വസ്തുവില്‍നിന്ന് അടര്‍ത്താനാവുന്ന വസ്തുവിന്റെ പ്രതിഛായകളെ ഒരു ഫ്രെയ്മിനകത്ത് പുനഃസംവിധാനം ചെയ്യുക നിശ്ചല ഛായാഗ്രഹണത്തില്‍ സാധ്യമാകുമോ? സി.എസ്.അരുണിന്റെ ഫോട്ടോകള്‍ ഈ ചോദ്യത്തിന്റെ വിവിധ മാനങ്ങളെ അന്വേഷിക്കുകയാണ്.
കുറെ കാലമായി പൊളിഞ്ഞു കിടക്കുന്ന പാലത്തിന്റെ തുണുകളോടൊപ്പം കടലിനെ നോക്കുന്ന ഇരുണ്ട മനുഷ്യരൂപങ്ങളെ കേമറയുടെ സുഷിരത്തിലൂടെ നോക്കുമ്പോള്‍ അരുണ്‍ പകര്‍ത്തിയത് ഒരു ദൃശ്യത്തെയല്ല, അദൃശ്യദൃശ്യങ്ങളെയാണ്. നാം അത്ഭുതത്തോടെ നോക്കുന്നത് കടലിനെ കണ്ടവരെ നോക്കുന്ന പ്രക്രിയയുടെ ഒരു മുഹൂര്‍ത്തമാണ്.
സുഹൃത്തായ ജോണ്‍സിനെ ഉള്‍പ്പെടുത്തിയ ഫോട്ടോയില്‍ പ്രധാന ദൃശ്യം വേറെയുണ്ട്. കാണാം; ശ്രദ്ധിക്കാനാവില്ല. ഫ്രെയ്മിന്റെ അരുകില്‍നിന്ന് ജോണ്‍സ് തിരശ്ചീനമായി നോക്കുകയാണ്. ആ നോട്ടത്തെ മുറിച്ച് പുറകിലെ ദൃശ്യത്തിലേയ്ക്കുള്ള നേര്‍നോട്ടം അനുവദിക്കാത്തതുപോലെ. അരുകില്‍നിന്ന് ജോണ്‍സ് നോക്കുന്ന ദിക്കിലേയ്ക്ക് നമ്മുടെ കാഴ്ച വളഞ്ഞുപോകും. വസ്തുവും പ്രതിഛായയും ഛായാഗ്രഹണകലയും ചേര്‍ന്ന ഒരു വിസ്തൃതശ്രേണി സാക്ഷാത്കരിക്കപ്പെടുന്നതുപോലെ.
പ്രദര്‍ശനത്തില്‍ വ്യക്തികളുടെ ഛായാചിത്രങ്ങളുണ്ട്. നീരീക്ഷിക്കപ്പെടാതെ പകര്‍ത്തിയവ. വ്യക്തികളുടെ, അവരുടെ ശരീരങ്ങളില്‍നിന്ന്, ഏതോ ചിന്താവികാരാദികളിലേയ്ക്കുള്ള ഉണര്‍ന്നുനില്‍പ്പുകള്‍. മഹേഷിന്റെ ഭാവം മൊണാലിസയെപ്പോലെയുണ്ടെന്ന് ചിലര്‍ പറഞ്ഞതായി അരുണ്‍ പറഞ്ഞു; നര്‍മ്മം മാത്രമായിരുന്നില്ല.
ലെന്‍സ് നിരീക്ഷിക്കുമ്പോള്‍ നിരീക്ഷിക്കപ്പെടുന്നവര്‍ പോസ് ചെയ്യും. ഫോട്ടോ ആകാന്‍ പോകുന്ന ശരീരങ്ങളായി രൂപാന്തരം പ്രാപിക്കും. മനുഷ്യരെ അരുണ്‍ രഹസ്യമായാണ് പകര്‍ത്തിയത്. ആര്‍ക്കും പോസ് ചെയ്യാന്‍ അവസരം കിട്ടിയില്ല! പക്ഷിമൃഗാദികള്‍ക്ക് ഓര്‍ക്കാപ്പുറങ്ങള്‍ കുറവായതുകൊണ്ടാവാം അവ വളരെ ജാഗ്രതയോടെ പോസ് ചെയ്തു. ഒരു കുരങ്ങന്‍ പോസ് ചെയ്യുന്നുണ്ട്. ശ്രദ്ധിക്കാതിരിക്കാനാവില്ല. കുരങ്ങനില്‍നിന്ന് ഫോട്ടോയ്ക്ക് സ്വയം വ്യതിരിക്തമാവാന്‍ കഴിയാത്തതുപോലെ. ഫോട്ടോ അല്ല കുരങ്ങന്‍തന്നെ. കുരങ്ങന്‍ തിരിച്ചുവന്നതുപോലെ.
കോട്ടൂളി തണ്ണീര്‍തടത്തിലെ ദേശാടന കൊറ്റികള്‍ പറന്നുയര്‍ന്നു. ചിറകിന്റെ വെളുപ്പും ആകാശത്തിന്റെ വെളുപ്പും ബ്ലാക്ക് ഏന്‍ഡ് വൈറ്റിലെ വെളുപ്പും ചേര്‍ന്ന് തിളക്കത്തിന്റെ മറവില്‍ മറഞ്ഞു. കടലിന്റെ മുകളിലൂടെ വെയിലത്ത് പറന്നുപോയ കടലാളകള്‍ പറക്കുന്ന മത്സ്യങ്ങളായി പോസ് ചെയ്തു.
മറ്റു ബിംബങ്ങളില്‍നിന്ന് വ്യതിരിക്തമായ ഒരു അസ്തിത്വം ഫോട്ടോഗ്രഫിയ്ക്ക് ഉണ്ടെന്ന് അരുണിന്റെ ഫോട്ടോ പ്രദര്‍ശനം പ്രഖ്യാപിക്കുന്നു. പ്രകാശം വസ്തുവില്‍ പതിഞ്ഞ് ഒരു രാസക്രിയ നടക്കുന്നതിനപ്പുറം, ഇവിടെ ബിംബങ്ങള്‍ വസ്തുവിന് പതിപ്പുണ്ടാക്കുകയും വസ്തു പതിപ്പിലേയ്ക്ക് തിരിച്ചുവരുകയും ചെയ്യുന്നു.
-മുകുന്ദനുണ്ണി-
Comments