ചിത്രകാരന്റെ കാഴ്ച തെളിഞ്ഞതാണ്. കാണപ്പെടുന്നതിന്റെ സാരമായ ഭാഗം കാഴ്ചയിലേയ്ക്ക് കയറും. കവിയ്ക്ക് ഭാഷയും ലോകവും രണ്ടറ്റങ്ങളില്‍ വന്ന് നില്‍ക്കുന്നത് കാണാം. അവിടെ ഒരു വിടവുണ്ട്. കവി ആ വിടവ് ചാടിക്കടക്കും. കാഴ്ചയ്ക്ക്, ചാടാതെ, നിന്ന നില്‍പില്‍ കാണാം. ജോണ്‍സിന് നേരിട്ട് കാണാം. ആ കാഴ്ച എഴുത്തായി പരിണമിക്കാന്‍ എളുപ്പം. ചിത്രകാരന്‍ കവി കൂടിയാകുമ്പോള്‍. പണ്ട് ബറോഡയില്‍നിന്ന് കത്തുകളയയ്ക്കും. സ്വകാര്യമായ എഴുത്ത്. ഇന്‍ലന്റ് തുറന്നാല്‍ മനോഹരമായ കൈപ്പടയില്‍ ഭ്രാന്തമായ കോണുകളില്‍നിന്ന് വരുന്ന, നര്‍മ്മരസമാര്‍ന്ന, വാക്കുകള്‍. വാക്കുകള്‍ക്ക് ചുറ്റും ചിത്രം. ചിത്രങ്ങള്‍ക്ക് ചുറ്റും വാക്കുകള്‍. കവിയോ ചിത്രകാരനോ എന്ന് തോന്നിപ്പോയിരുന്നു. ഇപ്പോള്‍ ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നുന്നു, ഒരേ അളവില്‍ കവിയും ചിത്രകാരനുമാണെന്ന്.
'എഫ്ഹരിസ്‌തോ ഗ്രീസി'ന്റെ തിരക്കഥ ആണും പെണ്ണും കടലുമാണ്. വരികളിലൂടെ ഗ്രീസിന്റെ ഭൂഘടന തൊട്ടറിയാം. പടികള്‍ കയറിയിറങ്ങി വീടുകളിലേക്ക് പോകാം. വീട്ടിലെ വായു സൗഹൃദത്തിന്റെ. ലളിത ഭക്ഷണവും മദ്യവും കയര്‍ക്കാത്ത മൃദുഭാഷണങ്ങളും. ആത്മകഥയുള്ളവര്‍. തുല്യര്‍. വേറിട്ട വ്യക്തികള്‍. അടുക്കളയില്‍, തീന്‍മേശയില്‍, ചരിത്രം ഉറങ്ങുന്ന പുരാവസ്തുക്കള്‍. പല കാലങ്ങള്‍ അത്താഴ വിരുന്നിന് വരുന്നു. കാലത്തെ എപ്പോഴും ഭൂതകാലത്തേയ്ക്ക് പിന്‍വലിക്കുന്ന പൂച്ചകള്‍. മെഴുകുതിരി വെട്ടം ചില ഇരുട്ടുകള്‍ക്ക് പ്രവേശനം നല്കി. സൂസന്നയുടെ പ്രണയസ്മൃതി വര്‍ത്തമാനത്തില്‍ മുട്ടി ചിതറി ഒരു നല്ല അദ്ധ്യായംപോലെ അധികം നീളാതെ അവസാനിച്ചു.ചെറിയ പ്രശ്‌നങ്ങള്‍ ലോകത്തെവിടെയുമുണ്ട്. 'യാനിസ് രണ്ടു ഗ്ലാസുകളില്‍ രാക്കി പകര്‍ന്ന് ഒന്ന് എനിക്ക് നല്‍കി.' രാക്കി പരിഹരിക്കില്ല, മയപ്പെടുത്തും. സൗഹൃദത്തിന് നില പാകും.
സംഭവകഥകള്‍, പറഞ്ഞവ തന്നെ, അനവധി. ഒന്നും മറ്റൊന്നിനെപ്പോലെയല്ല. ഗോവയില്‍ ബാഗ് വിറ്റു നടന്ന ബാലന് പഠിക്കണം. നാല്‍പ്പത്തിനാലാം പേജില്‍ ബാലനെ ജോണ്‍സ് വരച്ചു. ദത്തെടുക്കപ്പെട്ട ബാലന് ഗ്രീസില്‍ ജീവിച്ച് പഠിക്കാനായി. ഗ്രീസില്‍ മിടുക്കനായി പഠിച്ചു വളരുന്നു. കഥയും ചിത്രവും ഹൃദയത്തെ ഉരുക്കും.
ഗ്രീസില്‍ ആരും വെറും കൈയ്യോടെ വിരുന്നിന് പോവില്ല. ജോണ്‍സ് മാര്‍ബിളില്‍ ഒരു കൊച്ചു ശില്പം തീര്‍ത്തു. മെഴുകുതിരി വെയ്ക്കാം.
അമ്പത്തി എട്ടാമത്തെ പേജില്‍ ജോണ്‍സ് ഒരു ചുംബനം വരച്ചിട്ടുണ്ട്. സ്വകാര്യമായത്. ഇത് നിങ്ങളുടെ കാര്യമല്ല എന്ന മട്ടില്‍.
ബാറില്‍ ഒരാള്‍ നൃത്തം ചെയ്യുന്നു. സോര്‍ബയെപ്പോലെ. ആ നൃത്തം ജോണ്‍സ് വരച്ചു. പേജ് 74 ല്‍. ബാറില്‍ നിന്നിറങ്ങിയത് പുലര്‍ച്ച നാലു മണിക്ക്.
സന്തോറിനി ദ്വീപ്. കേള്‍ക്കാന്‍തന്നെ എന്തൊരു സുഖം! നല്ല ചൂട്. ആംസ്റ്റല്‍, ഒരു ഗ്രീക്ക് ബിയര്‍, വാങ്ങി. നുണഞ്ഞു തണുത്തു. സുഹൃത്ത് ഡച്ച് പുസ്തകം വായിക്കുന്നു. കാക്കശാസ്ത്രത്തെക്കുറിച്ച്. പലതരം വിശ്വാസങ്ങള്‍. ജോണ്‍സ് മനസില്‍ വരച്ചു. സാന്തോറിനിയിലെ കാക്ക. പേജ് 83.
ഊസോ, ഗ്രീക്ക് നാടന്‍ മദ്യം, രുചിച്ച് കടല്‍ കണ്ടിരിക്കാം. സെബാര്‍ക്കോയില്‍. വേനല്‍കാലത്താണ് ഇരിപ്പിന് സൗന്ദര്യം. യവനസുന്ദരന്‍ ജോണ്‍സ് അവിടെ സ്ഥിരം ചെന്നിരുന്നു. ഇരിപ്പും യാത്രയും ഒരുപാട് സംഭവങ്ങളെ സമ്മാനിച്ചു. ചിലത് ജോണ്‍സ് കുറിച്ചുവെച്ചു. ഇനിയും എത്രയോ എഴുതാം. തത്കാലം ഇത്രയും. 'എഫ്ഹരിസ്‌തോ ഗ്രീസ് - ആണും പെണ്ണും കടലും' എന്ന പുസ്തകം വായിക്കുംതോറും വലുതാകും.
മുകുന്ദനുണ്ണി
Comments