Skip to main content

നാല് മിനുട്‌സ് 33 സെക്കന്‍ഡ്‌സ്

പാശ്ചാത്യ ക്ലാസിക്കല്‍-മോഡേണ്‍ സംഗീതജ്ഞനായ ജോണ്‍ കെയ്ജിന്റെ 4' 33' (നാലു മിനുട്‌സ് 33 സെക്കന്‍ഡ്‌സ്) ഒരു നിശബ്ദസംഗീതരചനയാണ്.  മൂന്ന് മൂവ്‌മെന്റ്‌സുണ്ട് ആ രചനയ്ക്ക്.  പിയാനോവാദകന്‍ വന്നിരുന്ന് സ്‌കോര്‍ഷീറ്റ് സശ്രദ്ധം നോക്കിയ ശേഷം പിയാനോ തുറക്കുന്നു.  പിയാനോ പ്രവര്‍ത്തിപ്പിക്കാതെ കുറച്ചു നേരം ക്വീബോര്‍ഡില്‍ നോക്കിനിന്നശേഷം പിയാനോ അടച്ചു വെയ്ക്കുന്നു.  ഇതാണ് ഒന്നാമത്തെ മൂവ്‌മെന്റ്.  വേദിയില്‍ നാല് ഉപകരണവാദ്യക്കാരുണ്ട്.  വാദ്യോപകരണങ്ങള്‍ വാദനം ചെയ്യരുതെന്ന് അവര്‍ക്ക് കെയ്ജിന്റെ നിര്‍ദ്ദേശമുണ്ട്.  തുടര്‍ന്ന് രണ്ടു തവണ കൂടി ഇതേ മൂവ്‌മെന്റ് ആവര്‍ത്തിക്കുന്നു.  കച്ചേരി കഴിഞ്ഞു.  രചയിതാവ് ഹസ്തഘോഷങ്ങള്‍ ഏറ്റു വാങ്ങി തലകുനിച്ച് നന്ദി രേഖപ്പെടുത്തുന്നു.

സംഗീതത്തില്‍ ശ്രദ്ധ പതിയുമ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങളുടെ സൗന്ദര്യാത്മകഗുണങ്ങള്‍ കേള്‍ക്കാതെ പോകുകയാണ്.  ആ നഷ്ടശബ്ദങ്ങളുടെ സംഗീതമാണ് 4'33'': സംഗീതജ്ഞന്റെ സംഗീതം പരിസരശബ്ദങ്ങളുടെ സംഗീതത്തിന് കാതോര്‍ക്കുന്ന നീണ്ട സെന്‍ ബുദ്ധിസ്റ്റ് നിമിഷങ്ങള്‍.   

പാട്ടു കേള്‍ക്കുമ്പോള്‍ പാട്ടിനു ചുറ്റും നിശബ്ദത വലയം ചെയ്തു നില്‍ക്കും.  തിരിച്ച്, നിശബ്ദതയെ കേള്‍ക്കുമ്പോള്‍ ചുറ്റും ശബ്ദങ്ങള്‍ വലയം ചെയ്യും.  ശബ്ദങ്ങള്‍ നിശബ്ദതയുടെ ഒഴിഞ്ഞ പാത്രത്തിലേയ്ക്ക് വന്നു പതിക്കും.  കെയ്ജിന്റെ നിശബ്ദമായ കച്ചേരിയ്ക്കിടയ്ക്ക് പുറത്തു നിന്ന് എന്തൊക്കെയോ ശബ്ദങ്ങള്‍ കടന്നു വന്നു.  ഒന്നും കേള്‍ക്കാനില്ലാതിരുന്ന സമയത്ത് സ്വന്തം ഹൃദയമിടിപ്പ് കേള്‍ക്കാം.  തലയിലേയ്ക്ക് രക്തം പ്രവഹിക്കുന്നതുപോലും കെയ്ജ് കേട്ടു.  ഇനി അഥവാ ഒന്നും കേട്ടില്ലെങ്കിലും നിശബ്ദതയുടെ ശൂന്യതയില്‍ പ്രതീക്ഷിക്കപ്പെടുന്ന ശബ്ദങ്ങളുടെ പ്രേതങ്ങളുണ്ടാവും.  ഫലത്തില്‍ അത് പരിസരശബ്ദങ്ങളുടെ കച്ചേരിയാണ്.  സാധാരണ ഒരു കച്ചേരി നടക്കുമ്പോള്‍ സദസ്സിലുള്ള ആരെങ്കിലും ചുമച്ചേയ്ക്കാം.  ഒരു കുട്ടിയുടെ കരച്ചില്‍ ഉയരാം.  അത്തരം ശബ്ദങ്ങള്‍ കച്ചേരിയുടെ ഇടയില്‍ കയറി വരും. എന്നാല്‍ കെയ്ജിന്റെ ഈ രചന അത്തരം പരിസരശബ്ദങ്ങള്‍ നടത്തുന്ന കച്ചേരിയില്‍ ഇടപെടാതെ നിശബ്ദമായി നില്‍ക്കുകയാണ്. 

കെയ്ജിന്റെ ഈ നിശബ്ദരചന സംഗീതമല്ല എന്ന വാദമുണ്ട്.  സംഗീതമാവാന്‍ ചില മാനദണ്ഡങ്ങളെ തൃപ്തിപ്പെടുത്തേണ്ടതുണ്ട് എന്ന നിര്‍വ്വചനമനുസരിച്ച്.  ഒരു രചന സംഗീതരചനയാവാന്‍ ആദ്യം വേണ്ടത് അതിന്റെ മാധ്യമം ശബ്ദമാവുകയാണ്.  രചന സംഗീതരചനയാവണമെങ്കില്‍ അനിവാര്യമായും അതില്‍വരുന്ന ശബ്ദങ്ങള്‍ സൃഷ്ടാവ് ഉണ്ടാക്കിയതോ ക്രമീകരിച്ചതോ ആയിരിക്കണം.  എന്നാല്‍ പ്രസ്തുത രചനയിലെ ശബ്ദങ്ങള്‍ കെയ്ജ് ഉണ്ടാക്കിയതല്ല. അതുകൊണ്ട് ഇത് സംഗീതമല്ല, മറിച്ച് സംഗീതേതരമായ ഒരു കലാസൃഷ്ടിയാണ് എന്ന് സ്ഥാപിക്കുന്നതിലേയ്ക്കാണ് ഈ വാദം നീളുക. 

ഒരു സംഗീതരചന അതിന്റെ അതിര്‍ത്തിയെ ലംഘിച്ചു നില്‍ക്കുന്ന അവസ്ഥയാണ് ഇവിടെ.  എങ്കിലും അനുഭവത്തെ ഗ്രഹിക്കാന്‍ ആശ്രയിക്കുന്ന സങ്കല്‍പ്പം സംഗീതപരമാണ്.  സംഗീതത്തെക്കുറിച്ചുള്ള സംഗീതമാണ് ഈ രചന.  നിശബ്ദതയുടെ ലക്ഷ്യം ശബ്ദമില്ലായ്മയല്ല, സംഗീതത്തിന്റെ അന്ത്യമല്ല.  പാട്ടുകാരന്‍ മൗനം പൂണ്ടിരിക്കുന്നത് പാട്ട് നിര്‍ത്തിയതുകൊണ്ടല്ല.  തുടക്കത്തിന്റെ മൗനമാണ്.  ശീലിച്ച വഴിയില്‍നിന്ന് പുതിയ വഴിയിലേയ്ക്ക് ചുവടുമാറുന്ന മുഹൂര്‍ത്തം.  കെട്ടിയതിനെ കെട്ടഴിച്ച്, വീണ്ടും, നവ്യാനുഭൂതി പകരുന്ന ഒരു സംഗീതത്തെ സ്വാഗതം ചെയ്യുന്നതിനു മുന്‍പുള്ള ശൂന്യത.  ഖയാല്‍ രൂപപ്പെടുന്നതിനു മുന്‍പ് ഹിന്ദുസ്ഥാനിസംഗീതം ധ്രുപദിനപ്പുറത്തുള്ള സംഗീതത്തെ കാംക്ഷിച്ചിരുന്നപ്പോള്‍ പശ്ചാത്തലത്തിന്റെ ചക്രവാളമായി നിലകൊണ്ട നിശബ്ദതപോലെ.     

നിശബ്ദതയുടെ ധനാത്മക അര്‍ത്ഥവിന്യാസങ്ങള്‍ കവിതയിലും സിനിമയിലും മറ്റു പല മേഖലകളിലും കാണാം.  ആദ്യമായി മഞ്ഞിനെ കാല്പനികമായി കാണുന്നതിനു മുന്‍പുള്ള നിശ്ശബ്ദതയെ സൂചിപ്പിച്ചാണ് ഓസ്‌കാര്‍ വൈല്‍ഡ് 19 ാം നൂറ്റാണ്ടിലെ കവികളാണ് മഞ്ഞിനെ ദര്‍ശനീയമാക്കിയത് എന്ന് പറഞ്ഞിട്ടുള്ളത്.  മുന്‍പ് മഞ്ഞിനെ ഇത്രമേല്‍ കാവ്യാത്മകമായി ആരും നോക്കിയിട്ടില്ലായിരുന്നു.  മനുഷ്യമുഖത്തിന്റെ സങ്കീര്‍ണ്ണതകളുടേയും സൂക്ഷ്മതകളുടേയും അനുഭവം സിനിമയ്ക്ക് മുന്‍പ് നിശബ്ദമായിരുന്നു എന്ന് സൂസന്‍ സോണ്‍ടാഗ് പറഞ്ഞതിലും സമാനമായ ധ്വനിയുണ്ട്.        

ഔപചാരികമല്ലാത്ത സംഗീതസദസ്സ് കൂടുതല്‍ ഹൃദ്യമായി തോന്നുന്നതും സാങ്കേതിക അനുബന്ധങ്ങള്‍ ഇല്ലാതെയുള്ള പാട്ട് കൂടുതല്‍ അടുപ്പം തോന്നിപ്പിക്കുന്നതും നിശബ്ദതയുടെ ഊഷ്മളമായ സാമീപ്യത്തോട് അടുക്കുന്നതുകൊണ്ടാകാം.  ആ സന്ദര്‍ഭങ്ങളില്‍ സംഗീതം നിശബ്ദതയിലേയ്ക്കുള്ള യാത്രയിലാണ്.  പെട്ടിയും തബലയും മാത്രം മതി എന്നൊക്കെ പറഞ്ഞുപോകുന്നത് നിശബ്ദതയെ തടയുന്ന ശ്രവണതലത്തിലെ ധാരാളിത്തത്തെ മറികടക്കാനായിരിക്കാം.  എന്താണ് സംഗീതം എന്ന് തീരുമാനിക്കുകയും അത് തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയുമാണ് പൊതുവില്‍ സംഗീതത്തില്‍ പതിവ്.  തീരുമാനത്തെ ഉപേക്ഷിക്കുമ്പോള്‍ തിരഞ്ഞെടുപ്പിന് വിധേയമാകാത്ത ശബ്ദങ്ങള്‍ക്ക് അവസരം ലഭിക്കുകയാണ്.  തിരഞ്ഞെടുക്കുക എന്ന തീരുമാനത്തിന് മുന്‍പുള്ളത് എല്ലാമാണ്.  അതായത് നിശബ്ദത എല്ലാ സംഗീതസാധ്യതകളുടേയും തുറന്നുവെച്ച ഉറവിടമാണ്.    

പാടിയും കേട്ടും ശീലിച്ച പാട്ടുകള്‍ ശ്രോതാക്കളെ പ്രീതിപ്പെടുത്തുന്നവയാണ്.  ശ്രോതാക്കള്‍ കേട്ടതുതന്നെ കേള്‍ക്കുകയാണ്.  അറിഞ്ഞതുതന്നെ അറിയുകയാണ്.  കേട്ടവയെ താരതമ്യം ചെയ്തുകൊണ്ട് കേള്‍ക്കുകയാണ്.  ചരിത്രനിരപേക്ഷമായി പാടുമ്പോള്‍ കേള്‍ക്കപ്പെടുന്നത് തീര്‍ത്തും പുതിയ, അന്യമായി തോന്നുന്ന, സംഗീതമാണ്.  ഈ വ്യത്യാസം നോട്ടവും തുറിച്ചു നോട്ടവും തമ്മിലുള്ള വ്യത്യാസംപോലെയാണ്.  നോക്കുകയും തിരിച്ചറിയുന്നതോടെ നോക്കാതിരിക്കുകയും ചെയ്യുന്ന ചലനാത്മക പ്രകൃതമാണ് നോട്ടത്തിന്.  ഇടയ്ക്കിടയ്ക്ക് ഒന്ന് കേട്ടുവിടുന്നതുപോലെ.  പരിചിതമായതുകൊണ്ട് പശ്ചാത്തലത്തിലേയ്ക്ക് പിന്‍വലിയുന്ന തരത്തിലുള്ളതാണ് സാമ്പ്രദായിക കലയോടുണ്ടാകുന്ന ശ്രദ്ധയുടെ സ്വഭാവം. തുറിച്ചു നോട്ടവും കാതുകൂര്‍പ്പിച്ച കേള്‍വിയും സംഭവിക്കുന്നത് നിശബ്ദകലയിലാണ്.  തുറിച്ചുനോട്ടത്തിന് വിരാമമില്ല, പിന്‍വലിയലില്ല.  ചരിത്രത്തില്‍ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലാത്തതുകൊണ്ട് സശ്രദ്ധം കേട്ടുകൊണ്ടിരിക്കും.  നിശബ്ദസൃഷ്ടി ചരിത്രത്തില്‍നിന്ന് അനന്തയോളം ദൂരെയാണ്.   

ഗ്രീക്ക് കലശത്തെ (Grecian Urn) കുറിച്ചുള്ള കവിതയില്‍ കീറ്റ്‌സ് പറയുന്നത് കേള്‍ക്കാത്ത ഗീതങ്ങള്‍ നിലനില്‍ക്കും, കേട്ടവ നശിക്കുമെന്നാണ്.  അതില്‍ കവി തടഞ്ഞുവെയ്ക്കപ്പെട്ട കാലവുമായാണ് നിശബ്ദതയെ തുലനം ചെയ്യുന്നത്.  ഗ്രീക്ക് കലശത്തെ എത്രനേരം വേണമെങ്കിലും തുറിച്ചുനോക്കാം.  കീറ്റ്‌സിന് അത് അനന്തതയാണ്.  അനന്തത ഒരേ സമയം ചിന്തോദ്ദീപകവും അതേസമയം മനസ്സിന്റെ പ്രവര്‍ത്തനങ്ങളെ കെടുത്തുന്നതുമാണ്.  അനന്തതയെ കുറിച്ചുള്ള ചിന്തയെ നിശബ്ദത ചിന്തയ്ക്കപ്പുറത്തേയ്ക്ക് കൊണ്ടുപോകാന്‍ തയ്യാറാവുകയുമാണ്. 

യാഥാര്‍ത്ഥ്യങ്ങളില്‍ അഴുക്കായി പറ്റിക്കിടക്കുന്ന വാക്കുകളെ കഴുകിക്കളയുകയാണ് കവിതയുടെ ധര്‍മ്മം എന്ന് സ്റ്റീഫന്‍ മല്ലാര്‍മെ പറയുന്നുണ്ട്.  ഇവിടെ നിശബ്ദത കാവ്യരചനയ്ക്ക് മുന്‍പുള്ള ശുദ്ധീകരണമാണ്.  അതുപോലെ തുരുമ്പിച്ച പാട്ടുകള്‍ മൂടി നില്‍ക്കുന്ന അനുഭവ സ്രോതസ്സിനെ കഴുകി വൃത്തിയാക്കി അതിനുചുറ്റും നിശബ്ദതയെ സ്ഥാപിക്കലായിരിക്കാം സംഗീതത്തിന്റെ വര്‍ത്തമാനകാല ധര്‍മ്മം.  നിശബ്ദതയെ ആരാധിക്കുന്ന നിരവധി രൂപകങ്ങള്‍ കാവ്യഭാവനകളിലുണ്ട്.  സച്ചിദാനന്ദന്റെ കവിതയില്‍ നിശബ്ദതയുടെ ആഴക്കയത്തിലേയ്ക്ക് നാദത്തിന്റെ പൊന്മാന്‍ ചാടുന്നുണ്ട്.  മറ്റൊരു കവിതയില്‍ ആ പൊന്മാന്‍ നാദത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് പറന്നുപോകുന്നു.

നിശബ്ദതപോലെ നിറവുള്ളതാണ് പ്രകൃതിദൃശ്യം.  നിറവില്‍ അഭാവമില്ല.  ഒന്നും ആവശ്യമില്ലാത്തതുകൊണ്ട് നോട്ടവും അവിടെ അധികപ്പറ്റാണ്.  കലയുടെ സ്വപ്‌നസാക്ഷാത്കാരമാണ് ആ നിറവ്.  യുക്തിയെ ഉപേക്ഷിച്ചും ആര്‍ഭാടത്തിന്റെ നിറം നരച്ച പച്ചയാക്കിയും പ്രകൃതിയുമായി ഇണങ്ങാന്‍ കലകള്‍ ആഗ്രഹിക്കാറുണ്ട്.  ഒരു പക്ഷെ, അത്തരം ഒരു ആഗ്രഹമാണ് 4'33''യില്‍ നിറവേറിയത്.  

ബാലമുരളീകൃഷ്ണ, ഹരിപ്രസാദ് ചൗരാസ്യ, എം. ഡി. ആര്‍, എന്‍. രാജം, ടി. ആര്‍. മഹാലിംഗം, കുമാര്‍ ഗന്ധര്‍വ്വ തുടങ്ങിയ സംഗീതജ്ഞര്‍ അവരുടെ സംഗീതത്തില്‍ നിശബ്ദതയ്ക്ക് സംഗീതാത്മകമായ ഇടം നല്കിയവരാണ്.  കെയ്ജ് ആ അന്വേഷണത്തിന്റെ അറ്റംവരെ പോയി.  ഏത് ശബ്ദവും തുല്യമായ ശ്രദ്ധ അര്‍ഹിക്കുന്നു എന്ന തത്വം സംഗീതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ അദ്ദേഹം അവസാനം നിശബ്ദമായ ഒരു രചന അവതരിപ്പിച്ചു.  പ്രധാനം-അപ്രധാനം എന്ന വേര്‍തിരിവിനെ നിര്‍ണ്ണയിക്കുന്ന തീരുമാനങ്ങള്‍ നിശബ്ദതയില്‍ ഇല്ലാത്തതുകൊണ്ട്.    'യഥാര്‍ത്ഥത്തില്‍ നിശബ്ദതയും ഇല്ല.  എപ്പോഴും ശബ്ദം ഉണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കും.  ശ്രദ്ധിച്ചു തുടങ്ങുമ്പോള്‍ ആര്‍ക്കും അതിനെപ്പറ്റി ഒരു ഏകദേശരൂപംപോലും ഊഹിക്കാനാവാത്തത്ര സാധ്യതകളോടെ.'

മുകുന്ദനുണ്ണി   


(ദേശാഭിമാനി വാരാന്തം, 2019 ജനുവരി 20, പേജ് 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ