Skip to main content

ഈണപാര്‍ശ്വം

ഈണപാര്‍ശ്വം

ഓരം ചേര്‍ന്ന്‌ സിനിമാഗാനങ്ങള്‍ എപ്പോഴുമുണ്ട്‌. പുലര്‍ച്ചയ്‌ക്ക്‌ അയല്‍വീട്ടില്‍നിന്ന്‌ പാല്‍ തിളപ്പിക്കുന്ന കുക്കറിന്റെ വിസിലിനൊപ്പം എന്നും കേള്‍ക്കാം 'കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാരോ.' സിനിമാ സുപ്രഭാതം. അല്‌പം പിശുക്കുള്ളതുകൊണ്ടാണ്‌ ഒരേ പാട്ട്‌. പിശുക്ക്‌ കുറഞ്ഞ ഗൃഹസ്ഥാശ്രമ ഭവനങ്ങളിലൊക്കെ ഏറ്റവും പുതിയ ഹിറ്റ്‌ ഗാനങ്ങളിലായിരിക്കും. അതിന്റെ ബീറ്റുകള്‍ക്ക്‌ സമതാളപ്പെടുത്തിക്കൊണ്ടാണ്‌ ദിനചര്യകള്‍. ധൃതിപിടിച്ച പുറപ്പാടിലുടനീളം ധൃതിപിടിച്ച ഗാനങ്ങള്‍. ഉടുത്തൊരുങ്ങി ജോലിസ്ഥലത്തേയ്‌ക്ക്‌ ബൈക്കില്‍ കുതിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍വെച്ച്‌ ഒരു പുതിയ പാട്ട്‌ മൂളുന്നുണ്ടാവും.

ഇവരുടെ കുട്ടികളൊക്കെ വൈകുന്നേരം ശാസ്‌ത്രീയ സംഗീതം പഠിക്കുന്നുണ്ട്‌. പലരും ബാലപ്രതിഭകളാണ്‌. നന്നായി പാടും.

കോളേജ്‌ വിദ്യാര്‍ഥികള്‍ കൂട്ടമായി സംഗീതം പഠിക്കുന്നത്‌ പാട്ട്‌ ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ്‌. ഒരാള്‍ തമാശയായി പറഞ്ഞതുപോലെ 'പാട്ടാസ്‌പത്രി.' പക്ഷെ, അയാള്‍ ശരിക്കും അമ്പരന്നു പറഞ്ഞതാണ്‌. കാരണം അയാളുടെ നാട്ടില്‍ 'പാട്ടാസ്‌പത്രികള്‍' കൂണ്‍പോലെ മുളച്ചിരിക്കുന്നു.

പാട്ടാസ്‌പത്രി എന്ന്‌ പേര്‍ വരാന്‍ വേറെയും കാരണമുണ്ട്‌. തൊഴില്‍ രഹിതനായ പാട്ടുമാഷ്‌ വലിയ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോള്‍ സ്വയം പരിചയപ്പെടുത്തുക 'മ്യുസിഷന്‍' എന്ന്‌ പറഞ്ഞാണ്‌. ഉദ്യോഗസ്ഥന്‍ ആരാധനയോടെ ചോദിക്കും: "ഏത്‌ ഹോസ്‌പിറ്റലിലാണ്‌. പ്രവൈറ്റ്‌ പ്രാക്ടിസ്‌ ഉണ്ടോ" എന്നൊക്കെ. കാരണം, അയാള്‍ കേട്ടത്‌ 'ഫിസിഷന്‍' എന്നാണ്‌. പാട്ടുകാരന്‍ തിരുത്തുന്നതോടെ ഒരു ദുരന്ത രംഗത്തിലെന്നപോലെ മൂകത നിറയും. ഉദ്യോഗസ്ഥന്‍ പതുക്കെ ഒഴിഞ്ഞുമാറും.

ഒരു പെണ്‍കുട്ടി ചോദിച്ചു, "മാഷെ, മാഷ്‌ക്ക്‌, ബോല്‍ രാധാ ബോലിനെ മറ്റേ പാട്ട്‌ അറിയോ?" കുറച്ചുകൂടി അപ്‌ടുഡേറ്റായിട്ടുള്ളവര്‍ അവളെ സഹതാപത്തോടെ നോക്കി. "കുട്ടീ... ഇത്തരം പാട്ടുകളൊന്നും നിലനില്‍ക്കില്ല." മാഷ്‌ ഉയരത്തില്‍നിന്ന്‌ ശാന്തമായി ഉപദേശിച്ചു. കുട്ടി പെട്ടെന്ന്‌ മറുപടി പറഞ്ഞു: "ഒന്നു പോയാല്‍ മറ്റൊന്നു വരില്ലേ മാഷേ." മാഷ്‌ക്ക്‌ ഉത്തരം മുട്ടി. ഇവര്‍ക്കിടിയില്‍ മാഷ്‌ സുരക്ഷിതനല്ല. കഴിഞ്ഞ ദിവസം പണ്ഡിത സദസ്സില്‍വെച്ച്‌ ഒരു സംസ്‌കൃത പണ്ഡിതന്‍ പറഞ്ഞത്‌ പാട്ട്‌ മാഷ്‌ ഇടക്കാലാശ്വാസമായി ഓര്‍ത്തു. "അറിയുന്നവര്‍ ശാസ്‌ത്രീയ സംഗീതം പാടുമ്പോള്‍ നമ്മുടെ ജീവാത്മാവ്‌ സൂക്ഷ്‌മമാവും." കണ്ണടച്ച്‌ മുകളിലേയ്‌ക്ക്‌ കൈകള്‍ ഉയര്‍ത്തിയാണ്‌ അദ്ദേഹം അങ്ങിനെ പറഞ്ഞത്‌. സൂക്ഷ്‌മമായി സ്വര്‍ഗ്ഗാനുഭൂതിയില്‍ ചേരും എന്ന അര്‍ഥം ആംഗ്യംകൊണ്ട്‌ പൂര്‍ത്തീകരിക്കുന്നതുപോലെ.

വിദ്യാര്‍ഥിനിയും പണ്ഡിതനും രണ്ടു തരം മാതൃകകളാണ്‌. പണ്ഡിതന്‍ സംഗീതാസ്വാദനമൊക്കെ നിര്‍ത്തിവെച്ചിട്ട്‌ വിദ്യാര്‍ഥിനിയുടെ പ്രായത്തേക്കാള്‍ പഴക്കമായി. സ്വന്തം മധ്യകാലവും ശൈശവുമാണ്‌ അയാളുടെ അനുഭവ കാലങ്ങള്‍. ആ ഘട്ടത്തേയാണ്‌ അയാള്‍ സ്വപ്‌നം കാണുന്നത്‌. അരിയക്കുടി, മുസ്‌രി, ചെമ്പൈ, തുടങ്ങിയവരുടെ സുവര്‍ണ്ണകാലം. അതിനുശേഷം ശാസ്‌ത്രീയ സംഗീതം എങ്ങിനെയാണെന്ന്‌ പണ്ഡിതന്‍ ശ്രദ്ധിച്ചിട്ടില്ല. പണ്ഡിതന്‌ ശ്രദ്ധിക്കാതിരിക്കാന്‍ കഴിയാതെപോയത്‌ വിദ്യാര്‍ഥിനിയുടെ പുതിയ പാട്ടുകളേയാണ്‌. പണ്ഡിതനെ ആകെ അങ്കലാപ്പിലാക്കുന്ന അടുത്ത വീട്ടിലെ പാട്ട്‌.

വിദ്യാര്‍ഥിനി സര്‍വ്വകലാശാലാ ഗാനമേളയില്‍നിന്ന്‌ പൊതു ഗാനമേളയിലേയ്‌ക്കും, ഓരോ പുതിയ ഗാനത്തിലൂടെയും പുത്തന്‍ പാട്ടിന്റെ ആരാധികയായി വാഴും. (വിദ്യാര്‍ഥിനിയെ മാതൃകയായി എടുത്തതില്‍ തെറ്റിദ്ധരിക്കേണ്ട. പാട്ടാസ്‌പത്രികളില്‍ ആണുങ്ങള്‍ വളരെ വിരളമായിരിക്കും. സംഗീതകോളേജുകളിലും പെണ്‍കുട്ടികളാണ്‌ ഭൂരിഭാഗവും.) പടിപ്പൊഴിഞ്ഞ സമയത്തെല്ലാം ഇവര്‍ ഹിറ്റ്‌ ഗാനങ്ങളുടെ ആനന്ദ തിമര്‍പ്പിലായിരിക്കും. പണ്ടേതോ ചൈനക്കാരന്‍ "രസകരമായ ഒരു കാലത്ത്‌ ജീവിക്കുമാറാകട്ടെ" എന്ന്‌ ശപിച്ചത്‌ ഇവരെയായിരുന്നോ? പാട്ടുമാഷ്‌ക്ക്‌ സന്ദേഹമില്ലാതില്ല


"പാട്ട്‌ മാഷ്‌, എ ആര്‍ റഹ്മാന്‍ എങ്ങിനെ? ഇളയരാജയെ ബീറ്റു ചെയ്യുന്നില്ലേ?" ഒരു യുവ പ്രതിഭയുടെ ചോദ്യം. കെസറ്റ്‌ ഷോപ്പില്‍വെച്ച്‌ റഹ്മാന്റെ നവസാങ്കേതിക സംഗീതം സൃഷ്ടിച്ച ശ്രവ്യസ്വപ്‌നത്തില്‍ ഭ്രമിച്ച്‌ അത്‌ വാങ്ങി വീട്ടില്‍ ചെന്ന്‌ കേട്ടപ്പോള്‍ തന്റെ ഝല്‍സാഘറിന്റെ സാംസ്‌കാരിക ഭദ്രതയെ അലോസരപ്പെടുത്തുന്നതായി തോന്നി കെസറ്റ്‌ ഒരു സുഹൃത്തിന്‌ സമ്മാനിച്ച കാര്യം പാട്ട്‌ മാഷ്‌ ഓര്‍ത്തു.

അത്യുക്തകള്‍കൊണ്ട്‌ അതിമാനുഷനെ സൃഷ്ടിക്കാന്‍ മാധ്യമങ്ങേള്‍ക്ക്‌ ഒരാഴ്‌ച മതി. പക്ഷെ, ത്യാഗരാജസ്വാമികള്‍ക്ക്‌ ദൈവപദം ലഭിക്കാന്‍ ഒരു പരമ്പരയുടെ അത്രയും ശ്രമംതന്നെ വേണ്ടിവന്നു.

ഒരു പ്രമുഖ ഇംഗ്ലീഷ്‌ മാഗസിനില്‍ ഒരു സംഗീത ലേഖകന്‍ ചെയ്‌ത താരതമ്യമാണ്‌ ഏറ്റവും ഗുരുതരം. ശാസ്‌ത്രീയ സംഗീതത്തിന്റെ ആവര്‍ത്തന വിരസമായ മനോധര്‍മ്മ രീതിയില്‍നിന്ന്‌ സംഗീതത്തെ വിപ്ലവകരമായി മാറ്റുകയാണ്‌ ഇളയരാജ ചെയ്‌തത്‌ എന്ന്‌ എഴുതിവെച്ചത്‌ ക്രൂരമായ വിവരദോഷംതന്നെയാണ്‌. ഗായകന്റെ കഴിവിനൊത്ത്‌ എത്രയും മനോഹരമായ ഈണങ്ങള്‍ കണ്ടുപിടിക്കാനുള്ള സ്വാതന്ത്ര്യവും ഇടവും മനോധര്‍മ്മ രീതിയില്‍ ഉണ്ട്‌. പിന്നെ എങ്ങിനെ ആവര്‍ത്തന വിരസമാകും? ഇതേ പ്രസിദ്ധീകരണത്തില്‍ മറ്റൊരു ലേഖകന്‍ പറയുന്നത്‌ ഇളയരാജയുടെ ഒരു പാട്ടില്‍ കേദാര രാഗത്തിന്റെ അപൂര്‍വ്വമായ ആലാപാവതരണം കേട്ട്‌ എം ഡി രാമനാഥന്റെ കണ്ണുകളില്‍ ആനന്ദാശ്രുക്കള്‍ നിറഞ്ഞുവെന്നാണ്‌. എം ഡി യുടെ സംഗീതത്തിന്റെ ആഴമറിഞ്ഞവര്‍ക്ക്‌ ഇതിലെ അത്യുക്തി തിരിച്ചറിയാന്‍ വിഷമം കാണില്ല.

ഇളയരാജയെ വിമര്‍ശിക്കുകയല്ല. മാധ്യമങ്ങള്‍ ഒരു പ്രവണതയെ പ്രതിഫലിപ്പിക്കുകയാണെന്ന ഭാവത്തില്‍ പ്രവണതാനിര്‍ണ്ണയത്തിന്റെതന്നെ ഭാഗമായിത്തീരുന്നു എന്ന്‌ കാണിക്കുകയാണ്‌.

എന്നാലും കുട്ടികള്‍ക്ക്‌ ശാസ്‌ത്രീയ സംഗീതത്തോട്‌ എന്തോ ഭയഭക്തിയുണ്ട്‌. മതാനുഷ്‌ഠാനങ്ങളുടെ നിഗൂഢതയുണ്ടാക്കുന്ന ഏകാഗ്രത, പാടുമ്പോള്‍ അവരുടെ മുഖത്തെ ദീപ്‌തമാക്കുന്നത്‌ പാട്ട്‌ മാഷ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശങ്കരാഭരണം സിനിമയിലെ ശങ്കരശാസ്‌ത്രകളിലൂടെ പ്രകടമായ, ലോകത്തിലെ സമസ്‌ത സംഗീതങ്ങളേയും നിഷ്‌പ്രഭമാക്കുന്ന, ഇന്ത്യന്‍ ശാസ്‌ത്രീയ സംഗീതത്തിന്റെ ആദികാരികത്വം ഉളവാക്കുന്ന അതേ ഭയഭക്തി.

വെള്ളിത്തിരയിലെ ശാസ്‌ത്രീയ സംഗീത ചരിത്രത്തില്‍ പ്രവാചകന്‍ ശങ്കരശാസ്‌ത്രികളാണ്‌. ഇന്നത്തെ അതിമാനുഷരും അദ്ദേഹത്തെ നമിക്കുന്നു. ശാസ്‌ത്രീയ സംഗീതത്തിന്റെ ഭൂതകാലവത്‌കരണത്തിലൂടെ ഈ രണ്ടുതരം മൂര്‍ത്തികള്‍ക്കും ഒരേ സമയം നിലനില്‍ക്കാം. സിനിമാപാട്ടുകളിലേയ്‌ക്ക്‌ കൊട്ടിയടച്ച്‌ ജീവിക്കുന്നതിനിടയിലെ സന്ധ്യാവന്ദന മുഹൂര്‍ത്തങ്ങളില്‍ ഒരിറ്റു ഭൂതകാല സ്‌മരണ - ശാസ്‌ത്രീയ സംഗീതം.

(മാതൃഭൂമി വാരാന്തപ്പതിപ്പ്‌, 1994, ജനവരി 30.)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വേര്‍തിരിവും തത്ഫലമായി ദൃഢീകരിക്കപ്പെടും.  സങ്കീര്‍ണ്ണത എന്ന ഒറ്റ മാനദണ്ഡം വെച്ച

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരുന്നതോടെ രാഗങ്ങളുടെ ഘടനയും സ്വഭാവവും നിശ്ചിതരൂപത്തില്‍ സ്ഥാപിക്കപ്പെടും.  ആ

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവ