2024 ജനുവരി 9 ന് നിസാര്‍ പറയുന്നത് കേട്ട് മനസ്സിലാക്കിയതില്‍നിന്ന്:
യുക്തിയുടെ യുഗം ഏതാണ്ട് അവസാനിക്കുകയാണ്. മാധ്യമങ്ങള്‍ യുക്തിയുഗത്തിന്റെ അവശേഷിപ്പുകളില്‍പ്പെടുന്നു. നവമാധ്യമം പുതിയ യുക്തിയുഗാനന്തര വിര്‍ച്വല്‍ ഇടമാണ്. യുക്തിയുഗാനന്തരകാലത്തില്‍ പുതിയ കര്‍ത്താക്കളാണ്. നായകപൂജ പുതിയ രീതിയില്‍ തിരിച്ചുവന്നിരിക്കുന്നു. അമാനുഷ ശക്തിയുള്ള നായകന്മാര്‍: മോദി, ബിഡന്‍, പുടിന്‍, ഷീ, ഹിംസാത്മകമായ അത്ഭുതങ്ങള്‍ പ്രകടിപ്പിച്ച് കൈയ്യടി വാങ്ങുന്ന സിനിമകള്‍, അയോദ്ധ്യയിലേയ്ക്ക് തിരിച്ചുവന്ന രാമന്‍, ഇവിടേയും രാമന്‍തന്നെയാണ് നായകന്‍ എന്ന് ഉദ്‌ഘോഷിക്കുന്ന ദക്ഷിണേന്ത്യ...
നവമാധ്യമത്തില്‍ എല്ലാവരും കര്‍ത്താക്കളാണ്. ഒരു പക്ഷെ, ജനാധിപത്യം സംപൂര്‍ണ്ണമായിക്കഴിഞ്ഞു. എന്താണ് ജനാധിപത്യം എന്ന ചോദ്യം യുക്തിയുഗാനന്തര ലോകത്തില്‍ പ്രസക്തമല്ല. ബുദ്ധിജീവികളുടെ ശബ്ദം ഈ പുതിയ ലോകത്തില്‍ മ്യൂട്ടഡാണ്. അത്തരം ശബ്ദങ്ങള്‍ ക്വാരന്റൈന്‍ ചെയ്യപ്പെടേണ്ട കറപ്റ്റ് ഫയല്‍സാണ്: യുക്തിയുഗ ശേഷിപ്പ്! ശേഷിപ്പുകള്‍ അശക്തമാണെങ്കില്‍ അവഗണനയിലൂടെ മറന്നുപോകാന്‍ വിടും. യുക്തിയുഗത്തെ മറവിയുടെ ചവറ്റുകൊട്ടയിലേയ്ക്ക് ചൊരിയാനുള്ള സ്വായത്ത സംവിധാനത്തിന്റെ സോഫ്റ്റുവെയര്‍ എല്ലാ സിസ്റ്റത്തിലും വന്നുകഴിഞ്ഞു.
എല്ലാ രാഷ്ട്രീയകാര്യനിര്‍വ്വാഹകരേയും ആര്‍എസ്എസ് വിദ്യാലായങ്ങളില്‍നിന്ന് നേരിട്ട് റിക്രൂട്ട് ചെയ്തു തുടങ്ങി. ഇടതുപക്ഷം കേരളത്തില്‍ ശ്രമിച്ച് പരാജയപ്പെട്ടത്, തോല്‍വിയില്ലാത്ത ആര്‍എസ്എസ് അതിന്റെ ഭരണത്തില്‍ വിജയിപ്പിച്ചുതുടങ്ങി. നായകന്മാര്‍ക്ക് വിജയം മാത്രമേ ഉള്ളൂ. 'ഇനി എല്ലാകാലത്തേയും പ്രധാനമന്ത്രി ഞാനാണ്', അടുത്ത തിരിഞ്ഞെടുപ്പിനു ശേഷം മോദി പ്രഖ്യാപിക്കാനിരിക്കുന്നു.
സാമൂഹികശാസ്ത്രമാണ് കൂടുതല്‍ സങ്കീര്‍ണ്ണം. ഐന്‍സ്റ്റൈന്‍ അങ്ങനെ പറഞ്ഞത് വേരിയബിളുകളുടെ ബാഹുല്യം കാരണം. ഇന്നത്തെ ലോകത്തിന്റെ പ്രവണതകള്‍ പ്രവചിക്കാനാവാത്ത വിധം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. ഭൗതിക നേട്ടങ്ങളുടെ കുതിപ്പിന്റെ ആവേശത്തിലാണ് സര്‍വ്വ കര്‍ത്താക്കളും. ഈ പ്രവണത, വെബര്‍ പറഞ്ഞതുപോലെ, ഭൗതിക സ്രോതസ്സുകള്‍ വറ്റുംവരെ നീണ്ടേയ്ക്കാം. ലക്ഷണങ്ങള്‍ ഇരുണ്ട യുഗത്തിലേയ്ക്കുള്ള വഴികാണിക്കുന്നു.
Comments