Skip to main content

എന്താണ് തത്വചിന്ത?



ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ്പോള്‍ ആ ചോദ്യത്തിനുള്ള ഉത്തരം ഇത്രമേല്‍ ലളിതവും സുസാധ്യവുമല്ല.

തത്വചിന്ത എന്നാല്‍ തത്വചിന്തയുടെ ചരിത്രമാണോ?  ആശയങ്ങളുടെ ചരിത്രമാണോ?  ആണെന്ന ഒരു നിലപാടുണ്ട്.  തത്വചിന്തകരേയും അവരുടെ ആശയങ്ങളേയും അവതരിപ്പിക്കുന്ന തത്വചിന്തയുടെ ചരിത്രം വിളമ്പുന്നത് മാറ്റി വെച്ച് ഇതേ ചോദ്യം തത്വചിന്താപരമായി ചോദിക്കുകയാണെങ്കില്‍ അതിന്റെ ഉത്തരം ആശയങ്ങളുടെ ചരിത്രം മാത്രമായിരിക്കില്ല.  കാരണം  എന്താണ് തത്വചിന്ത എന്ന ചോദ്യംതന്നെ തത്വചിന്താപരമാണ്.  ആ ചോദ്യം തത്വചിന്തയുടെ അകത്തുള്ള ചോദ്യമാണ്.  തത്വചിന്ത സ്വയം അഭിമുഖമായി നിന്ന് ചോദിക്കുകയാണ്.  ചോദ്യത്തില്‍ തത്വചിന്തയുടെ ദ്വന്ദ്വാത്മക (ഡയലക്ടിക്കല്‍) സ്വഭാവമാണ് പ്രകടമാകുന്നത്.  സമാനമായ ചോദ്യം മറ്റൊരു മേഖലയില്‍ ചോദിച്ചാല്‍ ഈ വ്യത്യാസം പ്രകടമാകും.  എന്താണ് സംഗീതം എന്ന് ചോദിച്ചാലറിയാം.  സങ്കോചത്തിനിടയില്ലാത്ത വിധം വിശദമായ ഉത്തരം ലഭിക്കും. എന്തെന്നാല്‍, എന്താണ് സംഗീതം എന്ന ചോദ്യം സംഗീതം സ്വയം ചോദിക്കുന്ന ചോദ്യമല്ല.  പുറത്തുനിന്നുള്ള ചോദ്യമാണ്.  നേരെ മറിച്ച് എന്താണ് തത്വചിന്ത എന്ന ചോദ്യം തത്വചിന്ത അതിനോടുതന്നെ ചോദിക്കുന്ന ചോദ്യമാണ്.  അതായത്, ആ ചോദ്യം പ്രതിഫലനാത്മകമാണ്.  അതുകൊണ്ടാണ് സോക്രട്ടീസ് മുതല്‍ ജില്‍ ദെല്ലൂസ് (എന്താണ് തത്വചിന്ത, വാട് ഈസ് ഫിലോസഫി, എന്നു പേരുള്ള പുസ്തകം എഴുതിയിട്ടുണ്ട്) വരെ ഈ ചോദ്യം ചോദിച്ചുകൊണ്ടിരുന്നത്. 

എന്താണ് തത്വചിന്ത എന്ന് ചോദിക്കുകയും അതിന് ഉത്തരം നല്കിക്കൊണ്ട് തുടങ്ങുകയുമല്ല, ഒരു പക്ഷെ, തത്വചിന്ത ചെയ്യല്‍.  ആദ്യ ഖണ്ഡികയില്‍ പറഞ്ഞതുപോലെ തത്വചിന്ത പലപ്പോഴും അറിവു നല്‍കുന്നുണ്ട്.  പക്ഷെ അറിവിനെയല്ല അത് ഉന്നം വെയ്ക്കുന്നത്.  ഉദാഹരണത്തിന് നാഗാര്‍ജുന ചെയ്യുന്നത് അറിവില്ലാതാക്കുകയാണ്.  പ്രമാണത്തിന് അടിസ്ഥാനമില്ല എന്ന് സ്ഥാപിക്കുകയാണ്.  ഒരു നിലപാടും പകരം വെയ്ക്കുന്നുമില്ല.  ഒരു മാര്‍ഗ്ഗവും നിര്‍ദ്ദേശിക്കുന്നുമില്ല.  എങ്കിലും അത് മഹത്തായ തത്വചിന്തയാണ്.  സ്വപക്ഷം സ്ഥാപിക്കാതെ പരപക്ഷം ഖണ്ഡിക്കലാണ് വിതണ്ഡാവാദം.  യുക്തിയുക്തം തര്‍ക്കിച്ച്, സ്ഥാപിതമായ പ്രമാണത്തെ, അസാധുവാക്കല്‍.  ഇത് വാദത്തിലെ സംവാദപ്രകൃതത്തിന്റെ ഏറ്റവും സ്വതന്ത്രമായ ഒരു സാധ്യതയാണ്.  ന്യായത്തിന്റെ സാധ്യതകളെ താത്വികമായി ഉപയോഗിക്കുകയാണ് നാഗാര്‍ജ്ജുനയുടെ വിതണ്ഡാവാദത്തില്‍.  തത്വിചിന്തയുടെ ഉന്നം അറിവുണ്ടാക്കലല്ല എന്ന് വിറ്റ്‌ഗെന്‍സ്‌റ്റൈനിന്റെ ചിന്തകളിലും കാണാം.  വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ വ്യക്തതയേയും കൃത്യതയേയും മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോഴും അറിവല്ല ഉന്നം. നിഗമനത്തെ നീട്ടിവെച്ചുള്ള നോട്ടമാണ്.   

എന്താണ് തത്വചിന്ത എന്ന ചോദ്യത്തിന് ഒരു പക്ഷെ ഒരു അവസാന ഉത്തരം നല്‍കാന്‍ കഴിയണമെന്നില്ല.  കാരണം ഓരോ തത്വചിന്തകരും എഴുതിത്തുടങ്ങുക പുതിയ തത്വചിന്തയായാണ്.  പ്ലാറ്റോ തുടങ്ങിയതല്ല അരിസ്‌റ്റോട്ട്ള്‍ തുടങ്ങിയത്.  ഓരോരുത്തരുടേയും തത്വചിന്ത തുടര്‍ച്ചയില്ലായ്മയുടെ നിരയാണ്.  തുടര്‍ച്ചയുള്ളത് തത്വചിന്ത എന്ന പ്രശ്‌നത്തിനു മാത്രമാണ്.    

ഇരുപതാം നൂറ്റാണ്ടില്‍ മറ്റൊരു തരത്തിലുള്ള തത്വചിന്താസരണി രൂപപ്പെട്ടിരുന്നു.  അനലിറ്റിക്ക് തത്വചിന്ത.  രണ്ടു വിശ്വാസങ്ങളാണ് അനലിറ്റിക് തത്വചിന്തയെ ഇതര തത്വചിന്താപ്രസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്.  ഒന്ന്, ചിന്തയുടെ താത്വികാഖ്യാനം ഭാഷയുടെ താത്വികാഖ്യാനത്തിലൂടെ സാധ്യമാകും എന്ന വിശ്വാസമാണ്. രണ്ടാമത്തേത്, സമഗ്രമായ താത്വികാഖ്യാനം അപ്രകാരം മാത്രമേ സാക്ഷാത്കരിക്കാനാവു എന്ന വിശ്വാസം.  അനലിറ്റിക്ക് തത്വചിന്തയല്ലാത്ത തത്വചിന്താപ്രസ്ഥാനത്തെ കോണ്ടിനന്റല്‍ തത്വചിന്ത എന്നാണ് വിളിക്കപ്പെടുന്നത്.  അനലിറ്റിക്ക് തത്വചിന്ത യുക്തിയേയും നിര്‍വ്വചനങ്ങളേയും ചട്ടങ്ങളേയും ആധാരമാക്കിയുള്ള ഒരു തരം ശാസ്ത്രീയമായ ചിന്താരീതിയാണ്.  അലെന്‍ ബജ്യു പറയുന്നത് ഈ തത്വചിന്താരീതി അതിന്റെ പൂര്‍ണ്ണതയിലെത്തിയാല്‍ പിന്നെ തത്വചിന്തകരുടെ ആവശ്യമുണ്ടാകില്ല എന്നാണ്.  പരീക്ഷണശാലയില്‍ ശാസ്ത്രം ചെയ്യുന്നതുപോലെ കൂട്ടമായി ചെയ്യാനാവുമ്പോള്‍ പിന്നെ തത്വചിന്തകരുടെ ആവശ്യമില്ലല്ലോ!  നിശ്ചിതമായ നിയമങ്ങളും രീതിശാസ്ത്രങ്ങളും യുക്തിചിന്താസാമഗ്രികളുമുണ്ടെങ്കില്‍, അവയെ ഉപയോഗിച്ച് ആര്‍ക്കും ചെയ്യാവുന്ന തത്വചിന്തയായി പരിണമിക്കും അത്.  അനലിറ്റിക് തത്വചിന്തയില്‍ എന്താണ് തത്വചിന്ത എന്ന ചോദ്യം പ്രതിഫലനാത്മകമല്ല.  മാത്രമല്ല, ഉത്തരം അറിവായി ലഭിക്കും.  അറിവുകളുടെ പടവുകള്‍ കയറി കൃത്യതയുടെ വ്യക്തതയിലേയ്ക്ക് പോകാന്‍ ശ്രമിക്കാം.  

പ്രതിഭാസവിജ്ഞാനത്തില്‍ (ഫിനോമിനോളജി) തത്വചിന്ത ചെയ്യുന്ന ഫ്രഞ്ചുകാരും അനലിറ്റിക് വിഭാഗത്തില്‍ പെടുന്ന ബ്രിട്ടീഷുകാരും 1950 കളില്‍ അര്‍ത്ഥവത്തായി പരസ്പരം സംവദിച്ച് അവരെ തമ്മില്‍ പിരിക്കുന്ന വിടവ് നികത്താന്‍ സമ്മേളനങ്ങള്‍ നടത്തുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അനലിറ്റിക് തത്വചിന്തയെ കുറിച്ച് നിസാര്‍ അഹമ്മദ് പറയാറുള്ള ഒരു നര്‍മ്മനിരീക്ഷണമുണ്ട്: കത്തിയും മുള്ളും എങ്ങനെ പിടിക്കണം, എങ്ങനെ ഉപയോഗിച്ചാലാണ് ഏറ്റവും ശാസ്ത്രീയമായ ഭക്ഷണം കഴിക്കലാകുക, തീന്‍മേശാമര്യാദകളുടെ പാരമ്പര്യവും രീതികളും കാര്യക്ഷമതയും എത്രമാത്രം യുക്തിഭദ്രമാണ്, എന്നിങ്ങനെ ഭക്ഷണം കഴിക്കലിനെ കുറിച്ച് ഗാഢമായി ചര്‍ച്ചചെയ്യുകയും ഒടുവില്‍ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുന്നതുപോലെയത്രെ അതിന്റെ സംപ്രദായം.   

ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയില്‍ യൂറോപ്പില്‍ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത് പ്രതിഭാസവിജഞാനീയത്തിനായിരുന്നു.  ഹെഡ്മണ്ട് ഹസേള്‍, മാര്‍ട്ടിന്‍ ഹൈഡഗ്ഗര്‍, ഷോന്‍ പോള്‍ സാര്‍ത്ര്, മോറിസ് മെര്‍ലോ പോണ്ടി എന്നിവരായിരുന്നു അറിയപ്പെടുന്ന തത്വചിന്തകര്‍.  വിഷയിത്വം/കര്‍ത്തൃത്വം (സബ്ജക്ടിവിറ്റി), ബോധം എന്നിവയായിരുന്നു മുഖ്യ ചിന്താവിഷയങ്ങള്‍.  അറുപതുകളിലും എഴുപതുകളിലും ഈ പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് ഘടനാവാദം ഉണ്ടായി.  ഘടനാവാദമനുസരിച്ച് ഒരു പ്രത്യേക മേഖല പരസ്പരബന്ധിതമായ വിഭാഗങ്ങളാല്‍ രൂപം നല്‍കപ്പെടുന്ന സങ്കീര്‍ണ്ണ വ്യവസ്ഥയാണ്.  വിഷയി, ബോധം, എന്നിവയെ കുറിച്ചുള്ള വീണ്ടുവിചാരമായിരുന്നു അതില്‍.  മനുഷ്യന്‍ എന്ന സങ്കല്‍പ്പത്തെക്കുറിച്ച് അതുവരെയുണ്ടായിരുന്ന ധാരണകളെ ചോദ്യം ചെയ്യുന്നതായിരുന്നു ഫൂക്കോയുടെ വിമര്‍ശനം.  'ഓര്‍ഡര്‍ ഓഫ് തിങ്‌സ്' (വസ്തുക്കളുടെ ക്രമം) എന്ന പുസ്തകത്തില്‍ ഫൂക്കോ പറഞ്ഞു മനുഷ്യന്‍ എന്നത് ഒരു ജ്ഞാനവിജ്ഞാനപരമായ (എപിസ്റ്റമളോജിക്കല്‍) സങ്കല്‍പ്പം ആണെന്ന്.  ക്ലാസിക്കല്‍ കാലഘട്ടത്തില്‍ മനുഷ്യന്‍ ഇല്ലായിരുന്നു.  ആ കലത്ത് മനുഷ്യന്‍ എന്ന സങ്കല്‍പ്പം ഇല്ലാതിരുന്നതുകൊണ്ട്.  അപ്രകാരമാണ് ഫൂക്കോ മനുഷ്യപ്രകൃതത്തെ കുറിക്കുന്ന സിദ്ധാന്തങ്ങളെ വിമര്‍ശനാത്മകമായി നേരിട്ടത്. 
 
വ്യവസ്ഥയ്ക്കകത്ത് വ്യക്തികള്‍ വിഷയികളായി സൃഷ്ടിയ്ക്കപ്പെടുകയാണ് എന്ന്  ആള്‍ത്യൂസര്‍ പറഞ്ഞു.  എല്ലാ പ്രയോഗങ്ങളും പ്രത്യയശാസ്ത്രത്താലും പ്രത്യയശാസ്ത്രത്തിലും ആണ്.  വിഷയികളാലും വിഷയികള്‍ക്കുവേണ്ടിയുമല്ലാതെ പ്രത്യയശാസ്ത്രം വേറെ ഇല്ല. മൂര്‍ത്തമായ വ്യക്തികളെ പ്രത്യയശാസ്ത്രം വിഷയികളാക്കുകയാണ്. വ്യവസ്ഥ നിങ്ങളെ പോലീസുകാരന്‍ വിളിക്കുന്നതുപോലെ വിളിക്കുമ്പോള്‍ നിങ്ങള്‍ തരിഞ്ഞുനിന്ന് വിളികേള്‍ക്കുന്നു.  അതോടെ വ്യക്തിയായ നിങ്ങള്‍ വിഷയിയായി.  സമൂഹം പ്രവര്‍ത്തിക്കുന്നത് പ്രത്യയശാസ്ത്രത്തിലൂടെ വിഷയികളെ സൃഷ്ടിച്ചും പോലീസ്-പട്ടാളങ്ങളിലൂടെ അടിച്ചമര്‍ത്തിയുമാണെന്ന് ആള്‍ത്യൂസര്‍ പറഞ്ഞു.  ഘടനാവാദം പ്രതിഭാസവിജ്ഞാനീയത്തിനുള്ള വിമര്‍ശനമാണ്.  അടുത്തത് ഉത്തരാധുനികതയുടെ വരവാണ്. അതേസമയം ഘടനാവാദം അപനിര്‍മ്മാണത്തേയും വിളിച്ചുവരുത്തി.  ഒരു മേഖലയെ അതിന്റെ ഘടനകൊണ്ട് മനസ്സിലാക്കാം എന്ന അവകാശവാദത്തില്‍ നിര്‍മ്മാണവാദം അന്തര്‍ഭൂതമായതുകൊണ്ട്.  നിര്‍മ്മാണവാദം അപനിര്‍മ്മാണത്തെ യാചിക്കുന്നുണ്ട്. ഒരു പക്ഷെ, അപനിര്‍മ്മാണം അപനിര്‍മ്മാണത്തിന്റെ അപനിര്‍മ്മാണത്തേയും.   

ഉത്തരാധുനികവാദത്തെ കടന്നുപോകുന്നത് ഉത്തര-ഉത്തരാധുനികവാദം.  ഇതില്‍ കാണുക ക്ലാസിക്കല്‍ തത്വചിന്തയിലേയ്ക്കുള്ള പുനഃസന്ദര്‍ശനങ്ങളും വീണ്ടെടുപ്പുമാണ്.  മടങ്ങിപ്പോക്കല്ല.  സത്വം, കര്‍ത്തൃത്വം, സത്യം എന്നീ അതിഭൗതിക സങ്കല്‍പ്പങ്ങളെ അതിഭൗതികതയുടെ കുരുക്കുകളില്‍ തൊടാതെ പുതിയ വെളിച്ചത്തില്‍ വീണ്ടും കണ്ടെത്തുന്നതു കാണാം.  ദെല്ലൂസും ബജ്യുവും ഇക്കൂട്ടത്തില്‍പെടുന്നു.   ഈ ക്രമാനുഗതികത്വത്തിന്റെ കള്ളികളില്‍ പെടാതെ കാള്‍ മാര്‍ക്‌സും സിഗ്മണ്ട് ഫ്രോയ്ഡും അഥവാ മാര്‍ക്‌സിസവും മനോവിശ്ലേഷണവും തുടക്കം മുതല്‍ ഴ്ഷാക്ക് ദെറീദ വരെ സ്വതന്ത്രമായി ഇവയോടെല്ലാം സംവദിച്ചുകൊണ്ടിരുന്നു.  ഇപ്പോള്‍ ഉത്തര-ഉത്തരാധുനികതയില്‍ മാര്‍ക്‌സും ഫ്രോയ്ഡുമൊക്കെ സമകാലികരായിരിക്കുകയാണ്. 

ഇമ്മാന്വല്‍ കാന്റ് പണ്ടു പറഞ്ഞതുപോലെ തത്വചിന്ത ഒരു യുദ്ധഭൂമിയാണ്.  വിവിധ ഘട്ടത്തിലുള്ളതും വ്യത്യസ്ത പ്രായങ്ങളുള്ളതും വിവിധ ചേരികളിലുള്ളതുമായ നിരവധി തത്വചിന്താപ്രസ്ഥാനങ്ങള്‍ തമ്മിലുള്ള യുദ്ധം.  ചിലത് ജയിക്കും. ചിലത് തോല്‍ക്കും.  മരിക്കും.  പക്ഷെ അപ്രത്യക്ഷമായ, മരിച്ച, ചിന്തകളും ആശയങ്ങളും വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കും.

അനലിറ്റിക് തത്വചിന്തയെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബാധകമല്ല എന്നാണ് ബജ്യൂ പറയുന്നത്.  പ്ലാറ്റോയും സോക്രട്ടീസുമൊക്കെ വളരെ പഴയതാണ്.  ഗണിതത്തില്‍ യൂക്ലീഡ് എന്നപോലെ.  യൂക്ലിഡ് ഗംഭീരനായിരുന്നു, പക്ഷെ ഇപ്പോള്‍ വലിയ പ്രയോജനമൊന്നുമില്ല എന്നതുപോലെ.  കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രബന്ധങ്ങളാണ് പ്രധാനം.  കഴിഞ്ഞ പത്തു വര്‍ഷമാണ് അനലിറ്റിക് തത്വചിന്തയെ സംബന്ധിച്ചിടത്തോളം 'ഇന്ന്'. 

ബജ്യുവിന്റെ നോട്ടത്തില്‍ ഭാവിയാണ് തത്വചിന്തയെ സംബന്ധിച്ചിടത്തോളം പ്രധാനം.  വര്‍ത്തമാനം ആ ഭാവിയുടെ സാധ്യതയാണ്.  ഭാവിയില്‍ നിര്‍മ്മിക്കപ്പെടുന്ന തത്വിചിന്തയുടെ സാധ്യതയാണ് വര്‍ത്തമാനത്തില്‍ ഉള്ളത്.  പഴയത് ചരിത്രമായതല്ല.  പ്ലാറ്റോയും  അരിസ്‌റ്റോട്ട്‌ളുമൊക്കെ പുതിയതായി വ്യാഖ്യാനിക്കപ്പെടുകയാണ്.  ഭൂതം ഒരു ആകെത്തുകയായി ഇന്നില്‍ ഉണ്ട്.  ഭൂതകാലത്തെ ഭാവിയിലേയ്ക്ക് സംപ്രേഷണം ചെയ്യുകയാണ്.  ആ സംപ്രേഷണത്തിന്റെ സാധ്യതയാണ് ഇന്ന്.  ഭാവിയില്‍ പ്ലാറ്റോ ഉണ്ട്.  പ്ലാറ്റോ അടഞ്ഞ, കഴിഞ്ഞ, ലോകമല്ല.  പുതിയ ലോകമാണ്.  പുതുതായി വ്യാഖ്യാനിക്കപ്പെട്ട ലോകമാണ്.  പ്ലാറ്റോയും അരിസ്‌റ്റോട്ട്‌ളും കാന്റുമൊക്കെ സമകാലികരാണ്.  ഭൂതത്തെപോലെ ബൃഹത്താണ് ഭാവിയും. 

ബജ്യു പറഞ്ഞതുപോലെ പഴയത് അടഞ്ഞ ലോകമാകണമെന്നില്ല.  അരിസ്‌റ്റോട്ട്‌ളിയന്‍ ലോജിക്കിന്റെ വിദഗ്ധര്‍ ഇന്ത്യന്‍ ന്യായത്തെ നോക്കിയപ്പോള്‍ അവര്‍ക്കുതോന്നി ന്യായം അരിസ്‌റ്റോട്ട്‌ളിയന്‍ ലോജിക്കായി രൂപപ്പെടുമായിരുന്നേനെ എന്ന്.  അരിസ്‌റ്റോട്ട്‌ളിയന്‍ ലോജിക്കിനെ കുറിച്ചറിയാത്ത ഇന്ത്യന്‍ ക്ലാസിക്കല്‍ വ്യാഖ്യാതാക്കള്‍ ക്ലാസിക്കല്‍ കാലാവസ്ഥയെ മറികടന്നില്ല.  ക്ലാസിക്കലും അരിസ്‌റ്റോട്ട്‌ളിയനുമല്ലാത്ത തത്വശാസ്ത്ര സമീപനത്തിന്, ഒരു പക്ഷെ, ഇന്ത്യന്‍ ന്യായത്തെ ഭാവിയിലേയ്ക്ക് സംപ്രേഷണം ചെയ്യുന്നതിലൂടെ സമകാലികമാക്കാന്‍ കഴിയും.  ഭൂതം അടഞ്ഞതല്ല.  ഭാവിയുടെ വെളിച്ചത്തില്‍ തുറക്കാനാകും.     

(മുകുന്ദനുണ്ണി, എന്താണ് തത്വചിന്ത?, കേരളീയം, ലക്കം 10, പുസ്തകം 19, 2018 ഒക്ടോബര്‍, പേജ് 58 - 59)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...