Skip to main content

വ്യവസ്ഥ പാലിക്കാത്ത സംഗീതം

സ്വാതന്ത്ര്യത്തിലേയ്ക്ക് വാതില്‍ തുറക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് സഞ്ചാരം.  സംഗീതവും കൂടെ പോരുന്നെങ്കില്‍ പിന്നെ ഒന്നിനും അതിരുകളില്ല.  സംഗീതവും സഞ്ചാരവും ചേരുമ്പോഴുണ്ടാകുന്ന ലഹരി, ഒരു പക്ഷെ, പറഞ്ഞറിയിക്കാനാവില്ല.  കേരളത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ സഞ്ചാരികളായ ഗായകരെ കേട്ടറിഞ്ഞെങ്കിലും മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ട്.   സഞ്ചരിക്കുന്ന ഗായകരുടെ അര്‍പ്പണബോധം സ്വന്തം ജീവിതത്തെ ഒരു ഗാനമായി പരിണമിപ്പിക്കുന്നതായി കാണാം.  പാടിക്കൊണ്ടിരിക്കെ പാട്ടവസാനിക്കുന്നതുപോലെ ജീവിച്ചു തീരുന്നവരാണ് അവര്‍.  പൂനയ്ക്കടുത്തുള്ള പാണ്ടുരംഗ ക്ഷേത്രത്തിന്റെ റിക്കോര്‍ഡുകളില്‍ പരമഹംസ ഗോവിന്ദദാസ പാടിക്കൊണ്ടിരിക്കെ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.  അവധുതഗായകനായ അദ്ദേഹം കേരളത്തിലെ ഷഡ്കാല ഗോവിന്ദമാരായിരുന്നു (1798 - 1843).  ചരിത്രത്തിന്റെ ചില രേഖകളെ ലോലമായി സ്പര്‍ശിച്ചുപോകുന്ന കഥകളിലാണ് ഗോവിന്ദമാരാരുടെ ജീവിതചിത്രം കിടക്കുന്നത്. 

രാമമംഗലത്തുകാരനായ ഗോവിന്ദമാരാരെ കുറിച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന ഗായകനായാണ് ചരിത്രവും കഥകളും രേഖപ്പെടുത്തിയിട്ടുള്ളത്.  കര്‍ണ്ണാടക സംഗീതത്തിലെ ത്രിമൂര്‍ത്തികളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന ത്യാഗരാജസ്വാമിയെ അദ്ദേഹം കാണാന്‍ പോയതായി രേഖയുണ്ട്.  ത്യാഗരാജസ്വാമിയുടെ ജീവചരിത്രം രചിച്ച, അദ്ദേഹത്തിന്റെ നേരിട്ടുള്ള ശിഷ്യന്മാരായ, വലാജ്‌പേട്ട വെങ്കിടരമണ ഭാഗവതരും തഞ്ചാവൂര്‍ രാമറാവുവും കൃഷ്ണസ്വാമി ഭാഗവതരും സൂക്ഷിച്ചിരുന്ന താളിയോലകള്‍ പ്രഫ. സാംബമൂര്‍ത്തി പരിശോധിച്ചെഴുതി: മാരാര്‍ അതി അതി വിളംബിത കാലത്തില്‍ (വളരെ കുറഞ്ഞ വേഗതയില്‍, ഒന്നാം കാലം) പാടാന്‍ തുടങ്ങി.  ഇത്രയും വിളംബിത കാലത്തില്‍ പാടിത്തുടങ്ങിയതെന്തിന് എന്ന് അവിടെയുള്ളവര്‍ അത്ഭുതപ്പെട്ടു.  പക്ഷെ താളത്തിന്റെ കാലപ്രമാണത്തിലുള്ള കൃത്യത ഏവരേയും അമ്പരപ്പിച്ചു.  പിന്നീട് അതിവിളംബിത കാലത്തില്‍ (രണ്ടാം കാലം) പാടാന്‍ തുടങ്ങി. തുടര്‍ന്ന് വിളംബിതം (മൂന്നാം കാലം), മധ്യമ കാലം (നാലാം കാലം), ദ്രുത കാലം (അഞ്ചാം കാലം), അതിദ്രുത കാലം (ആറാം കാലം) എന്നീ വേഗതകളില്‍ പാടി.  അഞ്ചാം കാലത്തിലുള്ള ആലാപനത്തിന്റെ വേഗത സദസ്യരെ അത്ഭുതസ്തബ്ദരാക്കി.  ആറാം കാലത്തിലെ ലയസമ്പത്ത് തിരിച്ചറിഞ്ഞ് ത്യാഗരാജസ്വാമിയും വിസ്മയംപൂണ്ടു.   

കാല്‍വിരലുകള്‍ക്കിടയില്‍ ഉറപ്പിച്ച ഇടയ്ക്ക ഒരു കൈകൊണ്ട് വായിച്ചും മറ്റേ കൈകൊണ്ട് ഏഴ് തന്ത്രികളുള്ള തംബുരു മീട്ടിയുമാണത്രെ അദ്ദഹം പാടിയത്.  മാരാര്‍ പാടിക്കഴിഞ്ഞപ്പോള്‍ ത്യാഗരാജസ്വാമി ശിഷ്യരോട് 'എന്തരോ മഹാനു ഭാവുലു' ആലപിക്കാന്‍ പറഞ്ഞതായാണ് രേഖയിലുള്ളത്. അതായത് ആ കൃതി മുന്‍പുതന്നെ രചിക്കപ്പെടുകയും ശിഷ്യര്‍ അത് വേണ്ടത്ര പരിശീലിക്കുകയും ചെയ്തിട്ടുണ്ട് എന്നര്‍ത്ഥം.  പ്രചരിച്ചുവരുന്ന കഥയില്‍ മാരാരെ ആദരിച്ചുകൊണ്ട് ത്യാഗരാജസ്വാമി തത്സമയം ആ കൃതി രചിക്കുകയായിരുന്നു എന്നാണ്.  

അക്കാലത്ത് സംഗീതത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിരുന്ന സ്വാതിതിരുനാളിനെ രാമമംഗലത്തുകാരന്‍ സന്ദര്‍ശിക്കാതിരിക്കാന്‍ ഇടയില്ല.  ആ കഥ ഇപ്രകാരം: ഗോവിന്ദമാരാരെ പറ്റി കേട്ടറിഞ്ഞ് സ്വാതിതിരുനാള്‍ അദ്ദേഹത്തെ പാടാന്‍ ക്ഷണിച്ചു.  സദസ്സ് കൂടിയത് രാത്രിയിലായിരുന്നു.  'പുരാനീര്‍' രാഗം പാടാനായിരുന്നു രാജാവ് ആവശ്യപ്പെട്ടത്.  പ്രഭാതമാണ് ആ രാഗത്തിന് യോജിച്ച സമയം.  രാജാവിന്റെ ആജ്ഞയല്ലേ! മാരാര്‍ പാടാന്‍ തുടങ്ങി.  അല്‍പ്പം നേരം കഴിയുമ്പോഴേയ്ക്കും പ്രഭാതത്തിന്റെ കുളിര്‍മ്മ ആ രാത്രിയില്‍ പടരുന്നതായി സദസ്യര്‍ക്ക് അനുഭവപ്പെട്ടു.  സന്തുഷ്ടനായ രാജാവ് മാരാര്‍ക്ക് ഏഴുതന്ത്രികളുള്ള (പൊതുവില്‍ നാല് തന്ത്രികളാണ്) തംബുരു സമ്മാനിച്ചു. പിന്നീട് ആ തംബുരു മീട്ടി അദ്ദേഹം ലോകം ചുറ്റി. 

ത്യാഗരാജസന്നിധിയില്‍ പാടിയ ഷഡ്കാല സംഗീതത്തിന്റെ പ്രകൃതം എന്തായിരുന്നു എന്ന് നമുക്ക് ഊഹിക്കാന്‍ മാത്രമേ കഴിയു.  സംഗീതത്തിന്റെ പരിശോധിക്കാവുന്ന ചരിത്രം തുടങ്ങുന്നത് റിക്കോഡിങ് സാങ്കേതികതയുടെ ആവിര്‍ഭാവത്തോടെയാണ്.  വരച്ചുവെച്ച ചിത്രവും പുരാതന ശില്‍പ്പങ്ങളും നമുക്ക് ഏത് കാലത്തും പോയി കാണാം.  പക്ഷെ പണ്ട് പാടിപ്പോയ പാട്ടുകള്‍ വീണ്ടും കേള്‍ക്കാന്‍ വഴിയില്ല.  അതുകൊണ്ട് ആ ഷഡ്കാല ആലാപനത്തിന്റെ സ്വഭാവം എന്തെന്ന് വിശദീകരിക്കുക അസാധ്യമാണ്.       

ഏകാന്ത സഞ്ചാരിയായ ഗായകനാവാന്‍ മാരാരെ എന്തായിരിക്കും പ്രേരിപ്പിച്ചത്?  സാമൂഹിക സാഹചര്യങ്ങള്‍ക്കപ്പുറത്ത് സ്വാതന്ത്ര്യവാഞ്ചതന്നെയായിരിക്കാം പ്രേരണ.  കാരണം വ്യവസ്ഥയുടെ ബലി സ്വാതന്ത്ര്യമാണ്.  ആധ്യപത്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും സംഘര്‍ഷം നിറഞ്ഞതാണ് വ്യവസ്ഥീകരണപ്രക്രിയ.  സംഗീതത്തിന്റെ വ്യവസ്ഥീകരണത്തിലും സര്‍ഗ്ഗശേഷിയുള്ളവര്‍ കുതറി മാറും.  വ്യവസ്ഥയുടെ വീട് വിട്ടാല്‍ പിന്നെ സഞ്ചാരമാണ്.  

സഞ്ചാരം വടക്കെ ഇന്ത്യയിലെത്തിയപ്പോള്‍ ഗോവിന്ദമാരാര്‍ ഒരു രാജകൊട്ടാരത്തില്‍വെച്ച് കച്ചേരി ആസ്വദിച്ചതിനെക്കുറിച്ച് ഒരു കഥയുണ്ട്.  അവിടെ ആസ്വാദകര്‍ ശബ്ദം ഉണ്ടാക്കാന്‍ പാടില്ല.  ഈ നിയമം തെററിച്ചാല്‍ ശിക്ഷ വിധിക്കേണ്ടത് ഗായകനാണ്.  മനോഹരമായ ഈണപ്രകാശനങ്ങള്‍ കേട്ടാല്‍ 'വ്വാ' എന്ന് അറിയാതെ പറഞ്ഞുപോകുന്ന സ്വഭാവം മാരാര്‍ക്കുണ്ടായിരുന്നു.   അതുകൊണ്ട് പൊതുവേദിയില്‍ നിന്ന് മാറി ഒരു മണ്ഡപത്തില്‍ ഒളിച്ചിരുന്നാണ് അദ്ദേഹം പാട്ട് കേട്ടത്.   മാരാര്‍ ആസ്വാദനത്തില്‍ മതിമറന്നിരിക്കുമ്പോള്‍ ഗായകന്‍ വിചിത്രമായ ഒരു ഈണം ആവിഷ്‌കരിച്ചു.  മാരാര്‍ അറിയാതെ 'വ്വാ' എന്നു പറഞ്ഞുപോയി.  ഉടനെ ഭടന്മാര്‍ ശബ്ദംകേട്ട ദിക്കില്‍നിന്ന് ആളെ പിടിച്ചുകൊണ്ടുവന്നു.  രാജാവ് ഗായകനോട് ശിക്ഷ വിധിക്കാന്‍ ആവശ്യപ്പെട്ടു.  അപ്പോള്‍ ഗായകന്‍ പറഞ്ഞു, 'ഈ ആസ്വാദകന്‍ ഒരു മഹാനായ സംഗീതജ്ഞനായിരിക്കണം.  കാരണം അദ്ദേഹത്തിന് മാത്രമേ ആ ഈണാവിഷ്‌കാരത്തിന്റെ ഭംഗി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.  അതുകൊണ്ട് അദ്ദേഹത്തെ പാരിതോഷികങ്ങള്‍ നല്‍കി ആദരിക്കുക.'


ദേശാഭിമാനി വാരാന്ത്യം, പേജ് രണ്ട്, 27 മെയ് 2018


Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ