മോഹനന്റെ രേഖാചിത്രങ്ങള്‍ ഒന്നിനേയും കുറിച്ചല്ല. സങ്കല്‍പ്പനങ്ങളുടെ സഹായമില്ലാത നേരിട്ട് സംവേദനം ചെയ്യപ്പെടുന്നവയാണ് അവ. ആ രേഖകളെ നോക്കുമ്പോള്‍ നാം അനുഭവിക്കുന്നത് ആ രേഖകള്‍ നോക്കുന്ന ലോകത്തെയാണ്. നമ്മുടെ നോട്ടം രേഖകളുടെ ചക്രവാളങ്ങളോളം ചെല്ലണം, കാഴ്ച വാചാലമായിത്തുടങ്ങാന്‍. ചിത്രങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന നോട്ടങ്ങളിലല്ല അവ തെളിയുക. പകരം മനുഷ്യരുടെ മുഖത്തു നോക്കുന്നതുപോലെ വേണം നോക്കാന്‍. അഭിസംബോധനയിലൂടെയാണ് ഈ ചിത്രങ്ങള്‍ സംസാരിക്കാന്‍ തുടങ്ങുക.
പണ്ട് ഒരു സ്വപ്‌നത്തിനു പിന്നാലെ ഇറങ്ങിപ്പോയപ്പോള്‍ കണ്ട കാഴ്ചകളാണ് ഇപ്പോഴും പറഞ്ഞു തീരാതിരിക്കുന്നത്. പഴംകഥയല്ല. പഴയ കാഴ്ചകളിലേയ്ക്കുള്ള പുതിയ നോട്ടങ്ങളുടെ കാഴ്ച. ഓരോ പുതിയ കാഴ്ചയിലും പഴയതിന്റെ ചുരുണ്ടും വിടര്‍ന്നും നീണ്ടുവരുന്ന മുഖങ്ങളുണ്ട്. ഓരോ പഴയ കാഴ്ചയിലും കോര്‍ത്തുപിടിക്കുന്ന വിരലുകളുണ്ടെന്ന് പുതിയ വരകള്‍ തൊട്ടുകാണിക്കുന്നു.
കടലിലൂടെ കപ്പല്‍ കയറിപ്പോകുന്ന ശാഖകള്‍ അറ്റെങ്കിലും പൂവിട്ടു നില്‍ക്കുന്ന മരം, കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ കാഴ്ചയില്‍ കൂമ്പിട്ട ചെടിക്കൂട്ടങ്ങള്‍, സുന്ദരിയുടെ ചേല കാറ്റില്‍ പറന്ന് ആകാശംതൊടുമ്പോള്‍ ചേലയിലെ അലങ്കാരനാരുകള്‍ ദൂരെ ആകാശത്ത് മരങ്ങളായ് എഴുന്നേറ്റുനിന്ന് കാറ്റുകൊള്ളുന്നു, വരകള്‍ വളഞ്ഞുപുളഞ്ഞ് എല്ലാ രൂപങ്ങളിലൂടെയും കടന്നുപോയി അവസാനം ഒരു മുഖമാവാന്‍ ശ്രമിക്കുന്ന ദൃശ്യം, പ്രാവിനെ തഴുകുന്ന വനദേവതയുടെ നടുവില്‍ കുറുകെ ഒരു മനുഷ്യന്‍ കമഴ്ന്നുറങ്ങുന്നു. - എന്തിന്റേയും മധ്യേ കടന്നുപോകുന്ന, കുറുകെ വര്‍ത്തിക്കുന്ന ഭവാവസ്ഥയിലാണ് മോഹനന്റെ രേഖാചിത്രങ്ങളുടെ കണ്ണ് പതിയുന്നത്.
ഒരു വരയില്‍, കൈയ്യില്‍ പൂഴ്ത്തിയ മുഖത്ത് വേറെ മുഖങ്ങളുണ്ട്; അവയിലൊന്ന് ഉറങ്ങുകയും മറ്റൊന്ന് ധ്യാനിക്കുകയും, ധ്യാനവും അസ്വസ്ഥമായ ഏകാന്തതയും അതിര്‍വരമ്പില്ലാതെ നില്‍ക്കുന്നതും, മനുഷ്യര്‍ ചെടിയും കായുമായി നില്‍ക്കുന്ന പച്ചക്കറിപ്പന്തല്‍, ജലം മൂടിയ ഭൂമിയില്‍ അവശേഷിച്ച് മൂന്നു തെങ്ങും രണ്ടു മനുഷ്യരും; തെങ്ങുകളും മനുഷ്യരും ഒരേ നിസ്സഹായാവസ്ഥയില്‍, വിടര്‍ന്ന മയില്‍പ്പീലികളില്‍നിന്ന് ഉയര്‍ത്തെഴുന്നേറ്റു പോകുന്ന ഒരു മനുഷ്യന്‍ - യേശു ഉയര്‍ത്തെഴുന്നേറ്റുപോകുമ്പോള്‍ അത് പൂന്തോട്ട സൂക്ഷിപ്പുകാരനാണെന്ന് മറിയം തെറ്റിദ്ധരിച്ചതിനെ ഓര്‍മ്മിപ്പിക്കുന്ന ചിത്രം. അതുപോലെ വരകള്‍ കണ്ടു ശീലിച്ച സ്വപ്‌നങ്ങള്‍പോലെ ചില ചിത്രങ്ങള്‍.
യൂണിഫോമില്‍ ജീവിച്ചു ശീലിച്ച് യൂണിഫോമായിമാറിയ കര്‍ത്തവ്യനിരതന്റെ, എല്ലാ സന്ദര്‍ഭങ്ങളിലേയ്ക്കും ഒരുപോലെ ചേരാന്‍ കഴിയുന്ന, മുഖം. മനുഷ്യന്‍ വേഷംകെട്ടുന്നത് കോമാളിത്തമായോ എന്ന് ചിത്രത്തിനുതന്നെ തോന്നുന്ന ചിത്രം. ഇതാ ഒരു മുഖം എന്ന് മുഖംതന്നെ സ്വയം പ്രഖ്യാപിക്കുന്ന മുഖം. പൊട്ടിയൊലിച്ച ഇരുട്ടിന്റെ നിഴല്‍വെളിച്ചത്തില്‍ രൂപപ്പെടുന്ന സുന്ദരി. ഒരു കൈയ്യില്‍ ആകാശത്തു വളരുന്ന മൂന്നു ചെടികള്‍... മോഹനന്റെ രേഖാചിത്രങ്ങള്‍ സ്വപ്‌നം കാണുന്ന നന്മ മനുഷ്യരേക്കാള്‍ ചെടിയും പൂവും കാറ്റും മറ്റു ജീവവര്‍ഗ്ഗങ്ങളുമാണ് വെളിപ്പെടുത്തുന്നത്.
ഈ ലോകത്തില്‍ ആയിരിക്കുന്നതിന്റെ നാടകങ്ങളെ നോക്കിനില്‍ക്കുകയാണ് ചില ചിത്രങ്ങള്‍. വെറും ഉണ്മയുടെ ഭാവങ്ങളാണ് പലതും. മനുഷ്യന്റെ അസ്തിത്വചിന്തയ്ക്കപ്പുറം വെറും ഉണ്മയുടെ ചമത്കാരരഹിതമായ കാഴ്ചകളാണ് രേഖകള്‍ കാണുന്നത്. മനുഷ്യര്‍ വരുത്തിവെയ്ക്കുന്ന വിനകളേയും അവരുടെ ജീവിതത്തിന്റെ തിരുത്താനാവാത്ത അവശേഷിപ്പുകളേയും തിരിഞ്ഞു നോക്കിയിരിക്കുന്ന മനുഷ്യരും മൃഗങ്ങളും ചെടികളും കാറ്റും മഴയും ചിത്രങ്ങളില്‍ കാണാം.
കാഴ്ചയുടേയും മനസ്സിലാക്കലിന്റേയും ഒരു ലോകമുണ്ട് ഈ വരകളില്‍. ഓരോന്നിന്റേയും ഭവാവസ്ഥ വിസ്മരിക്കപ്പെടുംവിധം കഠിനമായ അടുപ്പമുള്ള രൂപങ്ങള്‍ വസിക്കുന്ന ലോകം.
പക്ഷെ വരകളിലൂടെ ആരാണ് നോക്കുന്നത്? ആരേയും നോക്കാന്‍ ഏല്‍പ്പിച്ചിട്ടില്ല. കര്‍തൃത്വത്തിന്റെ കള്ളി ഒഴിച്ചിട്ടിരിക്കുകയാണ്. ആര്‍ക്കും നോക്കാം. ചെടികള്‍ക്കും കാറ്റിനും പശുവിനും. രേഖകള്‍ക്കുപോലും.
മുകുന്ദനുണ്ണി
മോഹനന്റെ ചിത്രപ്രദര്‍ശന ബ്രോഷറില്‍ എഴുതിയത് (ഒക്ടോബര്‍ 16-20, 2019)
Comments