കോഴിക്കോട് ലളിതകലാഅക്കാദമിയില്‍ ബെന്നിയുടെ ചിത്രപ്രദര്‍ശനം നടക്കുന്നു. താഴത്തെ നിലയില്‍. ഓരോ ചിത്രങ്ങളായി രണ്ടു തവണ ചുറ്റി നടന്നു കണ്ടു. മനുഷ്യാനന്തര ലോകത്തിന്റെ കാഴ്ചകളാണ് മിക്ക ചിത്രങ്ങളിലും. കരയും കടലും ആകാശവും ജന്തുജാലങ്ങളും പ്രപഞ്ചകാലത്തിന്റെ സമകാലികതയില്‍.
ഒരു ചിത്രത്തില്‍ ഒരു മരം മാത്രം ബാക്കി. നോഹയുടെ പെട്ടകം പോലെ. അവശേഷിക്കുന്ന സര്‍വ്വ ജന്തുജാലങ്ങളും ആ മരത്തിന്റെ ചില്ലകളില്‍ കയറി പറ്റിയിരിക്കുന്നു. കനം തൂങ്ങുന്ന ചില്ലകള്‍. ഒരാള്‍ മരത്തിന് കീഴെ ഒരു പിടി മണ്ണുവാരിയിടുന്നു. മറ്റൊരാള്‍ ഒരു കുമ്പിള്‍ വെള്ളം. വറ്റിയ സമുദ്രത്തിലെ പാറകളില്‍ പൂപ്പലിന്റെ മനോഹരമായ മുദ്രകള്‍. മത്സ്യങ്ങള്‍ കരയില്‍ നങ്കുരമിട്ടതുപോലെ.
കണ്ണുകളെ ചിത്രപ്രതലത്തിന്റെ കേന്ദ്രത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നില്ല. നടുവോ അരികോ ഇല്ല. ആദിമധ്യാന്തമില്ല. എവിടേയ്ക്കും നോക്കാവുന്ന കാഴ്ചയാണ് ഓരോ ചിത്രങ്ങളും. വയലിന്റെ ലാന്‍സ്‌കെയ്പ്പിലേയ്ക്ക് പുറത്തുനിന്ന് പറക്കാനൊരുങ്ങുന്ന കൂറ്റന്‍ പൂമ്പാറ്റ. നെയ്തുകാരനുണ്ട്. വെറുതെയിരിക്കുന്നു. പണിയില്ല. നൂലുണ്ട അഴിച്ചിട്ടില്ല. നൂലുണ്ട സ്വയം ഒരു കാഴ്ചയാണ്. മറ്റു രൂപങ്ങളുമായി വലുപ്പച്ചെറുപ്പത്തിന്റെ അനുപാതം പുലര്‍ത്തുന്നില്ല. കര്‍ഷകനും വെറുതെയിരിക്കുന്നു. കാര്‍ഷികോപകരണം ധര്‍മം നഷ്ടപ്പെട്ട് സ്വതന്ത്ര ഉണ്മ ആര്‍ജിച്ചിരിക്കുന്നു.
പൊതുപരിചയത്തില്‍ ഉള്‍പെടാത്ത പക്ഷികളാണ് ചില ചിത്രങ്ങളില്‍. ഒരു പക്ഷെ, ഈ കാലത്തിനകത്തെ മറ്റേതോ കാലത്ത് ജീവിക്കുന്നവ. വംശനാശത്തിന്റെ വക്കില്‍നിന്ന് ഒരു പറക്കുന്ന അണ്ണാന്‍ ചിറകടിക്കുന്നു. ഭൂമിയില്‍നിന്ന് മറയാനിരിക്കുന്ന ഇരട്ടത്തലച്ചിയുണ്ട്. 'ഈ മുഖം ഒന്ന് നോക്ക്' എന്ന് പറയാന്‍ തോന്നിപ്പോകുന്ന ഭാവമുള്ള ഒരു മനുഷ്യനുണ്ട്. കുറേ മനുഷ്യരുള്ള ചിത്രത്തില്‍ എല്ലാവരും മുഖംകൊണ്ട് എന്തോ ചെയ്യുകയാണ്. ഒരു പെണ്‍കുട്ടി നീണ്ട നാവ് നീട്ടുന്നു. രണ്ട് മുഖങ്ങള്‍ ഉമ്മവെയ്ക്കുന്നു. ഒരാള്‍ മാസ്‌ക്കണിഞ്ഞ് മദ്യക്കുപ്പിയ്ക്കും ഗ്ലാസിനും നേരെ പതുങ്ങി നീങ്ങുന്നു. ഒരു കലമാന്‍, ഒരു നായിക, പടച്ചട്ടയണിഞ്ഞ ഒരു പുരാതന യോദ്ധാവ്, കുരങ്ങന്‍, ഐബിസ്, സ്വിഫ്റ്റ്... ഒരു ചിത്രത്തില്‍ പൊട്ടാത്ത ബോംബുകളുണ്ട്. വിഷം കലര്‍ന്ന അന്തരീക്ഷം: ഒരു പന്നി ഛര്‍ദ്ദിക്കുന്നു.
ഒരുതരം ഭീമന്‍ ഷഡ്പദം എല്ലാ ചിത്രങ്ങളിലുമുണ്ട്. സാര്‍ത്രിന്റെ ഒരു നാടകത്തില്‍ പറയുന്ന, മുപ്പതാം നൂറ്റാണ്ടില്‍ ആണവയുദ്ധത്തിനുശേഷം അവശേഷിക്കുന്ന, കൂറയെപ്പോലെ. ചില ചിത്രങ്ങളില്‍ ഈ ഷഡ്പദം പുറത്തുനിന്ന് ചിത്രത്തിലേയ്ക്ക് പറ്റിപ്പിടിക്കുന്നു. എല്ലാ ചിത്രങ്ങളിലും മൂങ്ങയുണ്ട്. ഒരു ഇല കൊഴിഞ്ഞ മരത്തില്‍ നിറയെ മൂങ്ങയാണ്. വിവേകത്തെ ഓര്‍മ്മിപ്പിക്കാനെന്നപോലെ.
മനുഷ്യനിര്‍മ്മിതമായ യന്ത്രങ്ങള്‍ ഉപയോഗമറ്റ് കിടക്കുന്നു. ചെറിയ ടൂളുകള്‍ കെട്ടുപിണഞ്ഞ് കുടല്‍മാലയുടെ കൂമ്പാരംപോലെ. പൊയ്കാലില്‍ നടക്കുന്ന മനുഷ്യന്‍. അതിലൊരു പൊയ്കാല്‍ വിളക്കുമരത്തിന്റെ കാലാണ്. അപ്രത്യക്ഷമായ കടല്‍. കടല്‍ ജീവികള്‍ കൈയ്യേറിയ കര...
കായ്കള്‍ മടിയില്‍ വെച്ച്, വെട്ടിയിട്ട മരത്തിലിരിക്കുന്ന ചിറകുള്ള സുന്ദരനായ ആദിവാസി. ചിത്രങ്ങളിലെ ഭൂപ്രകൃതിയില്‍ അവശേഷിക്കുന്നവരൊക്കെ അവരവര്‍ക്കകത്തെ അയഥാര്‍ഥ്യങ്ങളില്‍ വിഹരിക്കുകയാണ്. ചിത്രങ്ങളിലെ വര്‍ത്തമാനകാലത്തിന് ഇരുപുറവും ഭൂതവും ഭാവിയും ഒട്ടിക്കിടക്കുകയാണ്. അവസാനിച്ച ലോകത്തിന്റെ ഭൂപ്രകൃതിപോലെ.
വ്യത്യസ്തമായ ഒരു ചിത്രത്തില്‍ മനുഷ്യാനന്തര ലോകത്തിന്റെ ഭാവി അനന്തമായ തിരിച്ചുവരവാണ്. എല്ലാ ചിത്രങ്ങളിലൂടെയും അരിച്ചു നടക്കുന്ന ഷഡ്പദം ഈ ചിത്രത്തില്‍ മാത്രം പ്യൂപ്പയിലേയ്ക്ക് കയറി രൂപാന്തരം കാത്തുകിടക്കുന്നുണ്ട്. ആ ചിത്രത്തില്‍ നല്ലതിന്റെ ആവര്‍ത്തനം പോലെ എല്ലാം വ്യത്യസ്തമായി ആവര്‍ത്തിക്കാനൊരുങ്ങുന്നു.
-മുകുന്ദനുണ്ണി-
Comments