പാടുമ്പോള്‍ രാഗാംഗങ്ങളോട് ബന്ധുത്വം വളരുകയും ശബ്ദത്തിന്റെ നിറങ്ങള്‍ നിറഞ്ഞ ആ ബന്ധത്തിലെവിടെയോവെച്ച് പാട്ടുകാര്‍ വികാരഭരിതരാവുകയും ചെയ്യും. പാടലിലെ അന്വേഷണം വികാരരഹിതമല്ല. ഗാനം സ്വതന്ത്രമായി സ്ഥായികളില്‍ പറക്കുമ്പോള്‍ നിരവധി സമ്മിശ്രവികാരങ്ങളുടെ മര്‍മ്മരമുണ്ടാകും. രാഗം വിസ്തരിക്കുമ്പോള്‍ സ്വയം തിരിച്ചറിയാനാവാതെ ഈണത്തിന്റെ അതിര്‍ത്തികള്‍ കടന്നുപോകുന്നതായി തോന്നാം. ഈണം അടിയൊഴുക്കുപോലെ വികാരതരംഗങ്ങളില്‍ ഒളിച്ചിരിക്കും.
കല്യാണി രാഗം പാടുമ്പോള്‍ ബാലമുരളീ കൃഷണയ്ക്ക് തോന്നിയിരുന്നത് സംഗീതദേവത കല്യാണി രാഗത്തിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതുപോലെയാണ്. ധോണ്ടുതായ് കുല്‍ക്കര്‍ണി (1927 - 2014) പ്രഭാതത്തില്‍ ഭൈരവി രാഗം പാടുന്നതിന്റെ വാഗ്ചിത്രത്തിലും (ദി മ്യൂസിക് റൂം) സമാനമായ ബിംബകല്‍പ്പന കാണാം: തംബുരുവിന്റെ ശ്രുതിയില്‍ ഭൈരവിയുടെ സ്വരങ്ങളെ ദീര്‍ഘനേരം ലയിപ്പിച്ച് മന്ദ്രസ്ഥായി മുതല്‍ പാടിത്തുടങ്ങിയ ഗായിക ക്രമേണ സംഗീതത്തിന്റെ പ്യൂപ്പയില്‍ പ്രവേശിക്കുന്നു. ഭൈരവിരാഗം ശിവന്റെ പത്‌നിയായ ഭൈരവിയായി പകര്‍ന്നാടി. ഭക്തി, കാമം, വിരഹം... സാക്ഷാല്‍ ഭൈരവിയുടെ വികാരങ്ങളാണ് തന്റെ രാഗത്തെ ബാധിക്കുന്നതെന്ന് തോന്നി. ആലാപനം ഏതോ അതിര്‍ത്തികളെ ഭേദിക്കുമ്പോള്‍ ഭൈരവി മുറിയില്‍ വന്നിരുന്ന് പാട്ട് കേള്‍ക്കുന്നുണ്ടായിരുന്നു. ധോണ്ടുതായ് പാട്ടവസാനിപ്പിച്ച് കണ്ണു തുറന്നപ്പോള്‍ പാല്‍ക്കാരന്‍ വാതില്‍പുറത്ത് പാല്‍കൊണ്ടുവെച്ചു പോയിരുന്നു.
പാടുന്നത് രാഗാധിഷ്ഠിതമായ ഈണമാണെങ്കിലും ഭാവാവിഷ്‌കാരം നടത്താന്‍ ഇവിടെ ശിവന്റെ പത്‌നിയായ ഭൈരവിയെ സങ്കല്‍പ്പിക്കുകയാണ്. തന്നെ ആവേശിച്ച ദേവതയുടെ വികാരഭാവാദികളാണ് രാഗവിസ്താരത്തെ നയിക്കുന്നത്. രാഗതാളങ്ങള്‍ക്കപ്പുറത്ത് സംഗീതത്തെ ദിവ്യമായ സംവാദമായി സങ്കല്‍പ്പിക്കുന്നതിലൂടെ ധോണ്ടുതായ് മാനുഷികമായ കടമ്പകള്‍ കടക്കുകയാണ്.
രാഗഭാവങ്ങളെ ചുറ്റിപ്പറ്റിയുള്ള സംഗീതാസ്വാദകരുടെ ലോകം വാചാലമാണ്. സംഗീതജ്ഞരുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ പാടുന്നത് ഏതെങ്കിലും ഭാവം സൃഷ്ടിക്കാനാണെന്ന് പറയുക വയ്യ. നൊമ്പരവും ആനന്ദവുമെല്ലാം അനുഭവിക്കുകയും അനുഭവിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആനന്ദതത്വം ക്രിയാത്മകതയുമായി കെട്ടുപിണയുമ്പോള്‍ ആനന്ദം പാടലിനേയും പാടല്‍ ആനന്ദത്തേയും പരസ്പരം പൂരിപ്പിക്കുന്നുണ്ടാവാം. ഈ അനുഭവങ്ങള്‍ക്ക് വാക്കുകള്‍ തുന്നാന്‍ ഭാഷ സജ്ജമല്ലാത്തതുകൊണ്ടാകാം, ഒരു പക്ഷെ, സംഗീതജ്ഞരും ആസ്വാദകരും അവരുടെ സൂക്ഷ്മാനുഭവത്തെ പ്രകടിപ്പിക്കുമ്പോള്‍ കാടു കയറുന്നത്, ഭാവപ്രകടനത്തിന്റെ സ്ഥിരം ശൈലികളിലേയ്ക്ക് കയറി ദിക്കുതെരിയാതെ ഉഴലുന്നത്. .
സംഗീതാനുഭവത്തെ സൂക്ഷ്മമായി പ്രകടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ വരുന്ന അവ്യക്തത അനുഭവത്തിന്റേയും അനുഭവസ്രോതസ്സിന്റേയും പ്രത്യേകതകൊണ്ടുകൂടിയാണ്. വാക്കിന്റെ നേരിട്ടുള്ള അര്‍ത്ഥത്തിനും ആലങ്കാരികമായ അര്‍ത്ഥത്തിനും ഉപരിയായ അവാച്യതയുടെ അമൂര്‍ത്ത തലങ്ങളിലാണ് ഉത്കൃഷ്ടമായ സംഗീതാനുഭവമെങ്കില്‍ ഇത്തരം അപഭ്രംശങ്ങള്‍ സ്വാഭാവികം. ദൈവീകം എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് അനുഭവത്തിന്റെ അവാച്യമായ ഭാഗമാണ്. അവാച്യതയുടെ വാച്യതയാണ് അമൂര്‍ത്തതയുടെ മൂര്‍ത്തത. ദിവ്യത്വത്തിലേയ്ക്ക് അതിഭൗതികമായി ചാടാതെ അവാച്യതയില്‍ നില്‍ക്കുകയാണെങ്കില്‍ ഈ പ്രശ്‌നത്തെ മനുഷ്യസഹജമായ പരിമിതിയായി കണക്കാക്കാമായിരുന്നു.
മനുഷ്യന്‍ രൂപകാത്മകമായെങ്കിലും ഒരു വൈകാരിക യന്ത്രമാണ്. സംഗീതവും ഭാവവികാരങ്ങളും തമ്മില്‍ അത്രമേല്‍ പിണഞ്ഞു കിടക്കുന്നുണ്ട്. ഈ വികാരപ്രപഞ്ചം പാടലിനെ സമൃദ്ധമാക്കുന്നുണ്ട്. പ്രതിബിംബങ്ങളുമായി ബന്ധിപ്പിക്കുമ്പോള്‍ പാടലിന്റെ ആന്തരികവ്യാപ്തി വികസിക്കുന്നതായി തോന്നുന്നുണ്ടാവാം. സംഗീതോപാസനയെ പ്രബലപ്പെടുത്താനുള്ള ആദര്‍ശങ്ങളുടെ സന്ദര്‍ഭത്തിലാണ് ഇത്തരം ദിവ്യഭാവനകള്‍ അര്‍ത്ഥവത്താവുന്നത്. ജീവിതം ഒരു കലയായെങ്കിലേ സൃഷ്ടികളും കലാത്മകമാകൂ എന്ന ആദര്‍ശത്തിന്റെ പശ്ചാത്തലത്തില്‍.
സംഗീതോപാസന എങ്ങനെ ആയിരിക്കണം എന്ന് ഉദാഹരിക്കുന്ന മനോഹരമായി ഒരു കഥയുണ്ട്. ധോണ്ടുതായ് ശിഷ്യയായ നമിത ദേവിദയാലിന് ആവര്‍ത്തിച്ചു പറഞ്ഞുകൊടുക്കുന്ന കഥ: അക്ബറും മിയാ താന്‍സെനും രാജകൊട്ടാരത്തിലെ പൂന്തോട്ടത്തില്‍ ഉലാത്തുക പതിവായിരുന്നു. ഒരു ദിവസം അക്ബര്‍ താന്‍സെനോട് ചോദിച്ചു, 'താന്‍സെന്‍, നിങ്ങള്‍ വളരെ മനോഹരമായി പാടുന്നുണ്ട്. അപ്പോള്‍ നിങ്ങളുടെ ഗുരുവിന് ഇതിനേക്കാള്‍ മനോഹരമായി പാടാന്‍ കഴിയേണ്ടതാണ്. ആരാണ് അദ്ദേഹം? ഞാന്‍ ഇതുവരെ കേള്‍ക്കാന്‍ ഇടവരാത്തത് എന്തുകൊണ്ടായിരിക്കണം?' താന്‍സെന്‍ ചിരിച്ചു, 'വരു, കാണിച്ചു തരാം. കുറച്ചു ദൂരം പോകേണ്ടിവരും.'
പതിവുപോലെ അക്ബര്‍ വേഷപ്രച്ഛന്നനായി. ഇത്തവണ മരംവെട്ടുകാരന്റെ രൂപത്തില്‍. കുതിരപ്പുറത്ത് മണിക്കൂറുകള്‍ താണ്ടി. കാടിന്റെ നടുവില്‍ ഒരു അരുവിയുടെ സമീപത്തെത്തിയപ്പോള്‍ അല്പം വിശ്രമിക്കാം എന്ന് അക്ബര്‍ നിര്‍ദ്ദശിച്ചു. അദ്ദേഹം പ്രകൃതിയുടെ സംഗീതത്തില്‍ ലയിച്ച് മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ അതിമനോഹരമായ മാല്‍ക്കോന്‍സ് കേള്‍ക്കാം. അക്ബര്‍ ജീവിതത്തില്‍ ഇതുവരെ ഇത്രയും മനോഹരമായ ഒരു മാല്‍ക്കോന്‍സ് കേട്ടിട്ടില്ല. പ്രകൃതിയില്‍ ശ്രുതി ചേര്‍ന്നു നില്‍ക്കുന്ന അപാരമായ ആലാപനം. പാട്ടവസാനിച്ചപ്പോഴേയ്ക്കും പാട്ടുകാരനെ ദൂരെ കാണുമാറായി. ഒരു ചെറിയ കുടിലിന്റെ ഉമ്മറത്ത് മുണ്ടു മാത്രം ഉടുത്തിരിക്കുന്ന ഹരിദാസ് സ്വാമി. തിരിച്ചുവരുമ്പോള്‍ അക്ബര്‍ താന്‍സെനോട് ചോദിച്ചു, 'നിങ്ങള്‍ക്ക് എന്തുകൊണ്ട് അദ്ദേഹത്തെപ്പോലെ പാടാന്‍ കഴിയുന്നില്ല?' 'പ്രിയ രാജാവേ, കാരണം വളരെ ലളിതമാണ്. ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയാണ് പാടുന്നത്. അദ്ദേഹം ദൈവത്തിനുവേണ്ടിയും.'
അക്ബറിന് വേണ്ടി പാടുകയല്ല. ദൈവത്തിന് വേണ്ടി പാടുകയാണ് വേണ്ടത്. സംഗീതം ശുദ്ധമാവണമെങ്കില്‍ മറ്റു ഘടകങ്ങള്‍ അതില്‍ കടന്നുവരരുത് എന്ന് ഈ കഥയില്‍നിന്ന് ഉള്‍ക്കൊളളാം. ത്യാഗരാജന്റെ 'നിധിചാല സുഖമാ' എന്ന കൃതിയില്‍ രാജാവിന് വേണ്ടിയല്ല, രാമന് വേണ്ടിയാണ് താന്‍ പാടുക എന്ന് പറയുന്നതില്‍നിന്നും ഇതേ പാഠം ഉള്‍ക്കൊള്ളാം.
ധോണ്ടുതായുടെ ലോകത്തിന്റെ ബലം ഈ കഥയാണ്. പേയിങ് ഗസ്റ്റായാണ് അവര്‍ താമസിച്ചിരുന്നത്. ഒരു മുറി. അത് സംഗീതമുറിയായിരുന്നു. മുംബെയിലെ തിരക്കിനും വേശ്യാലയത്തിനും കശപിശയ്ക്കുമിടയില്‍ ഒരു സംഗീതലോകം. തത്വാദര്‍ശങ്ങളുടെ അദൃശ്യമായ മതില്‍കെട്ടിനകത്ത് ആ സംഗീതമുറി ചോര്‍ച്ചയില്ലാത്ത ഒരു ലോകമായിരുന്നു. ഈ കഥയുടെ സാരം ധോണ്ടുതായ് നമിതയ്ക്ക് നല്‍കിയ ഉപദേശത്തിലുമുണ്ട്: 'സ്വയം മറന്ന്, ചുറ്റുമുള്ള ലോകത്തെ മറന്ന്, കലയുടെ പേരില്‍ ലഭിക്കുന്ന അംഗീകാരത്തേയും സമ്മാനങ്ങളേയും മറന്ന്, പാടലിനെ ധ്യാനമാക്കൂ. അപ്പോള്‍ നിന്റെ സംഗീതം സ്വാതന്ത്ര്യത്തിലേയ്ക്ക് പൊട്ടി വടരും' (Namita Devidayal, The Music Room, Vintage, 2008, P-27).
മുകുന്ദനുണ്ണി
(ദേശാഭിമാനി വാരാന്തം, 29 ജൂലൈ 2018, പേജ് 4)

Comments