പഞ്ചാബില്‍നിന്നും കണ്ടെടുത്ത ഒരു അപൂര്‍വ്വ സൃഷ്ടിയായിരുന്നു ബഡേ ഗുലാം അലി ഖാന്‍. വരണ്ടൊഴുകിക്കൊണ്ടിരുന്ന പാട്യാല ഖരാനയുടെ വൈകി വന്ന വസന്തംപോലെ. അവിഭക്ത ഇന്ത്യലെ ശ്രോതാക്കളെ ആ വസന്തത്തിന്റെ ഇടിമുഴക്കം ഞെട്ടിച്ചിരുന്ന കാലം.
അന്ന് ദില്ലിയില്‍ സംഗീതോത്സവത്തിലും മറ്റും പങ്കെടുക്കാന്‍ വരുന്ന സംഗീതജ്ഞര്‍ക്ക് ആതിഥ്യം നല്‍കി പരിചരിക്കുന്നതില്‍ ഭ്രമമുള്ളവരുണ്ടായിരുന്നു. ഒരിക്കല്‍ ഒരു സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ വന്ന ബഡേ ഗുലാം അലി ഖാന് സംഘാടകയായ നിര്‍മലാ ജോഷിയുടെ വീട്ടിലാണ് താമസം തയ്യാറാക്കിയിരുന്നത്. സംഘാടക തിരക്കിലായതുകൊണ്ട് സത്കരിക്കാനുളള ചുമതല ഷീലയുടേതായി. ഷീല ധറിന് അന്ന് പതിനാറ് വയസ്സ്. പുറംലോകത്തിലേയ്ക്കും സംഗീതവേദികളിലേയ്ക്കും ചുവടുവെയ്ക്കാന്‍ ഒരുങ്ങിനിന്ന സമയം.
'റെയില്‍വേ സ്റ്റേഷനില്‍നിന്ന് കാറില്‍ വരുന്ന അദ്ദേഹത്തെ വീട്ടില്‍ കയറുമ്പോള്‍ ആദരവോടെ സ്വീകരിക്കുകയും കുളി കഴിഞ്ഞ് നിര്‍മലാജി തയ്യാറാക്കിയ ഭക്ഷണം കഴിച്ച് ഒരുങ്ങുന്നതുവരെ കാത്തിരിക്കുകയും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന്റെ മൈതാനംവരെ, കച്ചേരിയ്‌ക്കൊരുക്കിയ വേദി വരെ, അദ്ദേഹത്തിന് കാറില്‍ അകമ്പടി സേവിക്കാനുമായിരുന്നു എനിക്ക് ലഭിച്ച നിര്‍ദ്ദേശം' (Sheila Dhar, Raga'n Josh - Stories from a musical life, Permanent Black, 2015, p-57). അന്നുവരെ ബഡേ ഗുലാം അലി ഖാന്റെ ഒരു ഫോട്ടോപോലും ഷീല കണ്ടിരുന്നില്ല. പക്ഷെ ആലാപനത്തിന്റെ അവിശ്വസനീയമായ തലങ്ങളില്‍ വിഹരിക്കുന്ന റിക്കോര്‍ഡുകള്‍ കേട്ടിരുന്നു. ആ ശബ്ദത്തിന്റെ ശക്തിയും കാന്തികമായ ആകര്‍ഷണവും കൊത്തിവെച്ച ഒരു സുന്ദരരൂപത്തെ ഷീല മനസ്സില്‍ കുറേ നാളായി സൂക്ഷിക്കുന്നു. പക്ഷെ, കാറില്‍ വന്നിറങ്ങിയത് ഒരു ഗന്ധര്‍വ്വനായിരുന്നില്ല. വളരെ വലിയ, ഇരുണ്ട, ചിരിക്കാത്ത ശരീരമായിരുന്നു. അദ്ദേഹത്തിന്റെ നേര്‍ത്ത മീശ താഴോട്ട് താടിയെല്ലുവരെ വളഞ്ഞു നീണ്ടിരുന്നു. കൂടെയുള്ള രണ്ട് ശിഷ്യന്മാരോട് പഞ്ചാബിയില്‍ എന്തോ അടികൂടുന്നതുപോലെ പറയുന്നുണ്ടായിരുന്നു. തമാശപോലും ഉറക്കെ പരുക്കന്‍ ശബ്ദത്തില്‍. പാടുന്ന ശബ്ദവുമായി അതിന് യാതൊരു സാമ്യവുമില്ല.
കുളിക്കാന്‍ ചൂടുവെള്ളം തയ്യാര്‍. ഒരു വലിയ തോര്‍ത്തു ചുറ്റി അദ്ദേഹം ആവേശത്തോടെ കുളിമുറിയിലേയ്ക്ക് കയറി. ഉടന്‍തന്നെ ശിഷ്യരോട് കയര്‍ത്തുകൊണ്ട് പുറത്തേയ്ക്കുതന്നെ വന്നു. ശിഷ്യര്‍ കാര്യം ഉണര്‍ത്തിച്ചു. ഖാന്‍ സാഹിബ് മൈസൂര്‍ സാന്‍ഡല്‍ സോപ്പ് തേച്ചേ കുളിക്കൂ. രാത്രി എട്ടു മണി. കരോള്‍ ബാഘില്‍ കടയടച്ചിട്ടില്ല. അരമണിക്കൂറിനുള്ളില്‍ നിര്‍ത്തിവെച്ച കുളി മൈസൂര്‍ സാന്‍ഡലില്‍ തുടര്‍ന്നു.
താമസിയാതെ സില്‍ക്കിന്റെ കസവുള്ള ഇളം നീല കുര്‍ത്തയണിഞ്ഞ് അദ്ദേഹം തീന്‍മുറിയില്‍ പ്രവേശിച്ചു. അവിടെ ആകെ ചന്ദന സുഗന്ധം പരന്നു. വെള്ളിപ്പാത്രങ്ങളില്‍ നാല് താലി മേശപ്പുറത്തുവന്നു. തൈരും മറ്റു പച്ചക്കറി ഇനങ്ങളും ചെറിയ വെള്ളിപ്പാത്രങ്ങളില്‍. പരിചയമില്ലാത്ത വിഭവങ്ങളെ കണ്ട് അദ്ദേഹം പരിഭ്രാന്തനായി. പല നിറങ്ങളിലുള്ള ഡിഷുകള്‍ നിരത്തിയിട്ടുണ്ട്. അദ്ദേഹം എല്ലാത്തിലും കൈയിട്ട് തപ്പി. ഒന്നിലും പീസില്ല - എല്ലും മാംസവുമില്ല. അതാ! ആവി പറക്കുന്ന പൂരികള്‍ കൊണ്ടുവരുന്നു. താലിയുടെ പ്ലെയ്റ്റ് തള്ളിമാറ്റി അദ്ദേഹം ക്ഷോഭിച്ചു, 'കയ്യില്‍ കിട്ടിയ എല്ലാ മരങ്ങളും കുറ്റിച്ചെടികളും വേവിച്ചുകൊണ്ടുവരാന്‍ തീരുമാനിച്ചോ?!' ഭാഗ്യത്തിന് ഭക്ഷണം വിളമ്പുന്ന ആള്‍ക്ക് ഒന്നും മനസ്സിലായില്ല.
തന്നെപ്പോലെ അതിശക്തമായി പാടുന്ന ഒരാള്‍ക്ക് ഇത്തരം ഭക്ഷണമോ?! അദ്ദേഹത്തിന് അത്ഭുതം തീരുന്നില്ല. ഈ ഭക്ഷണം കഴിക്കാന്‍ പറ്റില്ല, പകരം ഭക്ഷണം സ്വയം തയ്യാറാക്കിക്കൊള്ളാം എന്ന് അദ്ദേഹം അവസാനം പ്രഖ്യാപിച്ചു. വാങ്ങേണ്ട സാധനങ്ങളുടെ ഒരു നീണ്ട പട്ടിക തയ്യാറാക്കപ്പെട്ടു.
നല്ല കനത്തിലുള്ള ഭക്ഷണം മുന്നില്‍ തയ്യാറാക്കി വെച്ചേ അദ്ദേഹം സാധകംപോലും പതിവുള്ളൂ. ഇടയ്ക്കിടയ്ക്ക് ഭക്ഷണം കഴിച്ച് ശക്തി പകര്‍ന്നുകൊണ്ടാണ് വീട്ടിലെ സംഗീതാഭ്യാസം. 'ആരോ പറഞ്ഞു ഞാന്‍ പാടുന്ന ഓരോ സ്വരത്തിനും കബാബിന്റെ സുഗന്ധമുണ്ടെന്ന്. പലതരം ദ്രാവകങ്ങളില്‍ നീന്തിക്കളിക്കുന്ന പുല്ലുകള്‍ കഴിച്ചാല്‍ ഞാന്‍ പാടുന്നതുപോലെ പാടാനാകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?' അദ്ദേഹം ഷീല ധറിനോട് ചോദിച്ചു.
നീണ്ട പട്ടികയില്‍ പറഞ്ഞ സാധനങ്ങള്‍ എത്തി. വീടിനകത്ത് മാംസം അനുവദിക്കില്ല. പോര്‍ട്ടബ്ള്‍ അടുപ്പ് ശിഷ്യര്‍ കരുതിയിരുന്നു. വീടിന് പുറത്ത് ചാര്‍കോള്‍ അടുപ്പ് ഒരുക്കി. രണ്ട് മണിക്കൂറിനുള്ളില്‍ പല തവണ ഏമ്പക്കം വിടുന്നതുവരെ ഭക്ഷണം. ഖാന്‍ സാഹിബിന്റെ ചുറുചുറുക്ക് തിരിച്ചുവന്നു. കച്ചേരി തുടങ്ങാന്‍ കുറച്ചു വൈകിയെങ്കിലും അന്ന് രാത്രി ഖാന്‍ സാഹിബിന്റെ അതിവേഗ താനുകളും കബാബിന്റെ സുഗന്ധമുള്ള സ്വരങ്ങളും അന്തരീക്ഷത്തില്‍ മായാത്ത തരംഗങ്ങളുണ്ടാക്കി.
ബഡേ ഗുലാം അലി ഖാന്റെ വിചിത്രമായ പെരുമാറ്റങ്ങള്‍ ഭക്ഷണരീതിയില്‍ മാത്രം അവസാനിക്കുന്നില്ല. ആദ്യകാലത്ത് അദ്ദേഹം റിക്കോര്‍ഡിങ്ങിന് തയ്യാറില്ലായിരുന്നു. ഒരിക്കല്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ച് ആകാശവാണിയുടെ സ്റ്റുഡിയോവിലെത്തിച്ചു. പക്ഷെ സ്റ്റുഡിയോവിലെത്തിയ ഉടന്‍ ശക്തമായി തുമ്മാനോങ്ങിക്കൊണ്ട് അദ്ദേഹം പുറത്തേയ്‌ക്കോടി. പെയിന്റിന്റെ മണത്തോടുള്ള അലര്‍ജി. അവസാനം പുറത്ത് ശീലപന്തലിട്ട് സ്റ്റുഡിയോ ഒരുക്കി. പാടാന്‍ തുടങ്ങിയപ്പോള്‍ പാര്‍ലമെന്റ് റോഡിലൂടെ ഒരു ഡ്രൈവര്‍ ഹോണില്‍നിന്ന് കൈയ്യെടുക്കാതെ കാറോടിച്ചുപോയി. പാട്ടുകാരന്‍ ചാടി എഴുന്നേറ്റു. എത്ര പ്രേരിപ്പിച്ചിട്ടും കാര്യമുണ്ടായില്ല. ആ ശബ്ദമലിനീകരണം അന്തരീക്ഷത്തില്‍നിന്ന് പോകാന്‍ ചുരുങ്ങിയത് രണ്ടു ദിവസമെങ്കിലും വേണ്ടിവരും എന്നായിരുന്നു മറുപടി.
പിറ്റേ ദിവസം പെയ്ന്റുമണമില്ലാത്ത ഒരു പഴയ സ്റ്റുഡിയോവിലേയ്ക്ക് പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചപ്പോഴാണ് അദ്ദേഹം സത്യം പറഞ്ഞത്: 'റേഡിയോയില്‍ പാടിയാല്‍ ശബ്ദം പോകും, സൂപ്പു വെച്ച കോഴിയ്ക്ക് ജീവനില്ലാതാകുന്നതുപോലെ ശബ്ദത്തിന് ജീവനില്ലാതാകും. എത്രയോ കഷ്ടപ്പെട്ടുണ്ടാക്കിയ ശബ്ദമാണ്.' പിന്നീട് കുറേക്കാലത്തിനു ശേഷമാണ് അദ്ദേഹം റിക്കോര്‍ഡിങ് സാങ്കേതികതയോട് പൊരുത്തപ്പെട്ടത്.
മുകുന്ദനുണ്ണി
(ദേശാഭിമാനി വാരാന്തം, 2019 ഒക്ടോബര്‍ 27, പേജ് - 4)

Comments