ആദ്യകാലത്ത് ഗാന്ധി ജാതിയെ സ്വീകരിച്ചിരുന്നു. പക്ഷെ നിലനിന്നിരുന്ന, അധികാരശ്രേണിയുള്ള, രൂപത്തെയല്ല. സ്വരാജ് എന്ന ഗാന്ധിജിയുടെ ദേശ സങ്കല്‍പ്പത്തോട് ചേരുന്ന സങ്കല്‍പ്പമാണ് ജാതി. പിന്നീട് പാശ്ചാത്യലോകത്ത് ഉണ്ടായ സാംസ്കാരിക ബഹുസ്വരത എന്ന ആശയത്തോട് സാദൃശ്യം തോന്നുന്ന ആശയമാണ് അദ്ദേഹത്തിന് ജാതി. സാമൂഹികമായ കടമയുടെ ബഹുസ്വരത എന്ന് വിളിക്കാവുന്ന ഒരു തരം സങ്കല്‍പ്പം. ഈ സങ്കല്‍പ്പത്തിന്റെ പ്രസക്തി ഗാന്ധിജിയുടെ സ്വരാജ് എന്ന ദേശ സങ്കല്‍പ്പത്തോട് ചേര്‍ക്കുമ്പോഴാണ് മനസ്സിലാവുക.
സ്വരാജ് എന്ന ദേശ സങ്കല്‍പ്പം കമ്മ്യൂണിസം വിഭാവന ചെയ്യുന്ന അങ്ങേയറ്റം വികേന്ദ്രീകൃതമായ ദേശത്തോട് സമാനതയുള്ളതാണ്. പക്ഷെ ആധുനിക മുതലാളിത്തത്തിലൂടെ കടന്നുപോകാത്ത തരത്തിലുള്ള കമ്മ്യൂണിസം. ലെനിന്റെ കാലത്ത് റഷ്യയില്‍ ഒരു ഗ്രൂപ്പ് (പേര് മറന്നുപോയി) കമ്മ്യൂണിസം കാര്‍ഷിക ഘട്ടത്തില്‍ ഉണ്ടാക്കണം, മുതലാളിത്തത്തിലൂടെ കടന്നുപോകേണ്ടതില്ല എന്ന് പറഞ്ഞിരുന്നു. ലെനിന് യോജിച്ചിരുന്നില്ല. പിന്നീട് കാര്‍ഷിക കമ്മ്യൂണിസം എന്ന ആശയം വീണ്ടും സജീവമായി. പക്ഷെ അപ്പോഴേയ്ക്കും മുതലാളിത്തം കടന്നുവന്നു കഴിഞ്ഞിരുന്നു. സ്വരാജ് കര്‍ഷകരുടെ കമ്മ്യൂണിസമാണ്. തൊഴിലാളി എന്ന ഏകകം ഒരു മുതലാളിത്ത സങ്കല്‍പ്പമാണ്. സ്വരാജില്‍ തൊഴിലാളിയില്ല. സ്വന്തം അദ്ധ്വാനശക്തിയെ കമ്പോളത്തില്‍ വില്ക്കുന്നവനാണ് തൊഴിലാളി. സ്വരാജില്‍ പണം ഇല്ല. പണം ഇല്ലാത്തതുകൊണ്ട് സാമ്പത്തികശാസ്ത്രവുമില്ല.
ഗാന്ധിജി പണത്തെ എതിര്‍ക്കാന്‍ കാരണം പണം അസമത്വത്തെ പ്രത്യേകരീതിയില്‍ നിലവാരവത്കരിക്കും എന്നുള്ളതുകൊണ്ടാണ്. അതായത്, പണം വന്നാല്‍ എല്ലാം പണത്തിന്റെ മാനദണ്ഡത്തിലൂടെയാവും. പണത്തിലൂടെ അസമത്വം ഇല്ലാതാക്കാനാവും എന്നതാവും പിന്നെ ഏക പോംവഴി. പണമില്ലാത്ത ഒരു സമൂഹത്തില്‍ ആളുകള്‍ പരസ്പരം കടമ നിറവേറ്റുകയാണ് ചെയ്യുക. സാമൂഹ്യ മനുഷ്യന് പണത്തിനുവേണ്ടിയല്ല എന്തെങ്കിലും ചെയ്യുന്നത്. ഫലം ഇച്ഛിക്കാതെ ചുമതലയാണ് ചെയ്യുന്നത്. പാട്ട് പാടുന്നവന് പാട്ട് കേള്‍പ്പിക്കാന്‍ വേണ്ടിയാണ് പാടുന്നത്. പണം ലഭിക്കാന്‍ വേണ്ടിയല്ല. സമൂഹത്തിലെ ആളുകള്‍ അവരവര്‍ക്ക് കഴിവുള്ള, പഠിച്ച, ശീലിച്ച, ജോലി ചെയ്യും. സാമൂഹികസംവിധാനത്തിന്റെ പ്രത്യേകതകൊണ്ട് ഒരാള്‍ ചെയ്യുന്നത് മറ്റൊരാള്‍ക്കായി വരും. അങ്ങനെ ചെയ്യുന്ന ജോലിയ്ക്ക് പണം നല്കിയാല് അവരെ അപമാനിക്കുന്നതിന് തുല്യമായിരിക്കും. പണം ഇച്ഛിക്കാതെ പാടുന്ന ആള്‍ക്ക് പണം കൊടുത്താല്‍ അയാള്‍ കരുതുക, വിരളമായി ഇക്കാലത്തുപോലും, ഞാന്‍ പണത്തിനുവേണ്ടിയല്ലല്ലോ പാടുന്നത്, വെറുതെ ബുദ്ധിമുട്ടിക്കല്ലേ എന്നായിരിക്കും. പാട്ടിന്റെ പണമൂല്യം എത്രയെന്ന് നിശ്ചയിക്കാന്‍ കഴിയാത്തവിധം സ്വരാജിലെ ജോലി നിഷ്കാമ കര്‍മമാണ്. ഇഷ്ടത്തോടെ ഇഷ്ടമുള്ളത്ര ജോലി ചെയ്യുകയാണ്. ഒരാള്‍ ക്ഷീണിച്ചാല്‍ മറ്റൊരാള്‍ ചുമതല ഏറ്റെടുക്കും.
പണം വന്നാല്‍ നാം നാമല്ലാതാവും. കമ്പോളത്തില്‍ വില കിട്ടുന്ന ശരീരമാകും. കമ്പോളം ശരീരത്തെ പരിപാലിക്കാന്‍ ബാദ്ധ്യസ്ഥനല്ല. കമ്പോളപൂര്വ്വ സമൂഹം അതിലുള്ളവരെ പരിപാലിക്കും. മുതലാളിത്തത്തില്‍ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്തം മുതലിനോടാകും, സമൂഹത്തോടാകില്ല. സമൂഹത്തോട് ഉത്തരവാദിത്തമില്ലാതാകും. പണം ഉണ്ടാക്കി സ്വയം സുഖിക്കുന്ന ആളായി മാറിയാല്‍, പിന്നെ സമൂഹത്തെ നോക്കേണ്ട ആവശ്യമില്ല. സമൂഹത്തില്‍ പെടാതാകും. ഓരോരുത്തരും ഒറ്റപ്പെടും. സാമൂഹിക ജീവി വേര്‍പെട്ട ജീവിയാകും. അന്യവത്കരിക്കപ്പെടും. അന്യഥാബോധം പിടികൂടും. സമൂഹവിരുദ്ധനായി കാലം കഴിച്ച് ആറടി പൂകും.
പണം ഇല്ലെങ്കില്‍ സാമ്പത്തികശാസ്ത്രമില്ലാത്ത സമൂഹമുണ്ടാകും. അവിടേയും അസമത്വമുണ്ടാകും. നിഷ്കാമകര്‍മം സജീവമായതുകൊണ്ട് പരസ്പരം അസമത്വത്തെ പല രീതിയില്‍ നികത്തും. അച്ചില്വെച്ചതുപോലെ പണത്തിലൂടെ സമപ്പെടുത്തുന്നതിലൂടെയല്ല അസമത്വത്തെ നേരിടുക.
ജാതിയുടെ ഉന്മൂലനമാണ് അംബേദ്കര്‍ ലക്ഷ്യം വെച്ചത്. ജനാധിപത്യ ഭരണ ഘടനാ സംവിധാനത്തിലൂടെ ജാതിയെ ഇല്ലാതാക്കാന്‍. ഗാന്ധിജിയും അംബേദ്കര്‍ക്ക് കീഴടങ്ങുന്നതോലെ ജാതി പോകണമെന്ന് പിന്നീട്, 1930 ലാണെന്ന് തോന്നുന്നു, പറയാന്‍ തുടങ്ങി. പക്ഷെ അംബേദ്കര്‍ക്കും പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. അദ്ദേഹം ബുദ്ധമതത്തിലേയ്ക്ക് മാറി. ഗാന്ധിജിയോട് സമ്മതിച്ചുകൊടുക്കുന്നതുപോലെ .
Comments