മഴയത്ത് സൂര്യോദയം. സുന്ദരമായ മങ്ങിയ വെളിച്ചം. നന്നായി കാണാൻ നല്ല വെളിച്ചം വരണം. മനോഹരമായ കളിയും ജയിക്കുന്ന കളിയും ഇതുപോലെ വ്യത്യസ്തമാകാം. എന്താണ് നല്ല കളി? അന്വേഷിക്കാൻ പല വഴികളുണ്ടാവും. ഒന്ന് ഇതാണ്. ഏറ്റവും നല്ല കളിക്കാരെ നോക്കുക. പെലെ, മറഡോണ, മെസി, നെയ്മർ, എംബാപ്പെ ... അവരുടെ കളികൾ ഒന്നല്ല. അനേകമാണ്. മികവ് തീർച്ച. മികവ് കുറേ ഘടകങ്ങളാണ്. ഇതു തന്നെ സാക്ഷാത്കരിച്ചതും സാക്ഷാത്കാരസാധ്യവും ഉണ്ട്. ഇതിന്റെ സൗന്ദര്യം സോളോ രൂപത്തിലാണ്. സർഗ്ഗാത്മകസംഗീതം പോലെ. മികച്ച് കളിയ്ക്കുകയും കളിയൊരുക്കുകയും ഇതിന്റെ ആദർശമാണ്. കലയുടെ മാർഗ്ഗത്തിലുള്ള കളി.
കളി-സാധ്യത അനേകമാണ്. ജയം ലക്ഷ്യമാക്കുമ്പോൾ യുദ്ധത്തിന്റെ മാതൃക സ്വീകരിക്കാം. കളിയിലെ യുദ്ധം ഹിംസയല്ല. കളിയെ കൂട്ടമായി ഉത്പാദിപ്പിക്കാം. ഫിലാർമോണിക് സംഗീതംപോലെ രചിക്കാം. ഏകാംഗ രംഗങ്ങളേക്കാൾ കൂട്ടമായ പ്രകടനം പ്രധാനമാകും. കൂട്ടരചനയിലും സർഗാത്മകത ഉണ്ട്. നായക സങ്കൽപ്പമായിരിക്കില്ല. മുന്നേറ്റത്തിന്റേയും പ്രതിരോധത്തിന്റേയും അപ്രതീക്ഷിതമായ ഗ്രാഫുകളായിരിക്കാം ചാരുതയാർന്നതും മികച്ചതുമായിത്തീരുക. നായകന്മാരുണ്ടാക്കുന്ന കളിയേക്കാൾ ഒരു പക്ഷെ സുസംഘടിതമായ സുബദ്ധ രചനപോലെയുള്ള കളി വിജയം നേടിയേക്കാം. കളിയിലെ സോളോയും ഓർക്കസ്ട്രയും രണ്ടുതരമാണ്. കളിപ്രേമികളും രണ്ടുതരം. കളി അനേകമാണ്. അനേകത്തെ പ്രതീക്ഷിക്കാം.
Comments