Skip to main content

ഓര്‍മ്മകളുടെ സംഗീതമുറി

കോല്‍ഹാപൂരില്‍ ഏതാണ്ട് ഒന്‍പതാം നൂറ്റാണ്ടില്‍ പണിത ഒരു അമ്പലമുണ്ട്.  അതില്‍ രത്‌നക്കല്ലുകളില്‍ തീര്‍ത്ത മഹാലക്ഷ്മിയുടെ ബിംബവും ലക്ഷ്മിയുടെ രക്ഷയ്ക്കായി അടുത്ത് കല്ലില്‍ കൊത്തിയ ഒരു വീരസിംഹവുമുണ്ട്.  ചുറ്റും ആയിരം തൂണുകള്‍. ശാഹു മഹാരാജാവിന്റെ പഴയ കൊട്ടാരത്തിന് പിന്നില്‍ പഞ്ചഗംഗാനദിയുടെ തീരത്താണ് അമ്പലം.   

രാവിലെ എട്ടുമണിയുടെ പ്രാര്‍ത്ഥനയ്ക്കു മുന്‍പ് പാട്ടുവേണം എന്നാണ് ചിട്ട.  കൊട്ടാരസംഗീതജ്ഞരുടെ കുടുംബത്തില്‍പ്പെട്ടവരാരെങ്കിലും തന്നെ വേണമെന്ന് രാജാവിന് നിര്‍ബന്ധമുണ്ടായിരുന്നു.  നാഥന്‍ ഖാനായിരുന്നു പാടിക്കൊണ്ടിരുന്നത്.  അദ്ദേഹം ബോംബേയ്ക്ക് പോയശേഷം അല്ലാദിയാ ഖാന്റെ ഏറ്റവും ഇളയ പുത്രനായ ഭുര്‍ജി ഖാന്‍ പാടാന്‍ നിയോഗിക്കപ്പെട്ടു.  എന്നും രാവിലെ അരമണിക്കൂര്‍ ഭുര്‍ജി ഖാന്‍ പാടി.  രാഗങ്ങളും രാഗിണികളും.  പക്ഷികളെക്കുറിച്ചും മഴയെക്കുറിച്ചും കൃഷ്ണന്‍ രാധയെ പ്രേമത്തിന്റെ വര്‍ണ്ണമഴയില്‍ കുളിപ്പിച്ചതിനെ കുറിച്ചും.  ലക്ഷ്മി സംപ്രീതയായി.

ഭുര്‍ജി ഖാന്റെ ഗംഭീരമായ പാട്ടിനു ചുറ്റം ഭക്തര്‍ കൂടിയിരിക്കും.  കൂട്ടത്തില്‍ പാവാടയും ബ്ലൗസുമിട്ട് താടിക്ക് കൈ കൊടുത്തു ശ്രദ്ധിച്ചിരിക്കുന്ന ഒരു കൊച്ചു ബാലികയുണ്ടായിരുന്നു.  അന്നുമുതല്‍ ഒടുക്കംവരെ ഭുര്‍ജി ഖാന്റെ സംഗീതശക്തി ആ ബാലികയെ ബാധിച്ചു.  ഒരു ദിവസം പാട്ടു കഴിഞ്ഞപ്പോള്‍ ധോംടുതായുടെ അച്ഛന്‍ ഗണപത് റാവു ഗായകനെ സമീപിച്ചു.  മകളെ പഠിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു.  മാസം അമ്പത് രൂപ ഫീസുവേണം എന്നു കേട്ടപ്പോള്‍ ഗണപത് റാവു നിരാശനായി മടങ്ങി.  ഏതെങ്കിലും ഒരു ഖാന്‍ സാഹിബ് തന്റെ മകളെ പഠിപ്പിക്കുമെന്ന് അദ്ദേഹം വീണ്ടും വീണ്ടും സ്വപ്‌നം കണ്ടു.   

കുറച്ചു കാലം കഴിഞ്ഞ്, 1940 ല്‍, ഒരു നട്ടുച്ചയ്ക്ക് ഗണപതി റാവുവിന്റ സ്വപ്‌നം യാഥാര്‍ത്ഥ്യമായി.  കുട്ടിയെ പഠിപ്പിക്കാന്‍ ഭുര്‍ജി ഖാന്‍ വീട്ടില്‍ വന്നു.  പഴയ ആളുകള്‍ പലരും കടംകഥകളിലൂടെയാണ് സംസാരിക്കുക.  കുട്ടി പഠിക്കാന്‍ പ്രായമായില്ല എന്നാണ് അന്ന് താങ്ങാനാവാത്ത് ഫീസ് ചോദിച്ച് മടക്കിയപ്പോള്‍ ഖാന്‍സാഹിബ് ഉദ്ദേശിച്ചിരുന്നത്.  ഗണപത് റാവുവിന്റെ മനസ്സുവായിച്ചതുപോലെ ഫീസ് കഴിയുന്നത്ര തന്നാല്‍ മതി എന്നു ഖാന്‍സാഹിബ് പറയുകയും ചെയ്തു.  ആ നിമിഷംതൊട്ട് ധോംടുതായി ഹിന്ദുസ്ഥാനി സംഗീതത്തിലേയ്ക്ക് പ്രവേശിച്ചു.  ഗണപത് റാവു മാസം പത്തു രൂപ ഫീസ് നല്കി.  അക്കാലത്ത് ഭുര്‍ജി ഖാന് നിരവധി നല്ല ശിഷ്യന്മാരുണ്ടായിരുന്നു.  അക്കൂട്ടത്തില്‍ വെളുത്തു മെലിഞ്ഞ ഒരു പയ്യനുണ്ടായിരുന്നു.  അവനാണ് പിന്നീട് വലിയ ഗായകനായിത്തീര്‍ന്ന മല്ലികാര്‍ജ്ജുന്‍ മന്‍സൂര്‍.  

ഗുരുവിനെ കാത്തിരുന്ന കാലം ധോംടുതായ് ഹാര്‍മോണിയം വായിച്ച് സംഗീതദാഹം അടക്കി.  എന്നാല്‍ ഭുര്‍ജി ഖാന്‍ നല്‍കിയ ആദ്യ നിര്‍ദ്ദേശം ഹാര്‍മോണിയം തൊടരുത് എന്നായിരുന്നു. 'എളുപ്പവഴി സ്വീകരിക്കുന്നത് മനുഷ്യന്റെ ഒരു ദൗര്‍ബ്ബല്യമാണ്.  സ്വരത്തെ നേരിട്ട് കണ്ടുപിടിക്കണം.  ഹാര്‍മോണിയത്തിന്റെ സഹായത്തോടെ പാടിയാല്‍ പിന്നീട് അതിന്റെ ആശ്രയമില്ലാതെ സ്വരത്തെ ഗ്രഹിക്കാന്‍ കഴിയില്ല.'  ഈ വിശദീകരണം ആ ബാലികയ്ക്ക് അത്ര എളുപ്പം ബോധ്യമായില്ല.  അവള്‍ ഹാര്‍മോണിയത്തെ പിരിഞ്ഞ് കരഞ്ഞു നടന്നു.   

ഖാന്‍സാഹിബുമാരോടൊപ്പം ധോംടുതായ് സംഗീതത്തില്‍ വിരിഞ്ഞുപടര്‍ന്നു. അല്ലാദിയാ ഖാനെക്കുറിച്ചുള്ള ധോംടുതായുടെ അവസാനത്തെ ഓര്‍മ്മ അദ്ദേഹത്തോടൊപ്പം 1944 ല്‍ ബോംബെയില്‍ വെച്ചു നടന്ന വിക്രമാദിത്യ സംഗീതസമ്മേളനത്തിന് പോയതിനെ കുറിച്ചായിരുന്നു.  അതിനു മുന്‍പോ ശേഷമോ അതുപോലെ ഗംഭീരമായ ഒരു സംഗീതസമ്മേളനം ഉണ്ടായിട്ടില്ല.  പക്കമേളങ്ങളും ഷാളും കോളാമ്പിയുമായി സംഗീതജ്ഞര്‍ വന്നുചേര്‍ന്നു.  ലാഹോര്‍, കല്‍ക്കട്ട, മദ്രാസ്, കാഷ്മീര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന്.  

തുടര്‍ച്ചയായി ഏഴു ദിവസം അന്തരീക്ഷത്തില്‍ സംഗീതവീചികള്‍ നിറഞ്ഞുനിന്നു.  സംഗീതത്തിലൂടെ പകല്‍ സന്ധ്യയും രാത്രിയും പ്രഭാതവുമായി.  കൗഏസ്ജി (Cowasji) ജഹാംഗീര്‍ ഹാളിലേയ്ക്ക് (ഇപ്പോള്‍ ആര്‍ട്ട് ഗാലറി) സൂര്യകിരണങ്ങള്‍ വന്നുംപോയുമിരുന്നു.      

ഈ സംഗീതോത്സവത്തിലാണ് അറിയപ്പെടാത്ത ഗായകര്‍ പലരും ഒറ്റ രാത്രികൊണ്ട് പ്രശസ്തരായത്.   മത്തങ്ങാവയറും വളച്ചുവെച്ച മീശയുമുള്ള ആജാനുബാഹുവായ ഒരു പഞ്ചാബി യുവാവ് വന്ന് ഖയാലും ഠുമ്രിയും തകര്‍ത്തുപാടി.  അദ്ദേഹം, ഗുലാം അലി ഖാന്‍, അതോടെ ബഡേ ഗുലാം അലി ഖാനായി.  കല്‍ക്കത്തക്കാരനായ യുവ സിതാര്‍ വാദകന്‍, വിലായത് ഖാന്‍, ആ വേദിയില്‍വെച്ച് പ്രശസ്തനായി.  അദ്ദേഹം പിന്നീട് രാജ്യത്തിലെ എക്കാലത്തേയും വലിയ സംഗീതജ്ഞനായി.  കഴിഞ്ഞ് അമ്പത് കൊല്ലമായി സംഗീതത്തില്‍ നടന്നുകൊണ്ടിരുന്നതെല്ലാം ആ വേദിയില്‍ ഏഴു ദിവസംകൊണ്ട് അരങ്ങേറി.  

സാരിയും ബ്ലൗസും ധരിച്ച് കൈകള്‍ മടിയിലൊതുക്കിവെച്ച ധോംടുതായിയും വെളുത്ത വീതുളിവെച്ച അല്ലാദിയാ ഖാനും മുന്‍നിരയില്‍ ഇരിക്കുന്നുണ്ടായിരുന്നു.  അല്ലാദിയാഖാനെ എല്ലാവര്‍ക്കും അറിയാം.  കൂടെയുള്ള പെണ്‍കുട്ടിയെ മനസ്സിലായില്ല.  പലരും ചോദിച്ചു.  എല്ലാവര്‍ക്കും അദ്ദേഹം ഒരേ ഉത്തരം നല്‍കി: 'പേരമകള്‍.' 

വയസ്സായ ഒരു പാട്ടുകാരന്‍, കരാമത് ഖാന്‍, ഗംഭീരമായി വേദി നിറഞ്ഞു പാടി.  'നൂറ്റിയിരുപത് വയസ്സായെന്ന് കേള്‍ക്കുന്നു,' ധോംടുതായ് ചോദിച്ചു.  'ശരിയായിരിക്കാം.  എന്നേക്കാള്‍ കുറേ പ്രായമുണ്ട്,' ഖാന്‍ സാഹിബ് മറുപടി പറഞ്ഞു.  മറ്റാരോടും സംസാരിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ഖാന്‍ സാഹിബ് ധോംടുതായിയോട് പല കഥകളും പറഞ്ഞു.  അല്ലാദിയാ ഖാനെ പഠിപ്പിച്ചത് അമ്മാവനാണ്.  അമ്മാവന്‍ പറയുമായിരുന്നു, 'പാട്ടുകാരനും ഘടികാരവും തമ്മില്‍ ഒരു ബന്ധവുമുണ്ടാകരുത്.  മനസ്സിലുള്ളത് പുറത്തുവരുന്നതുവരെ പാടിക്കൊണ്ടിരിക്കുക. അതുവരെ പാടുന്നിടത്തുനിന്ന് എഴുന്നേല്‍ക്കരുത്.'

സംഗീതസമ്മേളനത്തിന്റെ ആറാം ദിവസത്തില്‍ അവസാനം പാടിയത് അല്ലാദിയാ ഖാനായിരുന്നു.  പാടാന്‍ തുടങ്ങിയപ്പോള്‍ ശബ്ദമൊന്നിടറി.  ധോംടുതായ് പേടിച്ചു.  ശബ്ദം പതറുമോ എന്ന് ഭയന്ന് ശ്വസം അടിക്കിപ്പിടിച്ചിരുന്നു.  അദ്ദേഹത്തിന് 99 വയസ്സായിരുന്നു.  ഒരു സെക്കന്‍ഡ് കഴിഞ്ഞു.  പെട്ടെന്ന് ഇടിമിന്നല്‍പോലെ ഒരു 'താന്‍' അദ്ദേഹം തൊടുത്തുവിട്ടു.  അതിന്റെ മിന്നല്‍പ്പിണര്‍ സദസ്സിലാകെ പടര്‍ന്നു. 

അല്ലാദിയാ ഖാന്റെ പിന്നില്‍ തംബുരു മീട്ടി ഭുര്‍ജി ഖാന്‍ പാടുന്നുണ്ടായിരുന്നു.  കൂടാതെ മുടി അരുകിലേയ്ക്ക് കോതിയിട്ട ഒരു സുന്ദരി ആണിനെപ്പോലെ പാടുന്നുണ്ടായിരുന്നു.  രാംകലി രാഗം പാടി കഴിഞ്ഞപ്പോഴേയ്ക്കും രാവിലെ ആറു മണിയായി.  ഖാന്‍ സാഹിബ് ബിഭാസ് രാഗത്തിന്റെ ആലാപ് തുടങ്ങിയിട്ട് കേസര്‍ബായി കേര്‍ക്കറിനോടു പറഞ്ഞു, 'കേസര്‍, പാടൂ, ഇത് നിനക്കാണ്.'  

ധോംടുതായ്ക്ക് കുടുതല്‍ പറയാന്‍ കഴിഞ്ഞില്ല.  ഓര്‍മ്മകളുണര്‍ത്തിയ ഏതോ ഒരു വിലാപം തൊണ്ടയടച്ചുപിടിച്ചു.  കേട്ടിരുന്ന ശിഷ്യയും എഴുത്തുകാരിയുമായ നമിതാ ദേവീദയാല്‍ പറയാനാവത്ത വികാരങ്ങളാല്‍ നിര്‍നിമേഷയായി.  ധോംടുതായി എന്തുകൊണ്ട് ഈ മഹാസംഗീതജ്ഞന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെട്ടില്ല?!  നമിതയ്ക്ക് ഒന്നും മനസ്സിലായില്ല.  

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 2019 മെയ് 19, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ