വര ദൃഢമാകുന്നതിന് മുന്‍പ് മുസ്തഫയുടെ യൗവ്വനം സ്വാതന്ത്ര്യത്തിന്റെ വിസ്തൃതി നുകരുകയായിരുന്നു. ആവേശംപൂണ്ട് പുസ്തകങ്ങള്‍ വായിച്ചു, ചിന്ത പുകഞ്ഞ് കത്തി, ഫിലിം സൊസൈറ്റി വഴി സിനിമകള്‍ കണ്ടു, ചിത്രങ്ങള്‍ കണ്ടു, വാന്‍ഗോഗിനെ അറിഞ്ഞു... യാദൃശ്ചികമായി മോഡേണ്‍ ടൈംസിലെ ചാപ്ലിനെ പഴയ നോട്ടുപുസ്തകത്താളില്‍ വരച്ചു. വീണ്ടും വീണ്ടും വരച്ച് തെളിഞ്ഞു. സുഹൃത്തിന്റെ വീട്ടിലെ വലിയ ചുവരില്‍ ഏറെക്കാലം ആ ചാപ്ലിന്‍-പോര്‍ട്രെയ്റ്റ് നോട്ടം ആകര്‍ഷിച്ചുകിടന്നു. മുസ്തഫ എന്ന ചിത്രകാരന്‍ ജനിച്ചു.
മുഖ്യധാര ശീലിച്ച നോട്ടത്തില്‍ മുസ്തഫ ഒരു സാധാരണക്കാരനാണ്. കോഴിക്കോട്ട്, തിരുവണ്ണൂരില്‍ താമസം. ചിത്രകാരന്‍ എന്ന തന്മയുടെ ഭാരമില്ല. ആ വരുന്നത് ഒരു ചിത്രകാരനാണെന്ന് ആരും ചൂണ്ടിപ്പറയില്ല, ധര്‍മ്മത്തിലും കര്‍മ്മത്തിലും ചിത്രചിന്തകനെങ്കിലും. ഭാവനയില്‍ നിറയെ വരകളാണ്. നഭസ്സിന്റെ കാന്‍വാസില്‍, തിരുവണ്ണൂര്‍ പൂഴിച്ചിറയിലെ ഓളങ്ങളില്‍, കടലിലെ തിരകളില്‍... വരയുടെ സാധകം അങ്ങനെ നടക്കും. ഏകാന്തമായി ഇരിക്കാനായാല്‍ മൊബൈലില്‍ വരയ്ക്കും. മൊബൈലില്‍ വരയ്ക്കുമ്പോള്‍ ശരീരം ശരീരത്തില്‍തന്നെ വരയ്ക്കുന്നതുപോലെ നേരിട്ടാണ്. കാന്‍വാസില്‍ വരയ്ക്കുമ്പോള്‍ ചിത്രവും ചിത്രകാരനും മുഖാമുഖം കാണും. മൊബൈലിന്റെ കാന്‍വാസ് വിരല്‍തുമ്പില്‍ തൊട്ടുനില്‍ക്കുകയാണ്.
പഠിച്ച് വരയ്‌ക്കേണ്ടതല്ല മുസ്തഫയ്ക്ക് വരകള്‍. ചിത്രബിന്ദുക്കള്‍ വരയായി മുസ്തഫയില്‍നിന്ന് ഇറങ്ങിപ്പോകുകയാണ്. മസ്തിഷ്‌കത്തിനും വരകള്‍ക്കുമിടയില്‍ വിരലും മൊബൈലും കടന്നുവരുന്നുവെന്ന് മാത്രം. കുറേ വരച്ച് പിന്നെ കുറേ മായ്ക്കുകയും മായ്ക്കുന്നതിലൂടെ വര തെളിയുകയും ചെയ്യുന്ന ശില്‍പ്പകലാസമാനമായ പ്രക്രിയയാണ് മുസ്തഫയ്ക്ക് വര. കല്ലില്‍നിന്ന് ശില്‍പ്പമൊഴിച്ച് മറ്റെല്ലാം കൊത്തിക്കളയുന്നതുപോലെ കുറേ വരകളില്‍നിന്ന് രൂപങ്ങളെ ബാക്കി നിര്‍ത്തി മായ്ച്ചുകളയുന്നു. ഓരോ വരയും ആവര്‍ത്തിക്കാത്ത ആവര്‍ത്തനമാണ്. ഒരേ വരയുടെ ആവര്‍ത്തനമല്ല. വരയിലെ വിഭിന്ന സാധ്യതകളുടെ ആവര്‍ത്തനമാണ്.
മുസ്തഫയുടെ വരരൂപങ്ങള്‍ പലപ്പോഴും സൈ്വര്യംകെട്ട് നില്‍ക്കുന്നത് കാണാം. മനുഷ്യര്‍ പരസ്പരം കാണിക്കുന്ന വെറുപ്പ് കണ്ടിട്ട്, ഹിംസ കണ്ടിട്ട്. വെറുപ്പിന്റെ രാഷ്ട്രീയത്തിനകത്തേയ്ക്ക് മുസ്തഫയുടെ ചിത്രങ്ങള്‍ ഗാന്ധിജിയായി നിഷ്പക്ഷം ഇറങ്ങി നടക്കുന്നു. ഗാന്ധിയെ വരയ്ക്കുമ്പോള്‍ എന്തോ ഒരു ദുഃഖഛായ. ഭാവിയില്‍ ചരിത്രം കണ്ടെത്താതെപോയേക്കാമെന്ന ഭയവും അതിന്റെ സങ്കടവും.
മനുഷ്യരായിരിക്കുന്നതിന്റെ ഭാരം അനുഭവിക്കുന്ന പാവം വൃദ്ധരും സ്ത്രീകളും ഭാവവിഹീനരായി ചില ചിത്രങ്ങളില്‍ നില്‍ക്കുന്നതു കാണാം. നില്‍ക്കുന്നത് എവിടെയാണെന്ന് ചിത്രത്തിലില്ല. ശൂന്യതയാല്‍ വലയം ചെയ്യപ്പെട്ട്. ശൂന്യത നിഷേധാത്മകല്ല. ജീവിതത്തിന്റെ സ്വഭാവമില്ലായ്മയാണ് ആ ശൂന്യത. നിരാശപ്പെടുത്തുന്നതല്ല. തിരിച്ചറിവില്‍ നിര്‍ന്നിമേഷരാവുന്നതിന്റെ ഭാവമാണ്. ചിത്രങ്ങളില്‍ ശൂന്യത പല്ലവിപോലെ ആവര്‍ത്തിച്ചു കാണാം. മനുഷ്യരായാലും ചെടിയായാലും മരമായാലും അതാണ് പശ്ചാത്തലം. ലോകം കുറേ ശൂന്യമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്നത്, അതുപോലെ ഒപ്പം കടന്നുപോകുന്ന ചിത്രങ്ങളിലെ മനുഷ്യരും പക്ഷികളും വൃക്ഷങ്ങളും നോക്കിനില്‍ക്കുന്നതുപോലെ.
മുഖ്യധാരയെ അനുഗമിക്കുന്ന ഒന്നും തന്നെ വരയിലില്ല. ചിത്രങ്ങളിലേയ്ക്ക് സൂക്ഷ്മമായി പ്രവേശിച്ചാല്‍ വരകള്‍ ചോദ്യം ചോദിക്കുന്നത് കാണാം. വരയില്‍ നിവര്‍ന്ന് മടങ്ങിയുള്ള മനുഷ്യരുടെ നില്‍പ്പുതന്നെ ചോദ്യത്തിന്റെ ആകൃതിയിലാണ്. ഉത്തരമായി വരുന്ന ചിത്രങ്ങളുണ്ട്. ലളിതമായ വരകളിലെ ഗാന്ധിയായി. അഹിംസയുടെ സ്ഫടികഭംഗികളോടെ.
ചില ചിത്രങ്ങളുടെ പുതുമ അതിന്റെ പാരമ്പര്യത്തെ താണ്ടുന്നതിന്റെ തഴമ്പിലാണ്. ഇവിടെ പാരമ്പര്യമില്ല. മുസ്തഫയുടെ വരകള്‍ക്ക് മുന്‍പ് ഒന്നുമില്ല. വരയുടെ ഈ രീതി ആദ്യമാണ്. പുതുക്കത്തില്‍ ഈ വരകള്‍ ദൃശ്യലോകത്ത് സ്വയം പരിഭ്രമിക്കുന്നതുപോലെ തോന്നും, വരയുടെ പുതിയ വംശത്തിന്റെ ഏകാന്തതയില്‍.
ചിന്തയിലെ സന്ദിഗ്ധതയാണ് വരയുടെ ധമനികളില്‍ ഓടുന്നത്. വാന്‍ഗോഗിന്റെ പ്രതിഭയും ഭ്രാന്തും ചിത്രങ്ങളും മുസ്തഫയെ കുഴക്കിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീര്‍ ആജീവനാന്തം ബാധിച്ചു. ഓരോ ചിത്രഭാവനയും ബഷീറിലുടെ വാന്‍ഗോഗ് വരെ പോയിവരും. ഡോസ്‌റ്റോവ്‌സ്‌കിയും മാര്‍ക്‌സും ലോകത്തിലേയ്ക്കുള്ള ജാലകങ്ങള്‍ തുറന്നിട്ടു. ചിന്തയും വരയും ജനലഴികളിലൂടെ നോക്കി ലോകത്തെ നിരീക്ഷിച്ചു.
സ്‌നേഹംകൊണ്ട് ലോകത്തിന്റെ കേട് നേരെയാക്കാന്‍ ശ്രമിച്ച നസ്രത്തിലെ യുവാവിനേയും ഗാന്ധിയേയും പല തവണ വരച്ചു കഴിഞ്ഞു. യാന്ത്രികതയ്ക്ക് നേരെ ഇരുണ്ട ചിരി ചൊരിഞ്ഞ് കളിയാക്കിയ ചാപ്ലിനേയും പല തവണ. മുസ്തഫയുടെ ചിത്രങ്ങളുടെ തത്വചിന്ത ഈ മൂന്ന് രൂപങ്ങളുടെ വിഭിന്ന ആവര്‍ത്തനങ്ങളിലുണ്ട്.
ഒരു മുഴുവന്‍ ലോകത്തെ വരയ്ക്കുന്നില്ല. ഒരാള്‍ തിരിഞ്ഞു നില്‍ക്കുകയായാവും. മറ്റൊന്നും ആ ചിത്രത്തിലില്ല. പക്ഷെ ആ തിരിഞ്ഞുനില്‍പ്പ് ലോകത്തിനോടാണ്. തിരിഞ്ഞുനില്‍ക്കപ്പെടുന്ന ലോകം കാഴ്ചയില്‍ അഭാവമായുണ്ട്.
മനുഷ്യരെപ്പോലെ ആലോചിച്ച് വെറുതെ ഇരിക്കുന്ന കാക്കകള്‍. ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം മുകുളമായി നില്‍ക്കുന്ന ചെടി. ഒരു തുണ്ട് മണ്ണില്‍ എതാനും ഇലകളുമായി ധ്യാനത്തിലിരിക്കുന്ന മറ്റൊരു ചെടി. ആള്‍ക്കൂട്ടത്തിന്റെ പലായനം. അഭയം തേടിയല്ല. ലക്ഷ്യമില്ലാത്തതുകൊണ്ട് അലക്ഷ്യമായതുപോലെ. ചില രൂപങ്ങള്‍ മനുഷ്യനും ചെടിയുമാണ്. ചിലര്‍ ഓരോരോ വ്യക്തികളല്ല. കൂടി ചേര്‍ന്നവരാണ്. കൂട്ടസ്വത്വമുള്ളവര്‍. സ്ത്രീയും പുരുഷനും ഒരേ മരത്തിന്റെ ചില്ലകള്‍. വൃദ്ധനും യുവാവും ചേര്‍ന്നുണ്ടായ ഒരു ചരിവ്. പാറുന്ന മുടിയാവാം ഒരു ചിത്രം അല്ലെങ്കില്‍ തലയിലിരിക്കുന്ന കാക്കയാവാം. കാഴ്ചക്കാരന്റെ മസ്തിഷ്‌കത്തെ ഇരുപക്ഷങ്ങളിലേയ്ക്കും മാറി മാറി നിര്‍ത്തുന്ന ചിത്രങ്ങള്‍. രൂപങ്ങളുടെ സംയുക്തഭാവങ്ങള്‍. വള്ളികളെപ്പോലെ കൂടിപ്പിണഞ്ഞ ആള്‍ക്കൂട്ടം. അമ്മയുടെ തോളില്‍ ഉറങ്ങുന്ന കുഞ്ഞ്. അഗാധമായ ശാന്തി രണ്ടു മുഖങ്ങളിലും. അദൃശ്യമായ ഒരു മരത്തിന്റെ ചില്ലയിലേയ്ക്ക് പടരുന്ന പുരികം.
മുസ്തഫയുടെ ചിത്രങ്ങളില്‍ ഒരു വസ്തുവോ രൂപമോ അതിന്റെ തന്മയില്‍ തീരുന്നില്ല. വസ്തുവും രൂപവും തീരാത്ത യാഥാര്‍ത്ഥ്യമാണ്. ചിന്തയുടെ പ്രതിരൂപത്തെ അഴിച്ചുവെയ്ക്കുന്നതുപോലെ. തന്മ എത്രമാത്രം ഭിന്നതകളെ ഒളിച്ചുവെയ്ക്കുന്നു എന്നതിന്റെ വെളിപ്പെടുത്തല്‍. ഓരോ നുറുങ്ങ് യാഥാര്‍ത്ഥ്യത്തേയും വരകളിലൂടെ ശസ്ത്രക്രിയ ചെയ്യുന്ന ചിത്രങ്ങള്‍. വരകളില്‍ നില്‍പ്പിന്റേയും ഇരിപ്പിന്റേയും ആയിരിക്കലിന്റേയും സൂക്ഷ്മപ്രപഞ്ചമുണ്ട്.
മുകുന്ദനുണ്ണി
Comments