Skip to main content

on developmental ethics

വികസനത്തിന്റെ ധാര്‍മ്മികത
വികസനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ആലോചിക്കുമ്പോള്‍ നന്മ നിറഞ്ഞ മനസ്സിനുടമകള്‍ പറയും നമുക്ക് ഈ വികസനം വേണ്ട എന്ന്.  താര്‍ക്കികമായി അത് പുറകോട്ട് പോക്കായതുകൊണ്ട് അവികസിതാവസ്ഥയിലേയ്ക്ക് തരിച്ചുപോകാന്‍ കഴിയുമോ എന്ന് തിരിച്ചു ചോദിച്ചേയ്ക്കാം.  രാധാകൃഷ്ണന്‍ സ്വകാര്യമായി ഉറക്കെ ചിന്തിച്ചത് ഓര്‍മ്മവരുന്നു.  അദ്ദേഹത്തിന്റെ വാദമായല്ല.  നമുക്ക് നടക്കാനാവുന്ന ദൂരത്തിന്റെ പരിധിയില്‍ ജീവിക്കുന്നതാണ് നമുക്ക് നല്ലത്.  ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറയാന്‍ കാരണം വികസനത്തിന് എതിരായതുകൊണ്ടല്ല.  തീവണ്ടി വരുത്തി വെയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് ആലോചിച്ചാണ്.  തീവണ്ടി വന്നാല്‍ ഗ്രാമത്തിലെ വിഭവങ്ങള്‍ മുഴുവന്‍ മറ്റിടത്തേയ്ക്ക് കൊണ്ടുപോകാനിടയുണ്ട്.  കുറ്റം ചെയ്ത കുറ്റവാളി തീവണ്ടി കയറി രക്ഷപ്പെടാനിടയുണ്ട്.  അത്തരം സാധ്യകളുടെ അടിസ്ഥാനത്തിലാണ് ഗാന്ധിജി തീവണ്ടി വേണ്ട എന്നു പറഞ്ഞത്.  ഗാന്ധിയുടെ ആദര്‍ശത്തിലുള്ള സ്വരാജ്യത്തിന് ഏതാണ്ട് 50 കിലോ മീറ്റര്‍ ചുറ്റളവായിരിക്കാം എന്ന് നിസാര്‍ പറഞ്ഞു.  അപ്പോള്‍ ഞാന്‍ സെവന്‍ സമുരായീസ് എന്ന സിനിമ ഓര്‍ത്തു.  ഗ്രാമത്തിലെ വിഭവങ്ങള്‍ മുഴുവന്‍ കൊയ്ത്തു കഴിയുമ്പോഴേയ്ക്കും കൊള്ളക്കാര്‍ കൊണ്ടു പോകുന്നത് തടയാന്‍ ഗ്രാമക്കാര്‍ക്ക് സമുരായിമാരെ നിയമിക്കേണ്ടി വന്നതിനെ കുറിച്ച്. 
അവികസിതാവസ്ഥയിലേയ്ക്കു തിരിച്ചു പോകാന്‍ പറ്റുമോ എന്ന് നിസാര്‍ ചോദിച്ചപ്പോള്‍ ശരത് പറഞ്ഞു, മുന്നോട്ടും പോകാന്‍ കഴിയില്ലല്ലോ എന്ന്.  മുന്നോട്ടു പോകാന്‍ പറ്റും എന്നു മാത്രമല്ല, ഇപ്പോള്‍ മുന്നോട്ടാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത് എന്ന് എനിക്കു പറയാന്‍ തോന്നി.  പക്ഷെ പറഞ്ഞില്ല. കാരണം അങ്ങിനെ പറയുന്നത് വെറുതെ തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ മാത്രമായിരിക്കും.  ധര്‍മ്മികമായ, നൈതികമായ, വികസനത്തെ കുറിച്ച് ആലോചിക്കാനുള്ള തുടക്കം കുറിക്കുകയല്ല അത്തരം തര്‍ക്കങ്ങള്‍ ചെയ്യുക.  വികസനത്തിന്റെ മുന്നോട്ടു പോക്ക് സര്‍വ്വ നാശത്തിലേയ്ക്കാണ് എന്ന് ചൂണ്ടിക്കാട്ടിയാല്‍ പോലും മുന്നോട്ടു പോക്കുകാര്‍ക്ക് പറയാന്‍ കഴിയും എല്ലാ മുന്നോട്ടു പോക്കും നാശത്തിലേയ്ക്കാണ് എന്ന്.  വികസിക്കാതെ നശിക്കുകയോ വികസിച്ചു നശിക്കുകയോ ചെയ്യേണ്ടത് എന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം? ഭൂരിപക്ഷവും വികസിച്ചു നശിക്കാന്‍ തീരുമാനിച്ചേയ്ക്കും. 
ഇത് സൂചിപ്പിക്കുന്നത് വികസനത്തിന്റെ ധാര്‍മ്മികതയെ കുറിച്ചുള്ള ചിന്ത വികസനം വേണമോ വേണ്ടയോ എന്ന തര്‍ക്കവുമായി ബന്ധപ്പെട്ടതല്ല എന്നുള്ളതാണ്.  വേണമോ വേണ്ടയോ എന്നുള്ളത് തീരുമാനമെടുക്കുന്നതിന്റെ തൊട്ടടുത്തുള്ള മുഹൂര്‍ത്തില്‍ സംഭവിക്കുന്നതാണ്.  യഥാര്‍ഥത്തില്‍ ഇവിടെ വേണമെന്ന തീരുമാനമെടുത്ത് ബഹുദൂരം മുന്നിട്ടു കഴിഞ്ഞു.  വികസിക്കാനുള്ള സ്രോതസ്സു തന്നെ വറ്റിത്തുടങ്ങി.  താമസംവിന തീരുമാനിക്കാതെ തന്നെ വികസനം നിലംപരിശാവും. 
എന്നാല്‍ വികസനത്തിന്റെ ധാര്‍മ്മികതയെ കുറിച്ച് ഇപ്പോഴും അപ്പോഴും എപ്പോഴും സംസാരിക്കാവുന്നതാണ്.  വികസനം ധാര്‍മ്മികമാണോ എന്നത് വികസനം വേണോ എന്ന തീരുമാനത്തെ നിശ്ചയിക്കുകയുമില്ല.  ഒരു പക്ഷെ വികസനേതരമായ ഒരു നിലപാടായിരിക്കും ധാര്‍മ്മികമാവുക. 
കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ സന്തോഷം തരുന്ന കാര്യം ധാര്‍മ്മികമാണ് എന്ന വാദമുണ്ട്.  ചിലത് ധാര്‍മ്മികമാണ് ചിലത് അല്ല എന്ന ഉള്‍ക്കാഴ്ച നിര്‍ദ്ദേശിക്കുന്ന ധാര്‍മ്മികതയുമുണ്ട്.    സാര്‍വ്വത്രീകരിക്കാനാവുന്നത് ധാര്‍മ്മികമാണ് എന്നും വിചാരധാരയുണ്ട്.  ആരും തന്നെ ആരുടേയും മാര്‍ഗ്ഗമല്ല.  ഓരോരുത്തരും ലക്ഷ്യം തന്നയാണ്.  അതുകൊണ്ട് എന്റെ സുഖത്തിനുവേണ്ടി മറ്റൊരാളെ മാര്‍ഗ്ഗമായി സ്വീകരിക്കാനാവില്ല.  ഈ തത്വം സാര്‍വ്വത്രീകരിക്കാവുന്നതാണ്.  ഞാന്‍ എന്റെ സുസ്ഥിതിയ്ക്കായി ചെയ്യുന്നത് മാത്രമേ മറ്റുള്ളവരോടും ചെയ്യാന്‍ പാടു.  ലോകത്തോടും പരിസ്ഥിതിയോടും ചെയ്യാന്‍ പാടു.  ഇത് വളരെ സ്വീകാര്യമായ തത്വമായി തോന്നാം.  ആര്‍ക്കും അപകടമില്ല.  പക്ഷെ എല്ലാവര്‍ക്കും അപകടപ്പെട്ടാലും ലഭിച്ചേയ്ക്കാവുന്ന നാശാന്തമായ ലക്ഷ്യങ്ങളാണെങ്കില്‍ ഈ തത്വമനുസരിച്ചു തന്നെ വികസനത്തേര്‍ മുന്നോട്ടു കുതിക്കും. നിസാര്‍ പറയാറുള്ള ആരെങ്കിലും ദുരിതം അനുഭവിക്കുന്നുണ്ടെങ്കില്‍ ആ സാമൂഹികാവസ്ഥ ദുഷ്ടമാണ് എന്ന മാനദണ്ഡവും ദുരിതമുനുഭവിക്കുന്നത് അവികസനത്വംകൊണ്ടാണെങ്കില്‍ വികസനം നൈതികമാവും.
വികസനത്തിനായുള്ള ത്വരയും ആവശ്യവും എവിടെ നിന്നാണ് ആവിര്‍ഭവിക്കുന്നത്.  തുടക്കം മനുഷ്യരുടെ അത്യാഗ്രഹമായിരിക്കാം.  പക്ഷെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ബാഹ്യപ്രേരണയാലാണ് സംഭവിക്കുന്നത്.  അപ്പോള്‍ വികസനത്വരയുടെ ആവിര്‍ഭാവാം എവിടെയാണ്.  പുറത്ത് എവിടെ? 
അത്യാഗ്രഹം ഉറവിട കാരണമായിരിക്കാം.  പിന്നീട് അത് ജീവിത രൂപങ്ങളെ സൃഷ്ടിക്കുകയും ആ ജീവിത രൂപങ്ങള്‍ സംഘ പ്രരേണയായാല്‍ അനിവാര്യമായും പിന്‍തുടരേണ്ട ജീവിത രൂപമായി ഓരോരുത്തരുടേയും മേല്‍ കര്‍ത്തവ്യമായി തൂങ്ങിനില്‍ക്കുന്നതായിരിക്കാം ഇവിടെ ബാഹ്യപ്രേരണ.

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ