Skip to main content

കാപ്പി

കാപ്പി കുടിച്ചാല്‍ രാത്രി ഉറക്കം വരില്ല. തൂങ്ങുന്ന ഉറക്കത്തില്‍നിന്നുമുണരും. കാപ്പി കുടിച്ച് ക്ഷീണിച്ച് ഉറങ്ങുന്ന ചിലരെങ്കിലുമുണ്ട്. കാപ്പിപ്രേമികളെപ്പോലെ ചായപ്രേമികളുമുണ്ട്. കോഴിക്കോട്ടെ ഒരു ഗംഭീര പിയനിസ്റ്റായിരുന്ന ലാന്‍സലറ്റ് തോമസ് ചുക്കു വെള്ളത്തിനു പകരം മധുരമിടാത്ത കട്ടന്‍ ചായയാണ് കുടിക്കുക. ഫ്‌ളാസ്‌ക്കില്‍ നിറച്ചുവെയ്ക്കും. സല്‍ക്കരിച്ചു. കുടിച്ചു. നല്ല കയ്പ്പ്. ഒരു വാശിക്ക് ശീലിച്ചു.


അദ്ദേഹം രാത്രി ഉറങ്ങാറില്ലായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവിന് രണ്ട് വാച്ച്‌മേന്മാരുണ്ടായിരുന്നു. ഒരാള്‍ രാവിലെ 6 മണിക്ക് പോവും. അടുത്ത ആള്‍ അപ്പോഴേയ്ക്കും എത്തും. അറുമണിക്ക്, ആള്‍ മാറാട്ടം നടക്കുമ്പോള്‍, ഉണരുന്നതിലും ഭേദം ഉറങ്ങാതിരിക്കുന്നതാണ്. അങ്ങനെ പറഞ്ഞ് ഒരു ചിരി ചിരിക്കും. ഇംഗ്ലീഷ് മാത്രം പറയുന്ന, ശ്യാമവര്‍ണ്ണത്തില്‍ തിളങ്ങുന്ന, തമിഴന്റെ ബ്രിട്ടീഷ് ചിരി. അദ്ദേഹം കാപ്പി കുടിക്കാതെ ഉറക്കമൊഴിക്കും. രാവിലെ ആറു മണിക്ക് ഉറങ്ങും.

ലാന്‍സല്‍റ്റ് തോമസ് പോയി. ശീലം മറന്നു.

കുറച്ച് പേടിയുള്ള കാപ്പി കുടിയന്മാര്‍ അല്പം മനസ്സാക്ഷിക്കുത്തോടെയാണ് കഫീന്‍ സേവയില്‍ ഹരം പിടിക്കാറ്. അക്കാലത്തിന്റെ ഏട് മറിഞ്ഞു. ആ പുസ്തകമേ ചിതലരിച്ചു. ഇനി ഒന്നും പേടിക്കാനില്ല, കുടിക്കൂ... കാപ്പി. ശാസ്ത്രമാണ് പറയുന്നത്...

ഒന്നര ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മൈറ്റോകോണ്ട്രിയം എന്ന പേരുള്ള ഏകകോശ ജീവി (ജീവിക്കാന്‍ ഓക്‌സിജന്‍ ആവശ്യമില്ലാത്ത) വഴിയെപ്പോയ ഒരു ബാക്ടീരിയത്തില്‍ കുരുങ്ങിപ്പോയി. ബാക്ടീരിയം അതിനെ ഉപദ്രവിച്ചില്ല, ദഹിപ്പിച്ചതുമില്ല. അകത്ത് താമസിക്കാന്‍ അനുവദിച്ചു. പാര്‍ക്കാന്‍ നല്ല ഒരു ഇടം നല്കിയതിന് അത് നന്ദി കാട്ടി. ബാക്ടീരിയത്തിന്റെതന്നെ ഓക്‌സിജനും ഗ്ലൂക്കോസും ഉപയോഗിച്ച് അതിന് ഊര്‍ജ്ജം ഉത്പാദിപ്പിച്ചുകൊടുത്തു. ഈ കൂട്ടുകെട്ട് പരിണാമചക്രത്തിന്റെ കറക്കത്തിന് ആക്കം കൂട്ടി. ജീവന്‍ ഇന്നീക്കാണുംവിധം സങ്കീര്‍ണ്ണമായി. ജീവന്റെ ബാറ്ററിയായാണ് മൈറ്റോകോണ്ട്രിയ പൊതുവില്‍ അറിയപ്പെടുന്നത്. പുതിയ കണ്ടെത്തലുകള്‍ പറയുന്നു അത് ജീവന്റെ മദര്‍ബോര്‍ഡാണെന്ന്. ശരീരത്തിനുവേണ്ട എല്ലാ ആശയങ്ങളും പദ്ധതികളും ഈ മദര്‍ബോര്‍ഡിലാണ് രൂപപ്പെടുന്നത്.

പാര്‍ക്കിന്‍സണ്‍സ് പോലെയുള്ള രോഗങ്ങള്‍ ഉണ്ടാവുന്നത് മൈറ്റോകോണ്ട്രിയയുടെ പ്രവര്‍ത്തനം തകരാറിലാവുന്നതുകൊണ്ടാണെന്നാണ് അടുത്തിടെ വന്ന ഒരു ഗവേഷണം (ദി ഹിന്ദു, ഓഗസ്റ്റ് 10, സയന്‍സ് പേജ് കാണുക) സൂചിപ്പിക്കുന്നത്. കരളിലെ ഒരു കോശം കൊണ്ട് നടക്കുന്നത് നുറ് മൈറ്റോകോണ്ട്രിയകളെയാണ്; പേശികള്‍ ആയിരം; എന്നാല്‍ ബ്രെയ്‌നിലെ ഒരു ന്യൂറോണ്‍ കൊണ്ടുനടക്കുന്നത് രണ്ട് ദശ ലക്ഷം മൈറ്റോകോണ്ട്രിയകളെയാണ്. വെറുതെയല്ല എല്ലാവരും അവിടെ കൂടിയിരിക്കുന്നത്. ഊര്‍ജ്ജദാഹിയാണ് ബ്രെയ്ന്‍. സ്ഥിരമായി വ്യായാമം ചെയ്യുകയും നന്നായി കാപ്പി കുടിക്കുകയും പഴവര്‍ഗ്ഗ-പച്ചക്കറി ഭക്ഷണം മുടങ്ങാതെ കഴിക്കുകയും ചെയ്താല്‍ പാര്‍ക്കിന്‍സണ്‍സ് വിട്ടു നില്‍ക്കുമത്രെ. അതായത് മൈറ്റോകോണ്ട്രിയയ്ക്ക് കാപ്പി നന്നായി ബോധിക്കും എന്ന്. മൈറ്റോകോണ്ട്രിയം ഒരു കാപ്പി ഭ്രാന്തനോ? കാപ്പി ഇഷ്ടമാണെങ്കില്‍ കുടി തുടങ്ങിക്കോളൂ. രണ്ട് കപ്പ് കാപ്പി. ഒന്ന് മൈറ്റോക്കോണ്ട്രിയ്ക്ക്; ഒന്നെനിക്കും. അടുക്കളയ്ക്ക് കാപ്പി ബാര്‍ എന്ന് പേരിട്ടാലോ!

മുകുന്ദനുണ്ണി

Comments

Popular posts from this blog

സംഗീതത്തിലെ സംഗീതങ്ങള്‍

ഗ്രാമീണജീവിതത്തില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന സംഗീതമാണ് നാടന്‍ പാട്ട്.  ആര് രചിച്ചു, ആര് സംവിധാനം ചെയ്തു, തുടങ്ങിയ ചോദ്യങ്ങള്‍ ഈ സംഗീതത്തെ കുറിച്ച് പ്രസക്തമല്ല.  കൈമാറി വരുന്നതിനിടയ്ക്ക് സംഭവിക്കുന്ന മാറ്റങ്ങളും പരിഷ്‌കരണങ്ങളും അതിന്റെ തുടര്‍ച്ചതന്നെ.  പക്ഷെ നാടന്‍ പാട്ട് ജനപ്രിയസംഗീതത്താലോ ക്ലാസിക്കല്‍ സംഗീതത്താലോ സ്വാധീനിക്കപ്പെടുന്ന ഒന്നല്ല.  ഗ്രാമീണ ജീവിതത്തിന്റെ വൃത്തങ്ങള്‍ക്കുള്ളില്‍ മാത്രം അര്‍ത്ഥം ജനിപ്പിക്കുന്ന സംഗീതമാണ്.  നാടന്‍ പാട്ടിനെ മറ്റൊരു സമുദായം അതിന്റേതാക്കി സ്വാംശീകരിക്കുമ്പോള്‍ അത് നാടന്‍ പാട്ടല്ലാതായി മാറുകയാണ് ചെയ്യുക.  ഇന്ന് വിനോദസഞ്ചാരികള്‍ക്ക് വിളമ്പുന്ന നാടന്‍ പാട്ടുകള്‍ കൃത്രിമപ്പകര്‍പ്പുകളാണ്.  പാട്ട് നഷ്ടപ്പെട്ട താളംപോലെ, വാക്യം നഷ്ടപ്പെട്ട വാക്കുപോലെ, മാതൃഘടനയ്ക്ക് പുറത്ത് അതിനെ പ്രതിഷ്ഠിക്കുമ്പോള്‍ അത് ജീവന്‍ വെടിയും.       ക്ലാസിക്കല്‍ സംഗീതം അങ്ങനെയല്ല.  അതിന് കര്‍ത്താവുണ്ട്.  സിനിമാപാട്ടിനും.  നാടന്‍ പാട്ടിനെ വേര്‍തിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ വ...

ഹിന്ദുസ്ഥാനി സംഗീതം: ധ്രുപദ് മുതല്‍ ഖയാല്‍ വരെ

ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ സംഗീതത്തിന്റെ ആധാര സങ്കല്‍പ്പം രാഗവും ആധാര മാതൃക വായ്പാട്ടുമാണ്.  ആദ്യകാല ഉപകരണസംഗീതം വായ്പാട്ടിനെ അതേപടി അനുകരിക്കുകയായിരുന്നു.  എന്നാല്‍, പ്രകാശനരീതികളില്‍ വന്ന ആന്തരികമായ മാറ്റങ്ങള്‍ ക്രമേണ നാനാത്വമാര്‍ന്ന സംഗീതരൂപങ്ങള്‍ ഉരുത്തിരിയുന്നതിന് കാരണമായി.  ധ്രുപദ്, ധമാര്‍, ഖയാല്‍, ഠുമ്രി, ടപ്പ, തുടങ്ങിയ രൂപങ്ങളിലൂടെ സംഗീതത്തിന്റെ  പലതരം പ്രത്യക്ഷങ്ങള്‍ തുറന്നുവന്നു.  മാതൃകയിലും മാറ്റമുണ്ടായി.  ഉപകരണസംഗീതം വായ്പാട്ടിനെ അനുകരിക്കാതെ വികസിച്ചു.  രണ്ട് വഴികളുണ്ടായി.  ഗായകി അംഗും ഗത്കാരി അംഗും.    രാഗം രാഗത്തിന്റെ സ്രോതസ് പാട്ടുകളിലെ ഈണമാണ്.  ഈണങ്ങളുടെ സ്രോതസ്സ് മനുഷ്യന്റെ പ്രത്യേകമായ പ്രകൃതവും.  ഈണഘടനകളില്‍നിന്ന് അവ പാലിക്കുന്ന പൊതുനിയമത്തെ മനസ്സിലാക്കി നിര്‍വ്വചിച്ചുണ്ടാക്കുന്ന മാതൃഘടനയാണ് രാഗം.  സംഗീതം വികസിക്കുമ്പോള്‍ ഈ മാതൃഘടനയുടെ വിവിധ തരം സാധ്യതകള്‍ തെളിഞ്ഞുവരും.  തലമുറകളായി സംഗീതാന്വേഷണം തുടരുമ്പോള്‍ മാര്‍ഗ്ഗവും ലക്ഷ്യവും ഫലങ്ങളും ചേര്‍ന്ന് ഒരു രാഗവ്യവസ്ഥ രൂപപ്പെടും.  പ്രചാരത്തില്‍ വരു...

എന്താണ് തത്വചിന്ത?

ഫിലോസഫി എന്ന ഗ്രീക്ക് വാക്കിന്റെ അര്‍ത്ഥം വിവേകത്തോടുള്ള പ്രിയം എന്നാണ്.  സമഗ്രമായ മനസ്സിലാക്കലില്‍നിന്നുണ്ടാകുന്ന വിവേകത്തോടുള്ള പ്രിയം.  വിവേകമാകാന്‍ പാകപ്പെടേണ്ട അറിവിനെ അരിസ്റ്റോട്ട്ള്‍ രണ്ടായി തരം തിരിക്കുന്നുണ്ട്.  എങ്ങിനെയാണ് ഒരു കാര്യം ചെയ്യുക എന്ന അറിവാണ് ഒന്നാമത്തേത്.  പ്രയോഗവുമായി ബന്ധപ്പെട്ട അറിവാണ് അത്.  ഉദാഹരണം: സൈക്കിള്‍ ചവിട്ടാന്‍ അറിയുക.  രണ്ടാമത്തേത്, പ്രയോഗത്തിലടങ്ങിയ എല്ലാ തന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട അറിവിന്റെ ചക്രവാളവും മനസ്സിലാക്കലാണ്.  ശരിയായി അറിയുക എന്നാല്‍, അരിസ്‌റ്റോട്ട്‌ളിന്, പ്രക്രിയയുടെ (ജ്ഞേയം) അകവും പുറവും മനസ്സിലാകലാണ്.  സൈക്കിള്‍ ചിവിട്ടുന്നതിന്റെ യാന്ത്രിക ജ്ഞാനം മുതല്‍ സൈക്കിള്‍യാത്രയുടെ സംസ്‌കാരവും കാലികപ്രസക്തിയുംവരെ ഈ അറിവിന്റെ പരിധിയില്‍ വരുന്നതാണ്.  രണ്ട് തരത്തിലുള്ള ഈ വിഭജനത്തെ സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു പ്രസ്താവനയാണ് 'ഫിലോസഫി എന്നാല്‍ വിവേകത്തോടുള്ള പ്രിയമാണ'് എന്നത്.  സമാന്തരമായി, മലയാളത്തില്‍, തത്വമറിയലാണ് തത്വചിന്ത എന്നും പറയാം.  പക്ഷെ എന്താണ് തത്വചിന്ത എന്ന് താത്വികമായി ചോദിക്കുമ...