Skip to main content

അടുപ്പം

 സംഭാഷണത്തിനിടയില്‍ ഒരു ഖയാല്‍ പാടിത്തുടങ്ങിയപ്പോള്‍, സലാം പറഞ്ഞു, 'ഭൈരവ്.' ഇത്ര പെട്ടെന്ന് ഭൈരവ് രാഗത്തെ തിരിച്ചറിയാന്‍ കഴിയുന്നത് സംഗീതം അറിയുന്നതുകൊണ്ടാണ്. പണ്ട് കണ്ണൂരില്‍ വെച്ച് കിഷോരി അമോന്‍കറെക്കുറിച്ചും അന്നപൂര്‍ണ്ണാദേവിയെക്കുറിച്ചുമൊക്കെ നേരിട്ടറിയുന്നതുപോലെ പറയാറുണ്ടായിരുന്നു. സംഭാഷണത്തിന്, ഉള്ളില്‍നിന്ന് തടസ്സമില്ലാതിരിക്കുമ്പോള്‍: ബാറിലിരിക്കുമ്പോള്‍. നല്ല ആസ്വാദകന്‍ ആണെന്നേ കരുതിയിരുന്നുള്ളു. ഭൈരവ് രാഗത്തെ ക്ഷണത്തില്‍ തിരിച്ചറിഞ്ഞപ്പോഴാണ് സംഗീതം അറിയാമെന്ന് മനസ്സിലായത്. പണ്ട് രുദ്രവീണ പഠിച്ചിരുന്നു എന്ന് പ്രതാപന്റെ കുറിപ്പിലുണ്ട്.


മിംസില്‍ വന്നപ്പോള്‍ കൂട്ടിന് ചെന്നതിന് ശേഷമാണ് അടുത്തത്. ചികിത്സ കഴിഞ്ഞ് ഒരു ചായയും സിഗരറ്റും വേണം. 'ശിവസേനയുടെ ചായയായാലോ.' 'ആവാം.' തട്ടുകടയുടെ മുന്നില്‍ ചായ കുടിച്ച് ആകാശം മൂടി നില്‍ക്കുന്ന മരച്ചില്ലകളിലേയ്ക്ക് പുകയുതി ചെറുതായി ചിരിച്ചുകൊണ്ട് 'ശിവസേനയുടെ ചായ നന്നായി.' സലാമിന്റെ ചിരികൂടി ഏറ്റെടുത്ത് ചിരിച്ചപ്പോള്‍ സലാം ആദ്യമായി അടുപ്പത്തോടെ നോക്കി. അടുത്ത ചികിത്സയ്ക്ക് സുനീതയും വന്നു. വീട്ടില്‍ താമസിച്ചു. തിരുവണ്ണൂര്‍ മുഴുവന്‍ നടന്നു കണ്ടു. സുനീത പറഞ്ഞു, 'പുഴയും കുളങ്ങളും, ഇത്രമാത്രം ജലസമ്പത്ത്. ആശ്ചര്യം.' ആ നടപ്പ് അവസാനിച്ചത് ആലിന്‍ചുവട്ടിലാണ്. കുറച്ചു നേരം എല്ലാവരും ആല്‍ മരത്തിന്റെ കൂറ്റന്‍ മരക്കുടക്കീഴില്‍ നിന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അത് കാലത്തിന് മായ്ക്കാനാവാത്ത നിശ്ചലദൃശ്യംപോലെ.

അടുത്ത ദിവസം പിരിയുന്നതിനിടയ്ക്ക് പറഞ്ഞു, 'നമുക്ക് ഒരു മാസം മുഴുവന്‍ മലപ്പുറത്ത് യാത്ര ചെയ്യണം.' മലപ്പുറത്തെ ജനജീവിതവും സൗഹൃദത്തിന്റെ ഊഷ്മളതയും ഒരുമിച്ച് ഖനനം ചെയ്യാനാണെന്ന് സ്പഷ്ടം. 'വണ്ടിയുമായി ഞാന്‍ റെഡി.' മറന്നില്ല, പക്ഷെ, നടന്നില്ല.

ഒരിക്കല്‍ കൂടി സലാം വന്നു. മിംസിലെ ചികിത്സ കഴിഞ്ഞ്, വീട്ടിലെത്തി. ടിഎം കൃഷ്ണയുടെ പുസ്തകം കൊണ്ടുപോയിരുന്നു. പുസ്തകാഭിപ്രായം, കുലുങ്ങിച്ചിരിച്ചതിനിടയില്‍ ഗോലികളെപ്പോലെ ശബ്ദമുണ്ടാക്കി ഉരുണ്ടുപോയി. 'തിരിച്ചുതരേണ്ടതില്ലായിരുന്നു.' 'കൃഷ്ണ ഒപ്പിട്ടുതന്ന പുസ്തകമല്ലേ?' 'ഹഹഹഹഹ...' രണ്ടു പേരുടെയും ചിരി ഞാന്‍ ഒറ്റയ്ക്ക് ചിരിച്ചു. സലാം ആഴത്തില്‍ ചിരിച്ചു. പുറത്തേയ്ക്ക് ആ ചിരിയുടെ ചെറിയ ഓളങ്ങള്‍ മാത്രം ചിതറി. ഗോവിന്ദരാജുമുണ്ടായിരുന്നു. രാത്രി നീണ്ട് അവസാനിക്കാതെ സൂര്യനുദിച്ചു. അവര്‍ ഒരുമിച്ച് മടങ്ങി. സലാമിനെ പിന്നെ കണ്ടില്ല. വിളികളും മെസേജുകളും തുടര്‍ന്നു. ഡെഹ്‌റാഡൂണിലേക്ക് നീണ്ട താമസത്തിന് ക്ഷണിച്ചു. പോകാനായില്ല. സലാമിന് അസുഖമാണെന്ന് ഗോവിന്ദരാജ് പറഞ്ഞറിഞ്ഞു. ഒടുക്കം, ഇന്നലെ, പോയെന്നും.

പരിചയത്തിന്റെ ആദ്യ കാലത്ത് എപ്പോഴും ആലോചിച്ചിരിക്കുന്നതുപോലെയാണ് കണ്ടിട്ടുള്ളത്. സലാമിനെയും സലാമിന്റെ അടുപ്പക്കാരായ ഒരുപാട് സുഹൃത്തുക്കളെയും ഒരുമിച്ചാണ് ഗോവിന്ദരാജ് സമ്മാനിച്ചത്. ഗോവിന്ദരാജും നരേന്ദ്രനും -- അക്കാലത്ത് അവര്‍ രണ്ടു പേരായിരുന്നില്ല; ഒരുവര്‍ -- ആരാണ്, എന്താണ് എന്ന് പറയാനാവില്ല. അത്രയേറെ അടുത്താല്‍ കാഴ്ചയില്ല. സൗഹൃദം മൂര്‍ച്ചിച്ചാല്‍ അന്ധതയല്ല; കാഴ്ച ആവശ്യമില്ലാതാകും. അവര്‍ സലാമിനെ ആദരിക്കുന്നു. കൂടെ എന്റെ പങ്കും സമര്‍പ്പിക്കുന്നു.

മുകുന്ദനുണ്ണി

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...