Skip to main content

Posts

Showing posts from 2023

Benny's Paintings

  കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍. ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ. കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച...

സ്വയം പരിഭ്രമിക്കുന്ന വരകള്‍

  വര ദൃഢമാകുന്നതിന് മുന്‍പ് മുസ്തഫയുടെ യൗവ്വനം സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി നുകരുകയായിരുന്നു. ആവേശംപൂണ്ട് പുസ്തകങ്ങള്‍ വായിച്ചു, ചിന്ത പുകഞ്ഞ് കത്തി, ഫിലിം സൊസൈറ്റി വഴി സിനിമകള്‍ കണ്ടു, ചിത്രങ്ങള്‍ കണ്ടു, വാന്‍ഗോഗിനെ അറിഞ്ഞു... യാദൃശ്ചികമായി മോഡേണ്‍ ടൈംസിലെ ചാപ്ലിനെ പഴയ നോട്ടുപുസ്തകത്താളില്‍ വരച്ചു. വീണ്ടും വീണ്ടും വരച്ച് തെളിഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വലിയ ചുവരില്‍ ഏറെക്കാലം ആ ചാപ്ലിന്‍-പോര്‍ട്രെയ്റ്റ് നോട്ടം ആകര്‍ഷിച്ചുകിടന്നു. മുസ്തഫ എന്ന ചിത്രകാരന്‍ ജനിച്ചു. മുഖ്യധാര ശീലിച്ച നോട്ടത്തില്‍ മുസ്തഫ ഒരു സാധാരണക്കാരനാണ്. കോഴിക്കോട്ട്, തിരുവണ്ണൂരില്‍ താമസം. ചിത്രകാരന്‍ എന്ന തന്മയുടെ ഭാരമില്ല. ആ വരുന്നത് ഒരു ചിത്രകാരനാണെന്ന് ആരും ചൂണ്ടിപ്പറയില്ല, ധര്‍മ്മത്തിലും കര്‍മ്മത്തിലും ചിത്രചിന്തകനെങ്കിലും. ഭാവനയില്‍ നിറയെ വരകളാണ്. നഭസ്സിന്റെ കാന്‍വാസില്‍, തിരുവണ്ണൂര്‍ പൂഴിച്ചിറയിലെ ഓളങ്ങളില്‍, കടലിലെ തിരകളില്‍... വരയുടെ സാധകം അങ്ങനെ നടക്കും. ഏകാന്തമായി ഇരിക്കാനായാല്‍ മൊബൈലില്‍ വരയ്ക്കും. മൊബൈലില്‍ വരയ്ക്കുമ്പോള്‍ ശരീരം ശരീരത്തില്‍തന്നെ വരയ്ക്കുന്നതുപോലെ നേരിട്ടാണ്. കാന്‍വാസില്‍ വരയ്ക്കുമ്പോള്...

പ്രേംചന്ദിന്റെ 'ജോണ്‍' സിനിമ

  'ജോണ്‍' കണ്ടു. പ്രേംചന്ദിന്റേയും ദീദിയുടേയും പാപ്പാത്തിയുടേയും സിനിമ. തീയറ്ററില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ സിനിമയില്‍ നിന്ന് ഇറങ്ങുന്നതുപോലെ. യാക്കൂബിനെ കണ്ടു. അഭിനയിച്ചിരുന്നില്ല. പക്ഷെ സിനിമയില്‍ ഉണ്ടായിരുന്നു. അജിചേച്ചിയെ കണ്ടു. അജിതയുടെ മുഖത്ത് സങ്കടം. ഓഫീസില്‍ പോണം. അവിടെ കുറേ പേര്‍ കാത്തിരിക്കുന്നുണ്ട്. പിന്നെ സിനിമയെപ്പറ്റി. ഇതെല്ലാം തന്നെയല്ലേ നമ്മുടെ ജീവിതം... കുറേ പേര്‍ പോയി... അജിത സിനിമയേയുംകൊണ്ട് അന്വേഷിയിലേയ്ക്ക് പോയി. യാക്കൂബ് ഓഫീസിലേയ്ക്കും. എല്ലാവരുടേയും കൂടെ സിനിമയും പോയി. ഈ സിനിമ എല്ലാവരുടേതുമാണ്. കോഴിക്കോട് നഗരത്തില്‍ പണിതീരാതെപോയ ജീവിതത്തെ ജോണ്‍ സന്ദര്‍ശിക്കുന്നു. ജോണിന്റെ അഭാവസാന്നിധ്യത്തിന് പ്രേംചന്ദിന്റെ ശബ്ദം. പണ്ട് പ്രേംചന്ദ്, രാത്രി, തിരുവണ്ണൂരിലെ പടിഞ്ഞാറെ കുളത്തിലെ കൂപ്പിലിരുന്ന് 'ചൂളൈമേടിലെ ശവങ്ങള്‍' ഉറക്കെ വായിക്കും. മെഴുകുതിരി വെളിച്ചത്തില്‍. ചുറ്റും ശ്രോതാക്കള്‍. പുസ്തകം വായിക്കുന്നതിനേക്കാള്‍ രസം. പ്രേംചന്ദിന്റെ ശബ്ദം 'പാതാളക്കരണ്ടി' (പ്രേംചന്ദ് എഴുതിയ നോവല്‍) യില്‍നിന്ന് ഉയര്‍ന്നുവരുന്നതുപോലെ. സിനിമയിലും പ്രേംചന്ദ് നോവലെഴു...

കരുണയെ നയിക്കുന്ന ശ്രദ്ധ

കരുണ ഒരു മനോഹരമായ സങ്കല്‍പ്പമാണ്. കരുണ ഒഴുകുമ്പോള്‍ ഹൃദയം ഉരുകാതിരിക്കില്ല. ആകെ ബാധിക്കപ്പെട്ട് സാക്ഷികള്‍ അലിയും. കരുണയെക്കുറിച്ച പഠിക്കുമ്പോള്‍ അത് അനുഭവിക്കുന്നതുപോലെയാവണമെന്നില്ല. ഒരു പക്ഷെ, താത്കാലികമായി കരുണയുടെ സൗന്ദര്യതലത്തെ സ്മരിക്കാതിരിക്കാം. കവിത വായിക്കുമ്പോള്‍ മഞ്ഞ് ഉറയും. പഠിക്കുമ്പോള്‍ വെയിലുദിക്കും. വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉള്‍ക്കാഴ്ചകളുടെ മഴ പെയ്യുമായിരുന്നു. ഓരോന്നും വാദങ്ങളാക്കി അവതരിപ്പിക്കാന്‍ റസ്സല്‍ പറഞ്ഞു. വാദം അതിന്റെ സൗന്ദര്യം നശിപ്പിക്കും എന്നായിരുന്നു മറുപടി. കരുണ ചിലപ്പോള്‍ അപഗ്രഥനത്തില്‍ ചിറകറ്റുപോയേയ്ക്കാം. അനുഭവത്തിലേയ്ക്ക് കൂടുതല്‍ ആവേശത്തോടെ തിരിച്ചുവരാന്‍. ഒറ്റ നോട്ടത്തില്‍, മറ്റുള്ളവരുടെ ദുഃഖത്തില്‍നിന്ന് ഉയരുന്നതാണ് കരുണ. മറ്റുള്ളവരുടെ ദുഃഖം മൂലം എനിക്കുണ്ടാവുന്ന ദുഃഖം. പരന്റെ ദുഃഖം എന്റേതായി മാറുന്നു. കരുണ എന്റെ ഉള്ളില്‍ ഒഴുകുന്നതുപോലെ. കരുണാമയന്‍ കരുണ കാണിക്കുമോ? ഉറപ്പില്ല. ഉള്ളില്‍ കരുണ ഉദിച്ചാല്‍ കരുണ കാണിക്കാനുള്ള മതിയായ കാരണമായി. അനിവാര്യമായ കാരണമാകുന്നില്ല. എന്റെ ഉള്ളില്‍ കരുണ ഉണ്ടായതുകൊണ്ടുമാത്രം ഞാന്‍ കരുണയോടെ പെര...

നിറത്തിന്റെ വാക്ക്

ചിത്രകാരന്റെ കാഴ്ച തെളിഞ്ഞതാണ്. കാണപ്പെടുന്നതിന്റെ സാരമായ ഭാഗം കാഴ്ചയിലേയ്ക്ക് കയറും. കവിയ്ക്ക് ഭാഷയും ലോകവും രണ്ടറ്റങ്ങളില്‍ വന്ന് നില്‍ക്കുന്നത് കാണാം. അവിടെ ഒരു വിടവുണ്ട്. കവി ആ വിടവ് ചാടിക്കടക്കും. കാഴ്ചയ്ക്ക്, ചാടാതെ, നിന്ന നില്‍പില്‍ കാണാം. ജോണ്‍സിന് നേരിട്ട് കാണാം. ആ കാഴ്ച എഴുത്തായി പരിണമിക്കാന്‍ എളുപ്പം. ചിത്രകാരന്‍ കവി കൂടിയാകുമ്പോള്‍. പണ്ട് ബറോഡയില്‍നിന്ന് കത്തുകളയയ്ക്കും. സ്വകാര്യമായ എഴുത്ത്. ഇന്‍ലന്റ് തുറന്നാല്‍ മനോഹരമായ കൈപ്പടയില്‍ ഭ്രാന്തമായ കോണുകളില്‍നിന്ന് വരുന്ന, നര്‍മ്മരസമാര്‍ന്ന, വാക്കുകള്‍. വാക്കുകള്‍ക്ക് ചുറ്റും ചിത്രം. ചിത്രങ്ങള്‍ക്ക് ചുറ്റും വാക്കുകള്‍. കവിയോ ചിത്രകാരനോ എന്ന് തോന്നിപ്പോയിരുന്നു. ഇപ്പോള്‍ ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നുന്നു, ഒരേ അളവില്‍ കവിയും ചിത്രകാരനുമാണെന്ന്. 'എഫ്ഹരിസ്‌തോ ഗ്രീസി'ന്റെ തിരക്കഥ ആണും പെണ്ണും കടലുമാണ്. വരികളിലൂടെ ഗ്രീസിന്റെ ഭൂഘടന തൊട്ടറിയാം. പടികള്‍ കയറിയിറങ്ങി വീടുകളിലേക്ക് പോകാം. വീട്ടിലെ വായു സൗഹൃദത്തിന്റെ. ലളിത ഭക്ഷണവും മദ്യവും കയര്‍ക്കാത്ത മൃദുഭാഷണങ്ങളും. ആത്മകഥയുള്ളവര്‍. തുല്യര്‍. വേറിട്ട വ്യക്തികള്‍. അടുക്കളയില്‍, തീ...

പ്രഭാത കവിതകള്‍

  സ്വപ്‌നമായിരുന്നില്ല കോളിങ് ബെല്‍ കേട്ട് ഞെട്ടിയുണര്‍ന്നു. ഉറക്കത്തില്‍ അതിന്റെ ശബ്ദം അതിശക്തമാണ്. ഉണര്‍വ്വിലേയ്ക്ക് മുഴങ്ങി. ആപത്താണ് ഈ നേരത്ത് ബെല്ലമര്‍ത്തുക. മുറിയുടെ വാതിലിന്റെ താഴ് ആരോ നീക്കിയിരുന്നു. വാതില്‍ ചെറുതായി തള്ളുന്നതുപോലെ. പൂച്ചയാണോ, പിന്നെ ഇല്ല. ആദ്യം തള്ളിയതിന്റെ ഓളം. വെള്ളത്തില്‍ കല്ല് വീണുള്ള ഓളം. നീങ്ങിനീങ്ങി ശാന്തമായി. വാതില്‍ തുറന്നില്ല. ആപത്ത് മടങ്ങിപ്പോയിരിക്കാം. ഉണര്‍ന്നപ്പോള്‍ ആപത്ത് അനാവശ്യമായ ഭാവനയായി. വെറുക്കുന്നവര്‍ സ്‌നേഹത്തിലാവുമ്പോള്‍ വെറും ഭാവനയായിരുന്നു എന്നു തോന്നുന്നതുപോലെ. പകല്‍. ജീവിതത്തിന്റെ അനേകം വാതിലുകള്‍ തുറന്നു. വെളിച്ചം ചിതറിപ്പരന്നു. സ്വപ്‌നമായിരുന്നില്ല. സ്വപ്‌നമായിരുന്നതുപോലെ. ---------------------- വളവ് 'സാലിമാകായ്' ഒരു നീണ്ട നാടോടി ഗാനമാണ്. ബാഷ്‌കീര്‍ നാടോടികളുടെ. ഒരു വലിയ പര്‍വ്വതം കയറുന്നതിനെക്കുറിച്ച്. വളഞ്ഞ കയറ്റവും സാലിമാകായ് എന്ന പെണ്‍കുട്ടിയുടെ കണ്‍പുരികവും ഒരുപോലെ. രണ്ടും ശ്വാസം മുട്ടിയ്ക്കും. ശ്വാസം മുട്ടിക്കുന്ന ആ വളവ് പര്‍വ്വതത്തിലുണ്ട്, പെണ്‍കുട്ടിയിലുണ്ട്, ആ മധുരഗാനത്തിലുമുണ്ട്. ---------------------------------...