Skip to main content

ആഴങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഘനനാദം

മരണാനന്തരമാണ് (27 ഏപ്രില്‍ 1984) കര്‍ണ്ണാടക സംഗീതജ്ഞനായ എം ഡി രാമനാഥന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചത്.  ചിതറിക്കിടന്ന ആരാധകര്‍ ദുഃഖവും നിരാശയും നിറഞ്ഞ അനുസ്മരണങ്ങളാല്‍ ഒരുമിച്ചു.  സംഗീതാസ്വാദകരായി തിരിച്ചറിയപ്പെട്ടവരോ കര്‍ണ്ണാടകസംഗീതവുമായി അടുത്ത് പരിചയമുള്ളവരോ ആയിരുന്നില്ല ഏറെ പേര്‍. ചിലര്‍ സംഗീതം സമം എംഡിആര്‍ എന്ന സമവാക്യത്തില്‍ ഉറച്ചു നിന്നവര്‍.  പാട്ടു കേള്‍ക്കലിനപ്പുറത്തേയ്ക്ക് പടരുന്ന രാമനാഥഗാനത്തിന്റെ സാന്നിധ്യത്തെ മനോഹരമായ കൂട്ടിരിപ്പായി കരുതിയവരത്രെ പലരും.           

രാമനാഥസംഗീതത്തിലേയ്ക്ക് തിരിഞ്ഞവര്‍ വ്യത്യസ്ത തുറകളിലുള്ളവരായിരുന്നു.  സച്ചിദാനന്ദന് കവിത പിറന്നു: 'രാമനാഥന്‍ പാടുമ്പോള്‍.' ആ കവിത തൊടുത്തുവിട്ട പ്രചോദനം അനേകം എംഡിആര്‍ ആസ്വാദകരെ സൃഷ്ടിച്ചു.  മാറ്റത്തിന്റെ ലഹരിയേറ്റവര്‍ക്കിടയില്‍ രാമനാഥസംഗീതം കേള്‍ക്കുക എന്നത് ഒരു ജീവിതശൈലിയായും രൂപപ്പെട്ടു. മന്ദ്രസ്ഥായിയില്‍ ആകൃഷ്ടനായതുകൊണ്ടായിരിക്കാം 'രാമനാഥന്‍ പാടുമ്പോള്‍' എന്ന കവിതയില്‍ സച്ചിദാനന്ദന്‍ 'നാദത്തിന്റെ പൊന്മാന്‍ ചാടുന്ന'തിനെ ഭാവനം ചെയ്തത്.  കുറേ കാലത്തിനു ശേഷം, അദ്ദേഹത്തിന്റെ മറ്റൊരു കവിതയില്‍, ആഴങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു പൊന്മാന്‍ പറന്നുപോയി.

സൗദാമിനി സിനിമ എടുത്തു: 'പിതൃഛായ'.  ആനയുടെ കാല്‍പാദങ്ങള്‍ ഭൂമിയുടെ അകത്തേയ്ക്കു പതിയുന്ന പ്രതീതിയുമായി ബന്ധപ്പെടുത്തി മന്ദ്രസ്ഥായിയുടെ ഛായ സൃഷ്ടിക്കുന്നതിലൂടെയാണ് എംഡിആറിന്റെ സംഗീതത്തെ സൗദാമിനി സിനിമയില്‍ ചിത്രീകരിച്ചത്.  കുറഞ്ഞ ആവൃത്തിയുള്ള കീഴ്സ്ഥായി ശബ്ദം ഭൂമിയുടെ അടിയിലെത്തിയാല്‍ ആനയ്ക്ക് പാദസ്പര്‍ശത്തിലൂടെ കേള്‍ക്കാനാവുമെന്ന അവരുടെ ധാരണയാണ്, എംഡിആര്‍ പശ്ചാത്തലത്തില്‍ പാടുമ്പോള്‍, ആന നടക്കുന്ന ദൃശ്യം പകര്‍ത്താനുണ്ടായ പ്രേരണ.  'അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കുന്നത് നിര്‍ത്താന്‍ എനിക്ക് കഴിയുമായിരുന്നില്ല.  അദ്ദേഹം എന്നെ ബാധിക്കുകയായിരുന്നു. സിനിമ എടുത്തുകഴിഞ്ഞിട്ടും എനിക്ക് അദ്ദേഹത്തില്‍ നിന്ന് അകലാന്‍ കഴിഞ്ഞിട്ടില്ല,' സൗദാമിനി രാമനാഥനെ ഉള്‍ക്കൊണ്ടത് അപ്രകാരമാണ് (Nicole Wolf, Make It Real - Documentary and other cinematic experiments by women in India (thesis), പുറം 173). പാട്ടിനെ മുറിക്കാന്‍ മനസ്സ് വരാതെ ആ സിനിമയിലെ ഓരോ കൃതിയും മുഴുനീള ആലാപനമായി. 

സംഗീതജ്ഞര്‍ക്കും എംഡിആറിന്റെ സംഗീതം അതീതമാനത്തിലാണ് അനുഭവപ്പെട്ടത്.  'രാമനാഥന്റെ സംഗീതം അനുന്മത്തവും ശാന്തവും സാന്ത്വനപ്രദവുമാണ്.  വളരെ വേഗത കുറഞ്ഞ ആലാപനമായതുകൊണ്ട്  അദ്ദേഹത്തിന് സംഗീതത്തില്‍ അന്വേഷിക്കാനും ആസ്വാദകര്‍ക്ക് കേള്‍ക്കുകയും ആലോചിക്കുകയും ചെയ്തുകൊണ്ട് മുഴുകാനും സാവകാശം കിട്ടും.  അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന അനുഭവം ചന്ദ്രപ്രഭ ചൊരിയുന്ന രാവില്‍ പുഴയരികത്തിരിക്കുമ്പോഴുണ്ടാകുന്ന ആനന്ദംപോലെയാണ് (ബി വി രാമന്‍ & ബി വി ലക്ഷ്മണ്‍ 'ശ്രുതി' എന്ന മാഗസിനില്‍ എഴുതിയതില്‍നിന്ന്).  ഈ വിവരണം സംഗീതത്തെ കുറിച്ചല്ല. അനുഭൂതി ഉണര്‍ത്തിയ അനുഭവത്തെ കുറിച്ചാണ്.  സംഗീതേതരമായ അനുഭവമായാണ് രാമലക്ഷ്മണന്മാര്‍ക്കും തോന്നിയത് എന്ന് ചുരുക്കം.  . 

എം ഡി ആറിന്റെ മകന്‍ സ്വന്തം ബ്ലോഗില്‍ അച്ഛനെക്കുറിച്ച് ആകസ്മികമായുണ്ടായ ഒരു അനുഭവം എഴുതിയിട്ടുണ്ട്.  ഫോട്ടോസ്റ്റാറ്റെടുക്കാന്‍ പോയപ്പോള്‍ അവിടെ അച്ഛന്റെ പാട്ട് വെച്ചിട്ടുണ്ട്.  കടക്കാരന്‍ അവനോട് ചോദിച്ചു കര്‍ണ്ണാടകസംഗീതം കേള്‍ക്കാറുണ്ടോ എന്ന്.  മകനാണെന്ന കാര്യം തിരിച്ചറിയാന്‍ ഇട നല്കാതെ അവന്‍, സൗമ്യമായി, ഇഷ്ടമാണ് എന്നു പറഞ്ഞു.  അപ്പോള്‍ കടക്കാരന്‍ പറഞ്ഞു 'എനിക്ക് സപ്തസ്വരങ്ങളും രാഗവും എന്താണെന്നറിയില്ല.  പക്ഷെ അദ്ദേഹം പാടുന്നതു കേള്‍ക്കുമ്പോള്‍ ഒരു വല്ലാത്ത ശാന്തി തോന്നും.' 

രാമനാഥന്‍ ഒരിക്കല്‍ ഒരു ശിഷ്യനെ ഉപദേശിച്ചു: ഹംസദ്ധ്വനി രാഗം പാടണമെങ്കില്‍ 'സ,രി,ഗ,പ,നി' (ഹംസദ്ധ്വനിയിലെ സ്വരങ്ങള്‍) എന്നീ  സ്വരങ്ങളെ മറക്കണം.  സ്വരങ്ങള്‍ക്കപ്പുറം പാടുമ്പോഴാണ് രാഗം ജനിക്കുക.  ഉയരത്തില്‍ കയറാന്‍ ഏണി ഉപയോഗിക്കുന്നതുപോലെ.  കയറി കഴിഞ്ഞാല്‍ ഏണി താങ്ങി നടക്കേണ്ടതില്ല. ഈ ദര്‍ശനം സംഗീതത്തില്‍ പകര്‍ത്തിയതുകൊണ്ടായിരിക്കാം രാമനാഥന്റെ സംഗീതം സംഗീതാതീതമായി അനുഭവപ്പെടുന്നത്.    

മുഖ്യധാരയില്‍ കച്ചേരിയുടെ വേഗതയ്ക്ക് തീ പിടിച്ച കാലത്താണ് രാമനാഥന്‍ ഒഴുക്കിനെതിരെ വിളംബിത ഗതിയില്‍ പാടിയത്.  അതുകൊണ്ട് ആസ്വാദകര്‍ എണ്ണത്തില്‍ കുറവായിരുന്നു.  നാലുപേരായാലും അവര്‍ക്കുവേണ്ടി എംഡിആര്‍ മണിക്കൂറുകളോളം പാടും.  രാമനാഥന്‍ മൂന്നൂറിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.  ചില കൃതികള്‍ ഇപ്പോഴും കച്ചേരികളില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്.  മിക്കതും സൂക്ഷിക്കപ്പെട്ടിട്ടില്ല.  അവയില്‍ രസകരമായ ഒരു കൃതിയുടെ വരികള്‍ എങ്ങനെ നല്ല ഡികോക്ഷന്‍ കോഫി ഉണ്ടാക്കാം എന്ന് നിര്‍ദ്ദേശിക്കുന്ന പാചകവിധിയാണ്.

ചാനലുകളില്‍ നാം കാണുന്ന റിയാലിറ്റി ഷോകളിലെ ജൂറിമാരില്‍ ചിലര്‍ കാണിക്കുന്ന അഹങ്കാരത്തിന്റെ നേര്‍വിപരീതമാണ് എംഡിആറില്‍ കാണുക.  ചോളമണ്ഡലം ആര്‍ട്ടിസ്റ്റ് വില്ലേജില്‍വെച്ച് ഒരു കച്ചേരി നടത്താന്‍ വേണ്ടി ക്ഷണിക്കാന്‍ പോയതിനെ കുറിച്ച് രാഘവേന്ദ്ര വിവരിക്കുന്നുണ്ട് (രാഘവേന്ദ്രറാവു, 'ദ് മാജിക് ഓഫ് മ്യൂസിക്' ബിസിനസ്സ്‌ലൈന്‍, സെപ്തംബര്‍ 15, 2003).  രാഘവേന്ദ്ര രാവിലെ വീട്ടില്‍ ചെന്നപ്പോള്‍ വഴി തെറ്റിയതോ (തന്നെ കച്ചേരിക്ക് വിളിക്കുകയോ) എന്ന ഭാവത്തില്‍ എംഡിആര്‍ ആദ്യം അത്ഭുതപ്പെടുകയാണുണ്ടായത്.  ദീര്‍ഘമായ സരസ സംഭാഷണത്തിനു ശേഷം കച്ചേരിയ്ക്കു പ്രതിഫലം എത്രയാണ് എന്ന് ചോദിച്ചപ്പോള്‍ ആര്‍ട്ടിസ്റ്റുകളല്ലേ... പണമുണ്ടാകില്ലല്ലോ... എന്നു പറഞ്ഞു വിഷമിച്ചു.  പിന്നെ ചിരിച്ചുകൊണ്ട് 'ഒരു ഗ്രാമമാണെന്നല്ലേ പറഞ്ഞത്.  അവിടെ പശുക്കളൊക്കെ ഉണ്ടായിരിക്കും, ഇല്ലേ?  എന്നാല്‍ ഒരു കാര്യം ചെയ്യൂ.  പാടുമ്പോള്‍ എന്റെ അരികില്‍ ഒരു ജഗ്ഗ് ചുടുപാലും ഹോര്‍ലിക്‌സും കുറച്ച് കല്‍ക്കണ്ടവും വെച്ചേയ്ക്കൂ.' അപ്പോള്‍ മകന്‍ ഐസ്‌ക്രീം വേണം എന്നു പറഞ്ഞു.  'എങ്കില്‍ അവന്റെ മുഖം തുടയ്ക്കാന്‍ ഒരു തോര്‍ത്തും കരുതിക്കോളു.'  കഴിഞ്ഞു പ്രതിഫലം. 

എംഡി രാമനാഥന്‍ ഈ ലോകത്തോട് വിടപറയുമ്പോള്‍, ശെമ്മങ്കുടി പറഞ്ഞു, 'സംഗീതലോകത്തിന് പുരുഷശബ്ദം നഷ്ടമായി.'

മുകുന്ദനുണ്ണി


(ദേശാഭിമാനി വാരാന്ത്യം, 17 ജൂണ്‍ 2018, പുറം 04)




Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...