കരുണ ഒരു മനോഹരമായ സങ്കല്‍പ്പമാണ്. കരുണ ഒഴുകുമ്പോള്‍ ഹൃദയം ഉരുകാതിരിക്കില്ല. ആകെ ബാധിക്കപ്പെട്ട് സാക്ഷികള്‍ അലിയും. കരുണയെക്കുറിച്ച പഠിക്കുമ്പോള്‍ അത് അനുഭവിക്കുന്നതുപോലെയാവണമെന്നില്ല. ഒരു പക്ഷെ, താത്കാലികമായി കരുണയുടെ സൗന്ദര്യതലത്തെ സ്മരിക്കാതിരിക്കാം. കവിത വായിക്കുമ്പോള്‍ മഞ്ഞ് ഉറയും. പഠിക്കുമ്പോള്‍ വെയിലുദിക്കും. വിറ്റ്‌ഗെന്‍സ്‌റ്റൈന്‍ സംസാരിക്കുമ്പോള്‍ സദസ്സില്‍ ഉള്‍ക്കാഴ്ചകളുടെ മഴ പെയ്യുമായിരുന്നു. ഓരോന്നും വാദങ്ങളാക്കി അവതരിപ്പിക്കാന്‍ റസ്സല്‍ പറഞ്ഞു. വാദം അതിന്റെ സൗന്ദര്യം നശിപ്പിക്കും എന്നായിരുന്നു മറുപടി. കരുണ ചിലപ്പോള്‍ അപഗ്രഥനത്തില്‍ ചിറകറ്റുപോയേയ്ക്കാം. അനുഭവത്തിലേയ്ക്ക് കൂടുതല്‍ ആവേശത്തോടെ തിരിച്ചുവരാന്‍.
ഒറ്റ നോട്ടത്തില്‍, മറ്റുള്ളവരുടെ ദുഃഖത്തില്‍നിന്ന് ഉയരുന്നതാണ് കരുണ. മറ്റുള്ളവരുടെ ദുഃഖം മൂലം എനിക്കുണ്ടാവുന്ന ദുഃഖം. പരന്റെ ദുഃഖം എന്റേതായി മാറുന്നു. കരുണ എന്റെ ഉള്ളില്‍ ഒഴുകുന്നതുപോലെ. കരുണാമയന്‍ കരുണ കാണിക്കുമോ? ഉറപ്പില്ല. ഉള്ളില്‍ കരുണ ഉദിച്ചാല്‍ കരുണ കാണിക്കാനുള്ള മതിയായ കാരണമായി. അനിവാര്യമായ കാരണമാകുന്നില്ല. എന്റെ ഉള്ളില്‍ കരുണ ഉണ്ടായതുകൊണ്ടുമാത്രം ഞാന്‍ കരുണയോടെ പെരുമാറണമെന്നില്ല. പ്രശ്‌നങ്ങള്‍ തീര്‍ന്നില്ല. എന്നില്‍ ഉത്ഭവിച്ച കരുണയില്‍ എന്റെ താത്പര്യങ്ങള്‍ പൊന്തിവരും. താത്പര്യങ്ങളെ വേരോടെ നുള്ളാന്‍ പ്ലേറ്റോയുടെ റിപ്പബ്ലിക് യാഥാര്‍ത്ഥ്യമാകേണ്ടിവരും, അല്ലെങ്കില്‍ കരുണയെ എന്റെ ഉള്ളിലല്ലാതെ പുറത്ത് സങ്കല്‍പ്പിക്കേണ്ടിവരും. കരുണ കാണിക്കാന്‍ ചിലപ്പോള്‍ ഞാന്‍ അധാര്‍മികമായ വഴികള്‍ തേടും. നിര്‍വ്വചനം ഈ വിധമായാല്‍ കരുണയും ധാര്‍മികതയും തമ്മില്‍ ബന്ധമുണ്ടാക്കാന്‍ നിര്‍വ്വാഹമില്ല.
സഹജമായ ചോദനകളാല്‍ പ്രേരിതമായി ചെയ്യുന്ന കാര്യങ്ങളുണ്ട്. കരുണ സഹജമാണെങ്കില്‍ അതിന്റെ വിപരീതം അസൂയയാണ്: മറ്റുള്ളവരുടെ ദുഃഖം ബാധിച്ചുണ്ടായ കരുണയും, മറ്റുള്ളവരുടെ സമൃദ്ധിയില്‍ കണ്ണ് നട്ടുണ്ടായ അസൂയയും. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉത്തരാവദിത്തത്തോടെ, ധാര്‍മികമായി, പെരുമാറുന്നത് കരുണയുടെ വകുപ്പില്‍ പെടില്ല. വസ്തുനിഷ്ഠവും യുക്തിപൂര്‍ണ്ണവുമായ തത്വങ്ങളില്‍നിന്നാണ് ധാര്‍മികത ആവിര്‍ഭവിക്കേണ്ടത് എന്ന് കാന്റ്. കരുണ വസ്തുനിഷ്ഠമല്ല. കരുണയുടെ പ്രകൃതം അതിനെ ധാര്‍മികതയുടെ ആധാരമാകാന്‍ സമ്മതിക്കില്ല. കരുണയുടെ അനിശ്ചിതവും ആകസ്മികവുമായ പെരുമാറ്റം ചട്ടബദ്ധതയുള്ള ധാര്‍മികതയ്ക്ക് ചേരില്ല. സ്‌നേഹത്തില്‍നിന്നെന്നപോലെ കരുണയില്‍നിന്ന് അനുശാസനം ഉണ്ടാകുന്നില്ല. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുമ്പോള്‍ സ്വീകര്‍ത്താവിന് പ്രായോഗിക സ്‌നേഹം ലഭിക്കാറുണ്ട്. വെറുപ്പ് മറച്ചുവെച്ച് ചെയ്യുന്ന കടമകള്‍ കരുണയുടെ ഉടുപ്പ് ധരിക്കും. ഇച്ഛാശക്തിയിലും ആദര്‍ശത്തിലുമാണ് ഇവിടെ വികാരമില്ലാത്ത കരുണ. പ്രായോഗിക സ്‌നേഹത്തില്‍നിന്ന്, മതപ്രവര്‍ത്തനങ്ങളില്‍ കാണുന്ന തരത്തിലുള്ള, അനുശാസനം വരാം. കരുണയെ നിര്‍ബന്ധമാക്കിയാല്‍ കൃത്രിമ ഉദാരതയായി മാറും. ഈ അര്‍ത്ഥത്തിലുള്ള കരുണയെ നീഛ കഠിനമായി വിമര്‍ശിച്ചു. നന്മതിന്മയ്ക്കപ്പുറം പോകുന്ന കരുണയെ അദ്ദേഹത്തിന്റെ ചിന്തകളില്‍നിന്ന് അരിച്ചെടുക്കാനാവും.
സഹതാപവും (Sympathy) സഹാനുഭൂതിയും (Empathy)
Sympathy യുടേയും Empathy യുടേയും ഗ്രീക്ക് മൂലം pathos ആണ്. കഷ്ടപ്പാട് സഹിക്കുക, ദുരിതത്തിലൂടെ കടന്നുപോകുക, ദുരിത ഫലം അനുഭവിക്കുക എന്നീ അര്‍ത്ഥങ്ങളില്‍. അരിസ്റ്റോട്ട്ള്‍ Empathis എന്ന മൂല ഗ്രീക്ക് പദം ഉപയോഗിക്കുന്നുണ്ട്. ഒരു ശത്രു സമീപിക്കുന്നതായി ഭാവനയില്‍ കണ്ട് ഒരാള്‍ അങ്ങേയറ്റം ഭയക്കുന്ന ചിത്രമാണ് ആ പദം സൂചിപ്പിക്കുന്നത്. ഗ്രീക്കില്‍ എംപതിയെക്കുറിച്ച് ചുരുക്കം സൂചനകളേയുള്ളൂ. 'കടുത്ത വൈകാരികാവസ്ഥയില്‍,' 'ആവേശകരമായ വികാരം,' 'വളരേയധികം ബാധിക്കപ്പെട്ട്' എന്നൊക്കെയുള്ള അര്‍ത്ഥങ്ങളില്‍. നേരെമറിച്ച് സിംപതി എന്ന പദം ധാരാളം ഉപയോഗിക്കുന്നുണ്ട്. സമ്മതം, ദയ, വൈകാരിക പകര്‍ച്ച, നിര്‍ദ്ദേശാത്മകത എന്നീ അര്‍ത്ഥങ്ങള്‍ വരുന്ന തരത്തില്‍.
ഭാഷയുടെ കുഴലിലൂടെ നോക്കുമ്പോള്‍ സഹതാപത്തില്‍നിന്നാണ് കരുണ ഉണ്ടാകുന്നത്. സഹതാപം തോന്നുക എന്നാല്‍ ഉദ്ദേശിക്കുന്നത് മറ്റൊരാളുടെ ദുഃഖത്തെ പ്രതി ദുഃഖിക്കുന്നതിനെയാണ്. പരന്റെ ദുഃഖം പങ്കിടുന്നതിനേയാണ് സഹാനുഭൂതി എന്നു വിളിക്കുന്നത്. കരുണയിലുള്ള വികാരം സഹാനുഭൂതിയില്‍ ഇല്ല. ഒരു പക്ഷെ, ശ്രദ്ധ (Care) സഹാനുഭൂതിയില്‍നിന്നാണ് വരുന്നത്. ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധ ജാഗ്രതയോടെയുള്ള പരിചരണോന്മുഖതയാണ്. സഹതാപത്തേയും സഹാനുഭൂതിയേയും ചേര്‍ത്ത് അനുകമ്പാപൂര്‍വ്വമുള്ള ശ്രദ്ധ എന്ന സങ്കല്‍പ്പത്തിന് അടിത്തറ പാകാം.
ഹ്യൂം ജീവിച്ചിരുന്ന കാലത്ത് ഇംഗ്ലീഷ് ഭാഷയില്‍ Empathy എന്ന വാക്ക് ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ട്രീറ്റൈസ് ഓഫ് ഹ്യൂമന്‍ നേച്വര്‍ എന്ന പുസ്തകം ജര്‍മന്‍ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതിനു ശേഷം, ഹ്യൂമില്‍നിന്ന് ഉള്‍ക്കൊണ്ട് വിവര്‍ത്തകന്‍ എഴുതിയ പുസ്തകങ്ങളിലൂടെ, സഹാനുഭൂതി എന്ന ആശയത്തിന് വികാസമുണ്ടായി. വൈകാരികാനുഭവങ്ങളെ ധാര്‍മികമായി പരിശോധിക്കാനും വിലയിരുത്താനുമുള്ള ചിന്താസാമഗ്രിയായി വികസിച്ചു സഹാനുഭൂതി.
Sympathy എന്ന പദംകൊണ്ട് ഹ്യൂം ദയ, കരുണ, ഔദാര്യം എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല. വൈകാരികാനുഭവങ്ങളുടെ വിനിമയം എന്നാണ് ഉദ്ദേശിച്ചിരുന്നത്. ഹ്യൂം രണ്ട് സങ്കല്‍പ്പങ്ങളേയാണ് ആശ്രയിക്കുന്നത്: ആശയവും പതിപ്പുകളും (Idea and Impressions). പതിഞ്ഞത് ആശയമായി മാറുകയാണ് മനസ്സിലാക്കലില്‍ സംഭവിക്കുന്നത്. മനസ്സിലാക്കലിലുള്ള അതേ പ്രക്രിയയല്ല സിംപതിയിലുള്ളത്. നേരെ തിരിച്ചാണ്. സിംപതിയില്‍ ആശയങ്ങളാണ് പതിപ്പുകളെ ഉണ്ടാക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളോട് സിംപതി തോന്നുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ ആശയങ്ങളാണ് രൂപപ്പെടുക. ഈ ആശയങ്ങള്‍ക്ക് മറ്റൊരാളില്‍ ഉള്ള പതിപ്പുകള്‍പോലെ നമ്മളിലും ഉണ്ടാകുന്നു. പ്രതിബിംബത്തിലെന്നപോലെ നമ്മിലും ആ വികാരം ഊറിവരുന്നു. അയാളില്‍ സംഭവിക്കുന്നത് എന്നിലും ഏറെക്കുറെ തുല്യമായി സംഭവിക്കുന്നു. ഈ പതിപ്പ് ആദ്യത്തെ പതിപ്പിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി പോലെ അല്‍പ്പം വ്യക്തത കുറവായിരിക്കും. ആള്‍ക്കൂട്ടത്തില്‍ സംഭവിക്കുന്ന വികാരപ്പകര്‍ച്ചയില്‍നിന്ന് വ്യത്യസ്തമാണിത്. മറ്റൊരാളുടെ അനുഭവം എന്ന തിരിച്ചറിവ് ഹ്യൂം അവതരിപ്പിക്കുന്ന സിംപതിയിലുണ്ട്. ഒരാളും മറ്റൊരാളും തമ്മിലുള്ള അന്തരത്തെ ഈ സങ്കല്‍പ്പം സൂക്ഷിക്കുന്നുണ്ട്.
സഹതാപം പ്രകൃതിദത്തമാണ്. നീതി പ്രകൃതിദത്തമല്ല, നാം സൃഷ്ടിക്കുന്ന മൂല്യമാണ്; കൃത്രിമമായ നന്മയാണ്. പരസ്പരധാരണ, വാക്കുപാലിക്കല്‍ തുടങ്ങിയവയെല്ലാം ഈ അര്‍ത്ഥത്തില്‍ കൃത്രിമമാണ്. സഹതാപത്തെ ധാര്‍മികതയിലേയ്ക്ക് ഉയര്‍ത്താം. കൃത്രിമമായി. സഹതാപം ധാര്‍മികമായാല്‍ ഉദാരതയായി മാറും. ഉദാരതയില്‍ സഹതാപം സമാന ഭാവങ്ങള്‍ക്കൊപ്പം ചേരും. സൗഹൃദത്തിലും പ്രണയത്തിലും ഒരാള്‍ മറ്റൊരാളുടെ കാര്യത്തില്‍ കാണിക്കുന്ന ഔത്സുക്യം വൈകാരികമായി പടര്‍ന്നുപിടിക്കുന്ന തരത്തിലുള്ളതാണ്. സൗഹൃദം അതിന്റെ ചിഹ്നം കാണിക്കുമ്പോഴേയ്ക്കും നാം അത് പിടിച്ചെടുക്കും. സിംപതിയുടെ സാമൂഹികമായ ഗുണങ്ങളെ - സൗഹൃദം, സഹാനുഭൂതി, ശ്രദ്ധ - അഭിരുചിയുടെ തലത്തിലേയ്ക്ക് സന്നിവേശിപ്പിക്കുകയാണ് ഹ്യും.
അഭിരുചിയേയും യുക്തിയേയും വേര്‍തിരിച്ചു കാണാം. യുക്തിയിലൂടെ തേടുന്നത് സത്യാസത്യങ്ങളെയാണ്. സൗന്ദര്യത്തിന്റേയും വൈരൂപ്യത്തിന്റേയും നന്മയുടേയും തിന്മയുടേയും ഭാവങ്ങളെ ആനുഭവിക തലത്തില്‍ സംവേദനക്ഷമമാക്കുകയാണ് അഭിരൂചി ചെയ്യുന്നത്. കരുണയുടേയും അഭിരുചിയുടേയും പശ്ചാത്തലമായി സിംപതിയെ തയ്യാറാക്കുകയാണ് ഹ്യും. പ്രകൃതിദത്തമായ സിംപതിയുടെ പ്രതികരണാത്മക വശങ്ങള്‍ കരുണയിലേയ്ക്ക് മാറി പാര്‍ക്കുകയാണ്. മനുഷ്യോപകാരപ്രദമായ ഉദാരതയായി മാറുകയാണ്. ഹ്യൂമിയന്‍ ചിന്തയില്‍ സുഹൃത്തുക്കള്‍ തമ്മിലുള്ള സംവേദനത്തിലും വികാരവിനിമയത്തിന്റെ സുക്ഷ്മഭേദങ്ങളിലും അഭിരുചിയാണ് സങ്കല്‍പ്പ-വാതില്‍.
കരുണയും ശ്രദ്ധയും
കരുണയെ മറ്റു നിരവധി രീതിയില്‍ നോക്കിക്കാണാം. ഒട്ടിപ്പിടിച്ചു നില്‍കുന്ന പല തരം വികാരങ്ങളില്‍നിന്ന് കരുണയെ സൂക്ഷ്മമായി വേര്‍പെടുത്തി നോക്കാം. ഞെങ്ങിഞെരങ്ങിയുള്ള മനുഷ്യാവസ്ഥകളില്‍ ചെന്ന് നോക്കാം. അസ്തിത്വാവസ്ഥയെ തിരിച്ചറിയുന്ന ബോധമായി കരുണയെ കാണാം. അമൂര്‍ത്തമായ സാമാന്യ (universal) ധാര്‍മികതയ്ക്ക് ഗ്രഹിക്കാനാവാത്തതാവാം കരുണ. ഈ വികാരം മറ്റു വികാരങ്ങളെപ്പോലെയല്ലാത്തതാകാം. കരുണ ഒരു പുതിയ മനുഷ്യാവസ്ഥയെ വിഭാവനം ചെയ്യുന്നുണ്ടാകാം.
ശ്രദ്ധയെ കേന്ദ്ര സങ്കല്‍പ്പമായി എടുക്കുന്ന ധാര്‍മികതയെ വിഭാവനം ചെയ്യാം. നീതിയെ കേന്ദ്രമായി സങ്കല്‍പ്പിച്ചിട്ടുള്ളതില്‍നിന്ന് വ്യത്യസ്തമായി. സ്വയംകര്‍തൃകമായ ജീവിതവും വ്യക്തി സ്വാതന്ത്ര്യവും നീതിയുടെ കേന്ദ്ര താത്പര്യമാണ്. ശ്രദ്ധയില്‍ ബന്ധവും പരസ്പരബന്ധിതാവസ്ഥയുമാണ് പ്രധാനമാവുക. നീതി സാമാന്യമായി നോക്കുമ്പോള്‍, ശ്രദ്ധ പത്യേക സ്ഥിതിവിശേഷങ്ങളിലേയ്ക്കായിരിക്കും ഇറങ്ങി ചെല്ലുക. ഇതില്‍ പ്രവര്‍ത്തിക്കുന്ന യുക്തി വികാരവുമായി അകല്‍ച്ച പുലര്‍ത്തുന്നതല്ല. വികാരം വാചാലമാകുന്ന യുക്തിയാണ്.
ശ്രദ്ധ മറ്റൊരാളുടെ ആവശ്യത്തെ ശ്രദ്ധിക്കാന്‍ കഴിയലാണ്. നിത്യജീവിതത്തില്‍ എപ്പോഴും സംഭവിക്കുന്നത്. ധാര്‍മികമായ ശ്രദ്ധ നിത്യ ജീവിതത്തിലെ ശ്രദ്ധപോലെയല്ല. ധാര്‍മികമായ ഉത്തരവാദിത്തത്തോടൊപ്പമാണ് ആ ശ്രദ്ധ. പുറത്തുനിന്ന് ഏല്‍പ്പിക്കപ്പെടുന്ന ഭാരംപോലെയല്ല. ഉള്ളില്‍നിന്ന് ആരോ വിളിച്ചുണര്‍ത്തിയതുപോലെ. നിത്യജീവിതത്തിലെ ശ്രദ്ധയും ധാര്‍മികമായ ശ്രദ്ധയും ഒരുമിച്ച് ഊര്‍ജ്ജം പകരുന്നതായിരിക്കണം പ്രവര്‍ത്തന സജ്ജമായ ശ്രദ്ധ.
കരുണ ബാധിക്കപ്പെടാനുള്ള ശേഷിയാണ്. തന്നോടും മറ്റുള്ളവരോടും കരുണയുണ്ടാവാന്‍ ജീവല്‍ മുഹൂര്‍ത്തങ്ങള്‍ മതി. കരുണ ബാധിക്കപ്പെടാനുള്ള ശേഷിയാണെങ്കില്‍ അത് ജീവന്റെതന്നെ അനുബന്ധമാണ്. കരുണാശേഷി കിഴിച്ചാല്‍ പിന്നെ ജീവലോകമില്ല. ഇന്ദ്രിയവേദ്യങ്ങളായവയോട് ഇന്ദ്രിയങ്ങളുടെ തുറന്നുനില്‍പ്പാണ് കരുണയുടെ ആദ്യമുഹൂര്‍ത്തം, യുക്തിയുടെ ഭരണത്തിന് മുന്‍പ്. കരുണയില്‍നിന്ന് ധാര്‍മികതയിലേയ്ക്ക് നേരിട്ട് വഴിയില്ല. ശ്രദ്ധയ്ക്ക് ഇടനില നില്‍ക്കാം. കരുണയെ ശ്രദ്ധയിലൂടെ ധാര്‍മിക തലത്തിലേയ്ക്ക് കൊണ്ടുവരാം.
കരുണയിലെ തിരിച്ചറിവ്
നിത്യജീവിതത്തില്‍ നാം മറ്റുള്ളവരെ കാണുന്നുണ്ട്. ഞാനാരാണ്, അവരാരാണ്? ചിഹ്നം, ആശയം, ഓരോ കാര്യങ്ങള്‍ ചെയ്യുന്നവര്‍, പ്രത്യേക രീതികളില്‍ ജീവിക്കുന്നവര്‍... ഇങ്ങനെ മറ്റുള്ളവരെ തിരിച്ചറിയാന്‍ കരുണയുടെ ആവശ്യമില്ല. യുക്തി പറഞ്ഞുതരും. മറ്റൊരാള്‍ എന്നെപ്പോലെ തീര്‍ത്തും വ്യത്യസ്തനാണെന്ന തിരിച്ചറിവ് സ്വഭാവത്തില്‍ അടിമുടി വ്യത്യസ്തമാണ്. നേര്‍ക്കുനേര്‍ നില്‍ക്കുമ്പോള്‍ ആ തിരിച്ചറിവ് സംഭവിക്കും. മുഖാമുഖത്തില്‍ സംഭവിക്കുന്നതാണ് കരുണ. തീര്‍ത്തും മൗലികമായ ഇതിഹാസമുള്ള ഒരാള്‍. അയാളുടെ അകവും എന്റെ അകവും അടുത്താണ്. അതേ സമയം അകലെ. പറയാനാവത്ത വേദനകളുടെ തീര്‍ത്തും മൗലികമായ അകം തൊട്ടടുത്ത് അകലെ. കരുണയുടെ പ്രതലത്തിലാണ് ഈ അകങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതും കാണുന്നതും.
കാരുണ്യം കാണിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നതല്ല. ഞാന്‍ ഉണ്ടാവുന്നതിന് മുന്‍പ് കരുണയുണ്ട്. ബാധിക്കപ്പെടലിന്, കരുണയ്ക്ക്, ശേഷമാണ് ഞാന്‍. ഞാനും നീയും ചേര്‍ന്ന സംയുക്താവസ്ഥയ്ക്കും മുന്‍പ്. മുഖാമുഖത്തെ കരുണയാണ് സംഭാഷണത്തിലേയ്ക്ക് തുറക്കുന്നത്. കരുണയിലൂടെയാണ് മനസ്സിലാക്കല്‍ നടക്കുന്നത്. സ്വയം ആയിരിക്കുകയും അതേസമയം തന്നില്‍നിന്ന് ഏറ്റവും പുറത്തായിരിക്കുകയുമാണ് കരുണയെ സാധ്യമാക്കുന്ന അനുകൂലസ്ഥിതി. കരുണ ഒരേ സമയം തീവ്രമായി ആന്തരികവും തീവ്രമായി ബാഹ്യവുമാണ്. ഈ തീവ്രഭാവമാണ് പ്രവൃത്തിയിലേയ്ക്കുള്ള ചലനോര്‍ജ്ജം. പരനുമായുള്ള നേര്‍ക്കുനേര്‍-മുഹൂര്‍ത്തത്തിലാണ് കരുണ ഏറ്റവും നവമായിരിക്കുക. നടപ്പുധാര്‍മികതയിലോ കാലാകാലമായി വര്‍ത്തിച്ചുവരുന്ന മൂല്യത്തിലോ കരുണയുടെ ധാര്‍മികത സജീവമാകില്ല. അയല്‍ക്കാരന്‍ ഒരു ചിഹ്നമോ വസ്തുവോ ആയിരിക്കുന്നിടത്തോളം അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന മുദ്രാവാക്യം വാടിയുണങ്ങി നില്‍ക്കും. അയല്‍ക്കാരനെ അഭിമുഖീകരിക്കാന്‍ ഇടവന്നാല്‍ അതേ മുദ്രാവാക്യം മുഴങ്ങും. അഭിമുഖീകരണത്തിന്റെ അനുഭവം എന്നെ എന്നില്‍നിന്ന് പുറത്തേയ്ക്ക് വിളിക്കും. എന്നോട് എന്തോ ചോദിക്കുന്നതുപോലെ, സാമീപ്യം ആഗ്രഹിക്കുന്നതുപോലെ. മറ്റൊന്നും ആലോചിക്കാതെ മറ്റൊരാളെ കേള്‍ക്കും. ആചാരമര്യാദകള്‍ പിന്നെ.
കരുണയില്‍ എല്ലാം വീണ്ടും ആവിഷ്‌കരിക്കപ്പെടും. സത്യം പറയല്‍ അനിവാര്യമാണെങ്കിലും കേള്‍ക്കുന്നത് താങ്ങാനുള്ള കഴിവില്ലെങ്കില്‍ ഫലത്തില്‍ ഹിംസയാകും. സത്യം എങ്ങനെ പറഞ്ഞാലാണ് കേള്‍ക്കാനാവുക എന്ന് കരുണയ്ക്കാണ് അറിയുക. കരുണ രക്ഷാകര്‍ത്താവിന്റെ വികാരമാണ്. കരുണയില്‍ കാഴ്ചക്കാരില്ല. ഉളളവരെല്ലാം സാക്ഷികളാണ്. അഭിമുഖീകരണത്തില്‍ സാക്ഷി ബാധിക്കപ്പെടും. ബാധിക്കുന്നവരും ബാധിക്കപ്പെടുന്നവരും മര്‍ത്യരാണ്, സര്‍വ്വശക്തരല്ല. കരുണയ്ക്ക് ശക്തി പകരുന്നത് ഭാവുകതയാണ്. കരുണ ക്ഷമയോടെയുള്ള പ്രതിബദ്ധതയാണ്. അത് മറ്റൊരാള്‍ക്ക് പറയാനുള്ള അവസരം നല്‍കും. മറ്റൊരാളെ അറിയാന്‍ വേണ്ടി. അത് കൂട്ടായ്മയുടെ ഇടമാകും. കുറേ ആളുകളുടേതല്ല: മറ്റൊരാളുടെ സാമീപ്യത്തിന്റെ സാമൂഹികത. ദീനത അനുഭവിക്കുന്നതിലൂടെ ഒരു ഇളം കാറ്റ് വീശുന്നതുപോലെ.
മുകുന്ദനുണ്ണി
(സാനുകമ്പ ശുശ്രൂഷ - ലേഖന സമാഹാരം, കേരള നഴ്‌സസ് സ്റ്റഡി സര്‍ക്കിള്‍, 2023, തൃശ്ശൂര്‍, പേജുകള്‍ 9-13)
Comments