സച്ചിദാനന്ദൻ രചിച്ച രോഗി എന്ന കവിതയുടെ ആസ്വാദനം
ഒരു കവിതയ്ക്കുളള ഓക്സിജൻ ബാക്കിയുണ്ട്, സിസ്റ്റർ പറഞ്ഞു. മുകളിൽ കുപ്പി തൂക്കിയതുകണ്ട് രോഗി കരുതി അത് പഴമാണെന്ന്. മരുന്നായിരുന്നു. തൂങ്ങി നിൽക്കുന്നത് കൊലക്കയറോ? നദിയിൽ ഒഴുകിപ്പോയ വെള്ളമായിരുന്നു സിസ്റ്റർ. അല്ല, ഒഴുകിപ്പോയ ചോര.
ഐസിയുവിന് ചുറ്റും മരണം കാവൽ. മരണം വരുകയാണ്. എപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാൻ അസാധ്യമായ വിധത്തിൽ. ഈ ലോകത്തിൽ ഞാൻ--രോഗി, കവി--ഉണ്ട്. ഞാൻ അതിജീവിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്നതുപോലെ.
രോഗിയുടെ ഉത്കണ്ഠയിൽ ഒരു ലോകമുണ്ട്. അനുഭവഗോചരമായ ഒരു ലോകം. അവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ ശീലിച്ചുവരുകയാണ്. അനുസരണം ശീലത്തെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശീലത്തിനെതിരെ ഉത്കണ്ഠപ്പെടുകയാണ് രോഗി. കവി മറക്കുന്നില്ല. മറവിയുടെ പുസ്തകം ആശുപത്രിയിൽ മറന്നു വെച്ച കവി ഓർക്കുന്നതിലൂടെ ശ്രദ്ധിക്കുകയാണ്. മുറിവേറ്റവർ അനുസരണത്തിന് വഴങ്ങുമ്പോഴും കവി അവർക്ക് നേരെ നോക്കാൻ ഉത്തരവാദിത്തം കാണിക്കുന്നു. പോയതും വരുന്നതും വരാനിരിക്കുന്നതുമായ, പതിയാൻ നോട്ടങ്ങളില്ലാത്ത, സകലലോകങ്ങളോടും കവി ഉത്കണ്ഠപ്പെടുകയാണ്.
ആശുപത്രി പറഞ്ഞു, കുട്ടിയുടെ ശരീരത്തിലുള്ള കുഴലുകൾ പത്താം ക്ലാസ് വരെ എടുത്തു മാറ്റരുത്. മതവും ആചാരവും വംശീയതയും മുതലാളിത്തവും കുത്തിനിർത്തിയ കുഴലുകളാകാം. ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഈ ആശുപത്രി നൽകുന്നതാണ് ഇവയെല്ലാം. ആരോഗ്യത്തെ അനുസരിക്കാനുള്ള കുഴലുകൾ. സംശയം തോന്നിയാൽ ഉടൻ മരുന്നു കഴിക്കണം. ധാരാളം വെള്ളം കുടിക്കട്ടെ. പത്തിലെത്തുമ്പോഴേയ്ക്കും അനുസരിക്കാൻ പഠിക്കട്ടെ.
എങ്ങിനെ ജീവിയ്ക്കണമെന്ന് രോഗിയും പഠിക്കണം. എങ്ങനെ ജീവിയ്ക്കണമെന്ന് പഠിയ്ക്കാനാവുക ജീവിതത്തിൽനിന്നല്ല, മരണത്തിൽനിന്നാണ്. മരണം അപ്രതീക്ഷിതമാണ്. അപ്രതീക്ഷിതത്തെ പ്രതീക്ഷിക്കുന്നതുപോലെ. ഏവരും മരിക്കുമെന്നറിഞ്ഞുള്ള കരുണാദ്രമായ ഉത്കണ്ഠയുടെ ഇളം കാറ്റിൽ, രാത്രി സുഹൃത്തുക്കൾ വേർപിരിയുന്നതുപോലെ.
പരാജിതർക്കിടയിൽ, ഇനിയും മരിക്കാത്തവനാണ്, അതിജീവിക്കുന്നവനാണ്, രോഗിയായ കവി. അനുസരിക്കുന്ന കുട്ടിയായും. അനുസരിക്കാൻ വേണ്ടി, ജീവിക്കാൻ അവകാശമില്ലാത്തവരായി, മുറിവേറ്റു മടങ്ങുന്നവരെ ശാസന തെറ്റിച്ച് നോക്കിയിരുന്നും.
അതെ, മരുന്നു കഴിക്കണം, വെള്ളം ധാരാളം കുടിക്കണം... രോഗി, കവി, കുട്ടി എങ്ങനെ ജീവിക്കണമെന്ന് പഠിക്കാൻ ആത്മരതി ശീലിക്കുകയാണ്. എങ്ങനെ മരിക്കണം? എങ്ങനെ ജീവിയ്ക്കണം? രണ്ടും ഒരേ ചോദ്യം.
An FB Post
മുകുന്ദനുണ്ണി
Comments