തയ്യാറെടുത്തു നില്‍ക്കുന്നവരെ ഉള്‍ക്കാഴ്ച അനുകൂലിക്കും എന്ന അര്‍ത്ഥം ധ്വനിക്കുന്ന ഒരു പഴഞ്ചൊല്ലുണ്ട്. സര്‍ഗ്ഗാത്മകതയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പക്ഷെ ഇതായിരിക്കാം. ഹിന്ദുസ്ഥാനി സംഗീതത്തില്‍ ഒരു നല്ല പാട്ടുകാരന്റെ ഗുണമായി പറയാറുള്ളതാണ് 'തയ്യാരി.' എന്തൊരു തയ്യാരി എന്ന് ഭീംസെന്‍ ജോഷിയുടെ പാട്ടിനെക്കുറിച്ച് ആശ്ചര്യപ്പെട്ട് പറയാറുണ്ട്. തയ്യാരി ഗുണമായുള്ളവര്‍ക്ക്, പാടാന്‍ തുടങ്ങിയാല്‍ പിന്നെ വരുന്ന, ഈണ ആശയങ്ങള്‍ക്ക് കയ്യും കണക്കുമുണ്ടാകില്ല.
നസ്രത്തിലെ യുവാവിന് എന്ത് ചെയ്യണമെന്ന് ആദ്യമേ അറിയില്ല, ഓരോ സന്ദര്‍ഭത്തിലും ഏറ്റവും ഉചിതമേതെന്ന് ഉള്‍ക്കാഴ്ചയുണ്ടാവും. അത് ചെയ്യും. സാഹസികമായി.
സമുരായിയുടെ അടയാളം ഓര്‍ക്കാപ്പുറങ്ങളില്ലായ്മയാണ്. കുറസോവയുടെ സെവന്‍ സമുരായിയില്‍ ഈ കഴിവ് പരിശോധിക്കുന്ന പരീക്ഷയുണ്ട്. ഓര്‍ക്കാപ്പുറങ്ങളില്ലായ്മയും തയ്യാരിയും ഏറെക്കുറെ സമാനമാണ്.
ഉള്‍ക്കാഴ്ച അതിവേഗത്തിലുള്ള സംജ്ഞാനമാണ് എന്ന് അന്തോണിയോ ദമാസിയോ നിര്‍വ്വചിക്കുന്നുണ്ട്. എളുപ്പം സമ്മതിച്ചുകൊടുക്കാന്‍ തോന്നുന്നില്ല. നിര്‍വ്വചനം ധരിക്കുന്നത് ജ്ഞാനം മെല്ലെയാണ് പ്രവര്‍ത്തിക്കുക എന്നാണ്. ഉള്‍ക്കാഴ്ച സമയമെടുക്കില്ല. സെക്കന്‍ഡ്‌സോ അറ്റോസെക്കന്‍ഡ്‌സോ എടുക്കില്ല എന്നല്ല. സമയം എടുത്തില്ല എന്നു തോന്നിപ്പോകുന്നത്ര പെട്ടെന്നായിരിക്കും. നിതാന്ത പരിശീലനത്തിലൂടെ എന്തിനും തയ്യാറായാല്‍ മാത്രം സാധ്യമാകുന്ന വേഗം. തയ്യാരിയില്‍ ഇതെല്ലാം ഉണ്ട്. തയ്യാറെടുക്കുന്നത് എന്തെങ്കിലും ചിലത് ചെയ്യാനല്ല, എന്തും ചെയ്യാനാണ്. തയ്യാരിയുടെ മുഖം ജാഗ്രതയാണ്. ജാഗ്രതയില്‍ എല്ലാം മുഖമാണ്.
സര്‍ഗ്ഗാത്മകത ശൂന്യതയില്‍നിന്നാണ് പുറപ്പെടുക. സൃഷ്ടിയാവണമെങ്കില്‍ അത് എന്തില്‍നിന്നെങ്കിലുമാവരുത്. ശൂന്യതയില്‍നിന്നാകണം. ശൂന്യത, ശൂന്യമല്ല, സൃഷ്ടിയുടെ ഊര്‍ജ്ജക്ഷേത്രമാണെന്ന് ക്വാണ്ടം കുക്കീസ്.
മുകുന്ദനുണ്ണി
Comments