Skip to main content

മൈക്കല്‍ ജാക്‌സണ്‍: ക്രിയത്മകതയുടെ കിറുക്കന്‍ ചേരുവ

കുറേക്കാലം മൈക്കല്‍ ജാക്‌സന്റെ അതീന്ദ്രീയ ഡിസ്‌കോയില്‍ സ്വയം മറന്നാടിയ ജനകോടികള്‍ ഒരു ചെറിയ ഇടവേളയില്‍തന്നെ അദ്ദേഹത്തെ മറന്നു. സാങ്കേതികാഭിവൃദ്ധിയും മാധ്യമവും കമ്പോളവും കൈകോര്‍ക്കുന്ന ഇന്നത്തെ മുതലാളിത്തയാഥാര്‍ഥ്യ ലോകത്തിന്റെ വേഗമാര്‍ന്ന ജീവിതത്തില്‍ സംഗീതത്തേയും മറവി ബാധിച്ചത്‌ യുക്തമായ ഒരു താര്‍ക്കിക പരിണാമംപോലെയാണ്‌. ശ്രവണഭ്രമാത്മകതയുടെ ഈ `റോക്ക്‌ എറൗണ്ട്‌ ദ ക്ലോക്ക്‌`യുഗത്തില്‍ പാട്ടുകള്‍ക്ക്‌ ക്ഷിപ്രായുസ്സാണ്‌. പക്ഷെ മൈക്കല്‍ ജാക്‌സണ്‍ വീണ്ടും തിരിച്ചുവന്നിരിക്കുന്നു. സ്വന്തം മരണത്തിലൂടെ. മാധ്യമങ്ങളിലൂടെയുള്ള നീണ്ട മരണം.

മൈക്കല്‍ ജാക്‌സണ്‍ ഹൃദയസ്‌തംഭനം വന്നു മരിക്കുന്ന ഒരു സാധാരണ മനുഷ്യനായി താന്‍ ഒരിക്കലും കരുതിയിരുന്നില്ല എന്ന്‌ നിരാശയോടെയും സങ്കടത്തോടെയും രാംഗോപാല്‍ വര്‍മ്മ എഴുതിയ ബ്ലോഗ്‌ വായിച്ച്‌ പലര്‍ക്കും ഈ വിചാരം അവരുടേതുകൂടിയാണെന്ന്‌ തോന്നിയിരിക്കണം. മനുഷ്യര്‍ക്ക്‌ അത്യത്ഭുതകരമായ വിനോദാനുഭവങ്ങള്‍ വിളമ്പാന്‍ എവിടെനിന്നോ പ്രത്യക്ഷപ്പെട്ട അതിമാനുഷനായാണ്‌ മൈക്കള്‍ ജാക്‌സനെ അദ്ദേഹത്തിന്റെ 1996 ലെ ബോംബെ പരിപാടി കണ്ട്‌ രാംഗോപാല്‍ വര്‍മ്മ ഓര്‍മ്മയില്‍ സൂക്ഷിച്ചുവെച്ചത്‌.

സങ്കല്‌പിക്കാവുന്നതിലപ്പുറം ഭ്രമാത്മകമാണ്‌ മൈക്കല്‍ ജാക്‌സന്റെ നൃത്താധിഷ്‌ഠിതമായ ദൃശ്യശ്രാവ്യ സംഗീതം. ഭ്രമകല്‍പനയുടെ ഭ്രമകല്‌പനപോലെ, നട്ടെല്ലില്‍ അരിച്ചുകയറി കാലിലേയ്‌ക്ക്‌ പടരുന്ന മാസ്‌മരിക ലഹരി.പോലെ. ജാക്‌സണില്‍നിന്ന്‌ കേള്‍ക്കുന്നത്‌ ഉച്ച സ്ഥായിയിലുള്ള എക്കിട്ടവും മോങ്ങലും കിതപ്പും ഭാഷക്കഴിവ്‌ നഷ്ടപ്പെട്ട ഒരാള്‍ സംസാരിച്ചുതുടങ്ങുതുപോലുള്ള ആംഗലേയവുമാണെങ്കിലും ക്രിയാത്മകതയുടെ ഒരു കിറുക്കന്‍ ചേരുവ അവയെയെല്ലാം മനോഹരമാക്കുന്നു.

പോപ്പ്‌ സംഗീതത്തിന്റെ മൂന്ന്‌ ധാരകളിലൊന്നാണ്‌ മൈക്കല്‍ ജാക്‌സന്റെ സംഗീതം. എല്‍വിസും ബീറ്റ്‌ല്‍സുമാണ്‌ മറ്റ്‌ രണ്ട്‌ വഴികള്‍. എല്‌വിസ്‌ അരോണ്‍ പ്രിസ്‌ലെയാണ്‌ റോക്ക്‌ 'എന്‍' റോളിന്റെ പിതാവ്‌. എന്നാല്‍ ഇവരുടേയും ജാക്‌സന്റേയും സംഗീതങ്ങള്‍ തമ്മില്‍ പഴയ ന്യൂസ്‌റീലും ടെക്‌നിക്കളര്‍ ഉപയോഗിച്ചുള്ള സിനിമകളും തമ്മിലുള്ള അന്തരമുണ്ട്‌.

ജാക്‌സന്റെ നൃത്തസംഗീതം സൃഷ്ടിക്കുന്ന കല്‍പ്പിതലോകം വളരെ സങ്കീര്‍ണ്ണമാണ്‌. അതില്‍ എപ്പോഴും മരണവാഞ്ചയുണ്ട്‌, ലൈംഗികചോദനയുടെ പ്രത്യേക രീതിയിലുള്ള വ്യാഖ്യാനങ്ങളുണ്ട്‌, അസ്വാഭാവികമായ നില്‍പ്പുകളിലേയ്‌ക്കും ആകാരങ്ങളിലേയ്‌ക്കുമുള്ള നിര്‍ബന്ധിക്കലുകളുണ്ട്‌. അങ്ങേയറ്റം ഗൃഹപാഠം ചെയ്‌ത്‌ ആയാസരഹിതമാക്കിയ അദ്ദേഹത്തിന്റെ ചുവടുകളില്‍ ഓരോ അവതരണത്തിലും ക്രിയാത്മകമായ നൂതനതകളുണ്ടാകും.

"ഓഫ്‌ ദ വേള്‍ഡ്‌" എന്ന റിക്കോഡാണ്‌ ജാക്‌സന്റെ ഏറ്റവും മനോഹരമായ കൃതികളിലൊന്ന്‌. ഈ കൃതിയ്‌ക്ക്‌ ഒരു പ്രത്യേകതയുണ്ട്‌. അദ്ദേഹത്തിന്‌ വലിയ മറ്റങ്ങളുണ്ടാവുന്നതിനും പ്രശസ്‌തിയുടെ ലഹരി തലയ്‌ക്ക്‌ പിടിക്കുന്നതിനും മുന്‍പുള്ള കൃതിയാണിത്‌. അന്നൊക്കെ അദ്ദേഹം ആകര്‍ഷണം തോന്നുന്ന, കാമം കണ്ണില്‍ തുടിക്കുന്ന, ഒരു കറുത്ത യൂവാവായിരുന്നു. ഈ മൈക്കല്‍ ജാക്‌സണ്‍ അപ്രത്യക്ഷനായിരുന്നില്ലെങ്കില്‍ എന്ന്‌ ആഗ്രഹം പുലര്‍ത്തിയ ഒരു ബ്ലോഗ്‌ എഴുത്തുകാരന്‍ പറയുന്നത്‌ `ബില്ലി ജീന്‍` ശബ്ദം അനേക വിതാനങ്ങളില്‍ വിരിയുന്ന എക്കാലത്തെയും മികച്ച റിക്കോഡാണെങ്കിലും അതിനെ പെപ്‌സിയ്‌ക്കുവേണ്ടിയുള്ള ഒരു കമേഴ്‌സ്യലാക്കി മാറ്റിയതോടെ ജാക്‌സണ്‍ നവോദാരതയുടെ പ്രചാരകനായി എന്നാണ്‌.

പങ്ക്‌, ന്യൂവേവ്‌, തുടങ്ങിയ ജനപ്രിയ സംഗീതത്തിന്റെ രാഷ്ട്രീയം മുഖ്യധാരയും പ്രാന്തധാരയും (കൂട്ടുനില്‍ക്കലിന്റേയും ചെറുത്തുനില്‍ക്കലിന്റേയും) തമ്മിലുള്ള സംഘര്‍ഷത്തിന്റേതാണ്‌. എന്നാല്‍ കമ്പോളവും മാധ്യമങ്ങളും സംഗീതത്തെ നിര്‍ണ്ണയിക്കാന്‍ തുടങ്ങിയതോടെ ശബ്ദവും പ്രതിബിംബവും തമ്മിലുള്ള ബന്ധത്തില്‍ വന്ന പുതിയ മാറ്റം സൂചകത്തെ സൂചിതമാക്കി. അങ്ങിനെ പുതിയ ജനപ്രിയ സംഗീത സംസ്‌കാരമുണ്ടായി. ഈ പുതിയ ജനപ്രിയ സംഗീതം വെള്ളക്കാരുടെ റോക്ക്‌ സംഗീതത്തിന്റേയും കറുത്തവരുടെ നൃത്താധിഷ്‌ഠിതമായ സംഗീതത്തിന്റേയും അനുരഞ്‌ജനമാണ്‌. ഈ സ്വഭാവമാറ്റം റോക്ക്‌ സംഗീതം വെറും വിനോദോപാധിയാവുന്നതില്‍ കലാശിച്ചു, പ്രത്യേകിച്ചും എം ടി വി യുടെ കാലംതൊട്ട്‌.

ആദ്യകാലത്ത്‌ ജാക്‌സന്റെ പരിപാടി എം ടി വിയില്‍ വരാറില്ലായിരുന്നു. എം ടി വിയുടെ വര്‍ണ്ണവരയാണ്‌ തിരസ്‌കരണത്തിന്റെ മാനദണ്ഡം. പക്ഷെ ജാക്‌സന്റെ ഞെട്ടിപ്പിക്കുന്ന ക്രിയാത്മകതയ്‌ക്ക്‌ മുമ്പില്‍ എല്ലാ വാതിലുകളും തുറന്നു. ജാക്‌സണ്‍ ഇടിച്ചു തുറന്നിട്ട വാതിലിലൂടെയാണ്‌ പിന്നീട്‌ മറ്റു കറുത്ത കലാകാരന്മാര്‍ക്കും ഹിപ്പ്‌-ഹോപ്പുകാര്‍ക്കും റാപ്പുകാര്‍ക്കും എം ടി വി യില്‍ അവസരം കിട്ടുന്നത്‌.

വര്‍ണ്ണ വിവേചനം ജാക്‌സന്‌ പലപ്പോഴും പ്രശ്‌നമായിരുന്നു. ഒരിക്കല്‍ ജാക്‌സന്റെ പൊതുസമ്പര്‍ക്ക കാര്യസ്ഥന്‍ 'റോളിങ്‌ സ്‌റ്റോണി'ന്റെ പ്രസാധകനായ ജാന്‍ വെന്നറിനോട്‌ ജാക്‌സനെ കവറില്‍ കൊടുക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ കിട്ടിയ മറുപടി കറുത്തവരെവെച്ചാല്‍ മാഗസിന്‍ ചിലവാകില്ല എന്നത്രെ. പക്ഷെ എന്തൊക്കെ തടസ്സങ്ങളുണ്ടായാലും അദ്ദേഹത്തിന്റെ ക്രിയാത്മകതയുടെ നിലയ്‌ക്കാത്ത പ്രവാഹം എവിടെയും വഴി തുറന്നു. അദ്ദേഹത്തിന്റെ റിക്കോഡുകള്‍ക്ക്‌ അദ്ദേഹം തന്നെ തയ്യാറാക്കിയ പ്രമോഷന്‍ വീഡിയോകള്‍ അസാമാന്യ നിലവാരമുള്ളതായിരുന്നു. അദ്ദേഹം ഒരു വാണിജ്യവിജയമാകുന്നതിന്‌ പുറകില്‍ സ്വന്തം അദ്ധ്വാനമാണ്‌. അങ്ങിനെ മൈക്കല്‍മാനിയ ലോകം മുഴുവനും പടര്‍ന്നു.

സംഗീതത്തിലെന്നപോലെ ജീവിതത്തിലും അദ്ദേഹത്തിന്റെ രീതികള്‍ വളരെ വിചിത്രമാായിരുന്നു. ഏത്‌ കാര്യമായാലും ഒന്നാമനാവാന്‍ അദ്ദേഹം ആഗ്രഹിച്ചു. ജീവിച്ചതും ശ്വസോഛ്വാസം ചെയ്‌തതും ഉറങ്ങിയതും സ്വപ്‌നംകണ്ടതും സംസാരിച്ചതും ഒന്നാമനാവാനാണ്‌, ഏകപക്ഷീയമായ വിജയത്തിനുവേണ്ടിയാണ്‌. ബാധകയറിയപോലെ തന്റെ പ്രശസ്‌തിയും വില്‍പ്പനയും കൈകാര്യം ചെയ്യുന്നവരെ വിളിച്ച്‌ അപ്പോഴപ്പോഴത്തെ നിലവാരം അന്വേഷിക്കും. എപ്പോഴും ഗംഭീരം എന്ന്‌ മറുപടിയും കിട്ടും. അദ്ദഹത്തിന്റെ മറുപടി പക്ഷെ ഇത്രയൊന്നും ഗംഭീരമായാല്‍പോര എന്നായിരിക്കും. ഏതു കാര്യത്തിലും അദ്ദേഹം ഒന്നാമനാവുകയും ചെയ്‌തു. ഏറ്റവും അധികം ആരാധിക്കപ്പെട്ട സംഗീതജ്ഞനായി. ഏറ്റവുമധികം റിക്കോഡുകള്‍ വിറ്റഴിഞ്ഞതിന്‌ ഗിന്നസ്‌ ബുക്കിന്റെ ലോക റിക്കോഡില്‍ വന്നു. അവസാനം വെള്ളക്കാരനേക്കാള്‍ വെളുക്കുകകൂടി ചെയ്‌തു.

സ്വന്തം പ്രതിഛായയെക്കുറിച്ച്‌ വേവലാതിയായിരുന്നു ജാക്‌സന്‌. സര്‍ജന്മാരെ വലിയ വിശ്വാസവുമായിരുന്നു. പിന്നെ സ്വന്തം ശരീരം ഒരു പരീക്ഷണശാലയാക്കി. ഉപദേശിക്കാന്‍ ചെന്ന പൊതു സമ്പര്‍ക്ക കാര്യസ്ഥന്‍ വാള്‍ട്ടര്‍ യത്‌നിക്കോഫിനോട്‌ ജാക്‌സണ്‍ പറഞ്ഞു സര്‍ജന്മാര്‍ ശില്‌പികളെപ്പോലെയാണെന്ന്‌. പിന്നീട്‌ അദ്ദേഹം സ്വന്തം ശരീരം പുനര്‍ശില്‌പം ചെയ്‌തുകൊണ്ടിരുന്നു, നൃത്തം നവ്യമായി ആവിഷ്‌കരിച്ചുകൊണ്ടിരുന്നപോലെ.

ജാക്‌സനെ ഏറ്റവും അടുത്തറിയുന്നവരിലൊരാളാണ്‌ യത്‌നിക്കോഫ്‌. യത്‌നിക്കോഫിന്റെ ആത്മകഥയില്‍ ജാക്‌സനെക്കുറിച്ചുള്ള രസകരമായ ചിത്രങ്ങളുണ്ട്‌. "ത്രില്ലര്‍" 25 ദശലക്ഷം കോപ്പി വിറ്റഴിഞ്ഞ്‌ ഗിന്നസ്സ്‌ ബുക്കില്‍വന്ന അവസരത്തില്‍ നല്‌കിയ വിരുന്നില്‍ ജാക്‌സന്‍ ആരുടേയും മുഖത്തുപോലും നോക്കിയില്ലത്രെ. ഓരോരുത്തരേയും പരിചയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു കൈ തന്റെ കൈയ്യിലും മറുകൈ തന്റെ ഓമന മൃഗമായ ചിമ്പാന്‍സിയുടേതും പിടിച്ച്‌ വെറുതെ നില്‍ക്കുകയും നടക്കുകയുമായിരുന്നു ചെയ്‌തത്രെ, യെത്‌നിക്കോഫ്‌ എഴുതി.


ജാക്‌സന്റെ കുട്ടിക്കാലം റിക്കോഡിങ്‌ സ്‌റ്റുഡിയോയിലായിരുന്നു. നെവര്‍ലാന്‍ഡ്‌ റാഞ്ച്‌ വാങ്ങിയാണ്‌ അദ്ദേഹം തന്റെ നഷ്ടപ്പെട്ട കുട്ടിക്കാലം തിരിച്ചുപിടിച്ചത്‌. വില കൂടിയ കളിപ്പാട്ടങ്ങള്‍ വാങ്ങിയും ധാരാളം കുട്ടികളുമായി ഇടപഴകിയും മറ്റും. യെത്‌നിക്കോഫ്‌ ഒരിക്കല്‍ റാഞ്ചില്‍ പോയപ്പോള്‍ ഒരുപാട്‌ വലിയ വീഡിയോഗെംസ്‌ കോപ്പുകള്‍ കണ്ട്‌ ഇതൊക്കെ ആര്‍ക്കാണെന്ന്‌ ചോദിച്ചപ്പോള്‍ കുറേ സുഹൃത്തുക്കള്‍ വരും ഇവിടെ എന്നായിരുന്നു മറുപടി. എല്ലാം കുട്ടികള്‍.

ഒരിക്കല്‍ യത്‌നിക്കോഫ്‌ സ്റ്റേജിന്റെ പുറകില്‍ 13 വയസ്സായ ഒരു പയ്യനെ കണ്ട്‌ ആരാണെന്ന്‌ ചോദിച്ചപ്പോള്‍ പയ്യന്‍ പറഞ്ഞു മൈക്കല്‍ ജാക്‌സന്റെ സുഹൃത്താണെന്ന്‌.







വാല്‍ട്ടര്‍ യെത്‌നിക്കോഫ്‌, സി ബി എസ്‌ റിക്കോഡ്‌സിന്റെ തലവനായിരുന്നു. അദ്ദേഹത്തിന്റെ ആത്മകഥയിലാണിതൊക്കെ.

Extracted from Howling at the Moon by Walter Yetnikoff with David Ritz, published by Abacus in paperback at ?8.99


-ഡോ. മുകുന്ദനുണ്ണി -

Comments

Joy Mathew said…
ഒരപൂര്‍ണ്ണത........ഇനിയും എന്തൊക്കെയോ നിനക്കെഴുതനുള്ളത് പോലെ..
സായ്പിനെ ചന്ദ്രനടനം നടത്തിയ ഈ കറുബനെക്കുറിച്ച് കുറച്ചുകൂടി പോരട്ടെ
Mukundanunni said…
ജാക്‌സണ്‍ ചിന്തകള്‍ പാഠഭേദത്തിന്റെ കുറഞ്ഞ സ്ഥലസൗകര്യത്തിലേക്ക്‌ കത്രികയിലൂടെ കടത്തിവിട്ടതായിരുന്നു. എന്നിട്ടും നീണ്ടുപോയി. വീണ്ടും വെട്ടിനീക്കാന്‍ നിര്‍ബന്ധിതനായി. അതായിരിക്കും അപൂര്‍ണ്ണത. അപൂര്‍ണ്ണത മനുഷ്യ സഹജമത്രെ.
idakku madi pidichu nirthiyathano? enkilum ithellam puthiya ariv thanne...
Mukundanunni said…
ഗൗരീനാഥനോട്‌,
ഇടയ്‌ക്ക്‌ വെച്ച്‌ മടിപിടിച്ചതല്ല. ഇത്‌ പാഠഭേദം എന്ന മാഗസിനുവേണ്ടി എഴുതിക്കൊടുത്തതായിരുന്ന. അത്‌ ഒരു ചെറിയ നല്ല മാസികയാണ്‌. പക്ഷെ സ്ഥലം പരിമിതം. അതുകൊണ്ട്‌ പരിമിതിയുടെ അകത്തിരുന്നു ചിന്തിച്ചു. എന്നിട്ടും വലുതായി. പൂര്‍ണ്ണ ലേഖനം അവസാനം വീണ്ടും വെട്ടിച്ചുരുക്കി. പെട്ടെന്ന്‌ തീര്‍ന്നുപോയതുപോലെയുള്ള തോന്നല്‍ അങ്ങിനെ ഇതിന്റെ സ്വഭാവമായി.

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ