Skip to main content

രേവതിയുടെ കലണ്ടര്‍

കഥ (മാതൃഭൂമി വരാന്തപ്പതിപ്പ്‌. 2000 ജൂണ്‍ 25)

ഒരു കത്രികയെടുത്ത്‌ ശനി, ഞായര്‍ ദിവസങ്ങളെ മുറിച്ചുകളഞ്ഞാല്‍ രേവതി ഒറ്റയ്‌ക്കാണ്‌. രേവതിയും കുട്ടികളും മാത്രമാവും.

ശനിയാഴ്‌ച അര്‍ദ്ധരാത്രിയോടെ വീട്ടില്‍വന്ന്‌ ഞായര്‍ ഉച്ചതിരിഞ്ഞ്‌ മടങ്ങുന്നവനാണ്‌ ഭര്‍ത്താവ്‌. രേവതി പോയി നോക്കിയിട്ടില്ലാത്ത ഒരു ദൂരസ്ഥലത്താണ്‌ ഭര്‍ത്താവ്‌ ജോലി ചെയ്യുന്നത്‌. കല്യാണം കഴിഞ്ഞ്‌ കുറച്ചുനാളുകള്‍ അവര്‍ സദാ ഒന്നിച്ചായിരുന്നു. രേവതി ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ പഠിച്ചുവന്നപ്പോഴേയ്‌ക്കും അയാള്‍ ലീവ്‌ കഴിഞ്ഞ്‌ ജോലിയില്‍ പ്രവേശിച്ച്‌ വാരാന്ത്യത്തിലെ സന്ദര്‍ശകനായി കഴിഞ്ഞിരുന്നു. ഭര്‍ത്താവ്‌ വന്ന്‌ മടങ്ങുന്നതിനിടയിലുള്ള രണ്ടു ദിവസത്തെ ഇടവേള മാത്രമായിരുന്നു ആദ്യമൊക്കെ രേവതിയുടെ ജീവല്‍മുഹൂര്‍ത്തങ്ങള്‍ ഈ ഇടവേള കാത്തിരിപ്പിന്റെ എല്ലാ മിടിപ്പുകളും ഇല്ലാതാക്കുമായിരുന്നു. ശനിയാഴ്‌ച ഒരു പ്രേമപ്പനി പിടിച്ചാല്‍ തിങ്കളാഴ്‌ചയേ ആ പനി വിടൂ.

എത്ര കാലം അങ്ങിനെ പോയി എന്ന്‌ കൃത്യമായി ഓര്‍മ്മിച്ചെടുക്കാന്‍പോലും ഇന്ന്‌ രേവതി ശ്രമിക്കാറില്ല. ഏതോ നിമിഷം തൊട്ട്‌ പനിയുടെ ചൂട്‌ ആറിത്തുടങ്ങിയിരുന്നു. പനിയടങ്ങുന്ന ആ കാലത്ത്‌ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ വന്ന മാറ്റം രേവതി ശ്രദ്ധിച്ചിരുന്നു. ഒരു നീന്തല്‍ക്കാരന്‍ തന്റെ കരയില്‍നിന്ന്‌ മറുകര തൊട്ട്‌ മടങ്ങുന്നതുപോലെയാണ്‌ അയാള്‍ തന്റെ ഭാര്യയും കുഞ്ഞും താമസിക്കുന്ന വീട്ടില്‍ വന്നുപോകുക. നീന്തല്‍ക്കാരന്‌ മറുകര തിരികെ പോകാനുള്ള ഒരു അടയാളം മാത്രമാണ്‌. അയാള്‍ കണ്ണടച്ച്‌ ഒന്നു തൊട്ടെന്ന്‌ വരുത്തി മറിഞ്ഞ്‌ കുതിച്ച്‌ തിരിച്ചുപോവുന്ന കരയാണ്‌ മറുകര. അയാള്‍ തന്റെ കരയില്‍നിന്ന്‌ പുറപ്പെടുമ്പോള്‍ മനസ്സില്‍ മറുകരയെ ഉന്നം വെയ്‌ക്കുന്നു. പക്ഷെ, അവിടെയെത്തുമ്പോഴേയ്‌ക്കും ലക്ഷ്യം മടക്കയാത്രയായി മാറുന്നു. മറുകര ഒരിക്കലും അയാളുടെ സ്ഥലമല്ല. രേവതിയുടെ ഭര്‍ത്താവ്‌ ഈ നീന്തല്‍ക്കാരനെപ്പോലെയാണ്‌. കുഞ്ഞിനേയും ഭാര്യയേയും കണ്ടു മടങ്ങുക മാത്രമാണ്‌ അയാള്‍ ചെയ്‌തുപോന്നത്‌.

സ്ഥിരമായി ശബരിമലയ്‌ക്കുപോകുന്ന ഒരാള്‍ അതിന്റെ കാലമാകുമ്പോള്‍ രാവിലെ കുളിയും അമ്പലത്തില്‍പ്പോക്കും പച്ചക്കറി തീറ്റയുമൊക്കെ പെട്ടെന്ന്‌ ശീലിച്ച്‌ ഒരു മുനി മനസ്സിന്റെ ഉടമയാകാറുള്ളതുപോലെ രേവതിയുടെ ഭര്‍ത്താവ്‌ ഓരോ വാരാന്ത്യത്തിലും പെട്ടെന്നാണ്‌ ഒരു കുടുംബക്കാരനാവുക. ശീട്ടുകളി, മദ്യപാനം, അനന്തമായ വെടിപറച്ചില്‍, പഴയ കാല വീരസ്യങ്ങള്‍ തുടങ്ങിയ ലോഡ്‌ജിലെ നേരംപോക്കുകളില്‍നിന്ന്‌ ഓരോ ശനിയാഴ്‌ചയും അയാള്‍ കുടുംബക്കാരന്റെ ഭാവഹാവാദികളിലേയ്‌ക്ക്‌ രൂപാന്തരം പ്രാപിക്കും. വൈകുന്നേരം ബാഗ്‌ നിറച്ച്‌ ബസ്റ്റാന്റിലേയ്‌ക്ക്‌ നടക്കുമ്പോഴേയ്‌ക്കും വ്രതശുദ്ധിയുള്ള ഒരു ഭാവമായിരിക്കും മുഖത്ത്‌ വിരിഞ്ഞു നില്‍ക്കുന്നുണ്ടാവുക.

ഭര്‍ത്താവ്‌ ഒരു പ്രൊഫഷനല്‍ നീന്തല്‍ക്കാരനെപ്പോലെയായിത്തിരുമ്പോള്‍ രേവതി കുഞ്ഞിനെ ശ്രദ്ധിക്കുന്നതിലും ഗൃഹ ഭരണത്തിലും ബാങ്കുദ്യോഗത്തിന്റെ തിരക്കിലും മുഴുകിപ്പൊയ്‌ക്കോണ്ടിരിക്കുയായിരുന്നു. ഈ മാറ്റത്തിന്റെ ഘട്ടത്തിലായിരിക്കാം രേവതിയുടെ ഓരോ ആംഗ്യങ്ങളിലും സ്വാതന്ത്ര്യത്തിന്റെ ക്ലേശം പടര്‍ന്നുപിടിക്കുന്നത്‌, ഒരു അടിവെയ്‌ക്കുമ്പോള്‍ അത്‌ എങ്ങിനെ വെയ്‌ക്കണം എന്ന പാഠം മറന്നുപോയതുകൊണ്ട്‌ എല്ലാ പ്രവര്‍ത്തികള്‍ക്കും സ്വന്തം മട്ടിന്റെ അനുസ്വരങ്ങള്‍ ഉണ്ടായിവന്നത്‌. ഉദാഹരണമായി രേവതി അക്വാഗാര്‍ഡില്‍നിന്ന്‌ വെള്ളം ഒരു കപ്പിലെടുത്ത്‌ ഉയര്‍ത്തി വായിലേയ്‌ക്ക്‌ കുത്തനെ ഒഴിച്ചു കുടിക്കുമ്പോള്‍ രണ്ട്‌ കാലുകളും വിടര്‍ത്തി പുറകോട്ട്‌ ചായ്‌ച്‌ തുട മുതല്‍ മാറിടം വരെയുള്ള ഭാഗം മുന്നോട്ട്‌ ഉന്തിനിര്‍ത്തിയായിരിക്കും നില്‍ക്കുക. വോളിബോള്‍ കളിയില്‍ കുത്തനെവരുന്ന ഒരു സ്‌മാഷ്‌ രണ്ടു കൈയ്യും ചേര്‍ത്തി വീണ്ടി വെച്ച്‌ എടുത്തു നില്‍ക്കുന്ന കളിക്കാരനെപ്പോലെയായിരിക്കും ആ നില്‍പ്പ്‌. ആരെങ്കിലും അതിനിടയില്‍ എന്തെങ്കിലും തമാശ പറഞ്ഞുവന്നാല്‍ രേവതി ആ നില്‍പ്പില്‍നിന്നുതന്നെ ആഞ്ഞു കുലുങ്ങി ആര്‍ത്തു ചിരിക്കും. ആരേയും പരിഭ്രമിപ്പിക്കുന്ന ഒരു കാഴ്‌ചയായിരിക്കും അത്‌. പക്ഷെ കൂടെ ജോലി ചെയ്യുന്നവര്‍ക്ക്‌ ഇതൊരു വിഷയമല്ല. രേവതിയുടെ പല അവതാരങ്ങളും കണ്ടു ശീലമുള്ളവരാണ്‌ അവര്‍.

കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ അത്ഭുതപ്പെടുത്തിയത്‌ രേവതിയുടെ രണ്ടാം പ്രസവത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളാണ്‌. വൈകുന്നേരം നാലുമണി കഴിഞ്ഞപ്പോഴാണ്‌ പൂര്‍ണ്ണ ഗര്‍ഭിണിയായ രേവതി ബാങ്കിലെ സഹപ്രവര്‍ത്തകരോടു പറയുന്നത്‌. "ഇനി ഇവിടെ പിടിച്ചു നില്‍ക്കാനാവില്ല. ഞാന്‍ ആശുപത്രിയിലേയ്‌ക്ക്‌ പോകട്ടെ" എന്ന്‌. കൂടെ ആരൊക്കെ പോകണം എന്നതിനെപ്പറ്റി കൂട്ടുകാരികളും മുതിര്‍ച്ചയുള്ള ചില ആണുകളും ചേര്‍ന്ന്‌ ഒരു തീരുമാനത്തിലെത്തുന്നതിനു മുന്‍പേ രേവതി തന്റെ കൈനറ്റിക്‌ ഹോണ്ടയില്‍ പറന്നു കഴിഞ്ഞിരുന്നു. ആര്‍ക്കും അറിയുമായിരുന്നില്ല ഏത്‌ ആശുപത്രിയിലേയ്‌ക്കാണ്‌ പോയതെന്ന്‌. എല്ലാവരും പരിഭ്രമിച്ചിരിക്കുകയായിരുന്നു. മാനേജരൊഴിച്ച്‌ മറ്റെല്ലാവരും രേവതി സൃഷ്ടിച്ച അങ്കലാപ്പില്‍ കുടുങ്ങി ഇരിയ്‌ക്കയായിരുന്നു. മാനേജരും ഒരു കണക്കില്‍ അങ്കലാപ്പില്‍തന്നെയായിരുന്നു. അയാള്‍ക്ക്‌ പക്ഷെ കരയാന്‍പോലും ബാങ്കിങ്‌ പ്രാക്ടീസിലൂടെയേ പറ്റുമായിരുന്നുള്ളൂ. പാവം മാനേജര്‍ തന്റെ മനപ്രയാസം മുഴുവന്‍ ഓരോ ലഡ്‌ജറുകളില്‍ പോസ്‌റ്റ്‌ ചെയ്‌തുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ്‌ ഫോണ്‍ റിങ്‌ ചെയ്യുന്നത്‌. ആശുപത്രിയില്‍നിന്നാണ്‌. രേവതി പ്രസവിച്ചത്രെ. സുഖപ്രസവം.

രേവതിയുടെ തിരക്കുകള്‍ ദിനംപ്രതി ഏറുകയായിരുന്നു. നിര്‍ത്തിയിടാനൊഴിവില്ലാത്ത ഒരു വാഹനംപോലെ അവള്‍ സദാ ഓടിക്കൊണ്ടിരുന്നു. ഈ ദ്രുത താളത്തിന്‌ ഒരു ഭംഗമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവിന്റെ വരവും പോക്കും. ഭര്‍ത്താവിന്റെ ഇടക്കാല സാന്നിദ്ധ്യം ഒരുപാട്‌ ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ പരീക്ഷാസഹായിയെപ്പോലെ രേവതിയെ ബോറടിപ്പിച്ചു.

നിമഷങ്ങളില്‍ നിശബ്ദതതയുടെ കുമിളകള്‍ നിറഞ്ഞു നിറഞ്ഞു വരുമ്പോഴും കുട്ടികളുറങ്ങുന്ന മുറിയില്‍ വായു പക്ഷവാതം പിടിച്ചപോലെ കിടക്കുമ്പോഴും രേവതി തുന്നല്‍ സാമഗ്രികള്‍ കൈയ്യിലെടുത്ത്‌ തുന്നാന്‍ തുടങ്ങും. സൂചിയും നൂലും തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കയറിയിറങ്ങിപ്പോകുമ്പോള്‍ രേവതി ഉത്സാഹം വീണ്ടെടുക്കും. ആവശ്യമില്ലാത്ത ഭാഗം കത്രികകൊണ്ട്‌ മുറിച്ച്‌ അവള്‍ ജീവിതത്തെ എഡിറ്റ്‌ ചെയ്‌തുകൊണ്ടിരിക്കും. എഡിറ്റിങ്‌ ഭ്രാന്ത്‌ മൂത്ത ഒരു അവസരത്തിലാണ്‌ അവള്‍ കലണ്ടറില്‍നിന്ന്‌ ശനിയും ഞായറും ഒരു കത്രികകൊണ്ട്‌ മുറിച്ചുകളഞ്ഞത്‌. ശനിയും ഞായറുമില്ലാത്ത കലണ്ടറുകളാണ്‌ ഇപ്പോള്‍ അവളുടെ വീട്ടില്‍. ഭര്‍ത്താവിന്റെ സന്ദര്‍ശന ദിവസങ്ങള്‍ ഇപ്പോള്‍ കലണ്ടറില്‍നിന്ന്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ട്‌ അവള്‍ ഏകയാണ്‌. രേവതിയും കുഞ്ഞുങ്ങളും അഞ്ചു തൊഴില്‍ ദിവസങ്ങളിലും തിങ്ങി നിറഞ്ഞു ജീവിക്കുന്നു.

ഇപ്പോള്‍ ഈ നാലുമണിക്ക്‌ അവള്‍ ഹെല്‍മെറ്റ്‌ ധരിച്ച്‌ ബാങ്ക്‌ വിട്ട്‌ പുറത്തിറങ്ങുകയാണ്‌. കൈനറ്റിക്‌ ഹോണ്ട സ്‌റ്റാര്‍ട്ട്‌ ചെയ്‌ത്‌ സ്‌കൂളില്‍നിന്ന്‌ കുട്ടികളേയും കൂട്ടി അഞ്ചു ദിവസങ്ങള്‍ മാത്രമുള്ള തിരക്ക്‌ പിടിച്ച ജീവിതത്തിലേയ്‌ക്ക്‌ പോകുകയാണ്‌. ഇപ്പോള്‍ അവള്‍ ഹെല്‍മെറ്റിന്റെ ആന്തരികമായ മുഴക്കത്തില്‍ ഒരു മൂളിപ്പാട്ട്‌ പാടുകയാണ്‌. മുഖത്ത്‌ ചിരിയും താന്തോന്നിത്തത്തിന്റെ ഘോഷ്ടിയുമുണ്ട്‌.

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ