Skip to main content

ഉയരങ്ങളിലെ ഏകാന്തത



'കുറച്ചു കൊല്ലങ്ങള്‍ക്കു മുന്‍പ് നീ (സ്വപന്‍) എന്നെ കാണാന്‍ വരുകയും സംസാരിക്കുയും ചെയ്തപ്പോള്‍, എനിക്കറിയില്ലായിരുന്നു എന്നെ കുറിച്ച് ഒരു പുസ്തം എഴുതുന്ന കാര്യം നീ ഗൗരവമായെടുത്തിട്ടുണ്ടെന്ന്.  സത്യം പറയുകയാണെങ്കില്‍ എന്നെ കുറിച്ച് എന്തെങ്കിലും വിശേഷമായി എഴുതാനുണ്ടെന്ന് ഞാന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല.  എന്നെ കൂടാതെ പലരുടേയും ഗുരുവും എന്റെ അച്ഛനുമായ ബാബയുടെ (അല്ലാവുദ്ദീന്‍ ഖാന്‍) കീഴില്‍ പഠിച്ച ഒരു എളിയ സംഗീതവിദ്യാര്‍ത്ഥിയായാണ് ഞാന്‍ എന്നെ സ്വയം കാണുന്നത്' (Swapan Kumar Bondyopadhyay, An Unheard Melody - Annapurna Devi, Forward, Roli Books, New Delhi, 2005).

മെയ്ഹര്‍.  മദ്ധ്യപ്രദേശിലെ ഒരു ടൗണ്‍. അന്നപൂര്‍ണ്ണാദേവിയുടെ ജന്മനാട്.   രാമയണത്തില്‍ പറയുന്ന തമസ് നദി ഈ വഴി ഒഴുകിയിരുന്നു.  പുഴയോരത്ത് മാവും ചന്ദനമരങ്ങളും ഇടതൂര്‍ന്ന വളര്‍ന്ന കാടുണ്ടായിരുന്നു.  അന്ന് അവിടെമാകെ മുഴങ്ങിയിരുന്നത് അന്നപൂര്‍ണ്ണയുടെ അച്ഛന്‍ ബാബാ അല്ലാവുദ്ദീന്‍ ഖാന്റെ സംഗീതമായിരുന്നു.    

രാംപൂര്‍ യാത്ര കഴിഞ്ഞ് അല്ലാവുദ്ദീന്‍ ഖാന്‍ തിരിച്ചുവരുന്ന വഴി ബ്രിജ്‌നാഥ് സിങ് മഹാരാജാവ് പറഞ്ഞു, 'ഉസ്താദ് ബാബയ്ക്ക് ഒരു കുഞ്ഞു പിറന്നിട്ടുണ്ട്.'  ചൈത്രമാസത്തിലെ പൗര്‍ണ്ണമി നാളായിരുന്നു.  കണ്ടമാത്രയില്‍ രാജാവ് പേരിട്ടു: അന്നപൂര്‍ണ്ണ.  ബാബ ആ പേര് ഒന്നു പാടി നോക്കി.  അന്നപൂര്‍ണ്ണ ഒരു മനോഹരമായ ഗാനമായി. 

ബാബയുടെ മറ്റൊരു മകള്‍, ജഹന്‍ അര, സംഗീതം പഠിച്ചതുകൊണ്ട് മരിക്കേണ്ടി വന്നവളാണ്.  ഭര്‍ത്തൃഗൃഹത്തില്‍ സംഗീതം നിഷിദ്ധമായിരുന്നു.  പാടാനുള്ള ആഗ്രഹത്തെ സ്വയം അടിച്ചമര്‍ത്തി രോഗം വന്നു മരിച്ചു.  ആ ഭയത്താല്‍ അന്നപൂര്‍ണ്ണയെ ആദ്യം പഠിപ്പിച്ചിരുന്നില്ല. 

ഒരു ദിവസം ഒന്നും തലയില്‍ കയറാത്ത അലി അക്ബറിനോട് ദേഷ്യം പിടിച്ച് ബാബ ചന്തയിലേയ്ക്ക് നടന്നു. വഴി മധ്യേ പേഴ്‌സെടുക്കാന്‍ വീട്ടിലേയ്ക്ക് മടങ്ങി.  വീട്ടിലെത്തിയപ്പോള്‍...!   തന്റെ അതേ ശൈലിയില്‍ പത്തുവയസ്സുകാരിയായ അന്നപൂര്‍ണ്ണ ജ്യേഷ്ടനെ പഠിപ്പിക്കുന്നു.  പുറകില്‍ നില്‍ക്കുന്ന ബാബയെ കണ്ടപ്പോള്‍ അന്നപൂര്‍ണ്ണ പേടിച്ചരണ്ടു.  ബാബ മകളുടെ മുടി പിടിച്ച് മുറിയിലേയ്ക്ക് കൊണ്ടുപോയി.  കടുത്ത ശിക്ഷ പേടിച്ച് അന്നപൂര്‍ണ്ണ കണ്ണുകളടച്ചു.  'അന്നപൂര്‍ണ്ണാ...' മധുരമായ വിളികേട്ടു.  അന്നപൂര്‍ണ്ണയെ ബാബ സരസ്വതീ വിഗ്രഹത്തിനു മുന്നിലിരുത്തി.  കൈയ്യില്‍ സിതാര്‍ നല്കി.  'ജാഹന്‍ അരയുടെ വിധി നിനക്ക് പാടില്ല.  നീ ഇന്നുമുതല്‍ സ്വതന്ത്രയാണ്.  നിന്റെ വിവാഹം സംഗീതവുമായി മാത്രമാണ്.'

ബാബ രണ്ടുപേരേയും ഒരുമിച്ച് പഠിപ്പിച്ചു.  തുടക്കം ധ്രുപദ്.  പിന്നെ സിതാര്‍.  സിത്താര്‍ എളുപ്പം ഇഷ്ടപ്പെടും.  സുര്‍ബഹാര്‍ (ബാസ് സിതാര്‍) ശ്രദ്ധിച്ചിരിക്കുന്നവരെ കൂടുതല്‍ ആഴത്തില്‍ സ്പര്‍ശിക്കും.  'ഓരോ സ്വരവും കേള്‍ക്കുന്നവരുടെ ആത്മാവില്‍ തൊടണം.'  ബാബയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ അന്നപൂര്‍ണ്ണ രാപ്പകല്‍ യത്‌നിച്ചു.   

1930 കളില്‍ ധ്രുപദ് പാടുന്നവര്‍ക്കിടയില്‍ സുര്‍ബഹാറിനെ തിരുച്ചകൊണ്ടുവരുക എന്ന ആശയം ചൂടുപിടിച്ചിരുന്നു.  വസന്തകാല സ്വരങ്ങള്‍ എന്ന് അര്‍ത്ഥം വരുന്ന സുര്‍ബഹാര്‍ 'വീണ' എന്ന ഉപകരണവാദ്യത്തിന്റെ കുടുംബത്തില്‍ പെടുന്നതാണ്.  കാഴ്ചയ്ക്ക് ഒരു വലിയതരം സിതാര്‍.  അതിന്റെ നാദധ്വനിയ്ക്ക് ആഴമേറും.  വീണയെപ്പോലെ നാദം കൂടുതല്‍ നേരം നീണ്ടു നില്‍ക്കും. 

ഉദയശങ്കറിന്റെ ട്രൂപ്പിനൊപ്പം ഒരു നര്‍ത്തകനായി ലോകം ചുറ്റുകയായിരുന്ന രവിശങ്കര്‍ എല്ലാം ഉപേക്ഷിച്ച് സംഗീതം പഠിക്കാനായി ബാബയുടെ വീട്ടിലെത്തി.  ആ സമയം അടുത്ത മുറിയില്‍ 11 വയസ്സുള്ള അന്നപൂര്‍ണ്ണ സിതാര്‍ വായിക്കുന്നുണ്ടായിരുന്നു.  പഠിപ്പിനിടയില്‍ രവിശങ്കര്‍ പ്രേതകഥകള്‍ പറയും.  അന്നപൂര്‍ണ്ണ പേടിച്ച് കണ്ണുചിമ്മും.  മെടഞ്ഞിട്ട മുടി തോളിലൂടെ മുന്നോട്ടിട്ട ഈ നിഷ്‌കളങ്കയ്ക്ക് വിദേശികളുടെ സൗന്ദര്യമല്ല.  നേര്‍ വിപരീതം: നിഗൂഢമായ സൗന്ദര്യം. 

രവിയും അനുവും വിവാഹിതരായി.  പ്രണയവും സംഗീതവും ഇണങ്ങിപ്പിണഞ്ഞ ദിവസങ്ങള്‍.  ഗര്‍ഭവതിയായി മെയ്ഹറിലേയ്ക്ക് മടങ്ങി.  രവിശങ്കര്‍ കുട്ടിയ്ക്ക് പേരിട്ടു.  സുബേന്ദ്രശങ്കര്‍.  കുട്ടിയ്ക്ക് കുടലിന് അസുഖമുണ്ടായിരുന്നു.  രവിശങ്കറിന് കടുത്ത പനിയും.  രവിയെ ജ്യേഷ്ടന്‍, രാജേന്ദ്രശങ്കര്‍, ബോംബേയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.  അനുവും കൂടെ പോയി.  കുറേ ദിവസത്തെ പരിചരണംകൊണ്ട് രോഗം ഭേദമായിത്തുടങ്ങി. 

ജ്യേഷ്ടന്റെ ഭാര്യയായ ലക്ഷ്മി ശങ്കറിന്റെ അനിയത്തി കമലയും രവിശങ്കറും മുന്‍പുതന്നെ അടുപ്പത്തിലായിരുന്നു.  ഇപ്പോള്‍ വീണ്ടും കണ്ടതൊടെ ആ പ്രണയം പുനരങ്കുരിച്ചു.  തുറന്നു പറയുന്ന പ്രകൃതക്കാരനായ രവിശങ്കര്‍ അന്നപൂര്‍ണ്ണയോട് ഇക്കാര്യം മറച്ചുവെച്ചില്ല.  ആ കേട്ടതിന്റെ ആഘാതത്തില്‍നിന്ന് അന്നപൂര്‍ണ്ണ പിന്നീടൊരിക്കലും മുക്തയായില്ല.  രവിശങ്കറിലേയ്ക്കുള്ള വാതില്‍ അതോടെ അടഞ്ഞു. തമോഗര്‍ത്തംപോലെ സ്വയം ഉള്‍വലിഞ്ഞു.  ഇനിയുള്ള ജീവിതം ബാബയ്ക്കും സുബോയ്ക്കും സംഗീതത്തിനും വേണ്ടി മാത്രം.  1938 മുതല്‍ 42 വരെയുള്ള മനോഹരമായ പ്രണയ ജീവിതം നാമാവശേഷമായി.   

രവിശങ്കറും അന്നപൂര്‍ണ്ണയും ചേര്‍ന്ന് നാല് പൊതുപാരിപാടികള്‍ നടത്തിയിട്ടുണ്ട്. 1955 മാര്‍ച്ച് 30.  കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഓഫ് ന്യൂഡല്‍ഹി ഒരുക്കിയ വേദി.  രണ്ടുപേരും സുര്‍ബഹാര്‍ വാദനം ചെയ്യുന്നു.  ശ്രോതാക്കള്‍: കുമാര്‍ ഗന്ധര്‍വ്വ, ബിസ്മില്ലാഹ് ഖാന്‍, അലി അക്ബര്‍ ഖാന്‍, ഗംഗുബായ് ഹംഗല്‍, നജാകത് സലാമത് ഖാന്‍...  അന്നപൂര്‍ണ്ണ രാഗശ്രീ രാഗത്തിന്റെ മന്ദ്രധ്വനികളില്‍ രമിച്ചുകൊണ്ടു തുടങ്ങി.  രവിശങ്കര്‍ മധ്യസ്ഥായിയിലും.  ഇടതുകൈകൊണ്ട് മീണ്ടും ഗമകവും സൃഷ്ടിച്ച് ഒരോ സ്വരങ്ങളിലും നിന്ന് പതുക്കെ വികസിക്കുന്ന രീതിയാണ് അന്നപൂര്‍ണ്ണയുടേത്.  ബാബ പഠിപ്പിച്ച ധ്രുപദ് അംഗില്‍നിന്ന് മാറാതേയും മറ്റൊന്നുമായി കൂടിക്കുഴയാതെയുമായിരുന്നു അവതരണം.  ഇന്ന് സിതാര്‍, ബാംസുരി, സരോദ് വാദകര്‍ മാതൃകയായി എടുക്കുന്നത് അന്നപൂര്‍ണ്ണയുടെ വാദനമാര്‍ഗ്ഗമാണ്.  

കച്ചേരി കഴിഞ്ഞു വന്നാല്‍ അവര്‍ തമ്മില്‍ തര്‍ക്കം തുടങ്ങും.  വേഗതയുടെ ഭംഗികള്‍ ചേര്‍ത്ത് മെയ്ഹര്‍ ശൈലിയെ കാലത്തിനനുസരിച്ച് മാറ്റണമെന്ന് രവിശങ്കര്‍.  സുര്‍ബഹാറിന്റെ ആത്മാവ് ധ്രുപദ് അംഗിലാണ്.  വിളംബിതശൈലിയില്‍ ഓരോ സ്വരങ്ങളില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള ക്രമാനുഗതമായ വ്യാപനമാണ് ബാബയുടെ താലിം.  അതില്‍നിന്ന് വ്യതിചലിക്കില്ലെന്ന് അന്നപൂര്‍ണ്ണയും.  ഇത് സിതാറിന്റെ കാലഘട്ടമാണ് സുര്‍ബഹാറിന്റേയല്ല.  അതുപോലെ ഇത് ഖയാലിന്റെ കാലമാണ്, ധ്രുപദിന്റേയല്ല.  സുര്‍ബഹാറിന്റെ പതിഞ്ഞ ഗതിയിലുള്ള വികാസം ഇന്നത്തെ ആസ്വാദകര്‍ പ്രോത്‌സാഹിപ്പിക്കില്ല... രവിശങ്കര്‍ തുടരും.  അന്നപൂര്‍ണ്ണ മിണ്ടാതിരിക്കും.  സംഗീതത്തിലും അവര്‍ രണ്ടു ധ്രുവങ്ങളിലേയ്ക്ക് വഴിമാറുകയായിരുന്നു.

രണ്ടും പേരും ഒരുമിച്ചു നടത്തിയ കച്ചേരികളെ കുറിച്ച് വന്ന നിരൂപണങ്ങളില്‍ അന്നപൂര്‍ണ്ണയ്ക്കാണ് കൂടുതല്‍ പ്രശംസ ലഭിച്ചിരുന്നത്.  പിന്നീട് ഒരു സോളോ കൂടി നടത്തിയ ശേഷം അന്നപൂര്‍ണ്ണ പൊതുപാരിപാടികള്‍ നിര്‍ത്തിയത് രവിശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് എന്നാണ് കേട്ടുകേള്‍വി.  അതുസംബന്ധിച്ച് അന്നപൂര്‍ണ്ണ ഒന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അതിനേക്കാള്‍ ഭീകരമായിരുന്നു കാര്യങ്ങള്‍, അവ ഒരു രഹസ്യമായി തന്നോടൊപ്പം മറയും എന്ന് പറഞ്ഞതായി  ജീവചരിത്രകാരന്‍ രേഖപ്പെടുത്തുന്നുണ്ട്.   

1967 ല്‍ രവിശങ്കര്‍ അമേരിക്കയിലേയക്ക് പോയി.  കൂടെ കമലയും ഉണ്ടായിരുന്നു.  ഒരു കൊല്ലത്തിനുശേഷം അന്നപൂര്‍ണ്ണയും മകനും ബോംബേയിലെ ആകാശ്ഗംഗ അപാര്‍ട്ട്‌മെന്റിലേയ്ക്ക്, വാര്‍ഡന്‍ റോഡ്, താമസം മാറ്റി.

സദാസമയവും സംഗീതത്തില്‍ മുഴുകിയ അന്നപൂര്‍ണ്ണ ചിലരെ ഫീസ് വാങ്ങാതെ പഠിപ്പിച്ചു. നിഖില്‍ ബാനര്‍ജി, ഹരിപ്രസാദ് ചൗരാസ്യ, നിത്യാനന്ദ് ഹാള്‍ഡിപൂര്‍, സുരേഷ് വ്യാസ്, അമിത് ഭട്ടാചാര്യ, തുടങ്ങിയവര്‍.  

ഏറെ കാലത്തിനുശേഷം, 1982 ല്‍, രവിശങ്കര്‍ അന്നപൂര്‍ണ്ണയെ സന്ദര്‍ശിച്ചു.  രണ്ടു പേരും പരസ്പരം ആദരവോടെ പെരുമാറി.   'എന്തിനാണ് നീ ഇങ്ങനെ പ്രാവുകളെ പോറ്റുന്നത്?' രവിശങ്കര്‍ ചോദിച്ചു.  'അവയെ വിശ്വസിക്കാവുന്നതുകൊണ്ട്.'  'തീറ്റ കൊടുക്കാതിരുന്നു നോക്കു, അവ വരാതാവും.'  അന്നപൂര്‍ണ്ണ ഒരു തര്‍ക്കത്തിന് മുതിര്‍ന്നില്ല.  പക്ഷെ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഈ സംഭാഷണത്തില്‍ സംക്ഷിപ്തമായുണ്ട്. 

1982 ഡിസംബര്‍ 9 ന് അന്നപൂര്‍ണ്ണയും റൂഷികുമാര്‍ പാണ്ട്യയും വിവാഹിതരായി.  അന്നപൂര്‍ണ്ണയുടെ വിവാഹത്തെപ്പറ്റി കേട്ടപ്പോള്‍ രവിശങ്കറിന് സ്വന്തം ചെവികളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല: 'അന്നപൂര്‍ണ്ണ കല്യാണം കഴിക്കുകയോ! തീര്‍ച്ചയായും, ഒരു ദശലക്ഷം ഡോളര്‍ വിലമതിക്കുന്ന വാര്‍ത്തയാണത്,' രവിശങ്കര്‍ ശിഷ്യന്മാരോട് പിറുപിറുത്തു.

ആളുകളുടെ മാനസികപിരിമുറുക്കം അയയ്ക്കുന്ന പ്രഭാഷണം നടത്തുന്ന ആളാണ് റൂഷി.  പക്ഷെ എവിടെപോയി മടങ്ങുമ്പോഴും അന്നപൂര്‍ണ്ണയ്ക്ക് മിഷ്ടി ദോയ് (ബംഗാളി മധുരപലഹാരം) വാങ്ങാന്‍ മധുരപലഹാരക്കട കാണാഞ്ഞാല്‍ ആകെ ടെന്‍ഷനാകും.  അന്നപൂര്‍ണ്ണയുമൊത്ത് അങ്ങേയറ്റം സ്‌നേഹത്തോടെ കുറേ കാലം ജീവിച്ച റൂഷികുമാര്‍ അവരെ കുറിച്ച് പറയുന്നതെല്ലാം ഹൈക്കുവും സെന്‍ചിന്തകളുമായിത്തീരും.  ഒരു സന്യാസി ഹ്യാകുജോവിനോടു ചോദിച്ചു, 'എന്താണ് സത്യം?' ഹ്യാകുജോ പറഞ്ഞു, 'ഇവിടെ, ഡേയു പീക്കില്‍, ഞാന്‍ ഇരിക്കുന്നു എന്നത്.' അതായിരിക്കാം അന്നപൂര്‍ണ്ണയുമൊത്തുള്ള ജീവിതത്തിലെ സത്യം.  'ഒന്നും ചെയ്യാതെ, ശാന്തമായി ഇരുന്ന്/ വസന്തം വരുകയും പുല്ല് സ്വയം വളരുകയും.'  ഈ സെന്‍ കവിതപോലെയായിരുന്നിരിക്കാം അവരുടെ ജീവിതം.   അന്നപൂര്‍ണ്ണയുടെ ഏകാന്തതയെ കുറിച്ച് റൂഷി പറഞ്ഞു, 'നിങ്ങള്‍ ഉയരത്തിലെത്തുമ്പോള്‍ എല്ലായ്‌പ്പോഴും ഒറ്റയ്ക്കാവും.  മാര്‍ഷല്‍ മക്ലൂഹന്‍ പറഞ്ഞതുപോലെ, അറിവ് നിങ്ങളെ അന്യനാക്കും.'   

ഒരു സ്വരം കേട്ടാല്‍ മതി, നാം ഉണരും.  അതീവമൃദുത്വത്തിലേയ്ക്ക് വളരെ ഹിംസാത്മകമായി ഉണരുന്നതുപോലെ.  ആ സ്വരത്തില്‍ എല്ലാ സ്വരങ്ങളുമുണ്ട്.  കേട്ടുകഴിഞ്ഞാല്‍ കേട്ടതേയില്ല എന്നും തോന്നും.  കാരണം ആ അനുഭവം നിശ്ശബ്ദത പുതുച്ചു നില്‍ക്കുകയാണ്.  അതാണ് റൂഷിയ്ക്ക് അന്നപൂര്‍ണ്ണയുടെ സംഗീതം. എന്താണ് അന്നപര്‍ണ്ണയുടെ സംഗീതത്തോടുള്ള സമീപനം?  അന്നപൂര്‍ണ്ണ സംഗീതത്തെ സമീപിക്കുന്നില്ല.  സംഗീതത്തിലേയ്ക്ക് അപ്രത്യക്ഷമാകുകയാണ്.  സംഗീതം സംഭവിക്കുകയാണ്.  വില്ലാളിയായ സെന്‍ ഗുരു ലക്ഷ്യംവെയ്ക്കാതെയാണ് ശരം തൊടുത്തുവിടുക. ലക്ഷ്യം അവിടെ സംഭവിക്കുകയാണ്.   

ആകാശഗംഗയുടെ ആറാം നിലയിലേയ്ക്ക് കടലിന്റെ ശബ്ദം കടന്നുവരും.  ചിലപ്പോള്‍ ഒരു നിലവിളിപോലെ.  ശിഷ്യനും ഭര്‍ത്താവുമായ റൂഷികൂമാറും കടലും മാത്രമാണ് അന്നപൂര്‍ണ്ണയുടെ സംഗീതം രാത്രി മുഴുവന്‍ കേട്ടുകൊണ്ടിരിക്കുന്നവര്‍.  അവര്‍ക്കു മാത്രമേ അന്നപൂര്‍ണ്ണയെ അറിയുമായിരുന്നുള്ളൂ.

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരാന്തം, 11 നവംബര്‍ 2018, പേജ് - 4)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ