(മുബാറക്ക് ആത്മതയുടെ 'വെര്‍ട്ടിക്കല്‍സ്' കാണാന്‍ പോയി. കോഴിക്കോട്ടെ മീഡിയ സെന്റററില്‍ പ്രദര്‍ശനം തുടരുന്നു. പതിമൂന്നാം തീയ്യതി വരെ.)
പാലക്കാടില്‍ കാണാന്‍ 'നിറയെ' ഇല്ല. പരപ്പ് നിറഞ്ഞുകിടക്കുന്ന ചക്രവാളമാണ് പാലക്കാട്. വലിയതെല്ലാം പാലക്കാടന്‍ ദൃശ്യപശ്ചാത്തലത്തില്‍ ചെറുതായിപ്പോകും. വലിയ മലനിരകള്‍ക്ക് മുന്നില്‍ ചെറുതാണ് കണ്ണില്‍ പിടിക്കുക. ഒരര്‍ഥത്തില്‍ ചെറുപ്പമാണ് വലുപ്പം. അതുകൊണ്ടായിരിക്കാം മുബാറക്കിന്റെ ഛായാഗ്രഹണ ചിന്ത ചെറുതിന്റെ വലുപ്പത്തെ നോക്കിനില്‍ക്കുന്നത്.
പാലക്കാടിന്റെ നിറത്തെ മുബാറക്കിന്റെ ക്യാമറയ്ക്ക് കാണാം. നെല്‍വയലുകളില്‍ തിരയിളക്കുന്ന വെയിലിന്റെ നിറമെന്തെന്ന് മുബാറക്ക് കുറേ ആലോചിച്ചിരിക്കണം. നീലച്ചുവരും റോഡില്‍ ട്രാഫിക് വരച്ച വെള്ള വരകളും വരകളിലേയ്ക്ക് ഇളം ചുവപ്പ് ചൊരിയാന്‍ പ്രേരിപ്പിച്ച ഭാവനാശേഷിയും റോഡിന്റെ കറുപ്പിനകത്തെ കടുംനീലയെ തിരയുന്നതും ഒരു ഫ്രെയ്മിലേയ്ക്ക് കയറി നില്‍ക്കുന്നു. ഫോട്ടോ ചിത്രമാകാന്‍ ആയുന്നതുപോലെ. കാന്‍വാസിലെ പെയ്ന്റിങ്ങായി ഫോട്ടോ അതിര്‍ത്തി കടന്നു.
വെളിച്ചം കണ്ണുമിഴിക്കുന്നതിന് മുന്‍പ് മുബാറക്ക് ഛായാഗ്രഹണം ആരംഭിച്ചിരിക്കാം. പ്രകാശം ചിന്നിച്ചിതറുന്നതിന് മുന്‍പാണ് ദുര്‍മേദസ്സില്ലാത്ത കാഴ്ച. മുബാറക്കിന്റെ ക്യാമറ നേരത്തെ ഉണരുന്നതുകൊണ്ട് നാട്ടിലും വീട്ടിലും ചായക്കടകളിലും ആരുമില്ല. തുറന്ന ഉമ്മറവാതിലിലൂടെ ഒരു പൂവന്‍ കോഴി അകത്തേയ്ക്ക് നോക്കുന്നുണ്ട്. അകത്താളുണ്ട്. അകത്താളുറങ്ങുന്ന വീടുകളും നിര്‍മാണത്തൊഴിലാളികള്‍ തട്ടിക്കൂട്ടിയ വീടും തിരക്കില്ലാതെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
എല്ലാം പുതിയ ഫോട്ടോസാണ്. പക്ഷെ കാലത്തെ അടയാളങ്ങളഴിച്ചുവെച്ച് മുബാറക്ക് പകര്‍ത്തി. കാലത്തിലൊതുങ്ങാത്ത ഖസാക്കിന്റെ ഇതിഹാസത്തിലേയ്ക്ക് ഈ നിശ്ചലച്ഛായകളിലൂടെ നോക്കാം. കുറച്ചു മുന്‍പ് രവി ഈ വഴി നടന്നുപോയതുപോലെ.
പാലക്കാടിന്റെ പ്രത്യേകമായ ഭൂപ്രകൃതിയില്‍ ഇരുട്ടിന്റേയും വെളിച്ചത്തിന്റേയും സന്ധികളില്‍ മറഞ്ഞിരിക്കുന്ന ചില ദൃശ്യധാതുക്കളേയും അവയുടെ സമ്മിശ്രാവസ്ഥകളേയും ഗ്രഹിക്കാന്‍ ശ്രമിക്കുകയാണ് മുബാറക്ക്: സെയ്‌സാന്‍ പറഞ്ഞതുപോലെ മണങ്ങളെപ്പോലും പെയ്ന്റ് ചെയ്യാനാവണം.
Comments