Skip to main content

വാക്കും സംഗീതവും

ടാഗോര്‍ പറഞ്ഞു: 'സംഗീതം വാക്കുകളെ അതിന്റെ അര്‍ത്ഥത്തിലേയ്ക്കല്ല, അര്‍ത്ഥം നഷ്ടപ്പെടുന്നിടത്തേയ്ക്കാണ് കൊണ്ടുപോകുന്നത്.'  ക്ലാസിക്കല്‍ സംഗീതം എന്നു വിളിക്കപ്പെടുന്ന സംഗീതസംപ്രദായത്തെ സംബന്ധിച്ചാണ് അങ്ങനെ പറഞ്ഞത്.  ക്ലാസിക്കല്‍ സംഗീതത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്താന്‍ അത്യധികം ഉപകരിക്കുന്ന ഒരു ദര്‍ശനമാണ് ടാഗോറിന്റെ വാക്കുകളിലുള്ളത്.  ക്ലാസിക്കല്‍ സംഗീതം വാക്കിലെ ശബ്ദത്തെ സ്വീകരിച്ച് അര്‍ത്ഥത്തെ ഉപേക്ഷിക്കുകയാണ്.  നേരെ മറിച്ച്, സാഹിത്യം വാക്കിന്റെ ശബ്ദം കേള്‍ക്കാതെ അതിനെ അര്‍ത്ഥത്തിന്റെ വാഹനമാക്കുകയാണ്.  വാക്കിലെ ശബ്ദമാണ് സംഗീതത്തിന്റെ ശരീരം.  അദ്ദേഹത്തിന്റെ ചിന്തയെ ഇത്തരം നിഗമനങ്ങളിലേയ്ക്ക് നയിക്കാവുന്നതാണ്.        

സംഗീതം സംവദിക്കുന്നത് അതില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥത്തിലൂടെയാണെന്ന ധാരണ ഇന്ന് പരക്കെയുണ്ട്.  ഈ ധാരണ സംഗീതത്തിനുമേല്‍ അവകാശം സ്ഥാപിക്കുന്ന നിരവധി സംഗീതേതരമായ കാഴ്ചപ്പാടുകളെ നിലനില്‍ക്കാന്‍ അനുവദിക്കുന്നുണ്ട്.  ഇവ സംഗീതത്തിനു ചുറ്റും ഒരു ശക്തിമണ്ഡലമായി നില്‍ക്കുന്നതുകൊണ്ടാണ് ചില താത്പര്യങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ സംഗീതാര്‍ത്ഥം അവതരിപ്പിക്കപ്പെടുന്നത്.  കര്‍ണ്ണാടക സംഗീതം ഈശ്വരപ്രാര്‍ത്ഥനയാണ്, ഹിന്ദുമതത്തിന്റേതാണ്, എന്നീ ധാരണകള്‍ പ്രസ്തുത താത്പര്യങ്ങളുടെ നിര്‍മ്മിതികളില്‍ ചിലതാണ്.  കര്‍ണ്ണാടക സംഗീതം മതാത്മകമാണ് എന്ന് ധരിച്ച് മാറിനില്‍ക്കുന്നവരെപ്പോലെ അതേ കാരണത്താല്‍ അടുത്തുനില്‍ക്കുന്നവരുമുണ്ട്.  ഈവകയിലൊന്നും ശ്രദ്ധിക്കാതെ സംഗീതം നല്‍കുന്ന അപാരമായ അനുഭവത്തില്‍ സ്വയം മറന്ന് ഇരിക്കുന്നവര്‍ക്ക് സംഗീതം കല മാത്രമാണ്.  

ഈണം വന്നു നിറയുമ്പോള്‍ വാക്കുകള്‍ ഈണത്തിന്റെ ചെപ്പുകുടങ്ങളാകും.  എത്രത്തോളം ഈണം നിറയുന്നുവോ അത്രത്തോളം വാക്ക് അര്‍ത്ഥതലത്തില്‍ ശൂന്യമാവും.  എന്നാല്‍ ഭാവഗീതത്തില്‍ സംജാതമാകുന്നത് ഇവ തമ്മിലുള്ള സംതുലനമാണ്.  അര്‍ത്ഥം ഈണത്തേയും ഈണം അര്‍ത്ഥത്തേയും പരസ്പരം പൊലിപ്പിക്കുന്നതിലൂടെ മധുരതരമാകുന്ന ഒരു കാവ്യ-സംഗീത രൂപമാണ് ലളിതസംഗീതം.  ഈണാംശം കുറയുംതോറും കാവ്യാര്‍ത്ഥം ജ്വലിച്ചുവരുകയും സംഗീതാംശം കൂടുംതോറും കാവ്യാര്‍ത്ഥം മങ്ങിപ്പോകുകയും ചെയ്യുന്ന തരത്തിലുള്ള ബന്ധമാണ് വാക്കിനും സംഗീതത്തിനും തമ്മിലുള്ളത്.  

ഒരു സൗഹൃദ സംഭാഷണത്തില്‍ ഈണവും വാക്കും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പറയാനിടവന്നപ്പോള്‍ നാടകകൃത്തും രസികനുമായ ജയപ്രകാശ് കുളൂര്‍ പറഞ്ഞു, 'എന്നാല്‍ 'രാഘവാ നീ പോകല്ലേ...' എന്ന് കര്‍ണ്ണാട്ടിക്കില്‍ പാടു.'  ഹംസദ്ധ്വനി രാഗത്തിലും ലവംഗി രാഗത്തിലും മനോധര്‍മ്മജാലങ്ങളോടെ പാടിയപ്പോള്‍ ഈണങ്ങള്‍ ആ വാചകത്തെ തിരിച്ചറിയാനാവാത്തവിധം ഈണശില്പമായി പരിവര്‍ത്തിപ്പിക്കുന്നതു കണ്ട് കുളൂര്‍ പുഞ്ചിരി തൂകി.  ഭീംസെന്‍ ജോഷി ഒരിക്കല്‍ കച്ചേരി പാടുന്നതിനിടയ്ക്ക് ഖയാലിന്റെ വരികള്‍ മറന്നുപോയപ്പോള്‍ സ്വന്തം മേല്‍വിലാസം 'ബംദിശ'് ആക്കി പാടിയത്രെ.  ദീര്‍ഘനേരം.  കച്ചേരി പൊടിപൊടിച്ചു.  മേല്‍വിലാസമാണ് പാടിയത് എന്ന് ആര്‍ക്കും മനസ്സിലായില്ല.  അദ്ദേഹത്തിന്റെ മാസ്മരികമായ ആലാപനത്തില്‍ ആമഗ്നമായ കേള്‍വിയില്‍ അതിലെ വാക്കുകള്‍, മേല്‍വിലാസം, അശ്രദ്ധ പറ്റി നിന്നു.   

കര്‍ണ്ണാടക സംഗീതത്തില്‍ നാം കേട്ടു വരുന്ന കൃതികളല്ല ആ സംഗീതസംപ്രദായത്തിന്റെ അടിസ്ഥാനം.  രാഗതാള സങ്കല്‍പ്പങ്ങളാണ് ഈ സംഗീത സംപ്രദായത്തെ കലാസംഗീതമാക്കുന്നത്.  ഇപ്പോള്‍ പാടുന്ന കൃതികള്‍ ഒരു പ്രത്യേക കാലത്ത് സൃഷ്ടിക്കപ്പെടുകയും പ്രചാരത്തിലാവുകയും ചെയ്തവയാണ്.  കര്‍ണ്ണാടക സംഗീതം പണ്ടുമുതല്‍ക്കേ മികച്ച സംഗീതമായിരുന്നിരിക്കണം.  മിക്കവാറും എല്ലാ മുഗള്‍ രാജസദസ്സിലും കര്‍ണ്ണാടക സംഗീതജ്ഞരെ ക്ഷണിച്ചുകൊണ്ടുപോയി താമസിപ്പിച്ചിരുന്നു.  ഇന്നു കേള്‍ക്കപ്പെടുന്ന കൃതികള്‍ ഏവരും ആശ്രയിക്കുന്ന പാഠങ്ങളായത് സംഗീത ചരിത്രത്തില്‍ വന്ന ചില മാറ്റങ്ങളുടെ ഭാഗമായാണ്.       

തലമുറകളിലൂടെ ഒഴുകുന്ന ജീവിതരൂപങ്ങളുടെ അടയാളങ്ങള്‍ സംഗീതത്തില്‍ പതിയുന്നത് സ്വാഭാവികമാണ്.  മനുഷ്യരുടെ വലിയ ഒരു മുഖം മതാത്മകമായതുകൊണ്ട് സംഗീതരൂപങ്ങളുടെ പരിണാമത്തിലും ആ മുഖഛായ പ്രതിഫലിക്കും.  മതത്തിനകത്ത് ജീവിക്കുമ്പോള്‍ കലയിലും ആ ജീവിതത്തിന്റെ കാല്‍പ്പാടുകള്‍ പതിയും.  മതവുമായുള്ള കലയുടെ ബന്ധം യാദൃശ്ചികമാണ്.  മതമില്ലായിരുന്നെങ്കിലും ജീവിതം ഇതുപോലെ കലാനിര്‍ഭരമായിരിക്കും.  

സംസ്‌കൃതഭാഷയുടെ ചരിത്രം പരിശോധിച്ചാല്‍ മതത്തിന്റെ ആധിപത്യം എങ്ങനെയാണ് സ്വാധീനിക്കുന്നത് എന്ന് മനസ്സിലാക്കാം.  ബുദ്ധമതത്തിന് കൂടുതല്‍ പ്രചാരമുണ്ടായിരുന്ന കാലത്ത് സിദ്ധരൂപത്തിലെ അകാരാന്തം പുല്ലിംഗം 'വൃക്ഷഃ  വൃക്ഷൗ വൃക്ഷാഃ' എന്നായിരുന്നത് ഹിന്ദുമതം പ്രചാരത്തിലായപ്പോള്‍ 'രാമഃ രാമൗ രാമാഃ' എന്നായി മാറി (എം. രാധാകൃഷ്ണന്റെ നിരീക്ഷണം).  അതായത്, കാലദേശവ്യവഹാരങ്ങളുടെ യാദൃശ്ചികതകള്‍ക്കപ്പുറം ക്‌ളാസിക്കല്‍ സംഗീതത്തിന് അത്തരം പദ്യങ്ങള്‍ ഒട്ടും അതിന്റെ നിലനില്‍പ്പിന് അനിവാര്യമല്ല.  കാരണം സംഗീതത്തിന്റെ പ്രമേയം ഈണമാണ്.  ഈണത്തിന്റെ സര്‍വ്വാധിപത്യമില്ലാത്ത സംഗീതരൂപങ്ങളില്‍ മാത്രമാണ് പദ്യങ്ങള്‍ക്ക് പ്രസക്തി. 

പിന്നെ, മറ്റെന്തിനെയാണ് സംഗീതം പ്രകാശിപ്പിക്കുന്നത്? കോഴിക്കോട് കടല്‍പ്പുറത്ത് ലിറ്റററി ഫെസ്റ്റിന്റെ വേദിയില്‍വെച്ച് ടി.എം. കൃഷ്ണ പറഞ്ഞു, 'ഞാന്‍ രാഗത്തിലൂടെ ചിത്രീകരിക്കുന്നത്, ഒരു പക്ഷെ, ഈ കടലിനേയാകാം.'  തീര്‍ച്ചയായും അങ്ങനെ ചെയ്യാം.  പക്ഷെ അപ്പോഴും ഉത്പാദിപ്പിക്കുന്നത് ഈണത്തെയാണ്.  ആ ഈണത്തിന്റെ അര്‍ത്ഥം കടലാണ് എന്ന് പറയുകയാണെങ്കില്‍ വീണ്ടും സംഗീതത്തില്‍നിന്ന് വ്യതിചലിക്കുകയാണ്.  സംഗീതത്തിന് ഒരു വിവര്‍ത്തനം ആവശ്യമില്ല.  അത് ഈണത്തിന്റെ മാത്രം ലോകത്തിലെ കലയും അനുഭവവുമാണ്.  സംഗീതാനുഭവത്തെ വാക്കുകളിലൂടെ പ്രതിനിധീകരിക്കാനേ കഴിയില്ലേ? കഴിയുമായിരിക്കാം.  പക്ഷെ  ഈണാനുഭവത്തെ വാക്കുകളിലൂടെ പുനഃസൃഷ്ടിക്കുന്നതുപോലെയായെങ്കിലേ യഥാര്‍ത്ഥ പ്രതിനിധാനമാകൂ.  അതുകൊണ്ടായിരിക്കാം വിറ്റ്‌ഗെന്‍സ്റ്റൈന്‍ 'സംഗീതത്തെപ്പറ്റി 'ബലേ ഭേഷ'് എന്നൊക്കെ പറയാനേ കഴിയൂ' എന്ന് പറഞ്ഞത്.  

മുകുന്ദനുണ്ണി

(ദേശാഭിമാനി വാരന്തം, പേജ് 4, 8 ജൂലൈ 2018)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ