചില സംഗീതം ചില ഭാഷ സംസാരിക്കുന്നവരുടെ വരുതിയിലാണ്. ഈ ബാന്ധവം സിനിമാസംഗീതമാണ് ഛേദിച്ചത്.  സിനിമയ്ക്ക് അത് തകര്‍ക്കാനായത് പാശ്ചാത്യ സ്വാധീനംകൊണ്ടാണുതാനും.  സിനിമാ സംഗീതത്തില്‍ പാശ്ചാത്യ സ്വാധീനം വരുന്നതുവരെ ഓരോ പാട്ടും ഏത് ഗണത്തിന്റേതാണ്, ഏത് പ്രദേശത്തിന്റേതാണ്, എന്ന് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയുമായിരുന്നു.  കര്‍ണ്ണാടക സംഗീതം കേട്ടാല്‍ അത് ബ്രാഹ്മണരുടേതാണ്, വരേണ്യ വര്‍ഗ്ഗത്തിന്റേതാണ്, എന്ന് തിരിച്ചറിയുമായിരുന്നു.  മറ്റു സംഗീതങ്ങളും അവയുടെ പരമ്പരാഗത തനിമ വിളിച്ചു പറയുമായിരുന്നു. 

ഇപ്പോള്‍ മറ്റു പല ശബ്ദങ്ങളും ശൈലികളും ഇടകലര്‍ന്നതോടെ അതിന്റെ പരമ്പരാഗത തനിമ ഇല്ലാതാകുകയും ഏതെങ്കിലും തന്മയുമായി ചേര്‍ത്തു കാണാന്‍ കഴിയാതാവുകയും ചെയ്തു.  അങ്ങനെ സിനിമാസംഗീതം എല്ലാവരുടേയും സംഗീതമായി.  പ്രത്യേകിച്ച് തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും.  കേരളം വളരെ വ്യത്യസ്ഥമാണ്.  കേരളത്തിന്റെ പ്രത്യേകതയുടെ, മൗലികതയുടെ, കാര്യം ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.  ഞാന്‍ പറഞ്ഞുവന്നത് സിനിമ, സംഗീതരൂപങ്ങള്‍ക്കുണ്ടായിരുന്ന സമൂഹികമായ കെട്ടുപാടുകള്‍ ഇല്ലാതാക്കി എന്നാണ്.  ഒരര്‍ത്ഥത്തില്‍ സിനിമ ഒരു പ്രത്യേക സംഗീത രൂപത്തെ സൃഷ്ടിക്കുകയാണുണ്ടായത്.  ഒരു പരിധിവരെ അത് വര്‍ഗ്ഗ/ജാതിരഹിത സംഗീതമായിത്തീര്‍ന്നു.  സിനിമാ പാട്ടുകള്‍ റോഡിലൂടെ നടന്നുപോകുന്നവനും കേള്‍ക്കും.  പരിഹാസ്യമായ 24 നില വീട്ടില്‍ താമസിക്കുന്ന മുകേഷ് അംബാനിയും കേള്‍ക്കും.   രണ്ടുപേരും സിനിമാ പാട്ടുകള്‍ കേള്‍ക്കും, രണ്ടു പേരും സിനിമാ പാട്ടുകള്‍ മൂളും.  അതാണ് സിനിമാ സംഗീതം സൃഷ്ടിച്ച അത്ഭുതം.  യാദൃശ്ചികമായി സംഭവിച്ചതാവാം.  ആരെങ്കിലും ആസൂത്രണം ചെയ്തതുകൊണ്ടല്ല.  ഒരു തരത്തിലും ബന്ധിപ്പിക്കാനാവാത്ത നാനാതരം കൂട്ടരെയാണ് സിനിമാപാട്ട് ബന്ധിപ്പിക്കുന്നത്.  സാമൂഹികമായും മതപരമായും സാസ്‌കാരികമായും വേറിട്ടവര്‍ - ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍, ജൂതന്‍ - ആരെങ്കിലുമാകട്ടെ ഒരു സിനിമാ പാട്ട് മൂളിയിരിക്കും.  സിനിമാ സംഗീതമുണ്ടാക്കിയ ഈ പ്രാതിഭാസിക മാറ്റം ശരിക്കും കൊണ്ടാടേണ്ടതാണ്.   എനിക്ക് തോന്നുന്നത് നമ്മള്‍ അത് വേണ്ടത്ര കൊണ്ടാടുന്നില്ലെന്നാണ്.  നമ്മള്‍, പ്രത്യേകിച്ചും സംഗീതജ്ഞര്‍, ക്ലാസിക്കല്‍ മാത്രമാണ് സംഗീതം എന്ന് തീരുമാനിച്ച് സിനിമാപാട്ടിന്റെ ഈ വിപ്ലവകരമായ ഗുണത്തെ കാണാതിരിക്കുകയാണ്. 

ഏത് സിനിമയായാലും അതില്‍ ഹിന്ദു ദൈവത്തെ ചിത്രീകരിക്കുന്ന രംഗമുണ്ടെങ്കില്‍ കര്‍ണ്ണാടക സംഗീതമല്ലാതെ മറ്റൊന്നും പാര്‍ശ്വസംഗീതമായി വെയ്ക്കാന്‍ കഴിയാത്തതുപോലെയുള്ള ഒരു നിര്‍ബന്ധബുദ്ധി ഇപ്പോഴും ബാക്കിയിരുപ്പുണ്ട് എന്നതാണ് ആ ലേഖനത്തില്‍ ഞാന്‍ പറഞ്ഞ മറ്റൊരു കാര്യം.  എന്തുകൊണ്ട് മതത്തിന് കര്‍ണ്ണാടകസംഗീതേതര സംഗീതം ഉപയോഗിച്ചുകൂടാ?  ഈ കടുംപിടുത്തം നമുക്ക് പൊളിക്കാന്‍ കഴിഞ്ഞിട്ടില്ല.  ഏത് സിനിമ നോക്കിയാലും ആ പ്രവണത കാണാം.  രാമന്‍, കൃഷ്ണന്‍, പുരാണം അല്ലെങ്കില്‍ 14 ാം നൂറ്റാണ്ടിലെ രാജാവോ രാജ്ഞിയോ, രംഗത്തുവരുമ്പോള്‍ സംഗീതം സ്വമേധയാ എന്നപോലെ ക്ലാസ്സിക്കലാകും.  എന്തുകൊണ്ട്?  എന്ത് തന്നെയായാലും ഒരു വര്‍ഗ്ഗരഹിത സംഗീതം പ്രദാനം ചെയ്തത് സിനിമാപാട്ടിന്റെ ഒരു വലിയ സംഭാവനയായി വിലയിരുത്തേണ്ടതാണ്.   

ജാതിമതവര്‍ഗ്ഗ രഹിതമായത് യാദൃശ്ചികമാണ്.  വാണിജ്യതാല്‍പ്പര്യമുള്ളവര്‍ വാണിജ്യവിജയത്തിനുവേണ്ടി എന്തും ചെയ്യും.

സമ്മതിക്കുന്നു.  ഒരു തരം നോക്കികാണലാണ് താങ്കളുടേതും.  ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നില്ല. മറ്റെന്തിനേക്കാളും സിനിമയെ നയിക്കുന്നത് അതിലെ കഥയാണ്.  കഥയിങ്ങനെയാണ്, സംവിധായകന്‍ പലതും തീരുമാനിക്കുന്നു, അതുകൊണ്ട് ഈ പാട്ട് - എന്ന ക്രമത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്.  എന്തുതന്നെയായാലും സിനിമാസംഗീത മേഖലയില്‍ പ്രഗത്ഭരായ സംഗീതജ്ഞരുണ്ടായിരുന്നു, വളരെ നല്ല സംഗീത സംവിധായകര്‍ ഉണ്ടായിരുന്നു.  തമിഴ്‌നാട്ടിലായാലും കേരളത്തിലായാലും ബോളിവുഡ്ഡിലായാലും അവര്‍ പലതരം സ്വാധീനങ്ങളെ സ്വീകരിക്കുകയും ദൃശ്യങ്ങള്‍ക്ക് ചേര്‍ന്ന സംഗീതത്തെ പുതിയ രീതിയില്‍ രൂപപ്പെടുത്തുകയും ചെയ്തു.  സാമൂഹിക-രാഷ്ട്രീയ ആശയങ്ങളൊന്നും ചിന്തിച്ചിട്ടല്ല, അവര്‍ അതൊന്നും ചിന്തിച്ചിരുന്നില്ല എന്ന് എനിക്കു ഉറപ്പാണ്.  അവരുടെ ശ്രദ്ധ അവരുടെ സംഗീതത്തെ എങ്ങനെ കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമാക്കാം, ആകര്‍ഷകമാക്കാം എന്നൊക്കെയായിരുന്നു.  എങ്കിലും അവര്‍ അങ്ങനെ ചെയ്തപ്പോള്‍ അവര്‍ മറ്റൊരു കാര്യം ചെയ്തതുപോലെയായി.  അവര്‍ സംഗീതത്തെ ചലിപ്പിച്ചു.  ഫലത്തില്‍ അവര്‍ ആര്‍ക്കും വിലക്കു കല്‍പ്പിക്കാത്ത സംഗീതമുണ്ടാക്കി.  ഇങ്ങനെയൊക്കെയായിവരും എന്ന് അവര്‍ ഒരിക്കലും ചിന്തിച്ചുകാണില്ല.  സിനിമയുടെ വിജയം മാത്രമേ അവര്‍ ചിന്തിച്ചുകാണൂ.  പക്ഷെ, ബൈ ഡിഫാള്‍ട്ട,് കാര്യങ്ങള്‍ അങ്ങനെയായി.  നാം സിനിമാസംഗീതത്തിന്റെ ആ മാനത്തെ വിലമതിച്ചു കാണുകയും അവര്‍ ഒരു വലിയ കാര്യമാണ് സാധിച്ചത് എന്ന് അംഗീകരിക്കുകയും വേണമെന്ന പക്ഷക്കാരനാണ് ഞാന്‍. 

കേരളത്തിന്റെ പ്രത്യേകതകളെക്കുറിച്ച് താങ്കള്‍ നേരത്തെ എന്തോ പറയാനൊരുങ്ങി. 

കുറേ കാര്യങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള സ്ഥലമാണ് കേരളം.  കര്‍ണ്ണാടക സംഗീതത്തിന്റെ കാര്യത്തിലും കേരളം ഒരു വിശേഷപ്പെട്ട നാടാണ്.  പ്രധാനപ്പെട്ട വിശേഷം തമിഴ്‌നാട്ടിലുള്ളതുപോലെയുള്ള ബ്രാഹ്മണമേധാവിത്തം കേരളത്തിലെ കര്‍ണ്ണാടക സംഗീത മേഖലയില്‍ ഇല്ല എന്നതാണ്.  അക്കാര്യത്തില്‍ നമിക്കേണ്ട, തൊപ്പി ഉയര്‍ത്തി ആദരവ് പ്രകടിപ്പിക്കേണ്ട, സംസ്ഥാനമാണത്.  റിക്ഷയോടിക്കുന്നവര്‍ മഴ നനഞ്ഞ് കച്ചേരി കേള്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.  ഒരു പാട് തവണ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ള ഒരു സംഭവം ഒരിക്കല്‍കൂടി പറയാം.  മാവേലിക്കര അമ്പലത്തിലാണെന്ന് തോന്നുന്നു.  രാത്രി പതിനൊന്ന് മണിയായിക്കാണും.  ഞാന്‍ പാടികൊണ്ടിരിക്കുകയായിരുന്നു.  ലുങ്കി ധരിച്ച ഒരാള്‍ മദ്യ ലഹരിയില്‍ ആടികൊണ്ട്, ബീഡിയും പുകച്ച്, ശ്രോതാക്കളുടെ മുന്‍നിരയില്‍, എന്റെ തൊട്ടു മുന്നിലായി ഇരുന്നു. അയാള്‍ അയാളെക്കുറിച്ച് എന്താണ് വിചാരിക്കുന്നത് (അഹങ്കാരം!) എന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടു.  അരമണിക്കുറോളം പാട്ട് കേട്ടിരുന്ന് അയാള്‍ പറഞ്ഞു: 'കാംബോജി, സാമി, കാംബോജി.'  ആ നിമിഷം ഞാന്‍ ജീവിതത്തില്‍ ഒരിക്കലും മറക്കില്ല.  എന്റെ സ്വയംമതിപ്പെല്ലാം അപ്രത്യക്ഷമായി.  അയാളുടെ മുന്നില്‍ ഒരു ഉറുമ്പുപോലെയായി ഞാന്‍.  അത്തരം അറിവുകളൊക്കെ എന്റെ മാത്രമാണെന്ന മിഥ്യാബോധം അതോടെ ഇല്ലാതായി. 

കേരളത്തിലെ അമ്പലങ്ങള്‍ ഇപ്പോഴും കുറേയൊക്കെ പൊതു സ്ഥലമായി     ഉപയോഗിക്കപ്പെടുന്നുണ്ട്.  കലയ്ക്കും സംസ്‌കാരത്തിനും സമുഹത്തിനും ഒത്തു ചേരാന്‍ കഴിയുന്ന ഒരു ഇടം എന്ന നിലയ്ക്ക്.  തമിഴ്‌നാട് അങ്ങനെയല്ല.  വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നു.  ഇപ്പോള്‍ എല്ലാം നഷ്ടപ്പെട്ടു.  കേരളത്തിന് ഇപ്പോഴും അത് നഷ്ടമായിട്ടില്ല.  അതുകൊണ്ടായിരിക്കാം കേരളത്തില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വിവിധ ജാതികളില്‍പ്പെട്ടവരും കര്‍ണ്ണാടക സംഗീതം കേള്‍ക്കുന്നതും പാടുന്നതും.   

കര്‍ണ്ണാടക സംഗീതം എന്ന വാക്കുതന്നെ ദേശീയ പ്രസ്ഥാനങ്ങളോടൊപ്പം ഉണ്ടായതാണ്, കര്‍ണ്ണാട്ടിക പ്രദേശത്തുണ്ടായിരുന്ന മഹത്തായ കലാ പാരമ്പര്യത്തെ വീണ്ടെടുത്ത് ദേശീയ പാരമ്പര്യത്തെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ആ വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്ന് ഒരു വാദമുണ്ട്. 

അങ്ങനെയല്ല യഥാര്‍ത്ഥത്തില്‍.  കര്‍ണ്ണാടിക് എന്ന പദം രണ്ട് രീതിയില്‍ പ്രയോഗിക്കുന്നുണ്ട്.  ഇന്ത്യന്‍ പ്രദേശങ്ങളെചൊല്ലി ഫ്രഞ്ച് ഈസ്റ്റ് ഇന്‍ഡ്യാ കമ്പനിയും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും തമ്മില്‍ 18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ നടന്ന കര്‍ണ്ണാടിക് വാറുകളെ ഉദ്ദേശിച്ച് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചതാണ് ഒരു കര്‍ണ്ണാടിക്.    നമ്മുടെ സംഗീതം ശരിക്ക് 'കര്‍ണ്ണാടക' സംഗീതമാണ്.  കര്‍ണ്ണങ്ങള്‍ക്ക് രസിക്കുന്നത് എന്ന അര്‍ത്ഥത്തില്‍. അത് കര്‍ണ്ണാട്ടിക് ആയത് ബ്രിട്ടീഷുകാര്‍ കാരണമാണ്.  കര്‍ണ്ണാടക എന്ന വാക്ക് പുതിയ വാക്കുമല്ല.  കുറേ കാലമായി ഉളളതാണ്. 

കര്‍ണ്ണാടക സംഗീതവുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്‌നങ്ങള്‍ കേരളം മറി കടന്നു എന്നാണ് ഞാന്‍ കരുതുന്നത്.  പല സംഘങ്ങളായി വേര്‍പിരിഞ്ഞു നില്ക്കാതെ കര്‍ണ്ണാടക ശബ്ദം കേരളത്തിലുള്ളവര്‍ക്ക് രസിക്കാനാവുന്നുണ്ട്.   കര്‍ണ്ണാടക ശബ്ദം എന്ന് ഞാന്‍ കരുതിക്കൂട്ടി പറഞ്ഞതാണ്.  ഗാനമേളയിലൂടെയും കഥകളിയിലൂടെയും കച്ചേരികളിലൂടേയും ശബ്ദമായി കേള്‍ക്കപ്പെടുന്നത് എന്ന അര്‍ത്ഥത്തില്‍ കര്‍ണ്ണാടക ശബ്ദം.

താങ്കള്‍ ചില ചിന്താ സാമഗ്രികള്‍ ഉണ്ടാക്കി സംഗീത സങ്കല്‍പ്പത്തെ അതിന്റെ കെട്ടുപാടുകളില്‍നിന്നെല്ലാം മാറ്റി നിര്‍ത്തി ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടുന്നതായി തോന്നുന്നു.

ഞാന്‍ ഏത് ചുറ്റുപാടില്‍പെട്ട ആളായാലും ഞാനും സംഗീതവും ചേര്‍ന്നാല്‍ പിന്നെ മറ്റൊന്നും അവിടേയ്ക്ക് കയറിവരില്ല.  ഒരു ചിത്രകാരന്‍ അയാള്‍ എവിടെ താമസിച്ചാലും ചിത്രകലയില്‍ ഏര്‍പ്പെടുമ്പോള്‍ അയാള്‍ക്ക് ബ്രഷും കളറും മാത്രമേ പ്രധാനമാകൂ.  ഞാന്‍ പാടുമ്പോള്‍ എനിക്ക് പ്രധാനം സംഗീതത്തിന്റെ ശബ്ദം മാത്രമാണ്.  അതുപോലെ നല്ല ഒരു ശ്രോതാവ് സംഗീതം കേള്‍ക്കുന്നതില്‍ മുഴുകുമ്പോള്‍ അയാള്‍ ഇപ്പോള്‍ എവിടെയാണെന്നോ പാട്ടുകാരന്‍ ഏത് ജാതിക്കാരനാണെന്നോ, ഏത് മതക്കാരനാണെന്നോ ചിന്തിക്കാനിടയില്ല.  കലയിലാണ്ടു കഴിഞ്ഞാല്‍ പിന്നെ കല മാത്രമേയുളളൂ.  എങ്കില്‍ പിന്നെ മറ്റു കാര്യങ്ങള്‍കൊണ്ട് കലയെ മലിനമാക്കുന്നത് എന്തിനാണ്?  ഏറെക്കുറേ എല്ലാ കലകളും പലതരം സംഘങ്ങളുടേയും സമുദായങ്ങളുടേയും കൈയ്യിലാണെന്നത് ഒരു വാസ്തവമാണ്.   എന്നാല്‍ എന്തെങ്കിലും ഒന്ന് കലയായി മാറുകയാണെങ്കില്‍ പിന്നെ അത് പഠിക്കാനും പ്രയോഗിക്കാനും ആസ്വദിക്കാനും എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ട്.  പക്ഷെ ആരുടെ മേലും അത് അടിച്ചേല്‍പ്പിക്കാന്‍ പാടില്ല. അതേ സമയം തടസ്സം നില്‍ക്കരുത്.  നാം തടസ്സം നില്‍ക്കുന്നുണ്ട്.  രാമനിലും കൃഷ്ണനിലും ഗോവിന്ദനിലും വിശ്വസിക്കുന്നവര്‍ മാത്രമേ കര്‍ണ്ണാടക സംഗീതം കേള്‍ക്കാന്‍ പാടുകയുള്ളൂ എന്ന് വിലക്കാനുള്ള അവകാശം എനിക്കില്ല.  സംഗീതത്തില്‍ ശബ്ദമാണുള്ളത്.  ആര്‍ക്കും അത് കേള്‍ക്കാം.  രാമനില്‍ വിശ്വസിക്കേണ്ട ആവശ്യമില്ല.  സംഗീതത്തിന്റെ ശബ്ദം ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ല.  അത്രമാത്രം.  മതം, ജാതി, ഭാഷ എന്നു തുടങ്ങി യാതൊന്നിന്റെ പേരിലും വിലക്കുകള്‍ ഉണ്ടാവാന്‍ പാടില്ല.

ഭാഷയെ ചൊല്ലിയുള്ള പക്ഷവാദങ്ങളും അടിസ്ഥാനമില്ലാത്തതാണ്.  സംസ്‌കൃതം അറിയണം, തമിഴ് അറിയണം, മലയാളം അറിയണം തുടങ്ങിയ തടസ്സങ്ങള്‍ സംഗീതത്തിലില്ല.  എനിക്ക് പാട്ടിന്റെ ശബ്ദം മനസ്സിലാക്കാന്‍ കഴിയും.  ഇത് സംഗീതമാണ്.   ഞാന്‍ കവിത വായിക്കുകയല്ല.  എന്നെ സംബന്ധിച്ചിടത്തോളം മലയാളത്തിന്റെ ശബ്ദം മനോഹരമാണ്.  അത് സംഗീതത്തിലേയ്ക്ക വരുമ്പോള്‍ കുറേക്കൂടി മനോഹരം.  അപ്പോള്‍ എനിക്ക് ഒരു തരത്തിലും വിലക്ക് കല്‍പ്പിക്കാന്‍ പറ്റില്ല.  ഒരിക്കല്‍ സംഗീതമായാല്‍ പിന്നെ സംഗീതമായി.  അത് ഹിന്ദു സംഗീതമല്ല, കൃസ്ത്യന്‍ സംഗീതമല്ല, കര്‍ണ്ണാടിക സംഗീതമല്ല.  ഈ തരം കാര്യങ്ങള്‍ സംഗീതത്തിന്റെ തലക്കെട്ടിനു കീഴില്‍ വരരുത്.  അതുകൊണ്ട് എനിക്ക് താങ്കളോട് യോജിക്കേണ്ടിവരും.  നമുക്ക് സംഗീതത്തെ ഇതിനെല്ലാം അപ്പുറത്തേയ്ക്ക് ഉയര്‍ത്തണം.  ആരു കേള്‍ക്കുന്നു, ആരു പാടുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം സംഗീതത്തെ മനസ്സിലാക്കാന്‍ ആശ്രയിക്കുന്ന പരികല്‍പനകളില്‍നിന്ന് നീക്കം ചയ്യപ്പെടണം.  അപ്പോള്‍ മാത്രമേ എല്ലാവര്‍ക്കും സംഗീതത്തെ സമീപിക്കാനുള്ള അവസരമുണ്ടാകൂ.  അവര്‍ സംഗീതത്തിന് നേരെ നോക്കട്ടെ, എന്നിട്ട് അവര്‍ പറയട്ടെ വേണ്ട എന്ന്, അതിനവര്‍ക്ക് അവകാശമുണ്ട്.  പക്ഷെ അവരോട് ഇത് നിങ്ങള്‍ക്കുള്ളതല്ല എന്ന് പറയാന്‍ എനിക്ക് അവകാശമില്ല.  കാരണം അത് സംഗീതമാണ്.  ഞാന്‍ എത്ര പാടിയാലും അത് എന്റേത് മാത്രമാകുന്നില്ല.  പാടുവാന്‍ കഴിയുന്നത് എന്റെ ഭാഗ്യമാണെന്ന് മാത്രം.    ഞാന്‍ കൈയ്യാളുന്നില്ല, എന്റെ കീശയില്‍ കൊണ്ടു നടക്കുന്നില്ല, ഞാന്‍ അതിന്റെ രക്ഷകനുമല്ല.  എന്റെ കര്‍ത്തവ്യം സംഗീതത്തോട് സത്യസന്ധമാവുക എന്നതാണ്.  സംഗീതത്തിനുവേണ്ടി എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുക എന്നതാണ്. 
 
സംഗീതത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോള്‍ പറഞ്ഞത് കുറച്ചു കൂടി വ്യക്തമാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.   കുറേ പണ്ട്, ഹൈന്ദവ മേധാവിത്തത്തിന് മുന്‍പ്, ബുദ്ധിസ്റ്റുകളുടെ കാലത്ത് സംസ്‌കൃതത്തിലെ സിദ്ധരൂപത്തില്‍ അകാരാന്ത പുല്ലിംഗത്തിന്റെ വിഭക്തി വൃക്ഷഃ വൃക്ഷൗ വൃക്ഷാഃ എന്നായിരുന്നു.  ഇതാണ് പിന്നീട് ഹൈന്ദവ കാലഘട്ടത്തില്‍ രാമഃ രാമൗ രാമാഃ ആയി മാറിയത്. 

തീര്‍ച്ചയായും അങ്ങിനെയൊക്കെയാണ് ചരിത്രത്തില്‍ സംഭവിക്കുന്നത്.

ഭാഷയും സംഗീതവും തമ്മില്‍ അനിവാര്യമായ ഒരു കെട്ടുപാടുമില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്.  ഇത് മറ്റൊരു ചോദ്യത്തിന് ഇടം നല്കും: എങ്കില്‍ എന്താണ് സംഗീതത്തിന്റെ ഉള്ളടക്കം?  സാഹിത്യം സംഗീതത്തില്‍ എന്ത് വൃത്തിയാണ് ചെയ്യുന്നത്? 

വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണത്.  അപ്പോള്‍ നമ്മള്‍ കര്‍ണ്ണാടക സംഗീതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.  അല്ലേ?  കാരണം ഓരോ സംഗീതരൂപവും വ്യത്യസ്ഥമാണ്.  അതുകൊണ്ട് ഞാന്‍ കര്‍ണ്ണാടക സംഗീതത്തെക്കുറിച്ച് സംസാരിക്കാന്‍ പോകുകയാണ്.  അപ്പോള്‍ ചോദ്യം ഇതാണ്: എങ്ങനെയാണ് ഭാഷയേയും സംഗീതത്തേയും കാണുന്നത്?  ഈ അടുത്ത കാലത്തുപോലും ഞാന്‍ അതിനെ സംബന്ധിച്ച് സംസാരിച്ചിട്ടേയുള്ളൂ.  ഭാഷയ്ക്ക് രണ്ട് ഭാഗങ്ങളുണ്ട്. സാഹിത്യാര്‍ഥമാണ് ഒന്ന്.  രണ്ടാമത്തേത് ശബ്ദമാണ്.  ശബ്ദത്തിന് അര്‍ഥമുണ്ടോ?  രണ്ടും വ്യത്യസ്ഥമാണ്.  ഒന്ന് വാക്കുകളുടെ അര്‍ത്ഥമാണ്.  മറ്റേത് ശബ്ദത്തിന്റെ അര്‍ത്ഥമാണ്.  കര്‍ണ്ണാടക സംഗീതത്തില്‍ വരുന്നത് ശബ്ദത്തിന്റെ അര്‍ത്ഥമാണ്, വാക്കിന്റെ അര്‍ഥമല്ല.  ഞാന്‍ രാമായ രാമഭദ്രായ എന്ന ശ്ലോകം ചൊല്ലുമ്പോള്‍ അനുവാചകന് രാമന്‍ ആരാണെന്നും വാക്കിന്റെ അര്‍ഥം എന്താണെന്നും മറ്റും അറിയേണ്ടതുണ്ട്.  പക്ഷെ ഞാന്‍ അതേ വാക്കുകള്‍ സംഗീതമായി ആലപിക്കുമ്പോള്‍ നിങ്ങള്‍ അറിയേണ്ടത് 'രാ' സംഗീതവുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു, 'മ' എങ്ങനെ സംഗീതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്.  രാഗം ഒഴുകുമ്പോള്‍ 'രാ' യും 'മ' യും എങ്ങനെയൊക്കെ കോര്‍ത്തിണങ്ങുന്നു, എവിടെ അവ ഇല്ലാതാകുന്നു, എന്നൊക്കെ അറിയുന്നതാണ് അതിന്റെ അര്‍ഥം.  അല്ലാതെ ഈശ്വരനല്ല സംഗീതത്തില്‍ പ്രതിപാദ്യം.  മനസ്സിലാക്കലിലുള്ള ഈ വ്യത്യാസത്തെ നാം സംഗീതാവതരണത്തിലൂടെ വ്യക്തമാക്കുകയും വേണം. 

സംഗീതം വാക്കുകളെ അവയുടെ അര്‍ത്ഥത്തിലേയ്ക്കല്ല അര്‍ഥം നഷ്ടപ്പെടുന്നിടത്തേയ്ക്കാണ് കൊണ്ടുപോകുന്നത് എന്ന് രബീന്ദ്രനാഥ ടഗോര്‍ പറഞ്ഞിരുന്നു.

ശരിയാണ്.  പക്ഷെ അദ്ദേഹം തെറ്റുകളും പറഞ്ഞിട്ടുണ്ട്.  ലോകത്തില്‍ മഹത്തായ അര്‍ഥമില്ലാതെ മഹത്തായ സംഗീതമുണ്ടാകില്ല എന്നും ടഗോര്‍ പറഞ്ഞിരുന്നു.  അക്കാര്യത്തില്‍ ഞാന്‍ ടഗോറിനോട് വിയോജിക്കുന്നു.  അരബിന്ദോ, ടഗോറിന്റെ ഈ ആശയത്തെക്കുറിച്ച്, വിദ്യാര്‍ത്ഥികളുമായി രസകരമായി ചര്‍ച്ച ചെയ്തിരുന്നു.  ടഗോറിന്റെ അഭിപ്രായത്തില്‍ ഭാരതീയ സംഗീതവുമായി താരതമ്യം ചെയ്യുമ്പോള്‍ പാശ്ചാത്യസംഗീതം അത്ര ശക്തമല്ല എന്നാണ്.  അതിന് കാരണമായി അദ്ദേഹം പറയുന്നത് ഭാരതീയ സംഗീതത്തിന്റെ വൈകാരിക ഭാവമാണ്.  പക്ഷെ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വാച്യാര്‍ഥമാണ് വൈകാരിക ഭാവമുണ്ടാക്കുന്നത്.  ഇവിടേയും ഞാന്‍ ടഗോറിനോട് വിയോജിക്കുന്നു.  യഥാര്‍ഥത്തില്‍ വാച്യാര്‍ഥമല്ല സംഗീതത്തില്‍ വൈകാരിക ഭാവം ഉണ്ടാക്കുന്നത്. ഭാഷയെ ശബ്ദമാക്കുന്ന ആ പ്രക്രിയയിലാണ് വൈകാരിക ഭാവം സൃഷ്ടിക്കപ്പെടുന്നത്.  അതുകൊണ്ട് സംഗീതത്തില്‍, കവിതയില്‍നിന്ന്, വ്യത്യസ്ഥമായ അര്‍ഥമാണ് വാക്കുകള്‍ക്കുള്ളത്.  താങ്കള്‍ പറഞ്ഞ ഉദ്ധരണിയില്‍ സൂചിപ്പിച്ചതുപോലെ എന്തിന്റേയും അതിര്‍ത്തി കടന്നുപോകാനാവും. എന്തിനേയും യാഥാര്‍ഥ്യത്തിന്റെ അതിര്‍ത്തി കടത്തി കൊണ്ടുപോകാനാവും.  പറഞ്ഞ് പറഞ്ഞ് കുറച്ച് താത്വികമായി പോകുന്നു...  

കര്‍ണ്ണാടക സംഗീതം പാടുമ്പോള്‍, ത്യാഗരാജ കൃതി പാടുമ്പോള്‍, ഞാന്‍ ത്യാഗരാജനില്‍ വിശ്വസിക്കുകയല്ല.  'മനവ്യാള കിം' എന്ന് പാടുമ്പോള്‍ 'മന' എന്നതും 'വ്യാള' (പാടുന്നു) എന്നതും 'മനവ്യാള' എന്നപോലെയല്ല.  'വ്യ' സ്ഥായിയിലൂടെ താഴേയക്ക് സഞ്ചരിക്കുന്നതാണ് അതിന്റെ അര്‍ഥം.  അതായത് എപ്പോള്‍ ഭാഷയ്ക്ക് സംഗീതത്തിന്റെ രൂപം നല്‍കപ്പെടുന്നുവോ അപ്പോള്‍ മുതല്‍ അതിന് വാക്കിന്റെ അര്‍ഥമല്ല. അതിന് സംഗീതരൂപത്തിന്റേതായ ഒരു അര്‍ഥമാണ്.  അതായത് സാഹിത്യത്തെ ശബ്ദമായി മനസ്സിലാക്കുന്നതുവരെ, ശബ്ദം സംഗീതവുമായി ബന്ധപ്പെടുന്നതിനെ മനസ്സിലാക്കുന്നതുവരെ, നമുക്ക് ഇത്തരം പ്രശ്‌നങ്ങളും തര്‍ക്കങ്ങളും ഉണ്ടായിക്കൊണ്ടേയിരിക്കും.  

ഇത്തരം കാര്യങ്ങളെക്കുറിച്ച് കുറേയൊക്കെ ഞാന്‍ എന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.  കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍ പിന്നെ ഞാന്‍ എന്തുകൊണ്ട് പ്രകൃതിയെക്കുറിച്ച് പാടുന്നില്ല എന്ന് ചോദിക്കാം.  ഞാന്‍ ശ്രമിച്ചിരുന്നു.  പക്ഷെ പ്രകൃതിയെക്കുറിച്ച് പാടുമ്പോഴും ഞാന്‍ അതേ കുരുക്കില്‍തന്നെയാണ്, സാഹിത്യാര്‍ഥത്തിന്റെ കുരുക്കില്‍ത്തന്നെയാണ്, കുരുങ്ങുന്നത്.  ഞാന്‍ വെറുതെ 'രാമന്റെ' സ്ഥാനത്ത് 'വൃക്ഷ' ത്തെ പകരം വെയ്ക്കുന്നു എന്ന് മാത്രം.  അപ്പോള്‍ ഞാന്‍ 'മര'ത്തിന്റെ കുരുക്കില്‍ പെടുന്നു. ഞാന്‍ പറയുന്നത് 'മരം' പ്രശ്‌നമല്ല, 'രാമന്‍' പ്രശ്‌നമല്ല എന്നാണ്.  പകരം 'രാമന്‍' എന്ന ശബ്ദം കാര്യമാണ്.  'വൃക്ഷം' എന്ന ശബ്ദം കാര്യമാണ്.  നമ്മള്‍ കുറച്ച് മനസ്സ് തുറക്കുകയും ഇതുവരെയുള്ള അനുശീലനങ്ങളില്‍നിന്ന് കുതറിമാറുകയും ചെയ്താലേ കര്‍ണ്ണാടക സംഗീതത്തില്‍ സാഹിത്യം ശബ്ദമായി ഉപയോഗിക്കുന്ന വിധം കൃത്യമായി മനസ്സിലാക്കാനാവൂ. 

മഹത്തായ സംഗീതകൃതികളെ നോക്കൂ.  അവ വെറും മഹത്തായ വാക്കുകളല്ല.  വാക്കുകള്‍ താളത്തില്‍ പതിക്കുന്നത് ശ്രദ്ധിക്കൂ.  വാക്കുകള്‍ പ്രാസങ്ങളാകുന്നതു നോക്കൂ.  അര്‍ഥമാണ് ലക്ഷ്യമെങ്കില്‍ എന്തിനാണ് പ്രാസം?  എന്തിനാണ് ദ്വതീയാക്ഷര പ്രാസം?   പ്രാസം വാക്കുകള്‍ക്ക് സംഗീതഭാവം പകരുന്നു.  ഗദ്യത്തില്‍നിന്ന് പദ്യത്തിനുള്ള അന്തരം വാക്കിനെ വാച്യാര്‍ഥത്തില്‍നിന്ന് പറന്നുപോവാന്‍ അനുവദിക്കലാണ്.  കവിത നിങ്ങളെ ഭാവനാവിലാസത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്നു.  നിങ്ങള്‍ ഒരു നല്ല കവിത വായിക്കുമ്പോള്‍, അത് നിങ്ങളോട് എല്ലാം പറയുന്നില്ല, ആ വിടവുകള്‍ നിങ്ങളുടേതാണ്.  അതുതന്നെയാണ് സംഗീതവും ചെയ്യുന്നത്.  അതുകൊണ്ട് നമുക്ക് വാച്യാര്‍ഥത്തില്‍നിന്ന് മാറി കുറച്ചുകൂടി ആഴത്തിലേയ്ക്ക് പോകണം. അപ്പോള്‍ നമുക്ക് മഹാവാഗ്ഗേയകാരന്മാരുടെ രചനാപാടവത്തെക്കുറിച്ച് മനസ്സിലാകും.  അവര്‍ സംഗീത ശബ്ദത്തെ എങ്ങനെ ഉപയോഗിച്ചു, എങ്ങനെ വ്യത്യസ്ഥ ശബ്ദങ്ങളേയും സ്വരങ്ങളേയും രാഗങ്ങളേയും രൂപവിധാനം ചെയ്തു എന്നൊക്കെ മനസ്സിലാകും.  ഉച്ചരിക്കുന്ന വിധമാണ് വാക്കുകളെ സംഗീതമാക്കുന്നത്.  സംഗീതത്തിലെ ഉച്ചാരണം കവിതയില്‍ ഉച്ചരിക്കുന്നതുപോലെയല്ല.  കാരണം അത് സംഗീതമാണ്, കവിതയല്ല, എഴുതപ്പെട്ട പാഠമല്ല.


സാഹിത്യത്തിനുമേലുള്ള ഈ കടുംപിടുത്തത്തിന്റെ സ്രോതസ്സ് സംഗീതലോകത്തെ വലയം ചെയ്യുന്ന ഒരു തരം പ്രത്യയശാസ്ത്രമാണ്.  അതിന്റെ കര്‍ത്താക്കള്‍ സംഗീതജ്ഞരല്ല, സംഗീതത്തെ ഭരിക്കുന്നവരാണ്.

എനിക്ക് തോന്നുന്നത്, ഹിന്ദു ബ്രാഹ്മണ സംസ്‌കാരമാണ് സാഹിത്യത്തിലുള്ള കടുംപിടുത്തത്തിന് കാരണമെന്നാണ്.  കുടാതെ താങ്കള്‍ പറഞ്ഞതുപോലെയുള്ള സംഗീതജ്ഞരല്ലാത്തവരുടെ ഉന്തും ഉണ്ട്.  സാഹിത്യം ഇങ്ങനെയാവാണം, അങ്ങനെയാവണം, അവിടെ രാമന്‍ വരണം, ഈ സ്ഥാനത്ത്  വരണം, എന്നങ്ങനെയുള്ള എത്ര ലേഖനങ്ങളാണ് പടച്ചുവിടുന്നത്, ഏത്രമാത്രം പേജുകള്‍!  യഥാര്‍ഥത്തില്‍ സംഗീതവുമായി അതിന് യാതൊരു ബന്ധവുമില്ല. ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ തുടങ്ങിയവരുടെ മത പ്രസംഗങ്ങളില്‍ അവ പ്രസക്തമായിരിക്കാം.  പക്ഷെ സംഗീതത്തില്‍ അല്ല.  അതൊക്കെ സംഗീതത്തില്‍ എന്തിനാണ് പറയുന്നത്?  മത തത്വശാസ്ത്രത്തില്‍ അത് പറഞ്ഞുകൊള്ളൂ.  വിരോധമില്ല.  ഞാന്‍ കേള്‍ക്കാന്‍ വരാം.  പങ്കെടുക്കുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.  അത്തരം കാര്യങ്ങള്‍ സംഗീതത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല.  ത്യാഗരാജ സ്വാമിയുടെ രാമായണത്തില്‍ എനിക്ക് താല്‍പ്പര്യമില്ല.  എനിക്ക് ത്യാഗരാജന്റെ സംഗീതത്തില്‍ മാത്രമേ താല്‍പ്പര്യമുള്ളൂ. 


ആരാണ് താങ്കളുടെ ആദ്യ ഗുരു?

ഭാഗവതുല സീതാരാമ ശര്‍മ്മ.  അദ്ദേഹത്തിന്റെ കീഴിലാണ് ഞാന്‍ ഏറെക്കാലം പഠിച്ചത്.  അദ്ദേഹം ആന്ധ്രാപ്രദേശിലെ കുച്ചുപ്പുടി സ്വദേശിയാണ്.  കുച്ചുപ്പുടിയില്‍നിന്ന് ചെന്നൈയിലേയ്ക്ക് താമസം മാറ്റി ഇവിടെ കലാക്ഷേത്രയില്‍ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.  എന്റെ അമ്മയെ സംഗീതം പഠിപ്പിക്കാന്‍ അദ്ദേഹം വീട്ടില്‍ വരുമായിരുന്നു.  അങ്ങനെയാണ് ഞാനും പഠിക്കാന്‍ തുടങ്ങിയത്.  തുടര്‍ന്ന് അദ്ദേഹവും അമ്മയും ചേര്‍ന്ന് സംഗീതവിദ്യാലയം ആരംഭിച്ചു.    അവിടെ ഞാന്‍ ഏതാണ്ട് 18 വര്‍ഷത്തോളം പഠിച്ചു.  അതിനിടയില്‍ ചെങ്കല്‍പേട്ട രംഗനാഥന്റെ കീഴില്‍ കുറച്ചു കാലം 'രാഗം താനം പല്ലവി'യില്‍ പരിശീലനം നേടി.  പിന്നീട് എനിക്ക് ശെമ്മങ്കുടി ശ്രീനിവാസയ്യരുടെ കീഴില്‍ സംഗീതം അഭ്യസിക്കാനുള്ള മഹാഭാഗ്യം യാദൃശ്ചികമായി വന്നുചേര്‍ന്നു.  അദ്ദേഹം എന്റെ ഒരു കച്ചേരി കേള്‍ക്കാന്‍ വന്നിരുന്നു.  കച്ചേരി കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ അച്ഛനോട് എന്നെ പഠിക്കാന്‍ വിടാന്‍ പറഞ്ഞു.  അങ്ങനെ അദ്ദേഹത്തിന്റെ കീഴില്‍ ആറ് വര്‍ഷം പഠിക്കാന്‍ കഴിഞ്ഞു.

ശിഷ്യനേക്കാള്‍ ഒരു സുഹൃത്ത് എന്ന നിലയിലായിരുന്നു ശെമ്മങ്കുടി മാമ എന്നോട് പെരുമാറിയിരുന്നത്.  എന്നോട് വളരെ അടുപ്പമായിരുന്നു.  ഒരുപാട് ദിവസങ്ങള്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ട്.  അദ്ദേഹം ഒരു വിചിത്ര മനുഷ്യനായിരുന്നു.  നല്ല നര്‍മ്മജ്ഞനായിരുന്നു.  അത്തരം വ്യക്തികള്‍വേണം ലോകത്തില്‍.  ഇപ്പോള്‍ എല്ലാവരും ഒരേപോലെ പെരുമാറുന്നവരായി മാറിക്കഴിഞ്ഞിട്ടുണ്ട്.  ഇപ്പോള്‍ ആര്‍ക്കും അവരവരെപ്പോലെയാകാനുള്ള ധൈര്യമില്ല.  അതാണ് പഴയ തലമുറയിലുള്ളവരുടെ വ്യത്യാസം.  നിങ്ങള്‍ അവരെ അംഗീകരിച്ചാലും ഇല്ലെങ്കിലും അവര്‍ അവരായിരിക്കും.   അവരുടെ സ്വഭാവത്തിന് അത്തരം ഒരു ആകര്‍ഷണീയതയുണ്ട്, ഗാംഭീര്യമുണ്ട്.  അവര്‍ക്ക് അവരാവാനുള്ള ധൈര്യമുണ്ട്.  ഇന്ന് നമുക്ക് എല്ലാവരോടും നന്നായി പെരുമാറുന്നവരാകണം.  എല്ലാവരാലും എളുപ്പം സ്വീകരിക്കപ്പെടുന്നവരാകണം.  എല്ലാവരേയും സന്തോഷപ്പെടുത്തുവരാവണം.  ശെമ്മങ്കുടി ഈ ഗണത്തില്‍ പെടുന്ന ആളായിരുന്നില്ല. ഞാന്‍ ഇതാണ്, വേണെമെങ്കില്‍ സ്വീകരിച്ചോളൂ, അല്ലെങ്കില്‍ വേണ്ട.  ശെമ്മങ്കുടി ഈ അര്‍ഥത്തില്‍ തന്റേടമുള്ള വ്യക്തിയായിരുന്നു.  അതുകൊണ്ട് അദ്ദേഹവുമായുള്ള ഒരു വിശേഷ ബന്ധം ഞാന്‍ ആസ്വദിച്ചു. 

ശെമ്മങ്കുടിയെക്കുറിച്ച് ധാരാളം വിമര്‍ശനങ്ങളടങ്ങിയ ലേഖനങ്ങളുള്ള ഒരു പുസ്തകം പ്രകാശനം ചെയ്തത് അദ്ദേഹംതന്നെയായിരുന്നു. അത്തരം മനോഭാവമുള്ളവര്‍ വിരളമാണ്.     

അതെ.  'ശ്രുതി'യാണ് അത് പ്രസിദ്ധീകരിച്ചത്.  ശെമ്മങ്കുടി ഒരു ബഹുമുഖ പ്രതിഭയാണ്.  ആ പുസ്തകത്തില്‍ മിക്കവാറും എല്ലാ ലേഖനങ്ങളിലും അദ്ദേഹത്തിന് എതിരായ പരാമര്‍ശങ്ങളുണ്ട്.  അദ്ദേഹം രാഷ്ട്രീയത്തോടു പുറം തിരിഞ്ഞുനിന്നിരുന്നില്ല.  എല്ലാ തരം കുതന്ത്രങ്ങളും കളിക്കുമായിരുന്നു.  വളരെ ധീരനായിരുന്നു, ശക്തനായിരുന്നു.  ഒരു സാധാരണക്കാരനായിരുന്നില്ല.  ഒരു മഹാനായ സംഗീതജ്ഞനായിരുന്നു.  ഒരു സംഗീതപ്രതിഭാസമായിരുന്നു.  ചിന്തകനും രാഷ്ട്രീയതന്ത്രങ്ങളറിയുന്നവനുമായിരുന്നു.  എങ്ങനെ സംസാരിക്കണമെന്നും ആരോട് സംസാരിക്കണമെന്നും എന്തു പറയണമെന്നും അദ്ദേഹത്തിന് നല്ല നിശ്ചയമായിരുന്നു.  അദ്ദേഹത്തിന്റെ മനസ്സ് നര്‍മ്മത്തിന്റെ നിറകുടമായിരുന്നു.  വളരെ സ്വകാര്യമായ നിമിഷങ്ങളില്‍ അദ്ദേഹം വളരെ സത്യസന്ധമായി പലതും തുറന്നു പറയും.  അത്തരം വ്യക്തികള്‍ വളരെ വിരളമാണ്.  അദ്ദേഹത്തോടൊപ്പം ഒരു മണിക്കൂര്‍ ചിലവഴിച്ചാല്‍ നിങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്കുള്ള വിവരങ്ങള്‍ ലഭിക്കും. 

മറ്റു സംഗീതജ്ഞരെക്കുറിച്ചും സ്വാധീനങ്ങളെക്കുറിച്ചും

ഞാന്‍ പലരില്‍നിന്നും ധാരാളം പഠിക്കാറുണ്ട്.  സ്വന്തം സംഗീതത്തെക്കുറിച്ച് നൂറ് ശതമാനം വിശ്വാസമുള്ള സംഗീതജ്ഞനാണ് ഡോ.ബാലമുരളികൃഷ്ണ സര്‍.  ഇപ്പോഴും അദ്ദേഹം കര്‍ണ്ണാടക സംഗീത ലോകത്തില്‍ വേണ്ടത്ര സ്വീകരിക്കപ്പെട്ടിട്ടില്ല.  സ്വന്തം സൃഷ്ടികള്‍ക്കപ്പുറം കടന്നപോയവരിലൊരാളാണ് അദ്ദേഹം.  ആര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അദ്ദേഹം ഒരു മഹാപണ്ഡിതനാണ്, ഭാഷാപരിജ്ഞാനിയാണ്.  അദ്ദേഹത്തിന്റെ കൃതികള്‍ ശരിക്കും മഹത്തരമാണ്.  വിദ്വത്ത് എന്ന പദം അദ്ദേഹത്തെപ്പോലുള്ളവര്‍ക്ക് മാത്രം ചേര്‍ന്നതാണ്.  മാത്രമല്ല ബാലമുരളി സാറിന് സംഗീതം അനായസസിദ്ധമാണ്.  പാടാന്‍ തയ്യാറെപ്പിന്റെ ആവശ്യമില്ല, പാര്‍ക്കില്‍ നടക്കുമ്പോഴായാലും എന്തു ചെയ്യുകയായാലും സംഗീതം അദ്ദേഹത്തിലൂടെ ഒഴുകി വരും. വളരെ നിഷ്പ്രയാസം. 

എന്നെ ഏറ്റവും അധികം സ്വാധീനിച്ച സംഗീതം ടി. ബൃന്ദയുടേതാണ്.  ജീവിതത്തില്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലെങ്കിലും എന്റെ സംഗീതാശയങ്ങള്‍ ഏറെക്കുറെ അവരുടെ സ്വാധീനത്താല്‍ രൂപപ്പെട്ടതാണ്.  അവരെയാണ് ഞാന്‍ മുഖമുയര്‍ത്തി നോക്കിയത്.  ജി. എന്‍. ബിയേയും മറ്റും ഞാന്‍ കണ്ടിട്ടുണ്ട്.  പട്ടാമ്മാള്‍, ഡി കെ ജയറാം, കെ വി നാരായണസ്വാമി...   രാമനാട് കൃഷ്ണന്‍ പാടുന്നത് കേട്ടിട്ടുണ്ട്.  ആലത്തൂര്‍ സഹോദരര്‍, മുസ്രി സുബ്രഹ്മണ്യയ്യര്‍, തുടങ്ങിയവരെല്ലാം ശക്തരും ഭാവനാ സമ്പന്നരുമായ സംഗീതജ്ഞരായിരുന്നു.  എം. എസ്. സുബ്ബലക്ഷ്മി അമ്മയെ ഞാന്‍ പല തവണ കണ്ടിട്ടുണ്ട്.  രസകരമായ ഒരു വാസ്തവം എന്താണെന്നുവെച്ചാല്‍ ഇവരെല്ലാവരുംതന്നെ സംഗീതത്തിന്റെ വ്യത്യസ്ഥമായ ആശയങ്ങളെ പ്രതിനിധാനം ചെയ്തിരുന്നു എന്നതാണ്. 

പുതിയ തലമുറയോ? അവരും വ്യത്യസ്ഥ സംഗീത ആശയങ്ങളെ ആവിഷ്‌കരിക്കുന്നുണ്ടോ?

അടുത്ത തലമുറ നല്ല മിടുക്കരാണ്.  ഓരോ പുതിയ തലമുറയും കൂടുതല്‍ കൂടുതല്‍ മിടുക്ക് പ്രകടിപ്പിക്കുന്നതായി തോന്നുന്നു.  ആര്‍ക്കറിയാം?! ചിലപ്പോള്‍ ചില ജനിതക കാരണങ്ങള്‍കൊണ്ടാവാം.  എന്നാല്‍ അവരവരുടെ സ്വന്തം ആശയങ്ങള്‍കൊണ്ട് ശൈലികള്‍ മെനയാന്‍ ഒരുപക്ഷെ ഇനിയും സമയമെടുക്കും.  എല്ലാവരാലും സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലും പാടി പാടി ക്രമേണ അവര്‍ സ്വന്തം ശൈലികള്‍ രൂപപ്പെടുത്തും.  എനിക്ക് ശേഷം മൂന്നു തലമുറ വന്നു കഴിഞ്ഞു.  അവര്‍ക്കെല്ലാം വളരെ അധികം പ്രതിഭയുണ്ട്.    ഇക്കാലത്താണെങ്കില്‍, കര്‍ണ്ണാടക സംഗീതലോകത്തിലെ മാറിയ പരിതസ്ഥിതിയില്‍, അവസരങ്ങള്‍ ധാരാളമാണ്.  ഇന്ത്യക്കാര്‍ പൊതുവില്‍ തല നരച്ചവരോട് മാത്രമേ ഗൗരവമായി സംസാരിക്കുകയുള്ളൂ.  തല നരയ്ക്കുന്നതുവരെ നിങ്ങളെ പയ്യനായാണ് കണക്കാക്കുക.  ആ ഒരു മനഃസ്ഥിതി മാറുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.  അത് മാറേണ്ടതാണ്. വയസ്സല്ല ഒരാളുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നത്.  വയസ്സാണ് നിര്‍ണ്ണായകമെങ്കില്‍ നമുക്ക് ഒരു ആദിശങ്കരന്‍ ഉണ്ടാകുമായിരുന്നില്ല.  30 വയസ്സാകുമ്പോഴേയ്ക്കും അദ്ദേഹം പോയിക്കഴിഞ്ഞിരുന്നു.  നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം ഒരാളെ കവി എന്ന് വിളിക്കാന്‍ അയാള്‍ വൃദ്ധനായി വടി കുത്തി നടക്കുന്നതുവരെ കാത്തിരിക്കുന്നു.  ആ മനഃസ്ഥിതി മാറിത്തുടങ്ങിയിട്ടുണ്ട്. 

പുതു തലമുറയില്‍ വളരെയധികം പ്രതിഭയുണ്ടെങ്കിലും ധാരാളം പ്രശ്‌നങ്ങളുമുണ്ട്.  കാരണം സംഗീതത്തിന്റെ മേഖലയിലേയ്ക്ക് ഇന്ന് ഒരാള്‍ പ്രവേശിക്കുന്നത് ഒരു പ്രൊഫഷണലായാണ്.  അതുകൊണ്ട് ആ വ്യക്തി തുടക്കം മുതലേ പ്രകടനം, കൈയ്യടി, ഉയര്‍ച്ചയിലേയ്ക്കുള്ള ചവിട്ടുപടികള്‍ എന്നിവയെക്കുറിച്ച് ബോധവാനും ഉത്സുകനുമാണ്.  അതിനെ ഞാന്‍ വാണിജ്യപരം എന്ന് വിളിക്കുന്നില്ല.  കൃത്യമായ ജോലി ചെയ്യാനുറച്ചിട്ടുള്ള ഒരു തരം പ്രൊഫഷണലിസം എന്ന് പറയാം.  അത് കലയ്ക്ക് ആപത്കരമാണ്.  എന്റെ തലമുറവരെ ഒരു കച്ചേരി പാടുക എന്നത് യാദൃശ്ചികമായി സംഭവിക്കുന്ന ഒരു കാര്യമാണ്.   ആരെങ്കിലുമൊക്കെ പാടാന്‍ ക്ഷണിക്കുന്നു.  പാടുന്നു.  അത്രമാത്രം.  പാടി തിരിച്ചുവന്നാല്‍ സുഹൃത്തുക്കള്‍ വിളിച്ച് പുകഴ്ത്തും, വിമര്‍ശിക്കും, കളിയാക്കും... അതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.  ഇപ്പോഴും ചിലപ്പോഴൊക്കെ സുഹൃത്തുകള്‍ വിളിച്ചു പറയാറുണ്ട് ഇന്ന് നീ മഹാ മോശമായാണ് പാടിയത്, എന്തുപറ്റി ഇന്ന്, എന്നൊക്കെ.  പക്ഷെ അങ്ങനെ പറയുന്നതില്‍ വിഷമമോ ദേഷ്യമോ തോന്നാറില്ല.  കാരണം ഞങ്ങളൊന്നും തുടങ്ങിയത് പ്രൊഫഷണല്‍ പാട്ടുകാരായല്ല.   കുറ്റവും കുറവും കണ്ടുപിടിക്കുന്ന മത്സരാര്‍ഥികളായി ഞങ്ങള്‍ക്ക് പരസ്പരം തോന്നാറില്ല. കാരണം ഞങ്ങള്‍ പ്രൊഫഷണലിസത്തില്‍ കുരുത്തവരല്ല. ഫ്രൊഫഷണലിസം വന്നത് പിന്നീടാണ്.

റിയാലിറ്റി ഷോയെക്കുറിച്ച് എന്താണ് തോന്നുന്നത്?

ടി വിയില്‍ കാണുന്നതെല്ലാം സമൂഹത്തിന്റെതന്നെ പ്രതിഫലനങ്ങളാണ്.  റിയാലിറ്റി ഷോ അതിലൊന്നാണ്.  ജീവിതത്തിനെ സംബന്ധിക്കുന്ന ഏതു കാര്യവും നന്നായി പാക്ക് ചെയ്തു വില്‍പ്പനയ്ക്ക് വെയ്ക്കുന്ന ഒരു കാലം എത്തിച്ചേര്‍ന്നിരിക്കുന്നു.  എങ്ങിനെ പാക്ക് ചെയ്യാം എങ്ങിനെ വില്‍ക്കാം - ഈ രണ്ടു കാര്യങ്ങളാണ് ഇന്ന് സമൂഹത്തെ നിയന്ത്രിക്കുന്നത്, ഭരിക്കുന്നത്.  ഈ പ്രവണത  സംഗീതത്തേയും ബാധിക്കുന്നു.  ഈ ഒരു പ്രശ്‌നം ഗൗരവമായി പരിഹരിക്കേണ്ടതുണ്ട്.  അല്ലെങ്കില്‍ പ്രതിഭയ്ക്കും ധിഷണയ്ക്കുമെല്ലാം ആപത്കരമാണ്.  ഇന്ന് പതിനേഴ് പതിനെട്ടു വയസ്സുള്ള ചിലര്‍ പാടുന്നത് ഞാന്‍ 22 വയസ്സുള്ളപ്പോള്‍ പാടിയതിനേക്കാള്‍ എത്രയോ മനോഹരമാണ്.  ഇത് ഞാന്‍ സത്യസന്ധമായി പറയുകയാണ്.  പുതിയ തലമുറയിലുള്ളവര്‍ പാടുന്നത് കേട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയിട്ടുണ്ട്.  സംഗീതത്തിന് നല്ല ഭാവിയുണ്ട് എന്നതിന്റെ ലക്ഷണമാണത്.  പക്ഷെ കല വില്‍ക്കാനുള്ളതാവരുത്.  കല വിലമതിക്കാനാവാത്തതാണ്.  നമ്മെത്തന്നെ നാം സ്വയം കണ്ടെത്തുന്ന അവിശ്വസനീയമായ രീതികളിലൊന്നാണ് കല.  അത് നിങ്ങള്‍ക്കുള്ള തുറന്ന ക്ഷണമാണ്.  തംബുരു ശ്രുതി മീട്ടി ഇരുന്നു പാടൂ.  നിങ്ങള്‍ക്ക് നിങ്ങളെ സംഗീതത്തില്‍ കാണാന്‍ കഴിയും.  ഇല്ലെങ്കില്‍ നിങ്ങള്‍ ഒരു വിഡ്ഢിയായിരിക്കാം.  ഇത് നിങ്ങള്‍ മറക്കുകയാണെങ്കില്‍ കലയുടെ  അന്തഃസ്സാരം നിങ്ങള്‍ കളഞ്ഞുകുളിക്കുകയാണ്.  ഞാന്‍ കച്ചേരികള്‍ പാടുന്നുണ്ട്.  പണം ഉണ്ടാക്കുന്നുണ്ട്.  പ്രശസ്തനാവാന്‍ ആഗ്രഹമുണ്ട്.  പക്ഷെ കലാമൂല്യം നഷ്ടപ്പെടുത്തിയുള്ള ഒരു നീക്കുപോക്കും ഇഷ്ടപ്പെടുന്നില്ല. 

നല്ല സംഗീതം ഉണ്ടാവാന്‍ ഏകാന്തത വേണ്ടിവരും. 

തീര്‍ച്ചയായും ശാന്തത വേണം.  ഏകാന്തത ആവശ്യമാണ്.  നിങ്ങള്‍ സൃഷ്ടിച്ച നിങ്ങളുടേതായ ഒരു ഇടം വേണം.  കലയോടൊപ്പം നിങ്ങള്‍ അതില്‍ കഴിയണം.  അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ കല വികസിക്കില്ല.  നിങ്ങള്‍ ഔദ്യോഗികമായി വിജയിച്ചേയ്ക്കാം, പണമുണ്ടാക്കിയേക്കാം, പക്ഷെ നിങ്ങളുടെ കല വികസിക്കില്ല. 

പാക്കേജുമായി സംഗീതം വില്‍ക്കാന്‍ ഓടുന്നവര്‍ക്ക് എപ്പോഴെങ്കിലും സര്‍ഗ്ഗാത്മകവും മനോഹരവുമായി പാടണമെങ്കില്‍ എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്ന്, സംഗീതാശയങ്ങളെ കാത്ത് ചിന്തിച്ചിരിക്കേണ്ടിവരും.  ക്രിയാത്മക ഭാവനകള്‍ നാമ്പിടാന്‍ അത്തരം ഒരു കാത്തിരിപ്പ് ആവശ്യമല്ലേ?   

അതെ, കാത്തിരിക്കണം.  ശ്രോതാക്കളുടെ മുന്‍പില്‍ തത്മസയം അവതരിപ്പിക്കുന്ന കര്‍ണ്ണാടക സംഗീതംപോലെയുള്ള കലകളുടെ ഒരു വലിയ വെല്ലുവിളി അതാണ്.  ഞാന്‍ ഒരു ചിത്രകാരനായിരുന്നെങ്കില്‍ എനിക്ക് വീട്ടില്‍ ആറ് മാസം എന്റെ പെയ്ന്റിങ്ങിനേയും നോക്കി ഇരിക്കാമായിരുന്നു.  ആരും എന്നെ കാണില്ല.  ആരും എന്റെ പെയ്ന്റിങ്ങിന് നേരെ നോക്കിയിരിക്കില്ല.  ഞാനും ചിത്രവും മാത്രമായിരിക്കും.  ഇവിടെ അതല്ല.  ഞാന്‍ ശ്രോതാക്കളുടെ മുന്നില്‍ സ്റ്റേജില്‍ ഇരിക്കുകയാണ്.    അതുകൊണ്ട് പാട്ടുകാരന്‍ കുറേക്കൂടി ആത്മാവലോകനം ചെയ്യേണ്ടിയിരിക്കുന്നു.  ആയിരക്കണക്കിന് ശ്രോതാക്കളുടെ മുന്നിലിരുന്ന് സ്‌റ്റേജില്‍ ഒരു നാദലോകം തീര്‍ക്കാന്‍ പാട്ടുകാരന്‍ വീട്ടിലിരുന്ന് അല്ലെങ്കില്‍ മുറിയിലിരുന്ന് അല്ലെങ്കില്‍ പര്‍വ്വതമുകളിലിരുന്ന് ഒരുപാട് നേരം തയ്യാറെടുക്കേണ്ടതായുണ്ട്. 

വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ പര്‍വ്വതം കയറാറുണ്ട്.  കഴിഞ്ഞവര്‍ഷം 20,182 അടി ഉയരമുള്ള സ്റ്റോക്ക് കാങ്ഗ്രി കയറി.  ഹിമാലയത്തില്‍ ലഡാക്കിലുള്ള ഏറ്റവും ഉയരം കൂടിയ പര്‍വ്വതമാണത്.  ഇടക്കെങ്കിലും കലാകാരന്മാര്‍ സമൂഹത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഞാന്‍ കരുതുന്നു.  ഹിമാലയത്തില്‍ പോകുന്നത് ഏകാന്തത അനുഭവിക്കാന്‍ പഠിക്കാനുള്ള ഒരു അവസരമായാണ് ഞാന്‍ കരുതുന്നത്.  നിങ്ങളും ശാന്തതയും, നിങ്ങളും പ്രകൃതിയും തനിച്ച്.  നാം ജീവിക്കുന്ന ലോകത്തില്‍ ലഭിക്കാത്ത ഒന്നാണത്.  അതുകൊണ്ട് കലാകാരന്‍ തന്റേതായ ഇടത്തില്‍ ആ ശാന്തതയെ സൃഷ്ടിക്കണം.  എങ്കിലേ യാദൃശ്ചികമായെങ്കിലും സംഗീതത്തില്‍ സ്പര്‍ശിക്കൂ.  യാദൃശ്ചികമായി മാത്രം.  കാരണം കലാകാരന്റെ നിയന്ത്രണത്തിലല്ല അത്.  നിങ്ങള്‍ ആ യാദൃശ്ചികത സംഭവിക്കാനുള്ള സന്ദര്‍ഭം സൃഷ്ടിക്കണം.  പകരം നിങ്ങള്‍ മറ്റുള്ളവരെ സന്തോഷിപ്പിക്കാനാണ് ശ്രമിക്കുന്നത്.  അപ്പോള്‍ കല സംഭവിക്കില്ല. 

താളബദ്ധതയെ ലക്ഷ്യമാക്കിയുള്ളതാണ് കര്‍ണ്ണാടക സംഗീതം എന്ന ഹരിപ്രസാദ് ചൗരാസ്യയുടെ പ്രസ്താവനയോട് താങ്കള്‍ പ്രതികരിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

കര്‍ണ്ണാടക സംഗീതത്തിന് ക്രിയാത്മകമാവാനുളള സാധ്യതകള്‍ ഏറെ ഇല്ലെന്ന ചൗരാസ്യയുടെ പ്രസ്താവനയോട് ഞാന്‍ ശക്തമായി പ്രതികരിച്ചു.  ഒരു മണിക്കൂര്‍ ആലാപനം നടത്തിയതുകൊണ്ട് നിങ്ങള്‍ ക്രിയാത്മകമാവുന്നില്ല.  അത് നിങ്ങള്‍ ആദ്യം മനസ്സിലാക്കണം.  എനിക്ക് വായില്‍തോന്നുന്നതൊക്കെ പാടി ഒരു മണിക്കൂറാക്കാം.  ഒരാള്‍ക്ക് ചിലപ്പോള്‍ ഒരു മിനിറ്റില്‍ ഏറ്റവും സര്‍ഗ്ഗാത്മകമായ ഈണങ്ങള്‍ പാടാം.  ആലാപനം എത്ര ദൈര്‍ഘ്യമേറിയതാണ്? എത്ര ഹ്രസ്വമാണ്? അത്തരം ചോദ്യങ്ങള്‍ പ്രസക്തമല്ല.   എന്തെങ്കിലും സംഭവിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്നതാണ് പ്രധാനം.  കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും വളരെ വ്യത്യസ്ഥമായ സംഗീത രൂപങ്ങളാണ്.  ഒരേ കൊട്ടയില്‍ ഇടാവുന്ന തരത്തിലുള്ളവയല്ല.  ചൗരാസ്യ പറഞ്ഞതുപോലെ കര്‍ണ്ണാടക സംഗീതം താളലയകേന്ദ്രിതമാണെന്ന് എനിക്ക് തോന്നുന്നില്ല.  ചിലര്‍ മൃദംഗം തല്ലിത്തകര്‍ക്കുന്ന തരത്തില്‍ കച്ചേരി നടത്തുന്നുണ്ട്.  അത് നമ്മുടെ കുറ്റമാണ്.  കര്‍ണ്ണാടക സംഗീതത്തിന്റെ കുറ്റമല്ല.  അതിനെക്കുറിച്ച് നാം വീണ്ടുവിചാരം ചെയ്യണം. 

മൃദംഗത്തിന്റെ താളഭാഷയെ അനുകരിച്ച് കച്ചേരിയില്‍ കണക്ക് പാടുക എന്നത് ഒരു ഒഴിയാബാധപോലെയാണ് പലര്‍ക്കും.

അതെ, അത് ഒഴിയാബാധകളിലൊന്നാണ്.  കണക്ക് പാടുന്നതിനേക്കാള്‍ കൂടുതല്‍ പ്രചാരത്തിലുള്ള പ്രവണത മൃദംഗത്തിനുവേണ്ടി പാടുന്നതാണ്.  ആ പ്രവണത കേരളത്തില്‍ കൂടുതലായി കാണാം.  പലപ്പോഴും മൃദംഗമാണ് സ്‌റ്റേജില്‍ എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കുന്നത്.  മൃദംഗത്തിനെ എന്തിനാണ് ഇങ്ങനെ അടിച്ചു തകര്‍ക്കുന്നത്? അതിന് വായ ഉണ്ടായിരുന്നെങ്കില്‍ ഉറക്കെ നിലവിളിക്കുമായിരുന്നു എന്നു തോന്നും.  എല്ലാം എപ്പോഴും ഔന്നത്യത്തില്‍ നില്‍ക്കണമെന്നില്ല.  വീണ്ടുവിചാരം ചെയ്ത് മാറ്റിയെടുക്കണം. ചെറിയ ചെറിയ പ്രശ്‌നങ്ങളായിരിക്കാമെങ്കിലും അവ സംഗീതത്തിന്റെ ശബ്ദത്തെ ബാധിക്കുന്നതാവാം.

സംഗീതജ്ഞാനമുള്ള ആര്‍ക്കും നോക്കി പാടാവുന്ന വിധത്തില്‍ എന്തുകൊണ്ട് കര്‍ണ്ണാടക സംഗീതം മുഴുവനായും സ്വരപ്പെടുത്തുന്നില്ല എന്ന് പ്രമുഖ പിയാനിസ്റ്റ് ലാന്‍സലറ്റ് തോമസ് ചോദിച്ചിരുന്നു.  കര്‍ണ്ണാടക സംഗീതത്തിന്റെ ലക്ഷ്യം മനോധര്‍മ്മ പ്രകാശനമാണ്.  പൂര്‍ണ്ണമായ സ്വരപ്പെടുത്തല്‍ മനോധര്‍മ്മ പ്രകാശനത്തിന്റെ നേര്‍ വിപരീതമാണ്.  അതായിരുന്നു എന്റെ മറുപടി.  പാശ്ചാത്യ സംഗീതവും പണ്ട് അങ്ങനെ മനോധര്‍മ്മത്തില്‍ അലയുകയായിരുന്നു, പിന്നീട് അതിനേക്കാള്‍ എത്രയോ മെച്ചമാണ് കൃത്യമായി സംവിധാനം ചെയ്ത് സ്വരപ്പെടുത്തിയ രചന എന്ന് കണ്ടെത്തിയതിനു ശേഷമാണ് ഇപ്പോഴുള്ള രീതിയിലായത് എന്ന് ലാന്‍സ്‌ലെറ്റ് തോമസ് പറയുമ്പോള്‍ കര്‍ണ്ണാടക സംഗീതം ഇപ്പോഴും പാശ്ചാത്യ സംഗീതത്തിന്റെ പാകപ്പെടാത്ത നാളുകളില്‍ നില്‍ക്കുകയാണോ എന്ന ചോദ്യമാണ് അദ്ദേഹം ഉദ്ദേശിച്ചത്. കര്‍ണ്ണാടക സംഗീതത്തിന്റെ അവതരണം അരങ്ങില്‍വെച്ച് തത്സമയ രചന നടത്തുന്നതുപോലെയാണ്, അതിനുള്ള തയ്യാറെടുപ്പാണ് സംഗീതജ്ഞന്റെ ഗ്രഹപാഠങ്ങള്‍ മുഴുവനും എന്ന് ഞാന്‍ മറുപടിയും നല്‍കി. 

അതെ, ശരിയാണ്.  വെറും തത്സമയ മനോധര്‍മ്മം നടക്കാത്ത കാര്യമാണ്.  ഒരാള്‍ പാടുന്നതിനു മുന്‍പ് വളരെ ഏറെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്.  ഇന്ന് ഒരു രാഗം വിസ്തരിക്കാന്‍വേണ്ടി ഞാന്‍ വര്‍ഷങ്ങളോളം വീട്ടിലിരുന്ന് സാധകം ചെയ്തിട്ടുണ്ടാവും.  സര്‍ഗ്ഗാത്മകമായി മനോധര്‍മ്മ സൃഷ്ടി നടത്താനുള്ള തയ്യാറെടുക്കലാണ് സംഗീത പരിശീലനം.  മനോധര്‍മ്മം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്, പക്ഷെ അത് മനോധര്‍മ്മമാകണം, മനോ അധര്‍മ്മമാകരുത്.  ധര്‍മ്മമാകുമ്പോള്‍ നമുക്ക് ഉത്തരവാദിത്തമുണ്ട്.  സംഗീതത്തിനോടും രാഗത്തിനോടും ഉത്തരവാദിത്തമുണ്ട്.  അതിനര്‍ഥം എത്രയോ കാലം ഏത്രയോ നേരം ഞാന്‍ ആ രാഗത്തോടൊപ്പം കഴിയേണ്ടതുണ്ട് എന്നാണ്.  എങ്കിലേ ആ രാഗത്തെ അറിയാന്‍ കഴിയൂ.  സംഗീതത്തിലേയ്ക്കുള്ള വഴി സാങ്കേതികതകളിലൂടെയല്ല.  സാങ്കേതികതകള്‍ സ്വായത്തമാക്കാനാവുന്നത്ര സ്വായത്തമാക്കണം.  എന്നിട്ട് അതെല്ലാം വിട്ടു കളയണം, മറക്കണം.  കാംബോജി രാഗം പാടുമ്പോള്‍ ഈ പ്രയോഗം ശരിയാണോ തെറ്റാണോ എന്ന് എനിക്ക് ആലോചിക്കാന്‍ പറ്റില്ല.  അനുഭവിപ്പിക്കലാണ് സംഗീതത്തിന്റെ ആത്യന്തികമായ ധര്‍മ്മം.  നിങ്ങള്‍ക്ക് അനുഭവിപ്പിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ആ സംഗീതത്തെ ചവറ്റുകൊട്ടയില്‍ എറിയാം.  രാഗത്തിന്റെ ഉള്ളിലേയ്ക്കു പോകുക എന്നതാണ് പാടുമ്പോള്‍ എന്റെ ലക്ഷ്യം.  കാംബോജി രാഗത്തിന്റെ ഓരോ സ്വരത്തിലേയ്ക്കും സ്വരസഞ്ചയങ്ങളിലേയ്ക്കും ഗമകങ്ങളിലേയ്ക്കും പോകുക.  ഓരോ ഗമകവും പൂര്‍ണ്ണമായി പാടിയിരിക്കണം.  ഓരോ ബിന്ദുക്കളിലേയ്ക്കും പോയും വന്നും ഇരിക്കണം. സദാ ചലിച്ചുകൊണ്ടിരിക്കണം.  അതിനെല്ലാം കടുത്ത പ്രയത്‌നം വേണം.  കര്‍ണ്ണാടക സംഗീതജ്ഞന്റെ മനനവും പ്രയത്‌നവും മനോധര്‍മ്മ പ്രകാശനത്തിനുള്ള തയ്യാറെടുക്കലാണ് എന്ന് താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. 

നമ്മളല്ല സംഗീതത്തെ നയിക്കുന്നത്, സംഗീതമാണ് നമ്മെ നയിക്കുന്നതെന്ന് സംഗീതജ്ഞന്‍ എപ്പോഴും ഓര്‍ത്തിരിക്കണം.    സംഗീതമാണ് നമുക്ക് എന്തെങ്കിലും തരുന്നത്.  നമ്മള്‍ സംഗീതത്തിന് ഒന്നും നല്‍കുന്നില്ല.  ഈ ബന്ധം മനസ്സിലാക്കണം.  അങ്ങനെയുള്ള മനഃസ്ഥിതി ഉണ്ടാവണം.  എപ്പോഴെങ്കിലും ഒരു സംഗീതജ്ഞന് തോന്നുകയാണ് താന്‍ ഒരു മഹത്തായ കാര്യം ചെയ്യുകയാണെന്ന്, അപ്പോഴാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്. 

ക്ലോഡ് ലെവി സ്‌റ്റ്രോസ്സിന്റെ രസകരമായ ഒരു വാചകമുണ്ട്.  മനസ്സ് ഒരു നാല്‍ക്കവലയാണ്.  അവിടെ ചിന്തകള്‍ വന്നും പോയുമിരിക്കും.  ചിന്തകന്‍ അറിയാതെ.

അതെ.  ചിന്തകനില്ലാതെയാണ് ചിന്തകള്‍ സംഭവിക്കുന്നത്.  ചിന്തകന്‍ അവിടെ ഉണ്ടെങ്കില്‍ ആ ചിന്ത പാഴാണ്.  സംഗീതചിന്തകളുടെ കാര്യത്തിലും അതാണ് ശരി. 


എല്ലാ ദിവസവും കച്ചേരി ഉണ്ടാവാറുണ്ടോ?

ഇല്ല.  ഇനി മറ്റന്നാളേയുള്ളൂ.  എന്റെ ശബ്ദത്തിന് സുഖമില്ല.   

എന്താ ചില്ല്ഡ് ബിയര്‍ കഴിച്ചിരുന്നോ?

അതുകൊണ്ടല്ല, സുഖമില്ലായിരുന്നു.  ഞാന്‍ ബിയര്‍ കഴിക്കാറില്ല.  വിസ്‌കിയാണ് കഴിക്കാറ്.

 ശബ്ദ സൗകുമാര്യത്തെ മദ്യം പ്രതികൂലമായി ബാധിക്കില്ലേ?

 തീര്‍ച്ചയായും ബാധിക്കും.  പക്ഷെ ഞാന്‍ പതിവായി കുടിക്കാറില്ല.  സ്ഥിരം കഴിക്കുകയാണെങ്കില്‍ തൊണ്ട വരളും.  തൊണ്ട വരളുന്നത് ശബ്ദത്തിന് നല്ലതല്ല. 

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഒരു പ്രമുഖ വൈദ്യന്‍ മദ്യം വിഷസമാനമാണെങ്കിലും ശബ്ദത്തിന് നല്ലതാണെന്ന് എഴുതിയിരുന്നു.

കോന്യാക് ബ്രാന്‍ഡി ശബ്ദത്തിന് നല്ലതാണ്.  തൊണ്ടയ്ക്ക് സുഖമില്ലെങ്കില്‍ കോന്യാക് ചൂടുവെള്ളം ചേര്‍ത്ത് കഴിച്ചാല്‍ മതി.  നല്ല വ്യത്യാസമുണ്ടാകും. പക്ഷെ അധികം കഴിക്കരുത്.  പരിമിതമായ തോതില്‍ ഉപയോഗിക്കണം.  ചില മദ്യം തൊണ്ട വരളുന്നതിന് കാരണമാകും.  തൊണ്ട എപ്പോഴും നനച്ചിടുന്നതാണ് ശബ്ദത്തിന് നല്ലത്.  ഞാന്‍ ശബ്ദത്തെ നന്നായി പരിചരിക്കാറുണ്ട്.  പക്ഷെ കുറച്ചു ദിവസം മുന്‍പ് ലെസി കുടിച്ചപ്പോള്‍ തൊണ്ട കേടായി. അതില്‍ ഉപയോഗിച്ച ഐസ് വൃത്തിയില്ലാത്തതുകൊണ്ടായിരിക്കണം.

ഒരിക്കല്‍ ചാലക്കുടി സഭയില്‍ പാടിയ ശേഷം ഞാന്‍ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ സംഘാടകര്‍ പറഞ്ഞു,  കഴിഞ്ഞ തവണ ടി. എം.  കൃഷ്ണയുടേതായിരുന്നു കച്ചേരി.  അദ്ദേഹം അത്താഴത്തിന് എന്ത് ഭക്ഷണമാണ് കഴിച്ചതെന്ന് ഊഹിക്കാന്‍ കഴിയുമോ എന്ന്.  ഞാന്‍ കൈ മലര്‍ത്തി.  അപ്പോള്‍ അവര്‍ പറഞ്ഞു: ' ഒരു കിലോ ഐസ് ക്രീം മാത്രം.'

ഞാന്‍ കൂള്‍ ഡ്രിങ്ക്‌സും ഐസ് ക്രീമുമൊക്കെ ധാരാളം കഴിക്കാറുണ്ട്.  എനിക്ക് ഒരു പ്രശ്‌നവും ഉണ്ടാകാറില്ല.  അതൊന്നും എന്നെ ബാധിക്കാറില്ല. 

ശബ്ദം നന്നാക്കാനുള്ള അഭ്യാസങ്ങളോ വ്യായാമങ്ങളോ ചെയ്യാറുണ്ടോ?

ഞാന്‍ പലതും ചെയ്യാറുണ്ട്.  യോഗ, ശ്വസനവ്യായാമങ്ങള്‍, എന്നിവ.  പക്ഷെ പതിവായി ചെയ്യാറില്ല.  ഉറങ്ങുന്നത് ശബ്ദത്തിന് ഗുണം ചെയ്യും.  കച്ചേരി ദിവസം ഉച്ചയ്ക്ക് ഒരു മണിക്കൂര്‍ ഉറങ്ങിയാല്‍ നല്ലതാണ്.  പക്ഷെ എനിക്ക് ഉറക്കം വരാറില്ല.  ഞാന്‍ ഉറങ്ങാറേ ഇല്ല.

നിങ്ങളുടെ കണ്ണുകള്‍ കണ്ടാല്‍ ഉറങ്ങാന്‍ കഴിയാത്തവയാണെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. 

ഉറക്കത്തിനു പുറമേ ശബ്ദത്തിന് ഒരു കുഴപ്പവും സംഭവിക്കില്ല എന്ന ഉറച്ച് വിശ്വസിക്കുക, എന്നാല്‍ ഒന്നും സംഭവിക്കില്ല. തണുത്തത് കഴിച്ചാല്‍ ശബ്ദം കേടുവരുമോ എന്നൊക്കെ ആലോചിച്ച് കുഴപ്പത്തിലാവാറില്ല.  ആത്മവിശ്വാസം കാരണം കുഴപ്പങ്ങളൊന്നും ഉണ്ടാവാറില്ല. 

അസാധാരണമാം വിധം ഉച്ച സ്ഥായിയില്‍ പാടാനുളള താങ്കളുടെ വിശേഷസിദ്ധി സാധകം ചെയ്തു ഉണ്ടാക്കിയതോ അതോ ജന്മസിദ്ധമോ? 

യഥാര്‍ഥത്തില്‍ എനിക്കറിയില്ല.  എല്ലാവരും ചോദിക്കുന്നുണ്ട് എങ്ങിനെയാണ് ഇത്രയേറെ ഉയര്‍ന്ന സ്ഥായിയിലേയ്ക്കും താഴ്ന്ന സ്ഥായിയിലേയ്ക്കും ശബ്ദം സഞ്ചരിക്കുന്നത് എന്ന്.  എങ്ങിനെ അത് സംഭവിച്ചു എന്ന് എനിക്കറിയില്ല.  എന്റെ ആദ്യ ഗുരു, സീതാ രാമശര്‍മ്മ, നല്‍കിയ പരിശീലനംകൊണ്ടാവാം.  തുറക്കുന്ന ശബ്ദമാണെങ്കില്‍ കുറച്ചു കാലംകൊണ്ട് തുറക്കും.  എന്റെ കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല.  തനിയെ സംഭവിച്ചതാണ്.  ചിലര്‍ കരുതുന്നത് ഞാന്‍ എന്തോ ഉപായം ഒളിച്ചു വെയ്ക്കുന്നുണ്ട് എന്നാണ്.   

ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ താഴേയ്ക്കു പാടി പതുക്കെ മുകളിലേക്ക് പാടുന്ന രീതി, ശബ്ദ സംസ്‌കരണം, ചെയ്യാറുണ്ട്. 

എനിക്ക് ഇപ്പോള്‍ മൂന്നര സ്ഥായികള്‍ പാടാന്‍ കഴിയുന്നുണ്ട്.  പണ്ട് രണ്ടര സ്ഥായികളേ പാടുവാന്‍ കഴിഞ്ഞിരുന്നുള്ളൂ.  കുറേ കാലത്തിനിടയ്ക്ക് സാവധാനമാണ് അത് സംഭവിച്ചത്.  അതിനുവേണ്ടി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. 

ചിലപ്പോള്‍ താങ്കളുടെ ശൈലി താങ്കളുടെ സ്വന്തം ശൈലിയില്‍നിന്നു തന്നെ വ്യത്യസ്ഥമായി തോന്നാറുണ്ട്.  വിവിധ ശൈലിയില്‍ പാടുന്നതിന്റെ പുറകില്‍ എന്തെങ്കിലും ആദര്‍ശമുണ്ടോ? ഓരോ തവണയും വ്യത്യസ്ഥമായി പാടാന്‍ ഒരുങ്ങാറുണ്ടോ? 

പത്തു വര്‍ഷത്തിനു മുന്‍പ് പാടിയതുപോലെയല്ല ഞാന്‍ ഇന്ന് പാടുന്നത്. വ്യത്യസ്ഥമായി പാടാന്‍ ശ്രമിക്കാറില്ല.  അതങ്ങനെ ആയിത്തീരുന്നതാണ്. ഞാന്‍ കച്ചേരി സംഗീതത്തില്‍ വിശ്വസിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്.  ഏറ്റവും ചുരുങ്ങിയത് ഇപ്പോള്‍ സംഗീതം പ്രതിനിധീകരിക്കപ്പെടുന്ന രീതിയോട് ഞാന്‍ വിയോജിക്കുന്നു.  ഇപ്പോഴുള്ള കച്ചേരി സമ്പ്രദായം വളരെ എളുപ്പമുള്ളതാണ്. ശ്രോതാക്കളെ പ്രീതിപ്പെടുത്തുന്ന സംഗീതം നല്‍കിയാല്‍ മതിയല്ലോ.  എന്നെ സംബന്ധിച്ചിടത്തോളം സംഗീതം സംഗീതമാണ്.  വീട്ടിലെ മുറിയിലിരുന്ന് പാടുന്നതും മ്യൂസിക് അ്ക്കാദമിയില്‍ പാടുന്നതും രണ്ടു തരത്തിലുള്ളതാവരുത്.  കര്‍ണ്ണാടക സംഗീതത്തോടുള്ള എന്റെ സമീപനം എത്രമാത്രം എനിക്ക് അതില്‍ മുഴുകാനാവുമോ അത്രത്തോളം മുഴുകുക എന്നതാണ്.  കച്ചേരിയ്ക്കിടയില്‍ വര്‍ണ്ണം പാടുന്നുവോ, കൃതി പാടാതെ രാഗവിസ്താരം നടത്തുന്നുവോ എന്നതൊന്നും പ്രശ്‌നമല്ല.  രാഗം വിസ്തരിക്കുകയും കൃതി പാടാതിരിക്കുകയും ചെയ്യുന്നതായി എനിക്കെതിരെ പരാതിയുണ്ട്.  കീര്‍ത്തനം പാടാതെ ഞാന്‍ രാഗവിസ്താരം ചെയ്യാറുണ്ട്.  പക്ഷെ തോടി രാഗത്തിന്റെ ആഴത്തിലേയ്ക്ക് എത്രമാത്രം പോകാനാവും എന്നതാണ് പ്രധാനം.  ത്യാഗരാജകൃതിയുടെ ആഴത്തിലേയ്ക്ക് എത്രമാത്രം പോവാനാവും?  അതാണ് എന്റെ ഉന്നം.  മറ്റെല്ലാം എനിക്ക് പ്രാധാന്യമില്ലാത്തവയാണ്, പാഴാണ്.  ഗുണമാണ് സംഗീതത്തെ സംഗീതമാക്കുന്നത്.  അതുകൊണ്ടായിരിക്കാം എന്റ എല്ലാ കച്ചേരികളും വ്യത്യസ്ഥങ്ങളാകുന്നത്.  പലരും വിചാരിക്കുന്നത് ഞാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് വന്ന് പാടുകയാണെന്നാണ്.  ചിലരുടെ പരാതി എന്റെ കച്ചേരിയുടെ സമ്പ്രദായം വ്യത്യസ്ഥമാണെന്നാണ്.  മറ്റു ചിലര്‍ പറയുന്നു ഞാന്‍ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്ന്.  പക്ഷെ എനിക്ക് തോന്നുന്നില്ല ഞാന്‍ ഏതെങ്കിലും പാരമ്പര്യത്തെ നശിപ്പിക്കുന്നതായി

ഏത് പാരമ്പര്യത്തെ?!

തോടി രാഗത്തെ തോടി രാഗമായും, നിരവലിനെ അത് പാടേണ്ട രീതിയിലും, താനത്തെ അതിന്റെ മട്ടിലും, ത്യാഗരാജ കീര്‍ത്തനത്തെ ആദരവോടെയും പാടുന്ന കാലത്തോളം ഞാന്‍ ഒരു പാരമ്പര്യത്തോടും അനാദരവ് കാണിക്കുന്നില്ല.  എന്നെ സംബന്ധിച്ചിടത്തോളം ഉളളടക്കമാണ് പ്രധാനം.  ഉള്ളടക്കത്തെ എപ്രകാരം ഒരുമിച്ച് ചേര്‍ത്ത് അവതരിപ്പിക്കാം എന്നുള്ളതല്ല.  ഉള്ളടക്കത്തിന്റെ സ്വച്ഛതയ്ക്കായ് സ്വയം സമര്‍പ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.  സംഗീതത്തെക്കുറിച്ച് അത്യാവശ്യം ഗവേഷണം ചെയ്തതുകൊണ്ട് നാം എവിടെനിന്നാണ് ഇവിടെ എത്തിയതെന്നും മുന്‍പ് സംഗീതം എങ്ങനെയായിരുന്നു എന്നും അറിയാം.  കച്ചേരി പദ്ധതിയുടെ പരിണാമത്തിന്റെ വഴികളെ കുറിച്ചും ഏറെക്കുറെ ബോധവനാണ്.

അതെല്ലാം താങ്കളുടെ എ സതേണ്‍ മ്യൂസിക് എന്ന പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ടോ? 

ഉണ്ട്.  അത് ഒരു വലിയ പുസ്തകമാണ്. 

കച്ചേരി പാടുമ്പോള്‍ അനുഭവിക്കുന്നുണ്ടെന്ന് പറഞ്ഞ ആത്മസംഘര്‍ഷത്തെക്കുറിച്ച്…

കര്‍ണ്ണാടക സംഗീതം ഇന്നത്തെ സംഗീതകച്ചേരിയുടെ രൂപത്തിലേയ്ക്ക് പരിണമിച്ചിട്ട് അധിക കാലമായിട്ടില്ല.  നൂറു കൊല്ലമായിട്ടേയുളളൂ.  എനിക്ക് തോന്നുന്നത് അതിന് മുന്‍പ് സംഗീതം കുറേക്കൂടി സ്വതന്ത്രമായിരുന്നു എന്നാണ്.  കച്ചേരി സമ്പ്രദായത്തിന്റെ അനുഷ്ഠാനങ്ങളെ കുറിച്ച് വേവലാതിപ്പെടുന്നതിനു മുന്‍പ് ആ പഴമ ഒന്ന് സന്ദര്‍ശിച്ച് നോക്കേണ്ടതാണ്.  എനിക്ക് ഇന്നത്തെ കച്ചേരി പദ്ധതിയുമായി വളരെ ഗൗരവപൂര്‍വ്വമായ അഭിപ്രായ ഭിന്നതയുണ്ട്.  താത്വികമായ സംഘര്‍ഷമുണ്ട്.  ചിലപ്പോള്‍ ആ സംഘര്‍ഷമായിരിക്കും ശ്രോതാക്കള്‍ കാണുന്നത്.  അവര്‍ എന്നെ കാണുന്നത് ഒരു നിഷേധിയായിട്ടാണ്.  യഥാര്‍ഥത്തില്‍ ഞാന്‍ നിഷേധിയല്ല.     സംഗീതം എന്നെ നയിക്കുന്ന ദിശയും കച്ചേരിയുടെ ചട്ടക്കൂടും ചേര്‍ന്നുപോകുന്നില്ല എന്നതാണ് പ്രശ്‌നം.  എന്റെ ജീവിതത്തിന്റെ ലക്ഷ്യം സംഗീതം എന്നെ എവിടേയ്ക്ക് നയിക്കുന്നുവോ അങ്ങോട്ടു പോകുക എന്നതാണ്.   സംഗീതത്താല്‍ നയിക്കപ്പെട്ട ദിശകളില്‍ ചിലത് കച്ചേരിയുടെ ചട്ടക്കൂടുമായി ഒത്തുപോകുന്നില്ല.  സംഗീതം എനിക്ക് കാണിച്ചു തരുന്ന വഴിയിലൂടേയാണ് ഞാന്‍ സത്യസന്ധതയോടെ പാടുക.  കച്ചേരിയുടെ ചട്ടക്കൂടിന്റെ കള്ളികളിലേയ്ക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.    സംഗീതം ഏത് ദിശയിലേക്കാണോ എന്നെ കൊണ്ടുപോകുന്നത് ആ ദിശയെ പൂര്‍ണ്ണമായും ആദരിച്ചുകൊണ്ടാണ്
ഞാന്‍ പാടുക.  ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.  സ്വീകരിക്കപ്പെടുക എന്ന മാനദണ്ഡം ആ മുഹൂര്‍ത്തങ്ങളില്‍ അപ്രസക്തമാണ്.  

സംഗീതത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് പഴമവാദികള്‍ക്ക് പിടിവാശികളുണ്ട്.  പക്ഷെ യഥാര്‍ഥത്തില്‍ എന്താണ് സംഗീത പാരമ്പര്യം?  റിക്കോഡിങ് സാങ്കേതികതയുടെ ആവിര്‍ഭാവത്തിനു മുന്‍പ് സംഗീതം എങ്ങിനെയായിരുന്നുവെന്ന് പറയാന്‍ കഴിയുമോ?

തീര്‍ച്ചയായും ശരിയാണ്.  ഈ ചോദ്യം ഞാന്‍ എന്റെ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ട്.  റിക്കോഡിങ് സാങ്കേതികത വരുന്നതിനു മുന്‍പ് സംഗീതം എങ്ങിനെയായിരുന്നു എന്ന് നാം ഗൗരവത്തോടെ അന്വേഷിക്കേണ്ടതാണ്.  എന്തായിരുന്നു പാട്ടുകാര്‍ പാടിയിരുന്നത്? ആരൊക്കെയാണ് പാടിയിരുന്നത്?  ഇവയെക്കുറിച്ചെല്ലാം ചില കാര്യങ്ങള്‍ കോര്‍ത്തിണക്കി ഒരു രൂപം ഉണ്ടാക്കിയിട്ടുണ്ട്.

പക്ഷെ അതെന്തുതന്നെയാലും ശ്രവിക്കാവുന്ന ചരിത്രമാകില്ലല്ലോ.  വീണ്ടും കേള്‍ക്കാന്‍ കഴിയുമെങ്കിലല്ലേ സംഗീതത്തിന്റെ ചരിത്രത്തെ ആനുഭവിക തലത്തില്‍ മനസ്സിലാക്കാന്‍ കഴിയൂ.  ചിത്ര/ശില്‍പ്പ കലയുടെ ചരിത്രം നമുക്ക് പോയി വീണ്ടും കാണാന്‍ കഴിയുന്നതുപോലെ, റെക്കോഡിങ്ങിന് മുന്‍പ്, കേള്‍ക്കുമാറാകുന്ന ചരിത്രമില്ലല്ലോ!

ഒരിക്കലുമില്ല.  ശ്രവണസാധ്യത ഇല്ലെങ്കില്‍ ആ സംഗീതം അനുഭവിക്കാന്‍ കഴിയില്ല.  നമുക്ക് ഭാവനയില്‍ കേള്‍ക്കാനേ പറ്റൂ.

മുകുന്ദനുണ്ണി


(മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2014 മാര്‍ച്ച് 2, പേജുകള്‍: 26-39)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ