Skip to main content

ഗുരുവിന്റെ ഡിജിറ്റല്‍ അങ്കലാപ്പ്

അദ്ധ്യാപകരെ നമുക്ക് അറിയാം.  പക്ഷെ നമുക്ക് ഗുരുവിനെ അറിയുമോ? ഗുരുവിനെ കണ്ടുമുട്ടിയവര്‍ വിരളമാണ്.  ഒരു വിഷയത്തിന്റെ അഗാധതയില്‍ നിന്നുകൊണ്ട് മറ്റെന്തിനേയും അറിയുന്ന വിവേകബുദ്ധി ഗുരുവിന്റെ യോഗ്യതയാണ്.  ഗുരു നയിക്കാന്‍ പ്രാപ്തിയുള്ള വ്യക്തിയായിരിക്കും.  ഗുരുവും ശിഷ്യരും തമ്മില്‍ മത്സരമുണ്ടാകില്ല.  ശിഷ്യരെ നയിക്കുകയും അവരുടെ വികാസത്തെ ശ്രിദ്ധിക്കുകയും ചെയ്തുകൊണ്ട് ഗുരു സദാ ജാഗരൂകനായി കുടെയുണ്ടാവും.

കബീര്‍ ഗുരുവിനെ കാണുന്നത് വിവേകത്തിലേയ്ക്ക് നയിക്കുന്നവനായിട്ടാണ്:
ഗുരു ഗോവിന്ദ്, ദോനോ ഖഡേ, കാകോ ലാഗു പായേ
ബലിഹരി ഗുരു അപ്‌നെ ഗോവിന്ദ് ദിയോ ദിഖായേ

ഗുരുവും ദൈവവും നമ്മുടെ മുന്നില്‍ നില്‍ക്കുകയാണെങ്കില്‍, നാം ആരെ വന്ദിക്കും?  എല്ലാവരും നിസ്സംശയം പറയും 'ദൈവത്തെ' എന്ന്.  പക്ഷെ കബീര്‍ പറയുന്നു, നാം ഗുരുവിനെ വന്ദിക്കണം.  കാരണം ഗുരുവാണ് ദൈവത്തെ, അതിലൂടെ വിവേകത്തേയും, കാണിച്ചു തന്നത്.  ചില ഇന്ത്യന്‍ പാരമ്പര്യങ്ങളില്‍ ഗുരു ദൈവതുല്യനാണ്.  ഗുരു തരുന്നതാണ് താലിം.  താലിം എന്ന ഉറുദു വാക്ക് സാമാന്യമായി പഠിപ്പിക്കലിന്റെ പ്രക്രിയയെയാണ് അര്‍ത്ഥമാക്കുന്നത്.  അക്ഷരാര്‍ത്ഥത്തില്‍ താലിം എന്നാല്‍ ഒറ്റനോട്ടത്തില്‍ത്തന്നെ വെളിപ്പെടുന്ന വിശ്വദര്‍ശനമത്രെ. 

സംഗീതലോകത്ത് പല തരക്കാരായ ഗുരുക്കന്മാരുണ്ടായിരുന്നു.  കുസൃതികളും പിടി വാശികളും ഉള്ളവര്‍.  ഒരു നല്ല ഗുരുശിഷ്യ ബന്ധമുണ്ടാകണമെങ്കില്‍, ഗുരുവില്‍നിന്ന് സംഗീതം സ്വായത്തമാക്കണമെങ്കില്‍, ഗുരുഭക്തിയും വിദ്യയോട് അര്‍പ്പണബോധവും ഉണ്ടെന്ന് ശിഷ്യന്‍ തെളിയിക്കണം.  ഗുരുവിന് വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുക്കുക, കാല്‍ ഉഴിഞ്ഞുകൊടുക്കുക, ഭക്ഷണം പാകം ചെയ്തുകൊടുക്കുക, ഗുരുവിന്റെ കിറുക്കുകള്‍ സഹിക്കുക, എന്നിങ്ങനെ പല വിധത്തില്‍ ഗുരുവിനോടുള്ള ആശ്രിതത്വം തെളിയിക്കേണ്ടിവന്നവരുണ്ട്.   
      
ഭക്ഷണം പാകം ചെയ്യുന്നതിലും വേണം ഭക്തി.  ഒരു കഥ ഇങ്ങനെയാണ്: സസ്യാഹാരിയായ ശിഷ്യന്‍ മാംസാഹാരിയായ ഗുരുവിന് ഭക്ഷണം ഉണ്ടാക്കിയതിനെ കുറിച്ച്.  മാംസം എന്ന് കേള്‍ക്കുമ്പോഴേയ്ക്കും ഓക്കാനം വരുന്ന ശിഷ്യന്‍ ഗുരുവിന് ആട്ടിന്‍കുട്ടിയെ കറിവെച്ചുകൊടുത്തു.  അടുക്കളയില്‍നിന്നുള്ള മണം കിട്ടിയപ്പോഴേ ഗുരുവിന് വായില്‍ വെള്ളം ഊറി.  ശിഷ്യന്റെ ത്യാഗം തിരിച്ചറിഞ്ഞപ്പോള്‍ ഗുരുവിന്റെ ഹൃദയവാതില്‍ തുറക്കുകയും ചെയ്തു.    

രണ്ടു വര്‍ഷത്തെ അഭ്യര്‍ത്ഥനയുടെ ഫലമായാണത്രെ ഹരിപ്രസാദ് ചൗരാസ്യയെ ശിഷ്യനായി സ്വീകരിക്കാന്‍ അന്നപൂര്‍ണ്ണാദേവി തയ്യാറായത്.  ഗുരു ആദ്യംതന്നെ ശിഷ്യനോട് പറഞ്ഞത് ഇത്രയും കാലം പഠിച്ചതെല്ലാം മറക്കാനാണ്.  എല്ലാം മറന്ന് ആദ്യം മുതല്‍ തുടങ്ങാന്‍ വേണ്ടി ചൗരാസ്യ ഓടക്കുഴല്‍ പിടിക്കുന്ന വിധംതന്നെ മാറ്റി.  വലത്തുനിന്ന് ഇടത്തേയ്ക്ക് മാറ്റി.  അങ്ങനെയാണ് അദ്ദേഹം അന്നപൂര്‍ണ്ണാദേവിയുടെ ശിഷ്യനായത്. 

ഗുരുശിഷ്യ ബന്ധത്തില്‍ ഗുരുവിന് വിശ്വാസവും അടുപ്പവും തോന്നുമ്പോഴാണ് പഠിപ്പിക്കല്‍ പൂര്‍ണ്ണമായി നടക്കുക.  ഈ അടുപ്പവും വിശ്വാസവും നിര്‍ലോഭമായ വിദ്യാദാനവും പരിഗണിച്ചാകാം സംഗീതത്തിന് ഗുരുകുല സമ്പ്രദായമാണ് യോജിച്ചത് എന്ന് പറയാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്.  ഗുരുവിന് വേണ്ടത് പണമല്ല.  തന്റെ വാണി കാത്തു സൂക്ഷിക്കപ്പെടും, ഭാവിയില്‍ ശിഷ്യരിലൂടെ തന്റെ സംഗീതശൈലി സജീവമായി നിലനില്‍ക്കും, എന്നൊക്കെയുള്ള പ്രതീക്ഷകളാണ് ഗുരുവിനെ തൃപ്തിപ്പെടുത്തുക.   

തമിഴ് സാഹിത്യകാരനായ മാലന്‍ എഴുതിയ 'വിദ്വാന്‍' ഗുരുകുലവാസത്തെ കുറിച്ചുള്ള രസകരമായ ഒരു കഥയാണ്.  കഥാനായകനായ ജാനകീരാമന്‍ ലളിതവിനീതനായ ഒരു വയലിന്‍ വാദകന്‍.  ധാരാളം ശിഷ്യന്മാരുണ്ട്, പക്ഷെ ആരും ഗുണം പിടിക്കുന്നില്ല.  ഒരു ശിഷ്യനുണ്ട്. മിടുക്കന്‍. ജോസഫ് ഓം.  അമേരിക്കയില്‍നിന്ന് ഇടയ്ക്കിടയ്ക്ക് വന്നു പഠിക്കും.  പോകുന്നതുവരെ ഗുരുവിനോടൊപ്പം താമസിച്ച്, ഗുരുവിന് ചാരെയിരുന്നു ശുശ്രൂഷ ചെയ്ത്, രസം കൂട്ടി ചോറുണ്ട്, സംഗീതം പഠിച്ച് ഗുരുകുലവാസം ചെയ്യും.  ഒരു യഥാര്‍ത്ഥ ഗുരുകുലവാസം.  താന്‍ അമേരിക്കയിലായിരിക്കുമ്പോഴും ഗുരുവിന് ശുശ്രൂഷ ലഭിക്കാന്‍വേണ്ടി ശിഷ്യന്‍ ഗുരുകുലത്തില്‍ ഒരു കംപ്യൂട്ടര്‍ നിയന്ത്രിത റൊബോട്ട് സ്ഥാപിക്കുന്നു.  റോബോട്ടിന്റെ പേര് യക്ഷണി.  വസ്ത്രം അലക്കും, ഭക്ഷണം ഉണ്ടാക്കും, ചെടികള്‍ നനയ്ക്കും, കച്ചേരിക്ക് പോകാന്‍ ഗുരുവിന്റെ ബാഗില്‍ വസ്ത്രം അടക്കി വെയ്ക്കും, കച്ചേരിയുള്ള കാര്യം ഓര്‍മ്മിപ്പിക്കും...  ഈ റോബോട്ടിന് വയലിന്‍ ശ്രുതി ചേര്‍ത്ത് വെയ്ക്കാനും അറിയാം.  പക്ഷെ അതുമാത്രം ഗുരു സമ്മതിക്കില്ല.  സംഗീതത്തിന്റെ കാര്യത്തില്‍ യന്ത്രത്തെ ഇടപെടാന്‍ അനുവദിക്കില്ല.

ഡല്‍ഹിയില്‍ കച്ചേരി നടത്തി പത്തു ദിവസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ വീടിനകത്തുനിന്ന് ആരോ ഭൈരവി വായിക്കുന്നു.  ഇത്രയും മനോഹരമായി ഭൈരവി വായിക്കുന്നത് ജാനകീരാമന്‍ ആദ്യമായി കേള്‍ക്കുകയാണ്.  പിന്നെ കൃതി.  തുടര്‍ന്ന് കല്‍പ്പനാസ്വരം.  സ്വര്‍ഗ്ഗീയമായ കച്ചേരിതന്നെ.  ഏറ്റവും ശുദ്ധമായ ആ ഭൈരവിയില്‍ സ്വയം മറന്ന് ഗുരു ആനന്ദാശ്രുക്കള്‍ പൊഴിച്ചു.  വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.  ആരാണ് വയലിന്‍ വായിച്ചത് എന്നു ചോദിച്ചപ്പോള്‍ യക്ഷണി പറഞ്ഞു താനാണെന്ന്.  'നിന്നോട് വയലിന്‍ തൊടരുത് എന്ന് പറഞ്ഞിട്ടില്ലേ?,' ഗുരു ക്ഷോഭിച്ചു.   'ഞാന്‍ വയലിന്‍ തൊട്ടിട്ടില്ല. ആവൃത്തിയും ശബ്ദതരംഗങ്ങളും ഉണ്ടാക്കിയതാണ്.  അവയാണ് നിങ്ങള്‍ സംഗീതം എന്നു പറയുന്നതിന്റെ അടിസ്ഥാനം.'  ആവൃത്തികളേയും ശബ്ദതരംഗങ്ങളേയും അടിസ്ഥാനമാക്കി  യക്ഷണിയ്ക്ക് ഏത് രാഗവും അതിന്റെ പൂര്‍ണ്ണതയില്‍ വായിക്കാനാവും.  ഉപകരണവും വേണ്ട.   ഗുരു കോപിച്ചും കരഞ്ഞും പിണങ്ങിപ്പോയി. 

അടുത്ത ദിവസം ഗുരു എല്ലാം ഒന്ന് പുനരാലോചിച്ചു.  തന്നെ പഠിപ്പിച്ചത് ഋഷിയാണെന്നും ദൈവമാണെന്നുമുള്ള ധാരണയൊക്കെ മാഞ്ഞു.  യക്ഷണിയെ ഗുരുവായി സ്വീകരിക്കാനായി ഗുരു അതിനരികില്‍ വന്നണഞ്ഞു.  പക്ഷെ ഗുരുവിന്റെ കോപവും സങ്കടവും സെന്‍സറുകള്‍ വഴി മനസ്സിലാക്കിയ യക്ഷണി കഴിഞ്ഞ ദിവസംതന്നെ അതിന്റെ മെമ്മറി ഡിലീറ്റ് ചെയ്തു കഴിഞ്ഞിരുന്നു.  യക്ഷണി പറഞ്ഞു, 'എനിക്ക് ഒന്നും അറിയില്ല.'  ഗുരു അത്രയും പ്രതീക്ഷിച്ചിരുന്നില്ല.  ഗുരു യക്ഷണിയ്ക്ക് സരളിവരിശകള്‍ പാടിക്കൊടുക്കുന്നു.

ഗുരുകുലവാസത്തിലൂടെ ലഭിക്കുന്നതാണ് ആധികാരികമായ സംഗീതം എന്ന ധാരണ ഗുരുകുലവാസത്തോട് പൊതുവില്‍ കാണുന്ന ആദരവില്‍ പ്രകടമാണ്.  വര്‍ഷങ്ങളോളം സമയമെടുത്താണ് ഗുരുവില്‍നിന്ന് ശിഷ്യനിലേയ്ക്ക് സംഗീതം ഒഴുകി നിറയുക.  ഡിജിറ്റല്‍ യന്ത്രത്തില്‍ എല്ലാം ഞൊടിയിടകൊണ്ട് സംഭവിക്കും.  കഥ തീരുന്നത് റോബോട്ട് ഗുരകുലവാസം അനുഷ്ഠിക്കാന്‍ തുടങ്ങുന്ന രംഗത്തിലാണെങ്കിലും, ആരാണ് ഗുരു, സംഗീതത്തിന്റെ ആധികാരികത എന്താണ്, എന്നീ ചോദ്യങ്ങള്‍ അതില്‍ നേരത്തെ ഉന്നയിക്കപ്പെടുന്നുണ്ട്. കൃത്രിമബുദ്ധിയുടേയും ഗുരുകുലവാസത്തിന്റേയും യുക്തികള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതിലൂടെ എന്താണ് യഥാര്‍ത്ഥത്തില്‍ ആധികാരികത എന്ന ധാരണയെ അസ്ഥിരപ്പെടുത്തുന്ന യുക്തികള്‍ കഥ അവതിരിപ്പിക്കുന്നുണ്ട്.  അതായത് സംഗീതത്തിലെ ശബ്ദപ്രമാണത്തിന്റെ ആധികാരികതയെ കുറിച്ചുള്ള വ്യവസ്ഥാപിതധാരണകളെ കഥ തകിടം മറിക്കുന്നുണ്ട്. 

1900 ആകുമ്പോഴേയ്ക്കും ഗുരുകുലവാസവ്യവസ്ഥ തകര്‍ന്നു കഴിഞ്ഞിരുന്നു, ഇനി വിശദമായ സ്വരപ്പെടുത്തല്‍  മാത്രമേ ഒരു മാര്‍ഗ്ഗമായുള്ളൂ എന്ന് പ്രസിദ്ധ പാട്ടുകാരനും പണ്ഡിതനുമായിരുന്ന അരിയക്കുടി രാമാനുജയ്യങ്കാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഇന്ന്, ഇപ്പോള്‍, ശിഷ്യര്‍ പാഠങ്ങള്‍ റെക്കോഡ് ചെയ്ത് കേട്ടു പഠിക്കുകയാണ്.  ശിഷ്യരോടപ്പം മൊബൈലിലുണ്ട് ഗുരുവാണി.

മുകുന്ദനുണ്ണി 

(ദേശാഭിമാനി വാരാന്തം, 11 മാര്‍ച്ച്, 2019, തിങ്കള്‍)




Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ