കുയിലിന്റെ നാദത്തില്‍ സംഗീതമില്ലേ? മനോഹരമായ ആ നാദം പ്രപഞ്ചത്തിന്റെ സംഗീതമാണ്. നെല്ലിയാംപതിയില്‍ പോയി നോക്കൂ. നിറയെ പക്ഷികളുണ്ടവിടെ. പക്ഷികളുടെ കച്ചേരിതന്നെ കേള്‍ക്കാം. മ്യൂസിക് ബേര്‍ഡ് എന്ന് വിളിക്കുന്ന പക്ഷിയുണ്ട്. ഒരു പാടുന്ന പക്ഷിയുടെ പേരാണ് ബുള്‍ബുള്‍. അതേ പേര് ഒരു പഞ്ചാബി സംഗീതോപകരണത്തിനും ഇട്ടു: ബുള്‍ബുള്‍ തരംഗ്. ഒരു ഗ്രാമത്തില്‍ ചെന്നു നോക്കൂ. നട്ടുച്ച വെയിലത്ത് കൃഷ്ണപ്പരുന്തിന്റെ പാട്ടു കേള്‍ക്കാം. ആടുകള്‍ കരയുന്നതുകേള്‍ക്കാം. ആടിന്റെ കരച്ചിലില്‍ ഭൃഗയുണ്ട്. കാട്ടില്‍ സിംഹത്തിന്റെ മന്ദ്രസ്ഥായി മുഴങ്ങും. ചീവീടിന്റെ സംഘസംഗീതം ഫിലാര്‍മോണിക് സംഗീതംപോലെ. പ്രകൃതിയില്‍ നിറയെ സംഗീതജ്ഞരാണ്. പക്ഷിയും മറ്റും നമ്മെപ്പോലെ പാടുകയല്ല. അവരുടെ ഇടം വിളിച്ചറിയിക്കുകയാണ്. സ്വന്തം ഇടത്തിന്റെ ഉടമസ്ഥത അറിയിക്കുകയാണ്. ഇണയെ ആകര്‍ഷിക്കുകയാണ്. പൂച്ചയുടെ മിയാവൂ പ്രധാനമായും ഭക്ഷണം ചോദിച്ചാണ്. റാക്കറ്റ് ടെയ്ല്‍ഡ് ഡ്രോങ്കോ (ചിലര്‍ കാക്കത്തമ്പുരാട്ടി എന്ന് വിളിക്കും) നിരവധി ശബ്ദങ്ങള്‍ അനുകരിക്കും. അമ്പലത്തില്‍ നാദസ്വരം വെയ്ക്കുന്ന കാലത്ത് അതിരാവിലെ ഡ്രോങ്കോ നാദസ്വരത്തിന്റേയും തവിലിന്റേയും ശബ്ദം അനുകരിക്കും. എന്തിനാണെന്നറിയില്ല. ഡ്രോങ്കോ അടങ്ങുന്ന പക്ഷി, ജന്തുക്കൂട്ടത്തിന്റെ കാവല്‍ക്കാരനായതുകൊണ്ടാവാം. എന്തായാലും സംഗീതാത്മകമാണ്. ഹൃദയം മിടിക്കുന്നത് താളാത്മകമായാണ്. ദിനരാത്രങ്ങള്‍ ചിട്ടപ്പെടുത്തിയതുപോലെ ചാക്രികമാണ്. ഋതുക്കള്‍ മാറി മാറി വരുന്നു. മഴയുടെ ശബ്ദത്തിന്റെ ശ്രുതി. കാറ്റിന്റെ ഹുങ്കാരം. പ്രപഞ്ചത്തില്‍ എവിടെയാണ് സംഗീതമില്ലാത്തത്. സംഗീതത്തിന്റെ മാതൃസ്ഥാനം പ്രപഞ്ചമാണ്. ആറ്റത്തിന്റെ ഉപഘടനകളില്‍പോലും ചാക്രികതയുടെ തിരയുണ്ടത്രെ!
പ്രപഞ്ചസംഗീതം തന്നെയാണോ മനുഷ്യന്റേതും? ഉത്ഭവവും സ്രോതസ്സും പ്രപഞ്ചംതന്നെ. പക്ഷെ, വ്യത്യാസമുണ്ട്. മനുഷ്യന്റെ രണ്ടാം പ്രകൃതി മനുഷ്യരുണ്ടാക്കിയ അവരുടേതായ ലോകമാണ്. കൂട്ടമായി ജീവിക്കുന്നതുകൊണ്ടുണ്ടായ സാമൂഹികസാംസ്‌കാരിക അന്തരീക്ഷമാണ് മനുഷ്യന് ചുറ്റും. കൂട്ടമായി ജീവിക്കുന്നതിനിടയില്‍ അദ്ധ്വാനത്തിന് അയവുണ്ടാക്കുന്ന സംഗീതമുണ്ടായി. ഗ്രാമീണ ജീവിതത്തിലെ നിത്യാദ്ധ്വാനങ്ങള്‍ക്കൊപ്പം സുഖകരമായ ഈണങ്ങള്‍ മൊട്ടിട്ട് പുഷ്പിച്ചു. ഇന്ന് നാം ആ സംഗീതത്തെ നാടന്‍ ഈണങ്ങള്‍, നാടന്‍ പാട്ട്, നാടോടി പാട്ട് എന്നൊക്കെ വിളിക്കുന്നു. ആ പാട്ടില്‍ ഈണമുണ്ട്. ഈണം നില്‍ക്കുന്നത് സ്വരങ്ങളിലാണെന്ന് കണ്ടെത്തിയ സംഗീതചിന്തയുണ്ടായി. ഈണത്തിന് താളവുമുണ്ട്. ലോകത്ത് പലയിടത്തും ഗ്രാമജീവിതത്തില്‍ പലതരം ഈണങ്ങളുണ്ടായി. നാടോടികള്‍ അവയെ എല്ലായിടത്തും എത്തിച്ചു. വ്യാപാരികളും സഞ്ചാരികളും സംസ്‌കാരങ്ങളേയും സംഗീതങ്ങളേയും ലോകമൊട്ടുക്കും പടര്‍ത്തി. ഈണങ്ങള്‍ ഇന്ത്യയില്‍ രാഗങ്ങളായി വികസിച്ചു.
രാഗം, താളം, സ്വരം, ശ്രുതി തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ കാറ്റിനോ പക്ഷിക്കോ ഇല്ല. മനുഷ്യനുണ്ട്. അതാണ് പ്രപഞ്ചത്തിന്റെ സംഗീതവും മനുഷ്യന്റെ സംഗീതവും തമ്മിലുള്ള വ്യത്യാസം. മനുഷ്യന്റെ ജീവിതത്തില്‍ കല പ്രധാനമാണ്. പ്രപഞ്ചസംഗീതം ആരുടേയും കലയല്ല. മനുഷ്യസംഗീതം കലയാണ്. ജീവിതത്തിലുടനീളം കലാസൃഷ്ടി നടത്തുന്ന മനുഷ്യന്‍ സംഗീതത്തെ ദിനംപ്രതി നവീകരിക്കുകയും കണ്ടെത്തുകയും ആവിഷ്‌കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
മുകുന്ദനുണ്ണി
(ഭാരതീയവിദ്യാഭവനിലെ സംഗീതഅദ്ധ്യാപിക സുമ അവരുടെ ലൈബ്രറിയ്ക്കുവേണ്ടി ചോദിച്ചപ്പോള്‍ എഴുതിക്കൊടുത്തത്. 2022 ഡിസംബര്‍ 8.)
Comments