നമ്മുടെ നാളത്തെ ലോകം എങ്ങിനെയുള്ളതായിരിക്കണം എന്ന് വിഭാവനം ചെയ്യുമ്പോള്‍ നാം പെട്ടെന്ന് ഇന്നത്തെ ലോകത്തെ ചില തിരുത്തലുകളോടെയും പരിഷ്‌കരണങ്ങളോടെയും ഏച്ചു കൂട്ടലുകളോടെയും സങ്കല്‍പ്പിച്ചു നോക്കാന്‍ തുടങ്ങിയേയ്ക്കും. അപ്പോള്‍ നമുക്ക് ലഭിക്കുക ചില മാറ്റങ്ങളോടെയുള്ള ഇതേ ലോകത്തിന്റെ പരിഷ്‌കൃത രൂപമായിരിക്കും. ചിലപ്പോള്‍ നാം പ്രതീക്ഷിക്കുന്നത് സമൂലമായ മാറ്റങ്ങളോടെയുള്ള ലോകമായിരിക്കാം. ലോകത്തെ നിര്‍മ്മിക്കാതെയുള്ള ജീവിത രീതിയെ കുറിച്ചും പരീക്ഷാണാത്മകമായി ആലോചിക്കാവുന്നതാണ്. ഏത് വിധത്തിലായാലും അതിനായുള്ള അന്വേഷണം തുടങ്ങേണ്ടിവരുക ഇപ്പോഴുള്ളതിനെ കുറിച്ചുള്ള പുനരാലോചനയിലൂടെയായിരിക്കും. നമ്മുടെ ലോകം എന്നതിനെ നമ്മുടെ സാമൂഹിക ജീവിതത്തിന്റെ ലോകമായി കരുതാം. അപ്പോള്‍ പുനരാലോചന ശ്രദ്ധ പതിപ്പിക്കേണ്ടി വരുക പ്രധാനമായും നിലനില്‍ക്കുന്ന സാമൂഹ്യജീവിതത്തെ കുറിച്ചും ബദല്‍ സാധ്യതകളെ കുറിച്ചുമായിരിക്കും.
സമൂഹത്തെ കുറിച്ച് നിലവിലുള്ള ധാരണ
മിക്കവാറും എല്ലാ സിദ്ധാന്തങ്ങളും ലോകത്തെ കുറിച്ചുള്ള ഗാഢ വിചാരങ്ങളാണ്. സിദ്ധാന്തം താല്‍പ്പര്യരഹിതമായാണ് അതിന്റെ വിഷയത്തെ നോക്കുക. കാരണം അവയെ വസ്തുനിഷ്ഠമായാണ് കാണുന്നത്. വസ്തുനിഷ്ഠവത്കരിക്കുന്നതുകൊണ്ടാണ് നീതി, സത്യം, സൗന്ദര്യം എന്നിങ്ങനെ അവയെ ലോകത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പരിശോധിക്കാന്‍ കഴിയുന്നത്. ഭൗതിക ശാസ്ത്രം പ്രകൃതിയെ വസ്തുനിഷ്ഠവത്കരിച്ച്, പാദാര്‍ത്ഥങ്ങള്‍ പിന്‍തുടരുന്ന നിയമങ്ങളെ കണ്ടെത്തി, ലോകത്തെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. ഫ്രഞ്ച് സാമൂഹിക ശാസ്ത്രജ്ഞനായ എമിലി ഡര്‍ക്ക്‌ഹൈം സാമൂഹികമായ വസ്തുതകള്‍ ഉണ്ടെന്നും അവ ചില ചട്ടങ്ങള്‍ അനുസരിക്കുന്നുണ്ടെന്നും സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാവുക ഈ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും എന്നും സമര്‍ത്ഥിച്ചിരുന്നു. ഭൗതിക ശാസ്ത്ര സംപ്രദായത്തിന്റെ രീതിശാസ്ത്രമാണ് ഈ സാമൂഹ്യശാസ്ത്ര സമീപനത്തില്‍ പ്രതിഫലിക്കുന്നത്. സമൂഹത്തെ ഒരു യന്ത്രമായി കാണുന്നതും ജൈവ ഘടനയായി കാണുന്നതും മറ്റു തരത്തിലുള്ള സമാന രീതികളാണ്. ഈ രീതികളെല്ലാം സമൂഹത്തെ വസ്തുനിഷ്ഠമായാണ് എടുക്കുന്നത്. ഈ സങ്കല്‍പ്പമാണ് പൊതുവില്‍ സാമൂഹ്യശാസ്ത്ര സമീപനങ്ങളില്‍ പൂര്‍വ്വകല്‍പ്പനയായി കുടികൊള്ളുന്നത്. ഇതാണ് സമൂഹത്തെ തിരുത്തുകയും പരിഷ്‌കരിക്കുകയും മറ്റും ചെയ്യുകയാണ് അഭിലഷണീയം എന്ന് പറയാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് അല്ലെങ്കില്‍ ആ ദിശയില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സാധ്യമാണെന്ന് തോന്നിപ്പിക്കുന്നത്. ഈ പൂര്‍വ്വകല്‍പ്പനയനുസരിച്ച് സമൂഹമെന്നത് ഒരു ഏകത്വമാണ്, അതുകൊണ്ടുതന്നെ അതിനെ മാറ്റിത്തീര്‍ക്കാനും കഴിയും. വിദഗ്ധര്‍ ഈ സമീപനത്തെ സൈദ്ധാന്തികമായി സ്ഥാപിക്കുമ്പോള്‍ സാധാരണ ജനത അവര്‍ക്ക് പുറത്ത് ഒരു സമൂഹമുണ്ടെന്ന് വിശ്വാസത്തിലൂടെ സ്ഥാപിക്കുന്നു. സമുഹത്തെ ഇപ്രകാരം വസ്തുനിഷ്ഠവത്കരിക്കുമ്പോള്‍ ഫലത്തില്‍ നാം വ്യവസ്ഥാപിതമായ ജീവിത രീതിയെ പുനരുത്പാദിപ്പിക്കുകയാണ്. അതായത് ഫലത്തില്‍ ഈ സമീപനം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്ന് പറയാം. .
വ്യവസ്ഥയെ നല്‍ക്കപ്പെട്ടതായും അതിന്റെ പ്രവര്‍ത്തനങ്ങളെ നിയമമനുസരിക്കലായും മനസ്സലാക്കുമ്പോള്‍ നാം കാണാതെ പോകുന്നത് മനുഷ്യബന്ധങ്ങളുടെ തത്സമയ സാക്ഷാത്കാരത്തിന്റെ സങ്കീര്‍ണ്ണതകളെയാണ്. മനുഷ്യര്‍ പരസ്പരം ബന്ധത്തിലേര്‍പ്പെടുകയും ആ ബന്ധത്തിലൂടെയുണ്ടായ ചില ചട്ടങ്ങളെ അവര്‍ നിലനിര്‍ത്തുകയും ചെയ്യുന്നുണ്ടാവാം. ഇത്തരം ബന്ധങ്ങളുടെ ഉത്പത്തിപരമായ കാരണങ്ങളും ചട്ടങ്ങളായി നിലനിന്നു പോകുന്നതിന്റെ കാരണങ്ങളും ഭൗതികശാസ്ത്ര മാതൃകയനുസരിച്ച് കണ്ടെത്താന്‍ കഴിയില്ല.
സമൂഹത്തെ കൂടുതല്‍ അറിയുക, പരിഷ്‌കരിക്കുക, മാറ്റുക എന്നൊക്കെയായിരുന്നു ബോധോദയത്തിന്റെ സങ്കല്‍പ്പങ്ങള്‍. സാമൂഹിക ശാസ്ത്രത്തിന്റെ ആദ്യ കാല ലക്ഷ്യം അതായിരുന്നു. അത്തരം പദ്ധതികള്‍ക്ക് പൊതുവായി ഒന്നുണ്ട്: സാമൂഹ്യശാസ്ത്രം പകരുന്ന അറിവ്. യഥാര്‍ത്ഥത്തില്‍ നമുക്ക് സാമൂഹ്യവ്യവസ്ഥയെ കുറിച്ച് അറിയേണ്ട ആവശ്യമുണ്ട്. കാരണം നാം എങ്ങിനെയാണ് ജീവിക്കുന്നത് എന്ന് നമുക്ക് അറിയണമല്ലോ. വിപുലമായ അര്‍ത്ഥത്തില്‍ അതും സാമഹ്യജ്ഞാനമാണ്. പക്ഷെ സാമൂഹ്യശാസ്ത്രജ്ഞര്‍ ആ ജ്ഞാനമല്ല അന്വേഷിക്കുന്നത്. അവര്‍ നല്‍കുന്ന സാമൂഹ്യജ്ഞാനത്തില്‍ നാം വിശ്വസിക്കുമ്പോള്‍ നാം വ്യവസ്ഥയുമായി തന്മയീഭവിക്കുകയാണ്. ഒരു രോഗി വൈദ്യശാസ്ത്ര വ്യവസ്ഥയില്‍ പ്രവേശിക്കുമ്പോള്‍ തന്റെ പരിധിയിലല്ലാത്ത ഒരു മേഖലയിലേയ്ക്ക് കടക്കുന്നതുപോലെയാണ്. അവിടെ എത്തുന്നതോടെ താന്‍ ആരാണെന്ന് തീരുമാനിക്കപ്പെടുകയാണ്. ഒരു പ്രത്യേക തരം പ്രത്യയശാസ്ത്രം അയാള്‍ സ്വീകരിക്കേണ്ടതായി വരുകയാണ്. വൈദ്യശാസ്ത്ര വിദഗ്ധര്‍ക്ക് കൂടുതല്‍ അറിയാവുന്ന ഒരു ശരീരമാണ് താന്‍ എന്ന് അയാള്‍ അംഗീകരിക്കേണ്ടിവരുന്നു. കാരണം വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ശരീരം എന്നത് രോഗനിര്‍ണ്ണയ വിജ്ഞാനീയത്തിന്റെ വിഷയമാണ്. അതായത് ആ രോഗനിര്‍ണ്ണയ വിജ്ഞാനീയത്തിന്റെ വിഷയമായ ശരീരത്തെയാണ് താന്‍ ജീവിക്കേണ്ടതായി വരുന്നത്. സമാനമായ രീതിയില്‍ നാം സാമൂഹ്യ വ്യവസ്ഥയുമായി താദാത്മ്യം പ്രാപിക്കുകയാണെങ്കില്‍, വ്യവസ്ഥ യഥാര്‍ത്ഥമാണെന്ന് വിചാരിക്കാന്‍ നാം പ്രതിബദ്ധരാവുകയാണ്.
പുതിയ നോട്ടം
സമൂഹത്തെ കുറിച്ച് മറ്റൊരു മാതൃക സങ്കല്‍പ്പിച്ചു നോക്കാം. നാം സമൂഹിക ബന്ധങ്ങളില്‍ ഇടപെടുന്നത് അന്യോന്യം എതിര്‍ നിന്നുകൊണ്ടാണെങ്കില്‍ അതിനെ ആശ്രയിച്ചായിരിക്കും സമൂഹത്തെ കുറിച്ച് സങ്കല്‍പ്പമുണ്ടാകുക. എതിര്‍ നിന്നുകൊണ്ടുള്ള ബന്ധത്തെ പ്രതിയോഗിത എന്നു വിളിക്കാം. വിരോധവും സഹകരണവും പ്രതിയോഗിതയുടെ സാധ്യതകളാണ്. വിരോധവും സഹകരണവും ഇടകലര്‍ന്ന അന്യോന്യ ബന്ധത്തില്‍ സ്വാഭാവികമായും പരസ്പരം അനുനയിപ്പിക്കുന്ന അവസരങ്ങളുണ്ടാകും. മൃദുവായ അര്‍ത്ഥത്തില്‍ ഈ അനുനയിപ്പിക്കല്‍ ബലപ്രയോഗമാണ്. മിഷേല്‍ ഫൂക്കോ പറയുന്നതുപോലെ പരസ്പര ബന്ധത്തിന്റെ മണ്ഡലം ശക്തി മണ്ഡലമാണ്. ഇവിടെ ശക്തി മര്‍ദ്ദകമല്ല. ഉത്പാദനാത്മകമാണ്. സൃഷ്ട്യുന്മുഖമാണ്. എങ്കിലും ബന്ധത്തിന്റെ പ്രകൃതം പ്രതിയോഗിതയുടേതാണ്. പക്ഷെ ബന്ധത്തിന്റെ പ്രകൃതം എന്താണെന്ന് തിരിച്ചറിയപ്പെടണമെന്നില്ല. കാരണം അനുസരിക്കുന്നത് ശീലമായി കഴിഞ്ഞാല്‍ അത് സ്വാഭാവികമായ ഒരു പ്രക്രിയയായിത്തീരും. പിന്നീട് അത് ചട്ടമാകുകയും ചെയ്യും. നവവധു രാവിലെ ചായ നല്‍കുന്നത് പില്‍ക്കാലത്ത് ഭര്‍ത്താവിന്റെ അവകാശവും ഭാര്യയുടെ കടമയും ആകുന്നതുപോലെ.
സാമൂഹികതയുടെ കാതലായ വശങ്ങളിലൊന്ന് ഓരോ മനുഷ്യരും അവരുടെ ജീവിത സന്ദര്‍ഭങ്ങളില്‍ ഓരോ തരം ഏര്‍പ്പാടുകളിലായിരിക്കും എന്നതാണ്. ഇതരുരുമായുള്ള ബന്ധത്തെ ഏര്‍പ്പാട് അല്ലെങ്കില്‍ സംരംഭം എന്ന നിലയിലാണ് ഓരോരുത്തരും തിരിച്ചറിയുന്നത്. എത്ര നിസ്സാരമായ കാര്യമായാലും അതില്‍ സംരംഭകത്വമുണ്ടാകും അഥവാ സഹകരിച്ചു ചെയ്യുന്നതിന്റെ അല്ലെങ്കില്‍ വിരോധിച്ചു ചെയ്യുന്നതിന്റെ ബോധവും തിരിച്ചറിവുകളും അടങ്ങിയിരിക്കും. ഈ തിരിച്ചറിവും ബോധവുമാണ് സാമൂഹികതയെ ഉണ്ടാക്കുന്നത്. ഈ സംരംഭം യഥാര്‍ത്ഥത്തില്‍ ഭാവിയിലേയ്ക്കുള്ള ഒരു മുന്നേറ്റമാണ്. നമ്മുടെ ചെയ്തികളെല്ലാം ഭാവിയിലേയ്ക്ക് ലക്ഷ്യം വെച്ചുള്ളവയാണ്. പ്രത്യക്ഷത്തില്‍ അങ്ങനെ കാണപ്പെടുന്നില്ലെങ്കിലും. അതുകൊണ്ടുതന്നെ പദാര്‍ത്ഥ ചലനംപോലെ വിശദീകരിക്കാവുന്ന ഒരു വിഷയമല്ല അത്. ഭാവിയിലേയ്ക്കുള്ള ലക്ഷ്യംവെയ്ക്കല്‍ കര്‍മ്മത്തില്‍ പ്രച്ഛന്നമായി കിടക്കുകയാണ്. ആ പ്രക്രിയയില്‍ പരസ്പര സ്വാധീനം വഴി പൊതുമണ്ഡലം ഒരു ശക്തി മണ്ഡലമായി മാറുകയാണ് ചെയ്യുന്നത്. .
ചിലര്‍ ശക്തി ഉപയോഗിച്ച് ഒരു ഭൂപ്രദേശം കീഴിടക്കി അവിടെയുള്ളവരെ ഭരിക്കാന്‍ തുടങ്ങി എന്ന് സങ്കല്‍പ്പിക്കുക. അത് ആ വ്യവസ്ഥയുടെ ഉത്പത്തിപരമായ കാരണമാണ്. കൂറേ കാലം അങ്ങനെ തുടരുമ്പോള്‍ അത് സ്ഥാപിക്കപ്പെട്ട ക്രമമാകും. സാധൂകരിക്കപ്പെടും. ആ ക്രമം സ്വാഭാവികമാണെന്ന് പ്രതീതി ജനിപ്പിക്കും. പിന്നീട് ആ വ്യവസ്ഥ നിലനിന്നു പോകുക വേറെ കാരണങ്ങളാലായിരിക്കും. സ്വാഭാവികമായി കരുതപ്പെട്ട ആ വ്യവസ്ഥയെ കുറിച്ച് മനസ്സിലാക്കണമെങ്കില്‍ ആ വ്യവസ്ഥ ഉണ്ടായതിന്റെ ഉത്പത്തിപരമായ കാരണം അന്വേഷിക്കുകയാണ് വേണ്ടത്. അങ്ങനെ അന്വേഷിക്കുമ്പോള്‍ ആ വ്യവസ്ഥയുടെ അവ്യവസ്ഥിതത്വം നമുക്ക് മുന്നില്‍ വെളിപ്പെടും. ആ വ്യവസ്ഥയുടെ ഉത്പത്തിപരമായ കാരണം ഒരു കൂട്ടരുടെ മറ്റൊരു കൂട്ടരുടെ മേലുള്ള ബലപ്രയോഗവും ആധിപത്യവുമാണ്. അതോടെ ആ വ്യവസ്ഥയുടെ സ്വഭാവികതയുടെ കള്ളി വെളിച്ചത്താവുകയാണ്.
വ്യവസ്ഥാപിത ജീവിതം ഒരു തുടര്‍ പ്രക്രിയയാണ്. വ്യവസ്ഥയുടെ എല്ലാ ചിഹ്നങ്ങളും നമ്മില്‍ കാണാന്‍ കഴിയും. അതിന്റെ ഡാറ്റ ഭൂതമായി കഴിഞ്ഞതാണ്. ഡാറ്റ മൃതമാണ്; അവ ഒന്നും സ്വയം പറയുന്നില്ല. നിരീക്ഷണം, വിശദീകരണം, പ്രവചനം സമം അറിവ് എന്ന ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് വ്യക്തിയുടെ ഉള്ളിലെ ജീവിതത്തിലേക്ക് നോക്കുമ്പോള്‍ ഭൂതകാലവും ഡാറ്റയുമൊന്നും കാണാന്‍ കഴിയില്ല. അപ്പോള്‍ എന്തായിരിക്കും അറിയല്‍? ഭവം കഴിഞ്ഞ കാര്യമാണ്. എന്തോ ഒന്നു ഭവിച്ചു കഴിഞ്ഞു. ഭവിച്ചതിന്റ ഓര്‍മ്മയുടെ റജിസ്റ്റര്‍ മാത്രമാണ് സൂക്ഷിക്കപ്പെടുന്നത്. പിന്നീട് മറ്റെന്തോ സമാനാമയത് സംഭവിക്കുമ്പോള്‍ അതിനെ മുന്‍പത്തെ സംഭവവുമായി കൂട്ടിയണക്കി വീണ്ടും വീണ്ടും റജിസ്റ്റര്‍ ചെയ്തുകൊണ്ട് നാം ക്രമേണ വ്യവസ്ഥാത്മകമായി മാറും. യഥാര്‍ത്ഥത്തില്‍ ഭൂതകാലം ഉണ്ടോ? ഇല്ല. നോക്കിയാല്‍ കാണുക ഓര്‍മ്മ എന്ന രജിസ്ട്രിയുടെ, ലേഖ്യനിവേശനത്തിന്റെ, മുറിവുകള്‍ വാര്‍ന്നൊലിക്കുന്നത് മാത്രമാണ്. രജിസ്ട്രിയാണ് വ്യവസ്ഥാത്മക പ്രതീതി ഉളവാക്കുന്നതിന് കാരണമായ പ്രധാന ഘടകങ്ങളിലൊന്ന്.
നാം യഥാര്‍ത്ഥത്തില്‍ വ്യക്തികളാണോ എന്നു പരിശോധിക്കാവുന്നതാണ്. ഉള്ളിലേയ്ക്ക് നോക്കുമ്പോള്‍ കാണുക വ്യക്തിയെ അല്ല. ഉള്ളില്‍ കാണുന്നത് സാമൂഹിക വ്യവസ്ഥയുടെ പതിപ്പുകളേയാണ്. സാമൂഹികത ഉണ്ടാക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ നിര്‍മ്മിതിയാണ് വ്യക്തി എന്നത്. വ്യവസ്ഥയോട് പ്രതികരിക്കുക മാത്രമേ നമുക്ക് നിവര്‍ത്തിയുള്ളു എന്നു പറയുന്നവരുണ്ട്. പക്ഷെ വ്യവസ്ഥയോട് പ്രതികരിക്കലും വ്യവസ്ഥയുടെ ഭാഗമാകലാണ്. യഥാര്‍ത്ഥത്തില്‍ ഈ വ്യവസ്ഥ മാത്രമല്ല സാധ്യമായത്. കൂടാതെ, വ്യവസ്ഥ സത്താപരമായി ശൂന്യമാണ്. വ്യവസ്ഥയില്‍ ആകെത്തുകയായി കാണുന്നത് നമ്മുടെ തൃഷ്ണകളുടെ ആകെത്തുകയാണ്. നമ്മെ കുറിച്ച് നാം ബോധവാന്മാരാകുന്നതുതന്നെ നമ്മുടെ തൃഷ്ണകളെ കുറിച്ച് ബോധവാന്മാരാവുന്നതിലൂടെയാണ്. നിങ്ങള്‍ എന്തായിത്തീരുന്നു എന്നത് നിങ്ങള്‍ എന്ത് ചെയ്യുന്നു എന്നതിനനുസിരിച്ചിരിക്കും. അതുകൊണ്ട് വ്യവസ്ഥയോട് ഒട്ടി നിന്ന് അതിനെ നിലനിര്‍ത്തുകയല്ല വേണ്ടത്.
സാമൂഹികതയെ ഉണ്ടാക്കുന്ന മറ്റൊരു ഘടകം പ്രതിജ്ഞാബദ്ധതയാണ്. കുട്ടികള്‍ക്ക് അതില്ല, അതുകൊണ്ട് അവര്‍ക്ക് സമൂഹവുമില്ല. സമൂഹം മുതിര്‍ന്നവരുടേതാണ്. പ്രതിജ്ഞാബദ്ധത ഉണ്ടായത് ഒരു പക്ഷെ യാദൃശ്ചികമായിട്ടാകാം. പ്രതിജ്ഞാബദ്ധത വൈകാരികമാണ്. നാം പ്രണയിച്ചും കോപിച്ചും മറ്റും വികാരാധീനരായിക്കൊണ്ടിരിക്കും. വ്യവസ്ഥയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വികാരാധീനരായിക്കൊണ്ടുതന്നെ. വികാരാധീനരാകുമ്പോള്‍ നമുക്ക് ഒന്നും കാണാന്‍ കഴിയില്ല. വ്യവസ്ഥാത്മക ജീവിതത്തിന് ജീവന്‍ നല്‍കുന്നത് ഈ വികാരാധീനതയാണ്, ഈ ഉത്കണ്ഠയാണ്. സാമൂഹ്യജീവിതത്തില്‍ ആരുംതന്നെ താത്പര്യമില്ലാതെയല്ല ജീവിക്കുന്നത് എന്ന് പിയറെ ബോര്‍ഡ്യൂ നിരീക്ഷിച്ചിട്ടുണ്ട്. പക്ഷെ താത്പര്യം എന്നത് ഈ സന്ദര്‍ഭത്തില്‍ ഒരു വിളറിയ ആശയമാണ്, കാരണം അത് കോപം, നിരാശ, ആത്മഹത്യാ പ്രവണത എന്നിവയെ വിശദീകരിക്കുന്നില്ല എന്ന് തത്വചിന്തകനായ നിസാര്‍ അഹമ്മദ് പറയുന്നു. നാം നമ്മുടെ മനഃസ്ഥിതിയെ സസ്പന്‍ഡ് ചെയ്യുകയാണെങ്കില്‍ നമ്മുടെ വികാരാധീനത നമ്മുടെ പ്രത്യേകമായ സ്വന്തം വികാരാധീനതയ്ക്കപ്പുറം പോകുന്നു. അതോടെ അത് കംപാഷണനായി മാറുകയണ് എന്നാണ് നിസാര്‍ അഹമ്മദ് പറയുന്നത്. വികാരത്തെ ഉപേക്ഷിക്കുകയല്ല. കാലിയായി സൂക്ഷിക്കുകയാണ് കംപാഷനില്‍ സംഭവിക്കുന്നത്.
മനഃസ്ഥിതി
'മനുഷ്യബന്ധങ്ങളില്‍ പ്രായോഗികമായ അനന്തരഫലങ്ങളുളവാക്കാന്‍ ശേഷിയുള്ള, വിശ്വാസങ്ങളുടേയും മൂല്യങ്ങളുടേയും വിവരങ്ങളുടേയും ആപേക്ഷികമായ യുക്തിപ്രക്രിയകളുടേയും എപ്പോഴും ക്രിയാത്മകമാകാന്‍ സജ്ജമായിരിക്കുന്ന ഉപബോധപരമായ ഘടനയാണ് മനഃസ്ഥിതി' (നിസാര്‍ അഹമ്മദ്. സാമൂഹികാരോഗ്യം ചില ചിന്തകള്‍. പുറം 31). സംരംഭങ്ങള്‍ ഓരോരുത്തരുടേയുമായി തീരുന്നത് ഈ മനഃസ്ഥിതിയോട് തന്മയീഭവിക്കുമ്പോഴാണ്. ഓരോരുത്തരും ഭവാത്മകമായി മനഃസ്ഥിതിയിലേയ്ക്ക് അര്‍പ്പിക്കുമ്പോള്‍ സമൂഹത്തോട് പ്രിതിബദ്ധത ഉണ്ടാകുക മാത്രമല്ല, സമൂഹത്തെ സംസ്ഥാപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ഒരാള്‍ ഭര്‍ത്താവാന്‍ സ്വയം അര്‍പ്പിക്കുമ്പോള്‍ അയാള്‍ ഭര്‍ത്താവാകാന്‍ പ്രതിബദ്ധനാകുക മാത്രമല്ല ഭര്‍ത്താവിനെ ഉണ്ടാക്കുക കൂടി ചെയ്യുകയാണ്.
ഒരു സംരംഭത്തില്‍ ഏര്‍പ്പെടുമ്പോള്‍ ആ സംരംഭം നന്നായി നടക്കാനുള്ള ക്രിയാത്മകമായ തയ്യാറെടുക്കലിനെ പരസ്പരഘടിതമായി സഹായിക്കുന്ന ഒരു സ്ഥിതിവിശേഷമാണ് മനഃസ്ഥിതി. സംഘങ്ങളായി തന്മയീഭവിച്ച് നില്‍ക്കുന്നവര്‍ സമാനമായി ചിന്തിക്കുന്നത് അവര്‍ പങ്കിടുന്ന മനഃസ്ഥിതി കാരണമാണ്. മനഃസ്ഥിതി കീഴ്‌വഴക്കമനുസരിച്ചുള്ളതും അനിവാര്യമല്ലാത്തതുമാണ്. കാലങ്ങളെടുത്താണ് മനഃസ്ഥിതി രൂപപ്പെടുന്നത്. നമുക്ക് പുറത്ത് ഘനമുള്ള സ്വാധീനമായി ഒരു സമൂഹം ഉണ്ട് എന്ന പ്രതീതി ജനിപ്പിക്കുന്നത് ഈ മനഃസ്ഥിതിയാണ്. ചട്ടങ്ങള്‍ പാലിക്കപ്പെടുന്നതും മനഃസ്ഥിതി കാരണമാണ്. എന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള ബന്ധം പ്രതിയോഗിതയുടേതാണ് എന്ന് തിരിച്ചറിഞ്ഞാല്‍ സമൂഹം എന്ന ഘന രൂപം ഉരുകി ഇല്ലാതാവും. വ്യവസ്ഥ മനസ്സില്‍ പതിയുന്നതാണ് മനഃസ്ഥിതി. മനഃസ്ഥിതിയെ വിട്ടാല്‍, വ്യവസ്ഥയുടെ പതിപ്പുകളെ അടര്‍ത്തിക്കളഞ്ഞാല്‍, നാം വ്യവസ്ഥയില്‍ നിന്ന് വിമോചിതരാവും. പക്ഷെ പിന്നെ എന്ത് ചെയ്യണമെന്ന് പട്ടികയില്‍ നോക്കി തീരുമാനിക്കാന്‍ കഴിയില്ല. പതിപ്പുകളില്ലാതായി, നവോന്മേഷം പൂണ്ട സംവേദനക്ഷമത ഇനി എന്ത് എന്നതിനെ ചൊല്ലി വിദഗ്‌ധോപദേശം തേടില്ല. കാരണം സര്‍ഗ്ഗാത്മകതയുടെ വാതില്‍ തുറന്നു കിടക്കുകയാണ്.
സംവേദനക്ഷമതയും ശ്രദ്ധയും
വ്യവസ്ഥയേയും അതിന്റെ പതിപ്പുകളായ മനഃസ്ഥിതിയേയും നിര്‍ത്തി വെയ്ക്കുന്നതിലൂടെ നാം വ്യവസ്ഥയില്‍ നിന്ന് മോചിതരാവുകയും സംവേദനക്ഷമരാകുകയുമാണ്. അതോടൊപ്പം സംരഭത്തില്‍ സ്വത്വം പുലര്‍ത്തിയിരുന്ന വൈകാരികമായ ഒട്ടലിനെ നിര്‍ത്തിവെയ്ക്കുന്നതിലൂടെ സ്വത്വത്തിനപ്പുറം കടക്കുകയും കംപാഷന്‍ അതിന്റെ വൈകാരിക മുഖമായിത്തീരുകയുമാണ്. എന്തെങ്കിലും താത്പര്യങ്ങളാലോ ആഗ്രഹങ്ങളാലോ നിറയ്ക്കപ്പെടാത്ത ഒഴിഞ്ഞ പാത്രം പോലെയാണ് കംപാഷന്‍. അത് സ്വത്വത്തിന് അതീതവുമാണ് അതേ സമയം നിര്‍വ്വികാരവുമല്ല. ഇതരരുടെ പ്രശ്‌നങ്ങളോട് സംവിദിക്കാനാവുന്ന ്അനുകംപാപൂര്‍ണ്ണമായ സജ്ജതയായി കംപാഷന്‍ പ്രവര്‍ത്തിക്കും. എങ്കിലും വ്യവസ്ഥയെ നിര്‍ത്തിവെയ്ക്കുന്നതിലൂടെയുള്ള മോചനം നിരന്തരം നിലനിര്‍ത്തണമെങ്കില്‍ തിരിച്ചുപോക്കിനെതിരെ സദാ ജാഗരൂകരായിരിക്കേണ്ടതുണ്ട്. ഓരോരുത്തരം വ്യവസ്ഥയെ പുനരുത്പാദിക്കാതിരുന്നാല്‍ വ്യവസ്ഥ മങ്ങി മങ്ങി ഇല്ലാതാകും. ജാഗരൂകരാകാന്‍ വേണ്ടത് ശ്രദ്ധയാണ്. ഇവിടെ ശ്രദ്ധയെന്നാല്‍ അറ്റന്‍ഷന്‍ ആണ്. ജാഗ്രത പുലര്‍ത്താനുള്ള ശ്രദ്ധ. ഒരു കുളത്തിനരികെ കളിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടിയുടെ രക്ഷകരായി നാം ഇരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. കുട്ടി യഥേഷ്ടം കളിക്കണം. അതേ സമയം കുളത്തില്‍ വീഴുകയുമരുത്. ഈ ഉദാഹരണത്തില്‍ ശ്രദ്ധ ജാഗ്രത പുലര്‍ത്തലാണ്. ഇതുപോലെ നാം വ്യവസ്ഥയെ രൂപീകരിക്കാതിരിക്കാനും നിലനിര്‍ത്താതിരിക്കാനും സദാ ശ്രദ്ധ പുലര്‍ത്തുകയാണ് വേണ്ടത്. ചുരുക്കത്തില്‍ സംവേദനക്ഷമതയും കംപാഷനും ശ്രദ്ധയും വ്യവസ്ഥേതരമായ ഒരു നവലോകത്തിന്റെ പ്രാണവായുവായി വര്‍ത്തിക്കും.
മുകുന്ദനുണ്ണി
Comments