Skip to main content

ഭാഷയുടെ ഇടവഴികള്‍

കഥയുടെ ഭൂപ്രകൃതി നേരെ കാണുന്നതല്ല. കണ്മുന്നിലുള്ളതുതന്നെയെങ്കിലും, തിരിച്ചറിയാനാകാതെ പോകുന്ന അന്ധത നീങ്ങുംവരെ കാണില്ല. കേള്‍ക്കാതെ പോകുന്ന ശബ്ദം നിശബ്ദതയാണെന്ന പാഴ്ധാരണ തിരുത്താതെയും ഈ കഥകളിലെ ശബ്ദം കേള്‍ക്കില്ല. അദൃശ്യവും നിശബ്ദവുമായ ജീവിതപാളികളെ ഭാഷയിലൂടെ പ്രകാശിപ്പിക്കുകയാണ് ''കാര്‍വാറിലെ മഴ'' (ഏമി മാത്യു, ചിന്ത പബ്ലിഷേഴ്‌സ്, 2023). നാം കാണാതെ കടന്നുപോകുന്ന യാഥാര്‍ത്ഥ്യങ്ങളെ സന്ദര്‍ശിക്കാന്‍ ഭാഷയൊരുക്കുന്ന ഇടവഴികളാണ്, പല സന്ദര്‍ഭങ്ങളിലും കഥയ്ക്കപ്പുറം ചെന്നുനില്‍ക്കുന്ന, ഈ കഥകള്‍.

രംഗബാഹ്യമായ കാര്യങ്ങളില്‍ എഴുത്തുകാരിയുടെ കണ്ണ് പതിയുന്നതാണ് എല്ലാ കഥകളുടേയും മൗലികമായ വ്യത്യസ്തത. ഒരു കഥയ്ക്ക് ആണി എന്ന് പേരിടുന്നതുതന്നെ വിചിത്രം. തറഞ്ഞുനില്‍ക്കുന്ന നിശ്ചലതയാണ് ആണി. ജീവിതം ആണിയെപ്പോലെ നിശ്ചലമായി തറഞ്ഞുനില്‍ക്കുകയാണ്. അതേ സമയം നിശ്ചലത സൂക്ഷ്മചലനങ്ങളുടെ ആവര്‍ത്തനമാണ്. ആണിയെ കേന്ദ്രീകരിച്ചുള്ള അനുഭവലോകത്തിന്റെ ആഖ്യാനമാണ് കഥ. സംഭവങ്ങളുടെ തുടര്‍ച്ച മനുഷ്യരുടെ ഭാഗത്തുനിന്നുള്ളതല്ല. ആണിയുടെ ഭാഗത്തുനിന്നുള്ള ചരിത്രം അനാവരണം ചെയ്യപ്പെടുകയാണ്. ആണിയെ ജീവിതത്തിന്റെ അച്ചുതണ്ടായി കണക്കാക്കുന്ന ബിംബസൂചനയും. നിശ്ചലമായ അച്ചുതണ്ടിനു ചുറ്റുമുള്ള ഭ്രമണമാണ് ജീവിതം എന്ന കഥയുടെ നിരീക്ഷണം, പക്ഷെ, വിധിയെ സ്ഥാപിക്കലല്ല. ഇതര ജീവനശൈലിയിലേയ്ക്കുള്ള എത്തിനോട്ടവും സാധ്യതകളും തുറന്നുവെയ്ക്കലാണ്.

തത്വവിചാരമില്ലാത്ത കഥകളൊന്നും ഈ പുസ്തകത്തിലില്ല. അനാഥത്വം രണ്ടു അപരിചിതരെ ഒരുമിപ്പിച്ച കഥയാണ് മൃതരുടെ കുപ്പായം. പ്രണയമല്ല, സൗഹൃദമല്ല. അനാഥരെന്ന്, മുന്നില്‍ വഴിയേയില്ല എന്ന്, തിരിച്ചറിഞ്ഞ രണ്ടു പേര്‍, ഏത് വഴിയും വഴിയാണെന്ന് ഒരു വെളിപാടുപോലെ മനസ്സിലാക്കി ഒരുമിക്കുന്നു. അവര്‍ തമ്മില്‍ സാംസാരിക്കാതിരിക്കുകയായിരുന്നു. സംസാരിച്ചു തുടങ്ങിയപ്പോഴും ഒന്നും സംഭവിച്ചില്ല. പിരിയുമ്പോള്‍ അനാഥര്‍ വീണ്ടും അനാഥരാവുന്നതിന്റെ അസ്തിത്വപരമായ അനിശ്ചിതത്വം പെട്ടെന്ന് വെളിപ്പെടുന്നു. ലക്ഷ്യമറിയാതെ അവര്‍ ഒരുമിച്ച് നടന്നുപോകുന്നു. ഭാരം കുറഞ്ഞ് ലഘുവായിത്തീര്‍ന്ന ആരുമല്ലാത്തവരായി.

തക്കാളി എന്ന കഥ വായിച്ചു കഴിഞ്ഞാലും ഒരു കഥയായി മറവിയിലേയ്ക്ക് തണുത്ത് മറയില്ല. വ്യാഖ്യാനവിശ്ലേഷണങ്ങളുടെ കാറ്റടിക്കും. തക്കാളിപോലൊരു യുവതി. തക്കാളിപ്പാടത്ത് മണ്ണടിക്കുന്ന യുവ തമിഴന്റെ കണ്ണുകളില്‍ തിളങ്ങുന്ന, മകളുടെ ചിത്രം കണ്ട് പരിഭ്രമിച്ച അമ്മ, രക്ഷകനായി അച്ഛനും രണ്ടു പട്ടികളും. ഇവര്‍ തമ്മിലുള്ള വൈകാരികവ്യവഹാരത്തിന്റെ ചുഴിയും തരംഗങ്ങളുമാണ് കഥയില്‍. പട്ടികള്‍ വിഷംകൊടുത്ത് കൊല്ലപ്പെടുന്നു. അച്ഛന്‍ മോഹാലസ്യപ്പെട്ട് വീഴുന്നു. ഒരു സ്വപ്‌നത്തിലേയ്ക്ക്. സ്വപ്‌നത്തിലൂടെ പ്രവേശിച്ച്, മറ്റാരുമില്ലാത്ത, ഭൂമിയിലല്ലാത്ത, തക്കാളിപ്പാടത്ത് വിഹരിക്കുന്ന അച്ഛന്‍ -- ഒരു മനോവിശ്ലേഷണ കഥ.

ചില കഥകള്‍ക്ക് അന്ത്യത്തില്‍ ഒരു വഴിത്തിരിവുണ്ടാകും. മാപ്പുസാക്ഷി എന്ന കഥ സമകാലിക യാഥാര്‍ത്ഥ്യത്തെയാണ് പകര്‍ത്തുന്നത്. പക്ഷെ കഥയ്ക്കകത്തുള്ളവര്‍ യാഥാര്‍ത്ഥ്യത്തിന്റെ വരമ്പിലൂടെ നടക്കും. ഏത് നിമിഷവും വരമ്പ് മങ്ങാം. അവസാന വരി യാഥാര്‍ത്ഥ്യത്തിന്റെ അയഥാര്‍ത്ഥികതയെ സ്ഥാപിക്കും, യാഥാര്‍ത്ഥ്യത്തിന്റെ കടുത്ത പ്രസക്തിയെ ബാധിക്കാതെ. യാഥാര്‍ത്ഥ്യം മറ്റൊരു തലത്തില്‍ പരിപൂരകമായി പ്രസക്തമാണെന്നും സൂചിപ്പിക്കുന്നതുപോലെ.

മനുഷ്യര്‍ക്ക് മാത്രമല്ല ചരിത്രമുള്ളത്. വീടിനുമുണ്ട്. 'വീടുകള്‍ വിരുന്നുപോകുമ്പോള്‍' എന്ന കഥയില്‍. സമയത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയില്ലെങ്കില്‍ ഈ കഥ സങ്കല്‍പ്പിക്കാനാവില്ല. വീട്ടില്‍ വസിക്കുന്ന ഓരോരുത്തരും അവരുടെ സമയത്തില്‍ ജീവിക്കുമ്പോള്‍ വീടുകള്‍ അവയുടെ സമയത്തിലാണ് ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തെയാണ് ഈ കഥ ശ്രദ്ധിക്കുന്നത്. ഒരു വീടിന് എന്തുകൊണ്ട് ഒരു കര്‍ത്താവായിക്കൂട, അതിന് നീണ്ട ഒരു ആത്മകഥയുണ്ടെങ്കില്‍! വീടിന്റെ സമൂഹവും അതിന്റെ സാമൂഹിക ജീവിതവും, വീടിനെ ആശ്രയിക്കുന്ന പൂച്ചയോട് വീടിനു തോന്നുന്നതും, പ്രമേയമാവുമ്പോള്‍ ഫലത്തില്‍ മനുഷ്യകേന്ദ്രിത ജീവതസങ്കല്‍പ്പത്തെ അഴിച്ചിടുകയാണ്. കാര്‍വാറിലെ മഴ എന്ന കഥയില്‍ ഒരു പേജ് മുഴുവന്‍ മഴയുടെ നൃത്ത-ചലനമാണ്. മഴയാണ് കേന്ദ്ര കഥാപാത്രം. കഥയില്‍ മനുഷ്യജീവിതമുണ്ടെങ്കിലും മഴജീവിതവുമുണ്ട്. ഒരു ലോട്ടറിക്കാരന്റെ സ്വപ്നം എന്ന കഥയില്‍ ചുവരില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഫോട്ടോ ഒരു തീരുമാനമെടുക്കാതെ നിഷ്പക്ഷത പുലര്‍ത്തുന്ന രംഗമുണ്ട്. അപ്പോഴാണ് ആ രംഗത്തെ അചേതനമെന്ന് കരുതപ്പെടുന്ന വിഷയങ്ങള്‍ക്കും സംഭവങ്ങളുടെ ഗതിവിഗതികളില്‍ പങ്കുള്ളതറിയുന്നത്. മറ്റൊരു കഥയില്‍ പവിഴമല്ലിച്ചെടി ചിന്തിക്കുന്നുണ്ട്.

ഏത് വിഷയമാണെങ്കിലും സാധാരണയായി സ്വീകരിക്കപ്പെടുന്ന രീതിയിലല്ല കഥാകാരി പരിശോധിക്കുന്നത്. വിഷയത്തെ അതിന്റെ അതിര്‍ത്തിയില്‍ വെച്ചാണ് നോക്കുന്നത്. ''ഒരു കുശിനിക്കാരന്റെ ഭാര്യ'' ജീവിക്കുന്ന അര്‍ത്ഥതലങ്ങള്‍ വാസ്തവികതയിലേയ്ക്ക് ചുരുക്കം അവസരങ്ങളില്‍ മാത്രം കയറിവരുന്നതാണ്. വാസ്തവത്തിന്റെ തീരത്ത് തിരിച്ചെത്തി വീണ്ടും നിഷ്‌കളങ്കമായ നുണകളിലേയ്ക്കിറങ്ങി നടക്കുന്നു. അമ്മ പറയുന്ന കഥകളില്‍ വിശ്വസിച്ച് ഭര്‍ത്താവിനെ കൊല്ലാന്‍വരെ ഭാര്യ തയ്യാറെടുക്കുന്നു. ഒടുവില്‍ അമ്മ ഒരു ഭ്രമാത്മക ലോകത്താണ് ജീവിക്കുന്നത് എന്ന് മനസ്സിലായപ്പോള്‍ മകള്‍ കരുണാര്‍ദ്രയാകുന്നു. ഈ കഥയുടെ തലം നുണ, വാസ്തവം, ഭ്രമഭാവന എന്നിവയുടെ അതിര്‍വരമ്പിലൂടെ നടക്കുന്നതാണ്. ഇവിടെ മനുഷ്യപ്രകൃതിയല്ല പ്രതിപാദ്യം. മനുഷ്യനാടകത്തിന്റെ ഉള്ളറകളാണ്.

മനോഹരമായ ഭാഷയില്‍ ദൃശ്യപ്രതീതി ജനിപ്പിച്ചുകാണ്ട് എഴുതപ്പെട്ട 'കാര്‍വാറിലെ മഴ' എന്ന കഥാസമാഹാരം ഒരേ സമയം കഥകളുടെ മധുരമായ ഒഴുക്കാണ്, അതേ സമയം കഥയെ വാസ്തവികതയിലേയ്ക്ക് അഴിച്ചുവെയ്ക്കലുമാണ്. നിരീക്ഷണത്തിന്റേയും ഭാവനയുടേയും ചിന്തയുടേയും സമ്പന്നസമ്മിശ്രം.

(ഡോ. മുകുന്ദനുണ്ണി, കലാപൂര്‍ണ്ണ, മെയ്, 2026, പേജ് 59)

Comments

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

Sculpture and the Aesthetic Experience

  The earliest treatise on sculpture, by the ancient Greek sculptor Polykleitos, is nonextant and dated to 450 BCE. The earliest Indian treatise on sculpture is the Vastu Sutra Upanishad, authored by Pippilada Maharshi; its date is unknown. The Vastu Sutra covers traditional aspects of sculpting, from materials to techniques. Yet this work offers no discussion of sculpture as an independent art form. Perhaps the cultural context of that time was not fertile ground for such questions. Sculpture’s close connections are with architecture and painting. In earlier times, sculpture was closely related to architecture. In cities and temples, statues were compulsory. Sculpture is a sign of civilisation and culture; for this reason, the invading country disfigures the statues of the existing power. The statues are not demolished or removed, but dismembered to keep them as signs of the new power. Even in revolution, this is common. This is called iconoclasm. In post-medieval times, relig...