Skip to main content

Posts

സംഗീതത്തിന്റെ വികാരപ്രപഞ്ചം

പാടുമ്പോള്‍ രാഗാംഗങ്ങളോട് ബന്ധുത്വം വളരുകയും ശബ്ദത്തിന്റെ നിറങ്ങള്‍ നിറഞ്ഞ ആ ബന്ധത്തിലെവിടെയോവെച്ച് പാട്ടുകാര്‍ വികാരഭരിതരാവുകയും ചെയ്യും.  പാടലിലെ അന്വേഷണം വികാരരഹിതമല്ല.  ഗാനം സ്വതന്ത്രമായി സ്ഥായികളില്‍ പറക്കുമ്പോള്‍ നിരവധി സമ്മിശ്രവികാരങ്ങളുടെ മര്‍മ്മരമുണ്ടാകും.  രാഗം വിസ്തരിക്കുമ്പോള്‍ സ്വയം തിരിച്ചറിയാനാവാതെ ഈണത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോകുന്നതായി തോന്നാം.  ഈണം അടിയൊഴുക്കുപോലെ വികാരതരംഗങ്ങളില്‍ ഒളിച്ചിരിക്കും.     കല്യാണി രാഗം പാടുമ്പോള്‍ ബാലമുരളീ കൃഷണയ്ക്ക് തോന്നിയിരുന്നത് സംഗീതദേവത കല്യാണി രാഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെയാണ്. ധോണ്ടുതായ് കുല്‍ക്കര്‍ണി (1927 - 2014) പ്രഭാതത്തില്‍ ഭൈരവി രാഗം പാടുന്നതിന്റെ വാഗ്ചിത്രത്തിലും (ദി മ്യൂസിക് റൂം) സമാനമായ ബിംബകല്‍പ്പന കാണാം: തംബുരുവിന്റെ ശ്രുതിയില്‍ ഭൈരവിയുടെ സ്വരങ്ങളെ ദീര്‍ഘനേരം ലയിപ്പിച്ച് മന്ദ്രസ്ഥായി മുതല്‍ പാടിത്തുടങ്ങിയ ഗായിക ക്രമേണ സംഗീതത്തിന്റെ പ്യൂപ്പയില്‍ പ്രവേശിക്കുന്നു.  ഭൈരവിരാഗം ശിവന്റെ പത്‌നിയായ ഭൈരവിയായി പകര്‍ന്നാടി.  ഭക്തി, കാമം, വിരഹം... സാക്ഷാല്‍ ഭൈരവി...

വാക്കും സംഗീതവും

ടാഗോര്‍ പറഞ്ഞു: 'സംഗീതം വാക്കുകളെ അതിന്റെ അര്‍ത്ഥത്തിലേയ്ക്കല്ല, അര്‍ത്ഥം നഷ്ടപ്പെടുന്നിടത്തേയ്ക്കാണ് കൊണ്ടുപോകുന്നത്.'  ക്ലാസിക്കല്‍ സംഗീതം എന്നു വിളിക്കപ്പെടുന്ന സംഗീതസംപ്രദായത്തെ സംബന്ധിച്ചാണ് അങ്ങനെ പറഞ്ഞത്.  ക്ലാസിക്കല്‍ സംഗീതത്തിന്റെ സ്വഭാവത്തെ വെളിപ്പെടുത്താന്‍ അത്യധികം ഉപകരിക്കുന്ന ഒരു ദര്‍ശനമാണ് ടാഗോറിന്റെ വാക്കുകളിലുള്ളത്.  ക്ലാസിക്കല്‍ സംഗീതം വാക്കിലെ ശബ്ദത്തെ സ്വീകരിച്ച് അര്‍ത്ഥത്തെ ഉപേക്ഷിക്കുകയാണ്.  നേരെ മറിച്ച്, സാഹിത്യം വാക്കിന്റെ ശബ്ദം കേള്‍ക്കാതെ അതിനെ അര്‍ത്ഥത്തിന്റെ വാഹനമാക്കുകയാണ്.  വാക്കിലെ ശബ്ദമാണ് സംഗീതത്തിന്റെ ശരീരം.  അദ്ദേഹത്തിന്റെ ചിന്തയെ ഇത്തരം നിഗമനങ്ങളിലേയ്ക്ക് നയിക്കാവുന്നതാണ്.         സംഗീതം സംവദിക്കുന്നത് അതില്‍ ഉപയോഗിക്കുന്ന വാക്കുകളുടെ അര്‍ത്ഥത്തിലൂടെയാണെന്ന ധാരണ ഇന്ന് പരക്കെയുണ്ട്.  ഈ ധാരണ സംഗീതത്തിനുമേല്‍ അവകാശം സ്ഥാപിക്കുന്ന നിരവധി സംഗീതേതരമായ കാഴ്ചപ്പാടുകളെ നിലനില്‍ക്കാന്‍ അനുവദിക്കുന്നുണ്ട്.  ഇവ സംഗീതത്തിനു ചുറ്റും ഒരു ശക്തിമണ്ഡലമായി നില്‍ക്കുന്നതുകൊണ്ടാണ് ചില താത്പര്...

ആഴങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഘനനാദം

മരണാനന്തരമാണ് (27 ഏപ്രില്‍ 1984) കര്‍ണ്ണാടക സംഗീതജ്ഞനായ എം ഡി രാമനാഥന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചത്.  ചിതറിക്കിടന്ന ആരാധകര്‍ ദുഃഖവും നിരാശയും നിറഞ്ഞ അനുസ്മരണങ്ങളാല്‍ ഒരുമിച്ചു.  സംഗീതാസ്വാദകരായി തിരിച്ചറിയപ്പെട്ടവരോ കര്‍ണ്ണാടകസംഗീതവുമായി അടുത്ത് പരിചയമുള്ളവരോ ആയിരുന്നില്ല ഏറെ പേര്‍. ചിലര്‍ സംഗീതം സമം എംഡിആര്‍ എന്ന സമവാക്യത്തില്‍ ഉറച്ചു നിന്നവര്‍.  പാട്ടു കേള്‍ക്കലിനപ്പുറത്തേയ്ക്ക് പടരുന്ന രാമനാഥഗാനത്തിന്റെ സാന്നിധ്യത്തെ മനോഹരമായ കൂട്ടിരിപ്പായി കരുതിയവരത്രെ പലരും.            രാമനാഥസംഗീതത്തിലേയ്ക്ക് തിരിഞ്ഞവര്‍ വ്യത്യസ്ത തുറകളിലുള്ളവരായിരുന്നു.  സച്ചിദാനന്ദന് കവിത പിറന്നു: 'രാമനാഥന്‍ പാടുമ്പോള്‍.' ആ കവിത തൊടുത്തുവിട്ട പ്രചോദനം അനേകം എംഡിആര്‍ ആസ്വാദകരെ സൃഷ്ടിച്ചു.  മാറ്റത്തിന്റെ ലഹരിയേറ്റവര്‍ക്കിടയില്‍ രാമനാഥസംഗീതം കേള്‍ക്കുക എന്നത് ഒരു ജീവിതശൈലിയായും രൂപപ്പെട്ടു. മന്ദ്രസ്ഥായിയില്‍ ആകൃഷ്ടനായതുകൊണ്ടായിരിക്കാം 'രാമനാഥന്‍ പാടുമ്പോള്‍' എന്ന കവിതയില്‍ സച്ചിദാനന്ദന്‍ 'നാദത്തിന്റെ പൊന്മാന്‍ ചാടുന്ന'തിനെ ഭാവനം ചെയ്...

വ്യവസ്ഥ പാലിക്കാത്ത സംഗീതം

സ്വാതന്ത്ര്യത്തിലേയ്ക്ക് വാതില്‍ തുറക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് സഞ്ചാരം.  സംഗീതവും കൂടെ പോരുന്നെങ്കില്‍ പിന്നെ ഒന്നിനും അതിരുകളില്ല.  സംഗീതവും സഞ്ചാരവും ചേരുമ്പോഴുണ്ടാകുന്ന ലഹരി, ഒരു പക്ഷെ, പറഞ്ഞറിയിക്കാനാവില്ല.  കേരളത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ സഞ്ചാരികളായ ഗായകരെ കേട്ടറിഞ്ഞെങ്കിലും മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ട്.   സഞ്ചരിക്കുന്ന ഗായകരുടെ അര്‍പ്പണബോധം സ്വന്തം ജീവിതത്തെ ഒരു ഗാനമായി പരിണമിപ്പിക്കുന്നതായി കാണാം.  പാടിക്കൊണ്ടിരിക്കെ പാട്ടവസാനിക്കുന്നതുപോലെ ജീവിച്ചു തീരുന്നവരാണ് അവര്‍.  പൂനയ്ക്കടുത്തുള്ള പാണ്ടുരംഗ ക്ഷേത്രത്തിന്റെ റിക്കോര്‍ഡുകളില്‍ പരമഹംസ ഗോവിന്ദദാസ പാടിക്കൊണ്ടിരിക്കെ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.  അവധുതഗായകനായ അദ്ദേഹം കേരളത്തിലെ ഷഡ്കാല ഗോവിന്ദമാരായിരുന്നു (1798 - 1843).  ചരിത്രത്തിന്റെ ചില രേഖകളെ ലോലമായി സ്പര്‍ശിച്ചുപോകുന്ന കഥകളിലാണ് ഗോവിന്ദമാരാരുടെ ജീവിതചിത്രം കിടക്കുന്നത്.  രാമമംഗലത്തുകാരനായ ഗോവിന്ദമാരാരെ കുറിച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന ഗായകനായാണ് ചരിത്രവും കഥകളും രേഖപ്പെടുത്തിയിട്ടുള്ളത്.  കര്‍ണ...

ഉറങ്ങാത്ത നിലവിളികള്‍

     മോഹനന്റെ കലാസൃഷ്ടികളോട് സംവദിക്കാന്‍ നാം ആദ്യം ചെയ്യേണ്ടത് നമ്മുടെ ലോകത്തു നിന്ന് പടിയിറങ്ങുകയാണ്.  നിദ്രയുടേയും ബോധത്തിന്റേയും വിടവുകളില്‍ സചേതനമാവുന്ന ആ ലോകത്തിന്റെ പരിസ്ഥിതി വ്യത്യസ്തമായതുകൊണ്ട്.  ആരംഭിക്കാനൊരുങ്ങുന്നതോ അവസാനിച്ചു കഴിഞ്ഞതോ ആയ ഒരു ലോകമാണത്.  എങ്കിലും നമ്മുടെ നോട്ടത്തിന്റെ കുഴലിലൂടെത്തന്നെ അവ നമ്മേയും തീക്ഷണമായി തിരിച്ചു നോക്കുന്നതായി അനുഭവപ്പെടും.  മാത്രമല്ല നോട്ടങ്ങളിലൂടെയുളള സംവേദനത്തിന്റെ മൂഹൂര്‍ത്തങ്ങളില്‍ ആ ചിത്രങ്ങളും ശില്‍പ്പങ്ങളും നവതലമുറയുടെ ആകാംക്ഷകളെപ്പോലും അഭിസംബോധന ചെയ്യുന്നത്ര സമകാലികമാണെന്നു ബോധ്യപ്പെടുകയും ചെയ്യും.       അടിയന്തരാവസ്ഥയുടെ കാലത്ത് കക്കയം പോലീസ് കാംപില്‍ അനുഭവിക്കേണ്ടി വന്ന കടുത്ത മര്‍ദ്ദനത്തിനും കാരാഗ്രഹ വാസത്തിനുമിടയില്‍ മൃദുപ്രകൃതിയായ മോഹനന്റെ മാനവ സങ്കല്‍പ്പം ഉടഞ്ഞുപോയിരുന്നു.  ശേഷം ആ യുവാവിന് മനുഷ്യരേയും ലോകത്തേയും വീണ്ടും ആദ്യം മുതല്‍ നട്ടു പിടിപ്പിച്ച് വളര്‍ത്തിയെടുക്കേണ്ടി വന്നു.  നേരിട്ട് മര്‍ദ്ദിക്കപ്പെടാത്ത ജീവിതം സ്ഥിരമായി പുലരാന്‍ തുടങ്ങിയപ്പോള...

നമ്മുടെ നാളത്തെ ലോകം

നമ്മുടെ നാളത്തെ ലോകം എങ്ങിനെയുള്ളതായിരിക്കണം എന്ന് വിഭാവനം ചെയ്യുമ്പോള്‍ നാം പെട്ടെന്ന് ഇന്നത്തെ ലോകത്തെ ചില തിരുത്തലുകളോടെയും പരിഷ്‌കരണങ്ങളോടെയും ഏച്ചു കൂട്ടലുകളോടെയും സങ്കല്‍പ്പിച്ചു നോക്കാന്‍ തുടങ്ങിയേയ്ക്കും.  അപ്പോള്‍ നമുക്ക് ലഭിക്കുക ചില മാറ്റങ്ങളോടെയുള്ള ഇതേ ലോകത്തിന്റെ പരിഷ്‌കൃത രൂപമായിരിക്കും.  ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്നത് സമൂലമായ മാറ്റങ്ങളോടെയുള്ള ലോകമായിരിക്കാം.  ലോകത്തെ നിര്‍മ്മിക്കാതെയുള്ള ജീവിത രീതിയെ കുറിച്ചും പരീക്ഷാണാത്മകമായി ആലോചിക്കാവുന്നതാണ്.  ഏത് വിധത്തിലായാലും അതിനായുള്ള അന്വേഷണം തുടങ്ങേണ്ടിവരുക ഇപ്പോഴുള്ളതിനെ കുറിച്ചുള്ള പുനരാലോചനയിലൂടെയായിരിക്കും.  നമ്മുടെ ലോകം എന്നതിനെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ലോകമായി കരുതാം.  അപ്പോള്‍ പുനരാലോചന ശ്രദ്ധ പതിപ്പിക്കേണ്ടി വരുക പ്രധാനമായും നിലനില്‍ക്കുന്ന സാമൂഹ്യജീവിതത്തെ കുറിച്ചും ബദല്‍ സാധ്യതകളെ കുറിച്ചുമായിരിക്കും. സമൂഹത്തെ കുറിച്ച് നിലവിലുള്ള ധാരണ മിക്കവാറും എല്ലാ സിദ്ധാന്തങ്ങളും ലോകത്തെ കുറിച്ചുള്ള ഗാഢ വിചാരങ്ങളാണ്.  സിദ്ധാന്തം താല്‍പ്പര്യരഹിതമായാണ് അതിന്റെ വിഷയത്തെ നോക്കുക. ...

നിഴല്‍മാനം

നിഴല്‍മാനം കാലത്തിന്റെ ആരും ശ്രദ്ധിക്കാത്ത ചില ഏടുകളില്‍വെച്ച് ഞങ്ങള്‍ കണ്ടുമുട്ടി. കണ്ണുകളാല്‍ കോര്‍ക്കപ്പെട്ട് ഞങ്ങള്‍ ഉമ്മറപ്പടിയോളമെത്തി. ഒരുമയുടെ സ്വപ്‌നഭവനത്തിലേയ്ക്ക് ഞാനവളെ ക്ഷണിച്ചു. സംഗീതത്തിന്റേയും പഠനത്തിന്റേയും ഉള്‍മുറികളിലേയ്ക്കും. വിശ്രമത്തിന്റേയും യോഗത്തിന്റേയും ആന്തരസ്ഥലികളിലേയ്ക്കും. സ്വപ്‌നക്കുരുക്കുകളോട് അവള്‍ക്കുള്ള ഭയം കുട്ടികള്‍ക്ക് ഭയത്തോടുള്ള പ്രിയം പോലെ! ്അവള്‍ ഒരു കുട്ടിയായി ഉള്‍മുറികളില്‍ ഭയന്നു വിതുമ്പി, മൗനത്തില്‍ ശ്വസിച്ച് അങ്ങിങ്ങ് ഒരു പറ്റം ശൂന്യതകളില്‍ പറ്റിനിന്നു.  അവളിലെ യുവതിക്ക് ഞാന്‍ മീട്ടിയ തന്ത്രികള്‍കൊണ്ട് ചിറകണിയിച്ചപ്പോള്‍ അവള്‍ ഒരു നിഴല്‍പറവയായി, നിഴലിന്റെ കനത്ത സാന്നിധ്യമായി എന്റെ സഞ്ചാരങ്ങളില്‍ ചേര്‍ന്നു. സംഗീതമുറിയിലെ ശ്രുതിയില്‍ ്അവള്‍ സ്വരങ്ങളുടെ നിഴലായി, യോഗാസനങ്ങളില്‍ ശ്വാസത്തിന്റെ, വിശ്രമത്തില്‍ ഉറക്കത്തിന്റെ. സ്വപ്‌നത്തിന്റെ മുറിയില്‍ അവള്‍ മെഴുകുതിരി വെളിച്ചമായി, പഠനത്തിന്റെ മിഴിപ്പീലികളായി, യാത്രയില്‍ കാലചക്രമായി. നിലനില്‍പ്പിന്റെ നിഴല്‍മാനങ്ങളായി, യാഥാര്‍ഥ്യേതരതയുടെ വിരിയാമൊട്ടുകളായി, ദൃശ്യതയുട...