ക്വാണ്ടം ലോകത്ത് സമയം മുന്നോട്ടായിരിക്കണമെന്നില്ല. ഭാവി കാരണവും വര്‍ത്തമാനം ഫലവുമാകാം, അഥവാ ഭാവി, വര്‍ത്തമാനത്തെ സ്വധീനിക്കാം. ഇത് ക്വാണ്ടം ലോകത്തു മാത്രമല്ല, നമ്മുടെ അനുഭവ ലോകത്തും സാധ്യമാണ്. ഇന്ന് വെറുപ്പും എതിര്‍പ്പും പരസ്പര സ്പര്‍ദ്ധയും നയിക്കുന്ന ലോകമാണ്. ഇക്കണക്കില്‍ പോകുകയാണെങ്കില്‍, ലോകത്തിന്റെ ഭാവി ഊഹിക്കാവുന്നതാണ്. ഇപ്പോഴുള്ള ലോകത്തിന്റെ പോക്ക് ഇരുട്ടിലേയ്ക്കാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, ആ തിരിച്ചറിവ് വര്‍ത്തമാനത്തെ മാറ്റാന്‍ കാരണമാകും. കരുണ നിറഞ്ഞ സംബന്ധനത്താല്‍ മനുഷ്യരും സര്‍വ്വചരാചരങ്ങളും സന്തുഷ്ടരും സംതൃപ്തരുമായി സുസ്ഥിതി കൈവരിക്കും എന്ന് തിരിച്ചറിയാനായാല്‍, ആ ഭാവി ഈ വര്‍ത്തനമാനത്തെ സമൂലം മാറ്റും. ക്വാണ്ടം ലോകത്ത് മാത്രമല്ല, സാധാരണ ലോകവും കാര്യകാരണ ബന്ധത്തില്‍ ക്വാണ്ടം സാധ്യത പുലര്‍ത്തുന്നുണ്ട്.
പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല. മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം. ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരി...