Skip to main content

പഠിക്കുക എന്നാല്‍

 പഠിക്കുക എന്നാല്‍ ഒരു നിലപാടാണ്. പഠിക്കില്ല, പഠിക്കരുത് എന്നിവയോട് കീഴടങ്ങാത്ത നിലപാട്. പഠനത്തിന് പഠനഫലങ്ങളോട് തുറന്നു നില്‍പ്പുണ്ട്. തുറന്നു നില്‍പ്പുള്ളതുകൊണ്ട് ആത്യന്തികമായി ഇതാണ് ശരി എന്ന നിലപാടുണ്ടാവില്ല. മനസ്സിലാക്കലില്‍ എപ്പോഴും അപകടം പതിയിരിപ്പുണ്ട്. മിഥ്യയില്‍ ചെന്ന് ചാടുക എന്ന അപകടം. ആത്യന്തികമായ ശരി മരിച്ച സത്യമാണ്. അതേ സമയം പഠനം തത്കാല സത്യങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാകും. പരീക്ഷണശാല ഏതുമാകാം. പഠനത്താല്‍ തിളച്ചുകൊണ്ടിരിക്കുന്ന സത്യങ്ങളെ ശാസ്ത്രജ്ഞര്‍ ലബോറട്ടറിയിലും സമൂഹികകര്‍ത്താക്കള്‍ രാഷ്ട്രീയജീവിത പരീക്ഷണശാലയിലും പ്രവര്‍ത്തിപ്പിക്കും. പഠനം പുതിയ നോട്ടങ്ങളെ സമ്മാനിച്ചുകൊണ്ടിരിക്കും. പഠനം എല്ലാ നോട്ടങ്ങളോടും ഫലങ്ങളോടും പ്രക്രിയകളോടും തുറന്നുനില്‍ക്കുന്നതുകൊണ്ട് അത് ജഡീകരണത്തില്‍നിന്ന് വിമുക്തമായിരിക്കും. പഠനം ക്ഷയിക്കുമ്പോള്‍ പരീക്ഷണശാലയില്‍ പണി നടക്കില്ല; അറിവിന്റെ പ്രയോഗവും ചര്‍വ്വിതചര്‍വ്വണമായിത്തീരും. വളരെ താഴ്ന്ന ഊഷ്മാവില്‍ സമയംപോലും മരവിച്ചതായി അനുഭവപ്പെടും എന്ന് പരീക്ഷണങ്ങള്‍ നിരീക്ഷിച്ചതുപോലെ. ചലനാത്മകമാകേണ്ട പ്രയോഗം, നിശ്ചലദൃശ്യങ്ങളുടെ നിരപോലെ മരിവിച്ച ചലനാത്മകതയായി പരിണമിക്കും. പഠനവും പ്രതിഫലനചിന്ത ആവശ്യപ്പെടുന്നതാണ്. ഒരു പ്രശ്‌നത്തെ ക്ലാസിക്കല്‍ ഡൈനാമിക്‌സിലൂടെ അന്വേഷിച്ച് വഴിമുട്ടി നിന്ന മാക്‌സ് പ്ലാന്‍ക് ഇതേ പ്രശ്‌നത്തെ തെര്‍മോഡൈനാമിക്‌സിലൂടെ അന്വേഷിച്ചപ്പോള്‍ ലക്ഷ്യത്തിലെത്തിയതുപോലെ. പഠനം കുറേ തരം നോക്കലുകളുടെ സാധ്യകളടങ്ങിയതാണ്.

Comments

Johns Mathew said…
ക്യൂബിസ്റ്റുകള്ളുടെ കാഴ്ചയാകണം ഒരു തരത്തിൽ പഠനം. ഒരു പ്രതലത്തെ അനേകം സൂഷ്മപ്രതലങ്ങളാക്കി മാറ്റുന്ന കാഴ്ച !

Popular posts from this blog

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...