സച്ചിദാനന്ദൻ രചിച്ച രോഗി എന്ന കവിതയുടെ ആസ്വാദനം ഒരു കവിതയ്ക്കുളള ഓക്സിജൻ ബാക്കിയുണ്ട്, സിസ്റ്റർ പറഞ്ഞു. മുകളിൽ കുപ്പി തൂക്കിയതുകണ്ട് രോഗി കരുതി അത് പഴമാണെന്ന്. മരുന്നായിരുന്നു. തൂങ്ങി നിൽക്കുന്നത് കൊലക്കയറോ? നദിയിൽ ഒഴുകിപ്പോയ വെള്ളമായിരുന്നു സിസ്റ്റർ. അല്ല, ഒഴുകിപ്പോയ ചോര. ഐസിയുവിന് ചുറ്റും മരണം കാവൽ. മരണം വരുകയാണ്. എപ്പോഴും അത് അവിടെത്തന്നെ ഉണ്ടായിരുന്നു. പ്രതീക്ഷിക്കാൻ അസാധ്യമായ വിധത്തിൽ. ഈ ലോകത്തിൽ ഞാൻ--രോഗി, കവി--ഉണ്ട്. ഞാൻ അതിജീവിക്കുന്നു അതുകൊണ്ട് ഞാനുണ്ട് എന്നതുപോലെ. രോഗിയുടെ ഉത്കണ്ഠയിൽ ഒരു ലോകമുണ്ട്. അനുഭവഗോചരമായ ഒരു ലോകം. അവിടെ നാം ചില കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ ശീലിച്ചുവരുകയാണ്. അനുസരണം ശീലത്തെ ഉത്പാദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശീലത്തിനെതിരെ ഉത്കണ്ഠപ്പെടുകയാണ് രോഗി. കവി മറക്കുന്നില്ല. മറവിയുടെ പുസ്തകം ആശുപത്രിയിൽ മറന്നു വെച്ച കവി ഓർക്കുന്നതിലൂടെ ശ്രദ്ധിക്കുകയാണ്. മുറിവേറ്റവർ അനുസരണത്തിന് വഴങ്ങുമ്പോഴും കവി അവർക്ക് നേരെ നോക്കാൻ ഉത്തരവാദിത്തം കാണിക്കുന്നു. പോയതും വരുന്നതും വരാനിരിക്കുന്നതുമായ, പതിയാൻ നോട്ടങ്ങളില്ലാത്ത, സകലലോകങ്ങളോടും കവി ഉത്കണ്ഠപ്പെടുകയാണ്. ആശുപത്രി പ...