Skip to main content

ഒരു ബെല്‍ജിയന്‍ വാദ്യത്തിന്റെ ദ്രാവിഡ ഭാവം



ഏകദേശം ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് പാശ്ചാത്യ ജാസ്സ് സംഗീതം ഇന്ത്യയില്‍ പ്രചരിച്ചുതുടങ്ങിയത്.  അക്കാലത്ത് മുംബൈയിലും കൊല്‍ക്കത്തയിലുമൊക്കെ ആഫ്രിക്കന്‍-ആമേരിക്കക്കാര്‍ ജാസ്സ് അവതരിപ്പിക്കാറുണ്ടായിരുന്നു.  വിദേശ രാജ്യങ്ങളിലേയ്ക്ക് ആനന്ദയാത്രകള്‍ നടത്തിയിരുന്ന ഇന്ത്യന്‍ രാജാക്കന്മാര്‍ ജാസ്സ് സംഗീതം കേട്ട് ഭ്രമിക്കാന്‍ തുടങ്ങിയിരുന്നു.  നാട്ടില്‍ തിരിച്ചെത്തിയ രാജാക്കന്മാര്‍ അവരുടെ സദസ്സുകളിലേയ്ക്ക് ജാസ്സ് സംഗീതത്തെ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തു.  അങ്ങനെയിരിക്കെ, മൈസൂര്‍ കൊട്ടാരം വക ബാന്‍ഡ് സെറ്റ് അവതരിപ്പിച്ച സംഗീതപരിപാടി കേള്‍ക്കാനിടയായ ഒരു ബാലനെ സാക്‌സോഫോണിന്റെ നാദം വല്ലാതെ ബാധിച്ചു.  അവന്‍ ഉപകരണത്തിന്റെ പേര് ചോദിച്ചറിഞ്ഞു.  നാഗസ്വരം പഠിക്കുന്നുണ്ടായിരുന്ന ആ കുട്ടിയ്ക്ക് ഇനി മുതല്‍ സാക്‌സോഫോണ്‍ മതി എന്നായി.  കുട്ടിയുടെ വാശിക്ക് വഴങ്ങി നാഗസ്വരവിദ്വാനായ അച്ഛന്‍, താനിയപ്പ, ഒരു സാക്‌സോഫോണ്‍ വാങ്ങിക്കൊടുത്തു. ആ കുട്ടിയാണ് ലോകപ്രശസ്തനായിത്തീര്‍ന്ന സാക്‌സോഫോണിസ്റ്റ് കദ്രി ഗോപാല്‍നാഥ്. 

ഒരു സാധാരണ സംഗീതജ്ഞനെപ്പോലെ വളര്‍ന്ന കദ്രി മംഗലാപുരത്തും പരിസരങ്ങളിലും സാക്‌സോഫോണ്‍ കച്ചേരികള്‍ നടത്താന്‍ തുടങ്ങി.  ആകാശവാണിയില്‍ ബി ഹൈ ഗ്രെയ്ഡ് കിട്ടി.  യാദൃശ്ചികമായുണ്ടായ ഒരു വഴിത്തിരിവാണ് കദ്രിയെ ഈ സാധാരണത്വത്തില്‍നിന്ന് മോചിപ്പിച്ചത്.  ചെമ്പൈയുടെ ശിഷ്യനും മൃദംഗവാദകനും, കര്‍ണ്ണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പാടുന്ന, ഗായകനുമായ ടി വി ഗോപാലകൃഷ്ണന്‍ കദ്രിയുടെ വായന കേള്‍ക്കാനിടയായതാണ് മാറ്റത്തിന് തുടക്കം കുറിച്ചത്.  അദ്ദേഹം കദ്രിയെ ചെന്നൈയിലേയ്ക്ക് വിളിച്ചു.  പഠിപ്പിച്ചു.  താമസിയാതെ കദ്രി ചെന്നൈയിലെ താരമായി.  സിനിമ വിളിച്ചപ്പോള്‍ കദ്രി അവിടേയും തിളങ്ങി.  അതിനിടയില്‍ പ്രഗത്ഭ സംഗീതനിരൂപകനായ സുബ്ബുഡുവിന്റെ പ്രശംസയ്ക്ക് പാത്രമായി.   കൂട്ടത്തില്‍ ഒരു നല്ല ഉപദേശവും കിട്ടി: വെറുതെ സിനിമയില്‍ തിരിഞ്ഞുകളിക്കാതെ കര്‍ണ്ണാടകസംഗീതത്തില്‍ പൂര്‍ണ്ണമായി മനസ്സിരുത്താന്‍.  കദ്രി ഏകാഗ്രചിത്തനായി ഉപദേശിച്ച വഴി പിന്‍പറ്റി.    

ഉറവിടംകൊണ്ട് ബെല്‍ജിയക്കാരുടെ വാദ്യമാണ് സാക്‌സോഫോണ്‍.  ഉപകരണനിര്‍മാതാവ് അഡോല്‍ഫ് സാക്‌സ് ആണ്, 1840ല്‍, ഈ വാദ്യം ആദ്യമായി നിര്‍മിച്ചത്.  ഈ വാദ്യത്തില്‍ ഇത്ര മനോഹരമായി കര്‍ണ്ണാടകസംഗീതം വായിക്കാന്‍ കഴിയുമെന്ന് അതിന്റെ ശില്‍പ്പി ഒരിക്കലും പ്രതീക്ഷിച്ചുകാണില്ല.  എന്തായാലും കദ്രിയ്ക്ക് അദ്ദേഹത്തോട് ഒടുങ്ങാത്ത ആദരവുണ്ടായിരുന്നു.  കര്‍ണ്ണാടകസംഗീതം വരുത്താന്‍ ഈ യൂറോപ്യന്‍ വാദ്യത്തെ കദ്രിയ്ക്ക് കുറച്ച് പരിഷ്‌കരിക്കേണ്ടി വന്നു.  ലോകസഞ്ചാരം തുടങ്ങിയപ്പോള്‍ അദ്ദേഹം ജിജ്ഞാസയുടെ കണ്ണുകള്‍ തുറന്നുപിടിച്ചു.  എപ്പോഴെങ്കിലും ഒരു വിചിത്രമായ സാക്‌സോഫോണ്‍ കിട്ടുമെന്ന പ്രതീക്ഷയോടെ.  അമേരിക്കയിലെ സൗത്ത് കറലൈനായില്‍വെച്ച് (South Carolina) തേടിയ വള്ളി കാലില്‍ ചുറ്റി.  അവിടെ പുരാവസ്തുക്കള്‍ വില്‍ക്കുന്ന ഒരു കടയില്‍ ഒരു സാക്‌സോഫോണ്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.  വസ്തുവിന് നൂറു വര്‍ഷം പഴക്കമുണ്ട്.  അത്യപൂര്‍വ്വമായ ഒരു സാക്‌സോഫോണ്‍.  26 കീ (key) കളും പാഡുകളുടെ സ്ഥാനവും കൃത്യം.  അനുസ്വരങ്ങള്‍ വായിച്ച് ഗമകങ്ങളുണ്ടാക്കാന്‍ ഇതില്‍ വളരെ അനായാസം.  പണി പകുതി കുറഞ്ഞു.  ഊതാനും സ്വരസ്ഥാനങ്ങളില്‍ വിരലമര്‍ത്താനും എളുപ്പം. 

കീകളെ അടിസ്ഥാനമാക്കിയുള്ള ഉപകരണമായതുകൊണ്ട് സ്വരങ്ങള്‍ തമ്മില്‍ വിടവുണ്ട്.  കര്‍ണ്ണാടക സംഗീതത്തിലെ ഗമകങ്ങള്‍ മുഴുവന്‍ സ്വരങ്ങള്‍ തമ്മിലുള്ള വിടവുകളിലേയ്ക്ക് ശബ്ദത്തെ ആട്ടുന്നതിലൂടെയാണ് സാധിക്കുന്നത്.  ഈ പ്രശ്‌നം പരിഹരിക്കാന്‍ ഉപകരണത്തില്‍ കുറച്ച് ഗവേഷണം നടത്തേണ്ടിവന്നു. പാഡുകളില്‍ കുറച്ചു മാറ്റം വരുത്തി.  ചില കീകള്‍ റബ്ബര്‍ സ്ട്രിപ്പ് ഉപയോഗിച്ച് കെട്ടി.  ഊതുന്നതില്‍ ചില വിദ്യകള്‍ പരീക്ഷിച്ചു.  അവസാനം ഗമകം സാധ്യമായി.  കദ്രിയെപ്പോലെ ഒരു ഉപകരണത്തിനുമേല്‍ ഇത്രയേറെ നിയന്ത്രണമുള്ള മറ്റൊരു സംഗീതജ്ഞനില്ല എന്ന് വയലിന്‍ വാദക കന്യാകുമാരി പറയുമ്പോള്‍ ഇതെല്ലാം ഉദ്ദേശിച്ചിരിക്കണം.  ജാസ്സ് സംഗീതത്തിലെ സാക്‌സോഫോണില്‍ നിന്ന് കദ്രിയുടെ സാക്‌സോഫോണ്‍ വാദനത്തെ വ്യത്യസ്താക്കുന്നത് പ്രധാനമായും കദ്രി വായ്പ്പാട്ടിന്റെ മാതൃകയിലാണ് ഈ വാദ്യം വായിക്കുന്നത് എന്നതാണ്. 

ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ യൂറോപ്പിലും അമേരിക്കയിലും പര്യടനം നടത്താന്‍ തുടങ്ങിയതിന്റെ ഫലമായി ഇന്ത്യയിലാകമാനം, പ്രത്യേകിച്ചും ഹിന്ദുസ്ഥാനി സംഗീതക്കാരുടെ ഇടയില്‍, ജാസ്സ് സംഗീതത്തിന് പ്രിയമേറുന്നുണ്ടായിരുന്നു.  ഇന്ത്യന്‍ സംഗീതജ്ഞരും ജാസ്സ് സംഗീതജ്ഞരും പരസ്പരം സംഗീതവിനിമയം നടത്താനുള്ള ഉദ്യമങ്ങള്‍ ഇരുകൂട്ടരുടെ ഭാഗത്തുനിന്നുമുണ്ടായി.  അക്കൂട്ടത്തില്‍ ജാസ്സ് സംഗീതത്തെ ഇഷ്ടപ്പെടുകയും 'ജാസ്സ് ഇന്ത്യ'യുടെ സ്ഥാപകനുമായ ഒരു പരിശ്രമശാലിയായിരുന്നു നിരഞ്ജന്‍ ഝാവേരി.  ജാസ്സ് ഫെസ്റ്റിവെലിന്റെ ക്യൂറേറ്ററായ ഝാവേരിയുടെ താല്‍പ്പര്യത്തില്‍, 1980ല്‍, കദ്രി ഗോപാല്‍നാഥ് ബോംബേയിലെയ്ക്ക് ക്ഷണിക്കപ്പെട്ടു.  കച്ചേരി കേള്‍ക്കാന്‍ അമേരിക്കന്‍ ജാസ്സ് സാക്‌സോഫോണിസ്റ്റായ ജോണ്‍ ഹാന്‍ഡി അവിടെ ഉണ്ടായിരുന്നു.  കച്ചേരി അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് ഝാവേരി ഒരു നിര്‍ദ്ദേശം വെച്ചു.  കദ്രിയുടെ കൂടെ ഹാന്‍ഡിയും ചേരാന്‍.  രണ്ടുപേര്‍ക്കും സമ്മതം.  പിന്നീട് അവിടെ കര്‍ണ്ണാടക ജാസ്സും പാശ്ചാത്യ ജാസ്സും തമ്മില്‍ ഒരു ഗംഭീര സമന്വയംതന്നെ അരങ്ങേറി.  ആസ്വാദകര്‍ അത്ഭുതംപൂണ്ട് ആര്‍ത്തുവിളിച്ചു.  അതോടെ അവര്‍ രണ്ടുപേരുടേയും സംഗീതസമന്വയം 'ജാസ്സ് യാത്ര' എന്ന പരിപാടിയുടെ പട്ടികയില്‍ ഇടം പിടിച്ചു.  ഇന്ത്യയില്‍ നടന്ന മഹത്തായ പരീക്ഷണത്തെക്കുറിച്ച് കേട്ടറിഞ്ഞ് 1983 ല്‍ ബെര്‍ളിന്‍ ജാസ്സ് ഫെസ്റ്റിവലിന് പങ്കെടുക്കാനുള്ള ക്ഷണവും ഇവര്‍ക്ക് ലഭിച്ചു (Warren R. Pinckney. Jr., Jazz in India: Perspectives on Historical Development and Musical Acculturation, Asian Music, Vol. 21, No. 1 (Autumn, 1989 - Winter, 1990), pp. 53-54). പിന്നീട് കദ്രിയും ഹാന്‍ഡിയും ഒരുമിച്ച് പ്രാഗ്, ബെര്‍ലിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ സംഗീതപര്യടനം നടത്തി.  കര്‍ണ്ണാടക ജാസ്സ് ഇന്ത്യന്‍ തീരം ഭേദിച്ച് പറന്നു.  വൈകാതെ ജോണ്‍ ഹാന്‍ഡി ജാസ്സ് ശൈലിയിലും കദ്രി കര്‍ണ്ണാടക ശൈലിയിലും സാക്‌സോഫോണ്‍ വായിക്കുന്ന പുതിയ ചേരുവ ലോകത്തിന്റെ ഇഷ്ടസംഗീതമായി.  ത്യാഗരാജസ്വാമിയുടേയും ബെഥോവന്റേയും കൃതികള്‍ സമന്വയിപ്പിച്ചുള്ള ആല്‍ബങ്ങള്‍ ഇറക്കുന്നതിലേയ്ക്കും പരീക്ഷണങ്ങള്‍ വ്യാപിച്ചു.   

ജാസ്സ് സംഗീതത്തിനും ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിനും പൊതുവായി ഒരു പ്രധാന ഘടകമുണ്ട്.  രണ്ടിന്റേയും ഘടന തത്സമയ നിര്‍മ്മാണവും പ്രകടനവും അനുവദിക്കുന്ന തരത്തിലുള്ളതാണെന്ന പ്രത്യേകത.  ഇന്ത്യന്‍ സംഗീതം മെലഡിയുടെ ആഴങ്ങളിലേയ്ക്കാണെങ്കില്‍ ജാസ്സ് മെലഡിയുടേയും ഹാര്‍മണിയുടേയും സമ്മിശ്രമായ ഭാവനകളിലേയ്ക്ക്.  കര്‍ണ്ണാടക സംഗീതത്തെ ഒരു പുതിയ ശബ്ദത്തിലൂടെ ആവിഷ്‌കരിച്ചതിനു പുറമെ കദ്രി ഗോപാല്‍നാഥ് സാധ്യമാക്കിയത് സംഗീതസമന്വയത്തിന്റെ പുതിയ തുറസ്സുകളാണ്.  കര്‍ണ്ണാടകസംഗീതത്തേയും ജാസ്സ് സംഗീതത്തേയും ബന്ധിപ്പിക്കുന്ന സംഗീതത്തിന്റെ ഒരു പാലം പണിയാനായിരുന്നു അദ്ദേഹം, ഒരു പക്ഷെ, എപ്പോഴും നവീനതയുടെ വാതില്‍ക്കല്‍ നിന്നത്.  

മുകുന്ദനുണ്ണി

മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2019 ഒക്ടോബര്‍ 27, പേജുകള്‍ 95-96)

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...